പ്രിയമുള്ളവരേ,
വിശുദ്ധബൈബിൾ ഒരു തവണയെങ്കിലും പൂർണ്ണമായി വായിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? വിശുദ്ധബൈബിൾ, ഒരുവർഷംകൊണ്ടു പൂർണ്ണമായി വായിക്കുവാൻ സഹായിക്കുന്ന ഒരു ബ്ലോഗിന്റേയും യൂട്യൂബ് ചാനലിന്റെയും ലിങ്ക് ഈ ലേഖനത്തിന്റെ താഴെ ചേർക്കുന്നു.
എന്താണു വചനം?
"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല" (യോഹ: 1; 1- 5).
”സ്വര്‍ണ്ണനിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. ദീപപീഠങ്ങള്‍ക്കുമദ്ധ്യേ, മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍” (വെളി. 1:12-13). ആ ദീപപീഠങ്ങൾക്കുമദ്ധ്യേ നിൽക്കുന്നതാരാണെന്നു വ്യക്തമാക്കുന്നതാണ് വെളിപാട് 19:13. ”അവൻ രക്തത്തിൽമുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്”.
വചനം പുത്രനായ ദൈവംതന്നെയാണ്. ദൈവവചനമാകുന്ന യേശുക്രിസ്തുവിനെ അടുത്തറിയാനും അനുകരിക്കാനും നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതു വിശുദ്ധഗ്രന്ഥത്തിലേക്കാണ്. ക്രിസ്തീയജീവിതത്തില്‍ അത്രമേൽ പ്രാധാന്യമാണ്, വിശുദ്ധഗ്രന്ഥത്തിനും തിരുവചനങ്ങൾക്കുമുള്ളത്.
വചനത്തെ നിസ്സാരമായി കൈകാര്യംചെയ്യരുത്. വചനം ദൈവമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ടുവേണം നമ്മൾ വിശുദ്ധലിഖിതങ്ങളിലൂടെ കടന്നുപോകാൻ! "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ:66;2). നമ്മൾ തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടതാണിത്. ദൈവംതന്നെയായിരിക്കുന്ന വചനത്തെ സമീപിക്കുമ്പോള്‍ അന്തരംഗം വിറയ്ക്കണം. എന്തെന്നാല്‍, അവിടുന്ന് അസഹിഷ്ണുവായ ദൈവമാണ്!
മനുഷ്യനെ സൃഷ്ടിക്കുകയും അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ജീവന്റെ ശ്വാസം ഊതുകയുംചെയ്ത ദൈവമായ കർത്താവുതന്നെയാണ്, ചില മനുഷ്യരെ തിരഞ്ഞെടുത്ത്, തന്റെ വചനങ്ങളെഴുതുവാൻ അവരെ പ്രചോദിപ്പിച്ചത്. വിശുദ്ധ ലിഖിതങ്ങളെ തിരിച്ചറിയുവാനും അവയെ ക്രോഡീകരിക്കാനും സഭയെ പ്രാപ്തയാക്കിയതും ദൈവംതന്നെയാണ്, വിശ്വാസത്തോടെ ഈ ലിഖിതങ്ങൾ വായിക്കുന്നവർക്ക് പ്രബോധനവും ശാസനവും പരിശീലനവുംനല്കി പൂർണ്ണരാകുവാനും രക്ഷകൈവരിക്കുവാനും ഇന്നും സഹായിക്കുന്നതും അതേ ദൈവംതന്നെയാണ്,
വിശുദ്ധ ബൈബിളിലൂടെ ദൈവമിന്നും മനുഷ്യരോടു സംസാരിക്കുന്നു. വിശ്വാസത്തോടെ ബൈബിൾ വായിക്കുന്നവൻ, ദൈവത്തിന്റെ സ്വരമാണു കേൾക്കുന്നത്. കാരണം, "വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അത്, പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു” (2 തിമോത്തി 3:16) എന്ന് പൌലോസ് ശ്ലീഹാ പഠിപ്പിക്കുന്നുണ്ടല്ലോ.
ഒരു വ്യക്തിയെക്കുറിച്ചെന്നതുപോലെയാണ് പൗലോസ് അപ്പസ്തോലൻ നമുക്കുമുമ്പിൽ വചനത്തെ വെളിപ്പെടുത്തുന്നത്. "ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ് ഇരുതലവാളിനേക്കാൾ മൂർച്ചയുള്ളതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി, ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രായർ 4:12 )
വചനം ജീവനുള്ളതാണ്. സൈന്യങ്ങളുടെ കർത്താവായ യഹോവാ തന്റെ വചനത്തെക്കുറിച്ച് ജറെമിയാ പ്രവാചകനിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതു കേൾക്കുക: "എന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ?"(ജറെ: 23; 29).
നമ്മുടെ ജീവിതത്തിന്റെ എല്ലാമേഖലകളിലും വചനം പ്രവര്‍ത്തിക്കുന്നു. വചനം സർവ്വതും സൃഷ്ടിക്കുന്നു; വചനം നമ്മെ സുഖപ്പെടുത്തുന്നു; വചനം നമ്മുടെ പാപങ്ങൾ മോചിക്കുന്നു; വചനം നമ്മളെ വിശുദ്ധീകരിക്കുന്നു; വചനം പിശാചുക്കളെ പുറത്താക്കുന്നു; വചനം മരിച്ചവരെ ഉയിർപ്പിക്കുന്നു; വചനം നമുക്കു നിത്യജീവൻ പ്രദാനംചെയ്യുന്നു;
ഇപ്പറഞ്ഞവയൊക്കെ വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ നമുക്കു വിശുദ്ധ ബൈബിളിൽ വായിക്കാനാകും. എന്നാൽ അവയിലേക്കെല്ലാം കടന്നുചെന്നാൽ, ഈ കുറിപ്പ്, ഒരുപാടു ദീർഘമായിപ്പോകുമെന്നതിനാൽ അവയെല്ലാം വിശദീകരിക്കാൻ ഞാനിപ്പോൾ മുതിരുന്നില്ല.
വചനം ദൈവമായിരിക്കുന്നതുകൊണ്ടുതന്നെ, വചനത്തെ നിസ്സാരമായി നാം കാണരുത്. നമുക്കു ജീവന്‍നല്കാനും നമ്മെ വിധിക്കാനും ഈ വചനത്തിനു ശക്തിയുണ്ട്. ആ ഒരു ബോദ്ധ്യത്തോടെ ദൈവവചനം പൂർണ്ണമായി വായിക്കാൻ നമുക്കൊരുങ്ങാം. ദൈവവചനം ഉള്‍ക്കൊള്ളുന്ന ബൈബിള്‍ വായിക്കുമ്പോഴും വിശുദ്ധബൈബിൾ കൈകാര്യംചെയ്യുമ്പോഴും ജീവനുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മളോടൊപ്പമുണ്ട് എന്ന ബോദ്ധ്യത്തോടെ, അതുചെയ്യാം.
ഈയൊരു ബോദ്ധ്യത്തോടെ വിശുദ്ധബൈബിൾ തുടക്കം മുതൽ ഒടുക്കംവരെ വായിക്കുവാൻ ഈ നിമിഷംമുതൽതന്നെ നമുക്കു പ്രാർത്ഥിച്ചൊരുങ്ങാം. ഓരോ ദിവസവും ജപമാലയുടെ ഒരു ദശകമെങ്കിലും ഈയൊരു നിയോഗത്തിനായി സമർപ്പിക്കാം.
വചനം ധ്യാനപൂർവ്വം വായിക്കുന്നതുമൂലം അനുദിനജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ച് ഇന്ത്യൻ റവന്യൂ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ DP ഹോക്കിപ്പ് IRS (D. P. Haokip I.R.S. - Chief Commissioner of Income Tax ) നല്കുന്ന ജീവിതസാക്ഷ്യം എല്ലാവർക്കും പ്രയോജനപ്രദമാകുമെന്നു തോന്നിയതിനാൽ അദ്ദേഹത്തിന്റെ സാക്ഷ്യത്തിന്റെ ലിങ്ക് താഴെ ചേർക്കുന്നുണ്ട്.
ദൈവം തന്റെ വചനമയച്ചു നമ്മളെ ശക്തരാക്കട്ടെ!
1 DP ഹോക്കിപ്പ് IRSന്റെ സാക്ഷ്യം.
2 തിരുവചനം ബ്ലോഗ് - http://thiruvachanam-arukatty.blogspot.com/
3 തിരുവചനം അതിമധുരം യൂട്യൂബ് ചാനൽ - https://www.youtube.com/channel/UC1Qa0z5JX2uKTQ1tueoud0w
No comments:
Post a Comment