Wednesday, 9 June 2021

ദൈവവിളി

ഫാ. വർഗീസ് തരകൻ

മുകളിലുള്ള വീഡിയോയിൽ പ്രതിപാദിക്കുന്നത്, ഫാദർ വർഗ്ഗീസ് തരകൻചെയ്ത ഒരു കാരുണ്യപ്രവൃത്തിയെക്കുറിച്ചാണ്. അദ്ദേഹം ചെയ്തത്, അനുകരണീയമായ ഒരു കാര്യമാണ്. അതിനുള്ള പ്രചോദനം അദ്ദേഹത്തിനുനല്കിയ പരിശുദ്ധാത്മാവിനെ സ്തുതിക്കുകയും ആ പ്രചോദനം ഹൃദയപൂർവ്വം സ്വീകരിച്ചുപ്രവർത്തികമാക്കിയ അച്ചനെ അഭിനന്ദിക്കുകയുംചെയ്യുന്നു.

എന്നാൽ, സുവിശേഷത്തെപ്രതി, ബ്രഹ്മചര്യവും പൗരോഹിത്യവുംസ്വീകരിച്ച ഒരു വൈദികൻ തൻ്റെ യൗവനത്തിലെ വിലപ്പെട്ട സമയമത്രയും വരുമാനംനല്കുന്ന ഒരു തൊഴിലിനുവേണ്ടി ചെലവഴിക്കുകയായിരുന്നെന്ന തിരിച്ചറിവ്, എൻ്റെ ഹൃദയത്തിലേക്കു കൊണ്ടുവന്ന വേദനിപ്പിക്കുന്ന ചില ചിന്തകൾ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കണമെന്നു തോന്നിയതിനാലാണ്, ഇതെഴുതുന്നത്.

വർഷാവസാനപ്പരീക്ഷകൾ കഴിഞ്ഞാലുടൻ, പത്താംക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും പഠനംപൂർത്തിയാക്കിയ കുട്ടികൾക്കായി, നിരവധി ദൈവവിളിക്യാമ്പുകൾ നമുക്കുചുറ്റും നടക്കാറുണ്ട്. വൈദികരോ സന്യസ്തരോ ആയിട്ടുള്ള ജീവിതാന്തസ്സിലേക്കു കുട്ടികളെ ക്ഷണിക്കുകയാണ്, ഈ ക്യാമ്പുകളുടെ ലക്ഷ്യമെന്നു നമുക്കറിയാം. വൈദികരോ സന്യസ്തരോ ആകുന്നതുമാത്രമാണ് 'ദൈവവിളി' എന്ന തെറ്റായൊരു സന്ദേശംകൂടെ ഇത്തരം ക്യാമ്പുകൾ പൊതുസമൂഹത്തിനു നല്കുന്നുണ്ട്. എങ്കിലും അതിനേക്കുറിച്ചല്ല ഈ ചിന്തകൾ എന്നതിനാൽ, തല്ക്കാലം ആ വിഷയമൊഴിവാക്കുന്നു.

ഇത്തരം ക്യാമ്പുകളിലൂടെ കടന്നുപോയി, സെമിനാരികളിലോ സന്യസ്തസമൂഹങ്ങളിലോ പരിശീലനംനേടി, വൈദികരോ സന്യസ്തരോ ആകുന്നവർ സുവിശേഷത്തെപ്രതി, ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവിൻ്റെ സഭയ്ക്കുവേണ്ടിയും ദൈവജനത്തിനുവേണ്ടിയും ചെയ്യുന്ന ആത്മീയസേവനങ്ങളെത്രത്തോളമുണ്ട് എന്നതു് വിലയിരുത്തപ്പെടേണ്ടതാണെന്നു ഞാൻ കരുതുന്നു.

സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിനുവേണ്ടിയുള്ള റിക്രൂട്ടുമെൻ്റുകളായി 'ദൈവവിളി'കളെ അധഃപതിപ്പിച്ചിരിക്കുന്ന കാഴ്ചകളല്ലേ, ഇപ്പോൾ നമുക്കുചുറ്റും കാണുന്നത്? ഏതെങ്കിലും തൊഴിൽ / സേവനമേഖലകളിൽ പ്രവർത്തിക്കാൻവേണ്ടി, പൗരോഹിത്യകൂദാശയും സന്യസ്തവ്രതവുമൊക്കെ സ്വീകരിക്കേണ്ടതുണ്ടോ?

സ്കൂൾ/കോളേജ് അദ്ധ്യാപകനാകാനും സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷൻ/മാനേജ്മെൻ്റ് പ്രവർത്തനങ്ങളിലേർപ്പെടാനും മറ്റെന്തെങ്കിലും തൊഴിൽചെയ്യാനും പൗരോഹിത്യകൂദാശ സ്വീകരിക്കേണ്ട ആവശ്യമില്ലേയില്ലാ!!

ക്ലർക്കാകാനും അദ്ധ്യാപികയാകാനും എന്തിനാണു കന്യാവ്രതം?

പൗരോഹിത്യ/ സന്യസ്ത വ്രതവാഗ്ദാനംനല്കിയവർ അജപാലനദൗത്യത്തിനും സുവിശേഷപ്രഘോഷണത്തിനും ചെലവഴിക്കേണ്ട സമയവും കഴിവുകളും മറ്റുതൊഴിലുകൾക്കായി ഉപയോഗിക്കുമ്പോൾ, അത് തലമുറകൾക്കു ദുർമാതൃക നല്കുന്നതും തനിക്കുലഭിച്ച വിളിയോടുള്ള അവിശ്വസ്ത വെളിവാക്കുന്നതുമാണെന്നതല്ലേ സത്യം?

കർത്താവിനുമുമ്പിൽ കന്യാവ്രതം വാഗ്ദാനംചെയ്ത്, സന്യസ്തജീവിതം തിരഞ്ഞെടുത്തവർക്ക് കർത്താവിനോടു പ്രതിബദ്ധതയുണ്ടെങ്കിൽ, അവിടുത്തോടുചേർന്നിരിക്കാനും ആരാധിക്കാനുമല്ലേ കൂടുതൽ സമയം ചെലവഴിക്കേണ്ടത്? ആരാധനയിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തോടെ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് യേശുവിനെ പ്രഘോഷിക്കാനും യേശുവിനെപ്രതി മനുഷ്യരെ സേവിക്കാനുംസാധിക്കുന്നില്ലെങ്കിൽ നമുക്കെന്തിനാണ് സന്യാസിനീ സമൂഹങ്ങൾ? വരുമാനം പ്രതീക്ഷിച്ചുചെയ്യുന്ന തൊഴിലുകളെല്ലാ, പ്രതിഫലേച്ഛയില്ലാതെ സുവിശേഷത്തെപ്രതിചെയ്യുന്ന സേവനമാണു വേണ്ടത്.

കർത്താവിനുമുമ്പിൽ ബ്രഹ്മചര്യം വാഗ്ദാനംചെയ്ത്, പൗരോഹിത്യജീവിതം തിരഞ്ഞെടുത്തവരും കർത്താവിനോടു പ്രതിബദ്ധതയുണ്ടെങ്കിൽ, മേല്പറഞ്ഞതുപോലെ, ഏകസത്യദൈവമായ ത്രീത്വൈകദൈവത്തെ പ്രഘോഷിക്കുന്നവരും തങ്ങൾക്കു ഭരമേല്പിക്കപ്പെട്ട അജഗണത്തിലൊന്നുപോലും നഷ്ടപ്പെടാതെ കാക്കുന്ന വിശ്വസ്തരായ ഇടയന്മാരുമാകുകയുമാണു വേണ്ടത്.

'അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാസൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.

വിശ്വസിച്ചു സ്‌നാനംസ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.' മര്‍ക്കോസ്‌ 16 : 15-16

സകലജനതകളോടും സുവിശേഷം പ്രഘോഷിക്കേണ്ടവർ, സമ്പത്തുണ്ടാക്കാനും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനുമുള്ള വ്യഗ്രതയിൽ നെട്ടോട്ടമോടുന്നത് ആരുടെ 'വിളി' സ്വീകരിച്ചുകൊണ്ടാണ്?

'ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക്‌ അവ ഇരയായിത്തീര്‍ന്നു.'
എസെക്കിയേല്‍ 34 : 5

ഇടയന്മാർ കടമ നിർവ്വഹിക്കാതെ, സമ്പത്തിനും സമ്പത്തുണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും വരുമാനംനല്കുന്ന തൊഴിലിനുംപിന്നാലെ പാഞ്ഞുനടക്കുന്നു. ആടുകൾ ആർക്കൊക്കെയോ ഇരയാകുന്നു. 😰

ഇസ്ലാമിനേയും ജിഹാദിനേയും പഴിക്കുന്നതിനുമുമ്പ് യഥാർത്ഥപ്രശ്നം എന്തെന്നു തിരിച്ചറിയാനുള്ള ശ്രമമെങ്കിലുംവേണ്ടേ?

'നിങ്ങള്‍ക്കു വ്യാമോഹംവേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്‌ക്കുന്നതുതന്നെ കൊയ്യും.' ഗലാത്തിയാ 6 : 7

-ജോസ് ആറുകാട്ടി-

1 comment:

  1. വളരെ വേദനാജനകമായ സത്യം. സ്‌കൂൾ-കോളേജ് ആധ്യാപനത്തിൽ ശ്രദ്ധിക്കേണ്ടി വരുന്ന അച്ഛന്മാർക്കും സിസ്റ്റേഴ്സിനും ഒരിക്കലും വചനപ്രഘോഷണത്തിനു സമയം കണ്ടെത്താനാവില്ല.. അപ്രായോഗികം. supermanമാരൊന്നുമല്ലല്ലോ.

    ReplyDelete