Thursday, 7 May 2026

സുവിശേഷവായനയ്ക്കുമുമ്പ് കുരിശു വരയ്ക്കുന്നതെന്തിന്?


റോമൻകത്തോലിക്കാസഭയുടെ പരിശുദ്ധകുർബാനയിൽ സുവിശേഷവായനയ്ക്കു മുമ്പായി കത്തോലിക്കർ വരയ്ക്കുന്ന മൂന്നു കുരിശടയാളങ്ങളുടെ അർത്ഥം താഴെപ്പറയുന്നതാണ്:

1 നെറ്റിയിൽ

നെറ്റിയിൽ വരയ്ക്കുന്ന ആദ്യത്തെ കുരിശടയാളം ദൈവവചനം നമ്മുടെ ബുദ്ധിയിലും ചിന്തകളിലും നിറഞ്ഞുനിൽക്കണമെന്ന പ്രാർത്ഥനയാണ്.


​2. അധരങ്ങളിൽ:

അധരത്തിനുമേൽ വരയ്ക്കുന്ന രണ്ടാമത്തെ കുരിശടയാളം സുവിശേഷസത്യങ്ങൾ പ്രഘോഷിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ദൈവതിരുമുമ്പിൽ പ്രഖ്യാപിക്കുന്നു.

3.  നെഞ്ചിൽ

ഹൃദയത്തിനുമേൽ വരയ്ക്കുന്ന കുരിശടയാളം, നാം ശ്രവിക്കുന്ന ദൈവവചനം നമ്മിൽ വസിക്കണമെന്നും അതു നമ്മുടെ വിശ്വാസത്തെ പോഷിപ്പിച്ച് പ്രവൃത്തികളെ നയിക്കണമെന്നുമുള്ള പ്രാർത്ഥനയാണ്.

Saturday, 4 April 2026

ഉയിർപ്പുതിരുനാൾ ആശംസകൾ!

ഏവർക്കും ഹൃദയം നിറഞ്ഞ ഉയിർപ്പുതിരുനാൾ ആശംസകൾ!
നാല്പതു ദിനങ്ങളുടെ തപോയാത്ര പൂർത്തിയാക്കി, ക്രിസ്തുവിന്റെ ഉത്ഥാനമെന്ന മഹത്തായ രഹസ്യത്തിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുന്നു. മരണത്തിന്റെ ഇരുളടഞ്ഞ കല്ലറകളെ ഭേദിച്ച്, ജീവന്റെയും പ്രത്യാശയുടെയും പുതിയ പ്രകാശമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു.
​ചിന്താവിഷയം: 
മരണത്തെ കീഴടക്കിയ വിജയം

​ക്രിസ്തു ഉയിർത്തെഴുന്നേറ്റു, ഹല്ലേലൂയ! ലോകം കാത്തിരുന്ന ആ വലിയ പ്രഭാതം ഉദിച്ചുകഴിഞ്ഞു. കുരിശിലെ മരണത്തോടെ എല്ലാമവസാനിച്ചെന്നു കരുതിയവർക്ക് മുമ്പിൽ, മരണത്തെയും പാപത്തെയും നിശ്ശേഷം പരാജയപ്പെടുത്തിക്കൊണ്ട് ജീവന്റെ നാഥൻ വിജയിയായുയിർത്തു. ഈ ഉയിർപ്പു നമുക്കു നൽകുന്നത് പ്രത്യാശയുടെ വലിയൊരു സന്ദേശമാണ്: സ്നേഹം വിദ്വേഷത്തെയും, വെളിച്ചം ഇരുളിനെയും, ജീവൻ മരണത്തെയും എന്നെന്നേയ്ക്കുമായി കീഴടക്കിയിരിക്കുന്നു.

​വിശുദ്ധ പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: "മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ?" (1 കൊറിന്തോസ് 15:55). 

ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. അവിടുന്ന് ഉയിർത്തെഴുന്നേറ്റില്ലായിരുന്നുവെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാകുമായിരുന്നു (1 കൊറിന്തോസ് 15:14). ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യന്മാർക്കു നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. "നിങ്ങൾക്ക് സമാധാനം" (യോഹന്നാൻ 20:19) അവിടുത്തെ വചനം ഇന്നും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞ്, ലോകത്തിൽ പടരട്ടെ.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉത്ഥാനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ പരമമായ സത്യമാണ്. ഇത് പ്രത്യാശയുടെ പുതിയ പ്രഭാതമാണ്; അവിടുത്തെ ഉത്ഥാനത്തിലൂടെ നമുക്ക് പുതിയ ജീവൻ ലഭിച്ചിരിക്കുന്നു" (CCC 638-655 - സംഗ്രഹം). നമ്മളും ക്രിസ്തുവിനോടൊപ്പം മരിച്ചാൽ അവനോടൊപ്പം ഉയിർത്തെഴുന്നേൽക്കപ്പെടുമെന്ന വാഗ്ദാനമാണ് ഇന്നത്തെ തിരുനാൾ നല്കുന്നത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വിശ്വപ്രസിദ്ധമായ വാക്കുകൾ: "നാം ഉത്ഥാനത്തിന്റെ ജനതയാണ്, ഹല്ലേലൂയ" വിശ്വാസികളുടെ ഹൃദയഗീതമാണ്. ഭയപ്പെടേണ്ട, ക്രിസ്തു ഉയിർത്തെഴുന്നേറ്റു!" ഏതു പ്രതിസന്ധികളിലും തളരാതെ, ഉത്ഥിതനായ ക്രിസ്തുവിൽ പ്രത്യാശവയ്ക്കാൻ ഉയിർപ്പുതിരുനാൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ അഗസ്റ്റി ൻ്റെ വാക്കുകളിൽ, "ഉത്ഥാനം ക്രിസ്തുവിന്റെമാത്രം വിജയമല്ല, അത് മനുഷ്യരാശിയുടെ മുഴുവൻ വിജയമാണ്." 

വിശുദ്ധ മരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത് പോലെ, ഉത്ഥിതനായ ക്രിസ്തുവിന്റെ തിരുഹൃദയത്തിലെ മുറിവിൽനിന്നാണ് ലോകം മുഴുവനിലേയ്ക്കും ദൈവകരുണയുടെ കിരണങ്ങൾ പുറപ്പെടുന്നത്. അവിടുത്തെ സമാധാനവും സന്തോഷവും എന്നും നമ്മുടെ കൂടെയുണ്ടായിരിക്കട്ടെ.

​പ്രാർത്ഥന:
ഉത്ഥിതനായ കർത്താവേ, മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ അങ്ങയുടെ വിജയം ഞങ്ങൾക്കു പ്രത്യാശ നൽകുന്നു. എന്റെ ജീവിതത്തിലെ എല്ലാ ഇരുളടഞ്ഞ സാഹചര്യങ്ങളിലും അങ്ങയുടെ ഉത്ഥാനത്തിന്റെ വെളിച്ചം പകരുകയും, അങ്ങയുടെ സമാധാനത്തിൽ ജീവിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ആമേൻ.

ഉത്ഥിതനായ ക്രിസ്തുവിന്റെ സാക്ഷിയായി ജീവിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരിലേക്ക് സന്തോഷവും സമാധാനവും പകരാൻ ഞാൻ ശ്രമിക്കും.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏


Friday, 3 April 2026

നോമ്പുകാലചിന്തകൾ, നാല്പതാം ദിവസം

🔥 ഉത്ഥാനത്തിന്റെ തലേന്ന് (വിശുദ്ധ ശനി) 🔥

 വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ


ചിന്താവിഷയം: 

☀️പുതിയ വെളിച്ചം - പ്രത്യാശയുടെ കാത്തിരിപ്പ്☀️

​നോമ്പുകാലത്തിന്റെ നാല്പതാം ദിനമായ ഇന്ന്, സഭ വലിയൊരു നിശബ്ദതയിലാണ്. കല്ലറയ്ക്കുമുമ്പിൽ കാവലിരിക്കുന്ന ശിഷ്യന്മാരെപ്പോലെ, പ്രത്യാശയോടെ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായി നമുക്കു കാത്തിരിക്കാം. മരണം ഒന്നിൻ്റെയും അവസാനമല്ലെന്നും ജീവന്റെ പുതിയൊരു പ്രഭാതം നമ്മെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള ഉറച്ച ബോദ്ധ്യം ഈ നിശബ്ദതയിൽ നമുക്കു കരുത്തേകണം. ഇരുളിനെ നീക്കുന്ന പ്രകാശമായി ക്രിസ്തു ഉയിർക്കുമ്പോൾ, നമ്മുടെ പാപത്തിന്റെ കല്ലറകൾ ഭേദിച്ച് പുറത്തുവരാൻ നമുക്കു സാധിക്കട്ടെ. ​വിശുദ്ധഗ്രന്ഥം ഈ നിമിഷത്തിന്റെ ഗൗരവത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: "അന്ധകാരത്തില്‍ക്കഴിഞ്ഞ ജനം മഹത്തായൊരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശമുദിച്ചു." (ഏശയ്യാ 9:2). മരണത്തെയും പാപത്തെയും തോൽപ്പിക്കാൻ ക്രിസ്തു പാതാളങ്ങളിലേക്കിറങ്ങിച്ചെന്ന വലിയ ശനിയാഴ്ചയാണിത്. "രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക്‌ അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച്‌ പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം." (റോമാ 13:12) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ സന്ദർഭത്തിൽ അർത്ഥവത്താണ്. ​ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ ദിനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിശുദ്ധശനിയാഴ്ച സഭ കർത്താവിന്റെ കല്ലറയ്ക്കൽ ധ്യാനനിരതയായി നിൽക്കുന്നു. അവിടുത്തെ പീഡാനുഭവങ്ങളെയും മരണത്തെയും ധ്യാനിച്ചുകൊണ്ട് ഉത്ഥാനത്തിന്റെ പ്രകാശത്തിനായി കാത്തിരിക്കുന്നു" (CCC 624-630 സംഗ്രഹം). കല്ലറയ്ക്കപ്പുറം ജീവന്റെ പ്രകാശമുദിക്കുമെന്ന് സഭ നമ്മളെ പഠിപ്പിക്കുന്നു. ​ വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ പ്രബോധനം മറക്കാതിരിക്കാം: "നാം ഉത്ഥാനത്തിന്റെ ജനതയാണ്, ഹല്ലേലൂയ എന്നതാണ് നമ്മുടെ ഗീതം." ഇരുൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽപ്പോലും പ്രത്യാശ കൈവിടരുതെന്ന് അദ്ദേഹം നമ്മെ ഉദ്ബോധിപ്പിച്ചിരുന്നല്ലോ. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞതുപോലെ, "നിൻ്റെ സമ്മതംകൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന്, നിന്നെ രക്ഷിക്കാൻ നിന്റെ സമ്മതവും സഹകരണവും വേണം." നമ്മുടെ പാപക്കല്ലറകൾ തുറക്കാനും അവയെക്കുറിച്ച് ആത്മാർത്ഥമായി അനുതപിക്കാനും നമ്മൾ തയ്യാറായാൽമാത്രമേ ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ നമുക്കു പങ്കുചേരാനാകുകയുള്ളു എന്ന സത്യം മറക്കരുത്. വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയതും നമുക്കോർക്കാം, ഈ നിശ്ശബ്ദതയിൽ ദൈവകരുണയുടെ വലിയൊരു പ്രവാഹത്തിനു ലോകം സാക്ഷ്യംവഹിക്കാൻ പോകുകയാണ്. നമ്മുടെ ജീവിതം ഒരു പുതിയ സൃഷ്ടിയായി മാറാൻ ഈ ഉയിർപ്പ് തിരുനാൾ ഇടയാക്കട്ടെ. ​ ഇന്നു രാത്രിയിലെ ഉയിർപ്പുതിരുനാൾ കർമ്മങ്ങളിൽ (Easter Vigil) പൂർണ്ണഹൃദയത്തോടെ പങ്കെടുക്കുകയും, മാമ്മോദീസവ്രതങ്ങൾ പുതുക്കുകയുംചെയ്തുകൊണ്ട്, പാപത്തിന്റെ പ്രവൃത്തികൾ വെടിഞ്ഞ് പ്രകാശത്തിന്റെ മക്കളായി ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.

​പ്രാർത്ഥന: ഉത്ഥിതനായ കർത്താവേ, എന്റെ ജീവിതത്തിലെ അന്ധകാരത്തെ നീക്കി അങ്ങയുടെ പുതിയ വെളിച്ചം എനിക്കു നൽകണമേ. പാപത്തിന്റെ കല്ലറകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏 ​Please Share ​

ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Thursday, 2 April 2026

നോമ്പുകാലചിന്തകൾ, 39-ാം ദിവസം

ബലി (Sacrifice)
വലിയനോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതുചിന്തകൾ

ചിന്താവിഷയം: 
ദുഃഖവെള്ളി - കുരിശിലെ മഹാത്യാഗം
​നമുക്കുവേണ്ടി ജീവൻ നൽകിയ ക്രിസ്തുനാഥന്റെ മഹാത്യാഗത്തെ നമ്മൾ ഇന്നു നന്ദിയോടെ സ്മരിക്കുന്നു. നമ്മുടെ പാപങ്ങൾ ചുമലിലേറ്റി, ഗാഗുൽത്താമലയിൽ കുരിശിൽ തറയ്ക്കപ്പെട്ട ആ രക്ഷകൻ, തന്റെ അവസാനതുള്ളി രക്തവും ചിന്തിക്കൊണ്ട് മനുഷ്യകുലത്തിനു നിത്യജീവൻ നേടിത്തന്നു. നമ്മുടെ ഓരോ പാപവുമാണ് അവിടുത്തെ കുരിശിലേറ്റിയതെന്ന ബോദ്ധ്യത്തോടെ നമുക്ക് അനുതപിക്കാം. അവിടുത്തെ തിരുരക്തം വിലയായി നല്കി, ഈശോ നല്കിയ നിത്യരക്ഷയുടെ അവകാശികളാകാൻ യോഗ്യത നല്കുന്നത്, യഥാർത്ഥമായ അനുതാപമാണ്. കുരിശിൽക്കിടന്നുകൊണ്ട്, ഈശോ പറഞ്ഞ ആ ഏഴ് വചനങ്ങൾ നമ്മുടെ അനുദിനജീവിതയാത്രയിൽ വെളിച്ചമാകട്ടെ.

​വിശുദ്ധഗ്രന്ഥം കാൽവരിയിലെ ബലിയെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "സ്‌നേഹിതര്‍ക്കവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല." (യോഹന്നാൻ 15:13). കുരിശിലെ പീഡകൾക്കിടയിലും തന്നെ പീഡിപ്പിക്കുന്നവർക്കായി "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ അറിയുന്നില്ല." (ലൂക്കാ 23:34) എന്നു പ്രാർത്ഥിച്ച ക്രിസ്തു, സ്നേഹത്തിന്റെ ഉന്നതമായ ജീവിതപാഠമാണു നമുക്കു നൽകിയത്. കുരിശിലെ ബലിയിലൂടെ അവിടുന്നു പാപത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മളെ മോചിപ്പിച്ചു. അവിടുത്തെ തിരുഹൃദയത്തിൽനിന്ന് നമുക്കായി ഒഴുകിയ രക്തവും ജലവും ലോകം മുഴുവന്റെയും പാപങ്ങൾക്കു പരിഹാരമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കുരിശിലെ ബലിയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ മരണം അതുല്യവും അന്തിമവുമായ ബലിയാണ്. ഇത് ലോകത്തിന്റെ പാപങ്ങൾക്കു പരിഹാരമുണ്ടാക്കി. കുരിശിലെ ഈ ബലിയിലൂടെയാണ് നാം ദൈവവുമായി അനുരഞ്ജനപ്പെട്ടത്. നമ്മുടെ അനുസരണക്കേടിനു പരിഹാരമായി, സ്വാതന്ത്ര്യത്തോടും സ്നേഹത്തോടുംകൂടെ തൻ്റെ ജീവനെ പരിശുദ്ധാത്മാവിലൂടെ പിതാവിനു നല്കിയ സമർപ്പണമാണ്." (CCC 613-614 - സംഗ്രഹം). ഈ പരിഹാരബലിയിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും പങ്കുചേരാനാണ് സഭ നമ്മെ ക്ഷണിക്കുന്നത്. ആ ക്ഷണം ഹൃദയപൂർവ്വം നമുക്കു സ്വീകരിക്കാം. ഇന്നത്തെ ദിവസം സമ്പൂർണ്ണമായ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ദിവസമായിരിക്കട്ടെ. 

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ എഴുതി: "ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സന്ദേശമാണ്, കുരിശ്." ക്രിസ്തുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ ആചരിക്കുന്ന ഈ ദിനത്തിൽ, കുരിശിൻചുവട്ടിൽ നിൽക്കാനും നിത്യജീവൻ നല്കുന്ന കുരിശിൽ പങ്കാളികളാകാനും നമുക്കു പരിശ്രമിക്കാം. 

വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ നൽകിയ സന്ദേശം ഇപ്രകാരമാണ്: "ഒരു വർഷം മുഴുവനുമുള്ള രക്തം ഒലിപ്പിക്കുന്ന ചാട്ടവാറടിയേക്കാൾ വൈശിഷ്‌ട്യം എൻ്റെ പീഡാസഹനത്തെക്കുറിച്ച് ഒരു മണിക്കൂർ ധ്യാനിക്കുന്നതിനുണ്ട്; എൻ്റെ വേദനാജനകമായ മുറിവുകളെപ്പറ്റിയുള്ള ധ്യാനം നിനക്കു വളരെ ഗുണംചെയ്യും; എനിക്ക് അതു വളരെ സന്തോഷം പ്രദാനംചെയ്യും. നീ ഇപ്പോഴും നിൻ്റെ തന്നിഷ്ടങ്ങളെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നുള്ളത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്നാൽ, എൻ്റെ തിരുമുറിവുകളെക്കുറിച്ചുള്ള ധ്യാനത്തിൽ ഈ രൂപാന്തരീകരണം നടക്കുമെന്നത് എന്നെ വളരെയധികമായി ആനന്ദിപ്പിക്കുന്നു." (Diary 369). 

കരുണയുടെ അപ്പസ്തോല എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ നമുക്കു വാഗ്ദാനം നല്കിയ സമ്പൂർണ്ണമായ പാപപ്പൊറുതിയുടെ തിരുനാൾ - ദൈവകരുണയുടെ തിരുനാൾ - ഈസ്റ്ററിനുശേഷം വരുന്ന ഞായറാഴ്ചയാണ്. ഇന്നത്തെ കുരിശിന്റെ വഴിക്കു ശേഷം, ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിക്കുന്നു. 

ദുഃഖവെള്ളിയുടെ ഉപവാസവും പരിത്യാഗവും പൂർണ്ണമായ അർത്ഥത്തിൽ, ഹൃദയപരമാർത്ഥതയോടെ നമുക്ക് അനുഷ്ഠിക്കാം. കുരിശിന്റെ വഴിയിലും പീഡാനുഭവതിരുകർമ്മങ്ങളിലും ഭക്തിപൂർവ്വം പങ്കെടുക്കാം. ഒപ്പം  ദൈവകരുണയുടെ തിരുനാളിനായി ഭക്തിയോടെ ഒരുങ്ങിത്തുടങ്ങാം.

​പ്രാർത്ഥന:
എനിക്കുവേണ്ടി കുരിശിൽ ബലിയായ കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കാനും എന്റെ പാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി മനസ്തപിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ അനന്തമായ കരുണ, എൻ്റെയും ലോകം മുഴുവന്റെയുംമേൽ ചൊരിയണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Wednesday, 1 April 2026

നോമ്പുകാലചിന്തകൾ 38-ാം ദിവസം

❤️​ സ്നേഹത്തിന്റെ ഉടമ്പടി ❤️
(പെസഹാ വ്യാഴം)
Lent 2026 Day 38 Reflection
​ചിന്താവിഷയം:
💚 പരിശുദ്ധകുർബാനയും പൗരോഹിത്യവും - സ്നേഹത്തിന്റെ പുതിയ പ്രമാണം 💚

​രക്ഷാകരചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ സ്നേഹത്തിന്റെ അടയാളങ്ങൾ നൽകപ്പെട്ട ദിനമാണ് പെസഹാ വ്യാഴം. ലോകവസാനംവരെ നമ്മുടെകൂടെ വസിക്കാനായി പരിശുദ്ധകുർബാനയും ആ ദിവ്യരഹസ്യം ലോകത്തിന്നു പകർന്നുനൽകാനായി പൗരോഹിത്യവും യേശുനാഥൻ സ്ഥാപിച്ചത് ഇന്നത്തെ തിരുവത്താഴവേളയിലാണ്. "നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്ന പുതിയ പ്രമാണം നൽകിക്കൊണ്ട്, സ്നേഹത്തിന്റെ പുതിയൊരുടമ്പടിക്ക് അവിടുന്നു തുടക്കംകുറിച്ചു.
​വിശുദ്ധയോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായം ഈ ദിവ്യരഹസ്യത്തെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്നു. "സ്വർഗ്ഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്" (യോഹന്നാൻ 6:51). തന്റെ ജീവൻ തന്നെ നൽകി, നമ്മളെ പോഷിപ്പിക്കുന്ന ക്രിസ്തുവിന്റെ ഈ ആത്മസമർപ്പണമാണ് പരിശുദ്ധകുർബാനയുടെ സത്ത. പൗരോഹിത്യത്തിലൂടെ ഈ ബലി ഇന്നും അൾത്താരകളിൽ ആവർത്തിക്കപ്പെടുന്നു. യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിലൂടെ കാണിച്ചുതന്ന വിനയം, പൗരോഹിത്യം, അധികാരമല്ല, എളിമയുടെ ശുശ്രൂഷയാണെന്നുകൂടെ ലോകത്തെ പഠിപ്പിക്കുന്നു (യോഹന്നാൻ 13:1-17).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തീയജീവിതത്തിന്റെ ഉറവിടവും ഉച്ചിയും പരിശുദ്ധകുർബാനയാണ്. തന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയ്ക്കായിട്ടാണ്, തിരുവത്താഴവേളയിൽ ക്രിസ്തു പരിശുദ്ധകുർബാന സ്ഥാപിച്ചത് " (CCC 1323-1324 സംഗ്രഹം). പരിശുദ്ധകുർബാനയിലൂടെ നമ്മൾ ഉത്ഥിതനായ ക്രിസ്തുവുമായി ഒന്നായിത്തീരുന്നു.
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്, 'എക്ലേസിയ ദേ യൂക്കരിസ്തിയ' (Ecclesia de Eucharistia) എന്ന ചാക്രികലേഖനത്തിലൂടെ പഠിപ്പിച്ചു: "പരിശുദ്ധകുർബാനയില്ലാതെ സഭയില്ല, സഭയില്ലാതെ പരിശുദ്ധ കുർബാനയുമില്ല." പരിശുദ്ധകുർബാനയിലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തെ ആരാധിക്കാൻ ജോൺ പോൾ പാപ്പ ആഹ്വാനം ചെയ്തു.

നീ സ്വീകരിക്കുന്നതെന്താണോ, നീ അതായായിത്തീരുന്നുവെന്ന വിശുദ്ധഅഗസ്റ്റിൻ്റെ വാക്കുകളും പ്രസക്തമാണ്. ക്രിസ്തുവിന്റെ ശരീരം സ്വീകരിച്ച് അവിടുത്തെ ശരീരത്തിന്റെ ഭാഗമായി മാറേണ്ടവരാണു നമ്മൾ.

പരിശുദ്ധ കുർബാനയാണ് ആത്മാവിനു ശക്തി നൽകുന്ന ജീവന്റെ ഉറവിടമെന്ന്, വിശുദ്ധ മരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ രേഖപ്പെടുത്തിയത് എത്ര സത്യം! മറ്റുള്ളവരുടെ പാദങ്ങൾ കഴുകാൻ തയ്യാറാകുന്ന വിനയവും പരസ്പരസ്നേഹവുമുണ്ടെങ്കിൽമാത്രമേ നമുക്ക് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാരാകാൻ സാധിക്കൂ.
ഇന്നത്തെ പെസഹാതിരുകർമ്മങ്ങളിൽ നമുക്കു ഭക്തിപൂർവ്വം പങ്കെടുക്കാം. പരിശുദ്ധകുർബാനയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥമായ സാന്നിദ്ധ്യം തിരിച്ചറിയാം.

പ്രാർത്ഥന:
ജീവന്റെ അപ്പമായ കർത്താവേ, പരിശുദ്ധകുർബാനയിലൂടെ എന്നോടു ചേർന്നുനിൽക്കുന്ന അങ്ങയുടെ സ്നേഹത്തിനു നന്ദി പറയുന്നു. അങ്ങയെപ്പോലെ വിനയത്തിൻ്റെയും  സ്നേഹത്തിൻ്റെയും മാതൃകയാകാൻ എന്നെ പഠിപ്പിക്കണമേ. ആമേൻ.

✝️🙏🏻 Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏


Tuesday, 31 March 2026

നോമ്പുകാലചിന്തകൾ 37-ാം ദിവസം

❤️ വലിയ ബുധൻ ❤️
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ.
37-ാം ദിവസം.
​ചിന്താവിഷയം: 
✝️മനുഷ്യകുലത്തിന്റെ നിത്യരക്ഷയ്ക്കുള്ള ബലിയർപ്പണത്തിനായൊരുങ്ങുന്ന രക്ഷകൻ ✝️

​വിശുദ്ധവാരത്തിന്റെ മദ്ധ്യത്തിലേയ്ക്കു നമ്മളെത്തുമ്പോൾ, രക്ഷാകരമായ ആ ബലിയർപ്പണത്തിനു മുന്നോടിയായുള്ള നിർണ്ണായകനിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പാപംമൂലം നിത്യമരണത്തിന് അർഹരായ നമ്മളെ നിത്യജീവനിലേക്കു ചേർക്കാൻ, സ്വയം ബലിയായിത്തീരാൻ ഈശോ ഒരുങ്ങുന്നത് കഠിനമായ പ്രാർത്ഥനയിലൂടെയും പിതാവിന്റെ ഹിതത്തോടുള്ള പരിപൂർണ്ണവിധേയത്വത്തിലൂടെയുമാണ്. ആ ബലിയുടെ യോഗ്യതകൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനായി നമുക്കും പ്രാർത്ഥിച്ചൊരുങ്ങാം.

​ഇന്നത്തെ (1 ഏപ്രിൽ 2026) പരിശുദ്ധകുർബാനയിലെ തിരുവചനവായനകൾ  രക്ഷകന്റെ സഹനത്തെയും ദൈവത്തിലുള്ള അചഞ്ചലമായ ശരണത്തെയും വെളിപ്പെടുത്തുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ (50:4-9a), പീഡകർക്കു തന്റെ മുതുകും താടിയും വിട്ടുകൊടുക്കുമ്പോഴും  ദൈവത്തിൽ ആശ്രയിക്കുന്നതിൽനിന്നു പിന്തിരിയാത്ത സഹനദാസനെ നമ്മൾ കാണുന്നു. "ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നു. ആരെന്നെ കുറ്റം വിധിക്കും?" എന്ന വചനം ക്രിസ്തുവിന്റെ ആത്മവിശ്വാസമാണ്. സങ്കീർത്തകനോടൊപ്പം അവിടുന്നു പ്രാർത്ഥിക്കുന്നു: "കര്‍ത്താവേ, ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേയ്ക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്കുത്തരമരുളണമേ!"
(സങ്കീര്‍ത്തനങ്ങള്‍ 69 : 13). എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ (26:14-25), മുപ്പതു വെള്ളിക്കാശിനവേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ഉടമ്പടിചെയ്യുന്ന യൂദാസിനെ നാം കാണുന്നു. സ്നേഹത്തിന്റെ വിരുന്നിനിടയിലും വഞ്ചനയുടെ കറുത്ത നിഴൽ വീഴുമ്പോളും തന്റെ ബലിയിലൂടെ ലോകത്തെ വീണ്ടെടുക്കാൻ ക്രിസ്തു സ്വയം സമർപ്പിക്കുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ക്രിസ്തുവിന്റെ ബലിയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ ബലി സവിശേഷമാണ്; അത് എല്ലാ പാപങ്ങൾക്കും പരിഹാരമുണ്ടാക്കി. പിതാവായ ദൈവത്തോടുള്ള സ്നേഹപൂർണ്ണമായ അനുസരണത്താലാണ്, യേശു ഈ ബലി പൂർത്തിയാക്കിയത്" (CCC 613-614- സംഗ്രഹം). നമ്മുടെ രക്ഷയ്ക്കായി ക്രിസ്തു നൽകിയ ഈ വലിയ വിലയ്ക്കു നാം പ്രത്യുത്തരം നല്കേണ്ടത്, ശരിയായ അനുതാപത്തോടെ അവിടുന്നു നല്കിയ രക്ഷ സ്വന്തമാക്കിക്കൊണ്ടാണ്.
"കുരിശ് എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്." എന്ന് വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു. പീഡാനുഭവങ്ങളുടെ ഈ നാളുകളിൽ ക്രിസ്തുവിന്റെ സ്നേഹാഗ്നിയിൽ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനുള്ള പാപ്പയുടെ ആഹ്വാനം ഇന്നും പ്രസക്തമാണ്.  വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ എഴുതിയതുപോലെ, ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കുന്നത് ആത്മാവിന് വലിയ കൃപകൾ നൽകുമെന്ന യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയണം. യൂദാസിനെപ്പോലെ ലൗകികലാഭങ്ങൾക്കുവേണ്ടി കർത്താവിനെ തള്ളിപ്പറയാതെ, വിശ്വസ്തതയോടെ കുരിശിന്റെ ചുവട്ടിൽ നിൽക്കാൻ നമുക്കു ശ്രമിക്കാം.
നമ്മുടെ ജീവിതത്തിലെ  ദൈവസ്നേഹത്തിൻ്റെ ഒഴുക്കിനു തടസ്സമാകുന്ന വിധത്തിൽ, സ്വാർത്ഥതാല്പര്യങ്ങളുടെ വെള്ളിക്കാശുകൾ നമ്മൾ സ്വീകരിക്കുന്നുണ്ടോയെന്ന് അനുദിനം നമുക്ക് ആത്മശോധന ചെയ്യാം. അറിഞ്ഞോ അറിയാതെയോ ദൈവത്തെ ഒറ്റിക്കൊടുത്ത നിമിഷങ്ങൾക്കു മാപ്പിരന്നുകൊണ്ട് ഒരു 'മനസ്താപപ്രകരണം' ചൊല്ലി പ്രാർത്ഥിക്കാം.
പ്രാർത്ഥന
ബലിയായിത്തീർന്ന കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളിലൂടെയും മരണത്തിലൂടെയും ഞങ്ങൾക്കു നിത്യജീവൻ നൽകിയതിനു നന്ദി പറയുന്നു. ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ അങ്ങയോടു വിശ്വസ്തത പുലർത്താൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Monday, 30 March 2026

നോമ്പുകാലചിന്തകൾ 36-ാം ദിവസം

❄️ വിശുദ്ധവാരത്തിലെ ചൊവ്വാഴ്ച ❄️
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ നാല്പതു ചിന്തകൾ
36-ാം ദിവസം
​ചിന്താവിഷയം: 
🌟 ദൈവമെന്നെ ലോകത്തിന്റെ പ്രകാശമാക്കും. 🌟
വിശുദ്ധവാരത്തിന്റെ ഓരോ ദിനവും കടന്നുപോകുമ്പോൾ കുരിശിന്റെ നിഴൽ കൂടുതൽ വ്യക്തമാകുന്നു. ഇന്നത്തെ (മാർച്ച് 31, 2026) പരിശുദ്ധകുർബാനയിലെ തിരുവചനവായനകൾ  ദൈവവിളിയുടെ മഹത്വവും എന്നാൽ ആ വഴിയിലുണ്ടാകാവുന്ന ഒറ്റിക്കൊടുക്കലുകളുടെയും തള്ളിപ്പറച്ചിലുകളുടെയും വേദനയും നമുക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ (49:1-6), അമ്മയുടെ ഉദരത്തിൽവച്ചുതന്നെ ദൈവം തന്റെ ദാസനെ വിളിക്കുന്നതായി നാം വായിക്കുന്നു. "ഞാൻ നിന്നെ ലോകത്തിൻ്റെ പ്രകാശമായി  നൽകും" എന്ന ദൈവത്തിന്റെ വാഗ്ദാനം ഓരോ വിശ്വാസിക്കും പ്രത്യാശ നൽകുന്നതാണ്. ലോകത്തിന്റെ അന്ധകാരത്തിൽ ഇടറാതെ നടക്കാൻ കർത്താവ് നമ്മളെ പ്രകാശമായി മാറ്റുന്നു. ​എങ്കിലും ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 13:21-33, 36-38) നമ്മൾ കാണുന്നത് ഹൃദയഭേദകമായ ഒരു നിമിഷമാണ്. തന്റെ പ്രിയ ശിഷ്യന്മാരിലൊരാളായ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും പാറയായ പത്രോസ് തന്നെ തള്ളിപ്പറയുമെന്നും യേശു മുൻകൂട്ടിപ്പറയുന്നു. ഈ മനോവേദനയ്ക്കിടയിലും തന്റെ പിതാവേല്പിച്ച ദൗത്യത്തിൽനിന്ന് യേശു പിന്മാറുന്നില്ല. ലോകത്തിന്റെ രക്ഷയ്ക്കായി പ്രകാശമായിമാറാൻ സ്വയം ശൂന്യനാകുന്ന ക്രിസ്തുവിനെയാണ് ഇവിടെ നാം കാണുന്നത്. ഇത്തരം അവസ്ഥകളിലൂടെ നമുക്കും കടന്നുപോകേണ്ടതായിവന്നേക്കാം. സങ്കീർത്തകൻ പാടിയതുപോലെ, ആ നിമിഷങ്ങളിൽ നമുക്ക് ഏറ്റുപറയാം. "എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും." (സങ്കീർത്തനം 71:24a). പത്രോസിന്റെ വീഴ്ചയും യൂദാസിന്റെ ചതിയും നമ്മുടെ സ്വന്തം ബലഹീനതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾകൂടെയാണ്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം  ഇപ്രകാരം പഠിപ്പിക്കുന്നു: "ഈ ജനത്തിന്റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാക്കുകയെന്നതാണ്. ഈ ജനം “മനുഷ്യവംശത്തിനു മുഴുവനും ഐക്യത പ്രത്യാശയുടെയും രക്‌ഷയുടെയും ഏററവും സുനിശ്ച‌ിതമായ വിത്താണ്. അവസാനമായി, ഇതിന്റെ ഭാഗധേയം ദൈവരാജ്യമാണ് - ഭൂമിയിൽ ദൈവംതന്നെ തുടങ്ങിയതും കാലത്തിൻ്റെ തികവിൽ അവിടുന്ന് പൂർണ്ണതയിലേക്ക് എത്തിക്കുന്നതുവരെ ഇനിയും വിസ്തൃതമാകേണ്ടതുമായ ദൈവരാജ്യം." (CCC 782). 
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു: "പ്രകാശത്തിന്റെ മക്കളായി ജീവിക്കുകയെന്നാൽ പരാജയങ്ങളിലും വീഴ്ചകളിലും തളരാതെ ക്രിസ്തുവിന്റെ കരുണയിലേക്കു തിരികെവരികയെന്നാണ്." പത്രോസിനെപ്പോലെ വീണുപോകുമ്പോൾ അനുതാപത്തോടെ മടങ്ങിവരാൻ പാപ്പാ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. "ദൈവം നിന്നെ പ്രകാശമായി സൃഷ്ടിച്ചു, ആ പ്രകാശം അണഞ്ഞുപോകാതിരിക്കാൻ നീ അവിടുത്തെ സ്നേഹത്തിൽ വസിക്കണം." എന്ന് വിശുദ്ധഅഗസ്റ്റിനും നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഏറ്റവും വലിയ പാപിയിലും ദൈവത്തിന്റെ കരുണ പ്രകാശമായി ഉദിക്കാൻ കാത്തിരിക്കുകയാണെന്ന്, വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്ക് ഈശോ വെളിപ്പെടുത്തി. അവിടുത്തെ കരുണയുടെ കിരണങ്ങൾ സ്വീകരിച്ച്, ലോകത്തിന്റെ പ്രകാശമായി മാറാൻ നമുക്കും പരിശ്രമിക്കാം
നമ്മുടെ ജീവിതത്തിലെ വീഴ്ചകളെക്കുറിച്ച് - പ്രധാനമായും ദൈവത്തെ തള്ളിപ്പറയുന്ന നിമിഷങ്ങളെയും ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ അവിശ്വസ്തകളെക്കുറിച്ചും ആത്മശോധന ചെയ്യാനും തിരുത്തേണ്ടവ തിരുത്താനും നമുക്കു പരിശ്രമിക്കാം. പത്രോസിനെപ്പോലെ അനുതാപത്തോടെ ദൈവത്തിലേക്കു മടങ്ങാനാഗ്രഹിച്ചുകൊണ്ട് ഒരു 'മനസ്താപപ്രകരണം' ഭക്തിപൂർവ്വം ചൊല്ലാം.
പ്രാർത്ഥന:
ലോകത്തിന്റെ പ്രകാശമായ കർത്താവേ, എന്റെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റണമേ. പ്രതികൂലസാഹചര്യങ്ങളിൽ അങ്ങയെ തള്ളിപ്പറയാതെ, അങ്ങയോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കാൻ എനിക്കു കൃപ നൽകണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
​#Lent2026 #HolyWeek #TuesdayOfHolyWeek #NombuChintha #LightOfTheWorld #CatholicFaith #MalayalamReflection #StJohnPaulII #DivineMercy #FaithJourney #PassionOfChrist

Sunday, 29 March 2026

നോമ്പുകാലചിന്തകൾ 35-ാം ദിവസം

🙏🏻 വിശുദ്ധവാരാചരണം 🙏🏻
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ
35-ാം ദിവസം
🛐 ആഴമേറിയ പ്രാർത്ഥനയുടെ നാളുകൾ 🛐

എളിമയുടെ രാജാവായി കഴുതപ്പുറത്തേറി ജെറുസലേമിലേക്കു പ്രവേശിച്ച യേശുനാഥനെ ഓശാനഗീതികളോടെ ജനം സ്വീകരിച്ചതിൻ്റെ അനുസ്മരണം നടത്തിക്കൊണ്ട്,  ഇന്നലെ മുതൽ ഏറ്റവും പരിശുദ്ധമായ ആഴ്ചയിലേക്ക് (Holy Week) നമ്മൾ പ്രവേശിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ കേവലം ഓർമ്മപുതുക്കലുകൾമാത്രമല്ല, ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലും മരണത്തിലും ഉത്ഥാനത്തിലും ആത്മീയമായി പങ്കുചേർന്നുകൊണ്ടുള്ള ഒരു തീർത്ഥാടനമാണ്.
ഇന്നത്തെ തിരുവചനവായനകൾ ഈ വിശുദ്ധവാരത്തിന്റെ അർത്ഥം നമുക്കു മുമ്പിൽ ആഴത്തിൽ വെളിപ്പെടുത്തുന്നു. 

ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ (42:1-7), ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനെ പരിചയപ്പെടുത്തുന്നു. അവൻ ജനതകൾക്കു പ്രകാശമായും സമാധാനത്തിന്റെ ഉടമ്പടിയായും വരുന്നു. "കര്‍ത്താവ്‌ എന്റെ പ്രകാശവും രക്ഷയുമാണ്‌,
ഞാനാരെ ഭയപ്പെടണം?
കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌,
ഞാനാരെ പേടിക്കണം?" (സങ്കീർത്തനം 27:1) എന്ന സങ്കീർത്തകന്റെ വരികൾ ഈ യാത്രയിൽ നമുക്കു ധൈര്യം പകരുന്നു. വിശുദ്ധയോഹന്നാന്റെ സുവിശേഷത്തിൽ (12:1-11), ബഥാനിയായിലെ മറിയം, തൻ്റെ കണ്ണീരുകൊണ്ട് ഈശോയുടെ പാദം കഴുകി, തലമുടിയാൽ തുടച്ച്, വിലയേറിയ സുഗന്ധതൈലം അവിടുത്തെ പാദങ്ങളിൽ പൂശുന്ന മനോഹരമായ ദൃശ്യം നമ്മൾ കാണുന്നു. ലോകത്തിന്റെ യുക്തിക്ക്, അതു 'നഷ്ടമായി' തോന്നാമെങ്കിലും തന്റെ മരണത്തിനുള്ള ഒരുക്കമായി യേശു അതിനെ വാഴ്ത്തുന്നു. മറിയത്തെപ്പോലെ  നമ്മുടെ സമയവും നമുക്കേറ്റവും വിലപ്പെട്ടവയും ക്രിസ്തുവിനായി സമർപ്പിക്കാൻ ഈ വചനം നമ്മളെ വിളിക്കുന്നു.

വിശുദ്ധവാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു: "“പഴയനിയമജനത്തിന്റെയിടയിൽ ദൈവം പ്രവർത്തിച്ച അദ്ഭുതകൃത്യങ്ങൾ മനുഷ്യവംശത്തെ വീണ്ടെടുക്കുന്നതിനും ദൈവത്തിനു സമ്പൂർണ്ണമായ മഹത്വം നൽകുന്നതിനുംവേണ്ടി കർത്താവായ ക്രിസ്‌തു നിർവ്വഹിച്ച ദൗത്യത്തിന്റെ നാന്ദിമാത്രമായിരുന്നു. അവിടുന്ന് ഈ കർമ്മം പൂർത്തിയാക്കിയതു പ്രധാനമായിട്ടും തന്റെ അനുഗൃഹീതമായ പീഡാസഹനവും മരിച്ചവരിൽനിന്നുള്ള ഉത്ഥാനവും മഹത്ത്വപൂർണ്ണമായ സ്വർഗ്ഗാരോഹണവുമടങ്ങുന്ന പെസഹാരഹസ്യംവഴിയാണ്. ഈ പെസഹാരഹസ്യത്തിൽ, മരിച്ചുകൊണ്ട് അവിടുന്നു നമ്മുടെ മരണത്തെ നിഹനിച്ചു; ഉയിർത്തെഴുന്നേറ്റുകൊണ്ട് അവിടുന്ന് നമ്മുടെ ജീവൻ പുനഃസ്ഥാപിച്ചു.' എന്തെന്നാൽ, ക്രിസ്‌തു കുരിശിൽ മരണനിദ്രയിലായിരുന്നപ്പോൾ അവിടുത്തെ പാർശ്വത്തിൽനിന്ന്, സമസ്തസഭയാകുന്ന വിസ്‌മയനീയമായ കൂദാശ' പുറപ്പെട്ടു.' ഇക്കാരണത്താൽ, സഭ ആരാധനക്രമത്തിൽ സർവോപരി ക്രിസ്‌തുവിൻ്റെ പെസഹാരഹസ്യം ആഘോഷിക്കുന്നു. അതുവഴിയാണു ക്രിസ്‌തു നമ്മുടെ രക്ഷാകർമ്മം നിറവേറ്റിയത്." (CCC 1067). ഈ രഹസ്യങ്ങളെ ഭക്തിപൂർവ്വം ധ്യാനിക്കാൻ സഭ നമ്മളോട് ആഹ്വാനംചെയ്യുന്നു.

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചതുപോലെ, "വിശുദ്ധ വാരം ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആഴം അളക്കാനുള്ള സമയമാണ്." ലൗകികമായ തിരക്കുകൾ മാറ്റിവച്ച് കുരിശിന്റെ ചുവട്ടിൽ നിൽക്കാൻ പാപ്പ നമ്മളെയോ ഓർമ്മിപ്പിക്കുന്നുണ്ട്. ലിസ്യൂവിലെ വിശുദ്ധ തെരേസ  പറഞ്ഞതുപോലെ, "യേശുവിനോടുള്ള സ്നേഹത്തെപ്രതി ചെയ്യുന്ന ചെറിയ കാര്യങ്ങൾപോലും വലിയ ഫലങ്ങൾ നൽകുന്നു." ബഥാനിയായിലെ മറിയത്തെപ്പോലെ നമ്മുടെ പ്രാർത്ഥനയും പരിത്യാഗവും ക്രിസ്തുവിനുള്ള സുഗന്ധതൈലമായി നമുക്കു സമർപ്പിക്കാം. വിശുദ്ധഅഗസ്റ്റിൻ ഓർമ്മിപ്പിക്കുന്നു: "നമ്മുടെ അനുവാദംകൂടാതെ നമ്മളെ സൃഷ്ടിച്ച ദൈവം, നമ്മുടെ സഹകരണംകൂടാതെ നമ്മളെ രക്ഷിക്കുകയില്ല." അതിനാൽ, ഈ വിശുദ്ധവാരത്തിൽ അവിടുത്തെ രക്ഷാകരപദ്ധതിയുമായി നമുക്കു പൂർണ്ണമായി സഹകരിക്കാം.

ഈ ആഴ്ചയിലെ ലൗകികമായ തിരക്കുകളും അനാവശ്യമായ സോഷ്യൽമീഡിയ ഉപയോഗവും പരിമിതപ്പെടുത്തി, ഓരോ ദിവസവും കുറഞ്ഞത് 15 മിനിറ്റെ വിശുദ്ധഗ്രന്ഥപാരായണത്തിനും ധ്യാനത്തിനുമായി  മാറ്റിവയ്ക്കാൻ ആത്മാർത്ഥമായി നമുക്കു പരിശ്രമിക്കാം.

പ്രാർത്ഥന:
കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളുടെ ഈ നാളുകളിൽ അങ്ങയോടു ചേർന്നുനിൽക്കാൻ ഞങ്ങളെ സഹായിക്കണമേ. ബഥാനിയായിലെ മറിയത്തെപ്പോലെ അങ്ങയുടെ പാദങ്ങളിൽ എന്റെ ജീവിതത്തെ സമർപ്പിക്കാൻ എനിക്ക് കൃപ നൽകണമേ. ആമേൻ.

✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കണേ. ✝️🙏

#Lent2026 #HolyWeek #MondayOfHolyWeek #NombuChintha #CatholicFaith #MalayalamReflection #StJohnPaulII #BibleReflection #FaithJourney #PassionOfChrist
Image Prompt for

Friday, 27 March 2026

നോമ്പുകാലചിന്തകൾ 34-ാം ദിവസം

🐎 വിനയത്തിന്റെ രാജാവ് 🐎
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ 
34-ാം ദിവസം
​ചിന്താവിഷയം: 
🫀 ക്രിസ്തുവിനെ ഹൃദയത്തിലേക്കു സ്വീകരിക്കാം.🫀

​നാളെ ഓശാന ഞായർ; പാവനമായ വിശുദ്ധവാരത്തിന്റെ തുടക്കം. ലോകം പ്രതീക്ഷിച്ചതുപോലെ രാജകീയപ്രതാപത്തോടെയല്ല, ഒരു കഴുതക്കുട്ടിയുടെ പുറത്ത് വിനയത്തിന്റെ മൂർത്തീഭാവമായാണ് ക്രിസ്തു ജെറുസലേമിലേക്കു പ്രവേശിക്കുന്നത്. അവിടുത്തെ വരവേൽക്കാൻ പനയോലകളും വസ്ത്രങ്ങളും വിരിച്ച ആ ജനക്കൂട്ടത്തോടൊപ്പം നമുക്കും  അണിചേരാം. എന്നാൽ നമ്മുടെ സ്വീകരണം കേവലം ആർപ്പുവിളികളിലൊതുങ്ങാതെ, നമ്മുടെ ഹൃദയങ്ങളെ അവിടുത്തേക്കു വാഴാനുള്ള സിംഹാസനമാക്കി മാറ്റിക്കൊണ്ടാകണം.

​വിശുദ്ധ ഗ്രന്ഥം ഈ നിമിഷത്തെ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: "സീയോന്‍ പുത്രീ, അതിയായി ആനന്‌ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ്‌ നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്‌. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്‌, കഴുതക്കുട്ടിയുടെ പുറത്ത്‌, കയറിവരുന്നു." (സഖറിയാ 9:9). 

ജെറുസലേമിലെ ആർപ്പുവിളികൾക്കിടയിലും തന്റെ മുമ്പിലുള്ള കുരിശിനെയും ഉത്ഥാനത്തെയും ലക്ഷ്യംവച്ചുകൊണ്ടാണ് ക്രിസ്തു മുന്നേറുന്നത്. ലൂക്കാ 19:38-ൽ നാം വായിക്കുന്നു: "കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗൃഹീതന്‍, സ്വര്‍ഗ്ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം!"
 
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ക്രിസ്തുവിന്റെ ഈ പ്രവേശനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "എങ്ങനെയായിരിക്കും ജറുസലെം തന്റെ മിശിഹായെ സ്വീകരിക്കുന്നത്? തന്നെ രാജാവാക്കാനുള്ള ജനങ്ങളുടെ പരിശ്രമങ്ങളെയെല്ലാം എപ്പോഴും എതിർത്തിരുന്ന യേശു, “തന്റെ പിതാവായ ദാവീദിന്റെ" നഗരത്തിലേക്കുള്ള തന്റെ മെസ്സയാ നികപ്രവേശനത്തിന്റെ സമയം നിശ്ച‌യിക്കുകയും സമഗ്രമായൊരുങ്ങുകയും ചെയ്യുന്നു.  "ദാവീദിന്റെ പുത്രൻ", "രക്ഷനൽകുന്നവൻ" (ഹോസാന എന്നതിനർത്ഥം "രക്ഷിക്കണേ". "രക്ഷനൽകണേ" എന്നാണ്) എന്നിങ്ങനെ പ്രകീർത്തിക്കപ്പെട്ട്,   “മഹത്ത്വപൂർണ്ണനായ രാജാവ്", ഒരു കഴുതപ്പുറത്തു കയറി സ്വന്തനഗരത്തിൽ പ്രവേശിക്കുന്നു. സഭയുടെ പ്രതീകമായ "സെഹിയോൻപുത്രിയെ" അവിടുന്നു കീഴടക്കുന്നതു തന്ത്രപ്രയോഗംകൊണ്ടോ ബലപ്രയോഗംകൊണ്ടോ അല്ല; പ്രത്യുത സത്യത്തിനു സാക്ഷ്യംവഹിക്കുന്ന എളിമയിലൂടെയാണ്. അതിനാൽ ആ ദിവസം അവിടുത്തെ രാജ്യത്തിന്റെ പ്രജകൾ, കുട്ടികളും ദൈവത്തിന്റെ പാവപ്പെട്ടവരുമായി രുന്നു. മാലാഖമാർ, ആട്ടിടയന്മാരോട് അവിടുത്തെക്കുറിച്ച് ഉദ്‌ഘോഷിച്ചതുപോലെ ഇവരും അവിടുത്തെ പ്രകീർത്തിച്ചു. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു" എന്ന് അവർ ആർത്തുവിളിച്ചു. ഈ പ്രഘോഷണത്തെ സഭ, ദിവ്യബലിയിൽ കർത്താവിന്റെ പെസഹായുടെ അനുസ്മരണാചരണത്തിന് ആമുഖമായ ദിവ്യബലിയിലെ “പരിശുദ്ധൻ" (Sanctus) എന്ന ഗീതത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു"" (CCC 559).
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ ഒരു ഓശാന ഞായർ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: "ക്രിസ്തുവിനെ രാജാവായി സ്വീകരിക്കുകയെന്നാൽ അവിടുത്തെ വിനയത്തെയും കുരിശിനെയും സ്വീകരിക്കുകയെന്നാണർത്ഥം." ലോകത്തിന്റെ അധികാരങ്ങളേക്കാൾ ദൈവത്തിന്റെ സ്നേഹത്തിനു മുൻഗണന നൽകാൻ പാപ്പ അന്നു നമ്മളെ ആഹ്വാനംചെയ്തു. വിശുദ്ധഅഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, "ക്രിസ്തു നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ അവിടെയുള്ള അഹങ്കാരത്തിന്റെ പടവുകൾ തകർക്കപ്പെടുകയും വിനയത്തിന്റെ സിംഹാസനം ഉയരുകയുംചെയ്യുന്നു." കരുണയുടെ മഹാസാഗരമായ അവിടുത്തെ തിരുഹൃദയത്തിൽ അഭയം തേടിക്കൊണ്ട് ഈ വിശുദ്ധവാരത്തിലേക്ക് നമുക്കു പ്രവേശിക്കാം. വിശുദ്ധ മരിയ ഫൗസ്റ്റീന തന്റെ ഡയറിയിൽ കുറിച്ചതുപോലെ, വിനയമുള്ള ആത്മാവിലാണ് ദൈവത്തിന്റെ കരുണ സമൃദ്ധമായൊ ഒഴുകുന്നത്.
ഈ ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങളെ കേവലമൊരു ചടങ്ങായിക്കാണാതെ, ജീവിതത്തിലെ അഹങ്കാരങ്ങൾ വെടിഞ്ഞ് ക്രിസ്തുവിനെ രാജാവായി സ്വീകരിക്കാനുള്ള കൃപ ലഭിക്കാൻ പ്രത്യേകം പ്രാർത്ഥിക്കാം. വിനയത്തോടെ മറ്റുള്ളവരെ സേവിക്കാൻ ഒരവസരമെങ്കിലും എന്നും കണ്ടെത്താൻ ശ്രമിക്കാം.

​പ്രാർത്ഥന:
വിനയത്തിന്റെ രാജാവായ കർത്താവേ, എന്റെ ഹൃദയത്തിലേക്ക് അങ്ങയെ ഞാൻ സ്വാഗതംചെയ്യുന്നു. എന്റെ അഹങ്കാരം നീക്കി അങ്ങയെപ്പോലെ എളിമയുള്ളവനാകാൻ എന്നെയനുഗ്രഹിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Thursday, 26 March 2026

നോമ്പുകാലചിന്തകൾ, 33-ാം ദിവസം

❤️ യേശുവിന്റെ തിരുഹൃദയത്തിൽ ❤️
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 33-ാം ദിവസം.
ചിന്താവിഷയം: 
🔥 തിരുഹൃദയഭക്തിയും ദൈവകരുണയിലുള്ള ആശ്രയവും 🔥

​വിശുദ്ധവാരത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിനു തൊട്ടുമുമ്പുള്ള ഈ ദിനങ്ങളിൽ, സഭ നമ്മെ ക്ഷണിക്കുന്നത്, സ്നേഹനിധിയായ ഈശോയുടെ തിരുഹൃദയത്തിലേക്കും അവിടുത്തെ അപാരമായ കരുണയിലേക്കുമാണ്. സ്നേഹാഗ്നിയാൽ ജ്വലിക്കുന്നതും കുന്തത്താൽ കുത്തിത്തുറക്കപ്പെട്ടതുമായ തന്റെ തിരുഹൃദയത്തിലേക്ക് മനുഷ്യകുലത്തെ ക്ഷണിച്ചുകൊണ്ടാണ് വിശുദ്ധമാർഗരറ്റ് മേരി അലക്കോക്കിലൂടെ തിരുഹൃദയഭക്തിയുടെ സന്ദേശം ലോകത്തിനു നൽകപ്പെട്ടത്. അത് കേവലം ഒരു ഭക്തിപ്രകടനമല്ല, ദൈവത്തിന്റെ അളവറ്റ സ്നേഹത്തോടുള്ള നമ്മുടെ പ്രത്യുത്തരമാണ്.

​അതേ തിരുഹൃദയത്തിൽനിന്നൊഴുകുന്ന രക്തത്തിന്റെയും ജലത്തിന്റെയും സ്നേഹപ്രവാഹത്തെയാണ് വിശുദ്ധമരിയ ഫൗസ്റ്റീനയിലൂടെ 'ദൈവകരുണ'യായി ലോകം ദർശിച്ചത്. കുരിശിൽ കുത്തിത്തുറക്കപ്പെട്ട ആ ഹൃദയത്തിൽനിന്നാണ്, കരുണയുടെ ഉറവിടം നമുക്കായി തുറക്കപ്പെട്ടത്. നമ്മുടെ ബലഹീനതകളിൽ നമ്മെ ശക്തിപ്പെടുത്താനും വിശുദ്ധീകരിക്കാനുമായി കർത്താവു കാത്തിരിക്കുന്നു. അവിടുത്തെ തിരുഹൃദയത്തിൽ നമുക്കഭയം തേടാം. വിശുദ്ധഗ്രന്ഥം നമ്മളെ ആശ്വസിപ്പിക്കുന്നു: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ യടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം." (മത്തായി 11:28).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തിരുഹൃദയത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "നമ്മുടെ പാപംമൂലവും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പിളർക്കപ്പെട്ട ഈശോയുടെ തിരുഹൃദയം, ദിവ്യരക്ഷകൻ തൻ്റെ നിത്യപിതാവിനെയും സർവ്വമനുഷ്യരെയും നിരന്തരം സ്നേഹിക്കുന്ന ആ സ്നേഹത്തിന്റെ മുഖ്യ അടയാളവും പ്രതീകവുമായാണു പരിഗണിക്കപ്പെടുന്നത്."  (CCC 478). ദിവ്യരക്ഷകന്റെ തിരുഹൃദയത്തെ ആരാധിക്കുന്നത് അവിടുത്തെ സ്നേഹത്തെ ആരാധിക്കുന്നതിനു തുല്യമാണ്.
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു: "ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ധ്യാനം, മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് നമ്മെ നയിക്കുന്നു. കാരണം, മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ഏറ്റവുമുജ്ജ്വലമായ അടയാളമാണ് ആ ഹൃദയം." (Message of John Paul II on the 100th Anniversary of the Consecration of the Human Race to the Divine Heart of Jesus). ദൈവത്തിന്റെ സ്നേഹം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടത് ആ തിരുഹൃദയത്തിലൂടെയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: " ജൂൺ 4- ഇന്ന് ഈശോയുടെ തിരുഹൃദയത്തിൻ്റെ തിരുന്നാളാണ്. വിശുദ്ധകുർബാനയുടെ സമയത്ത്, അവിടുത്തെ ഹൃദയത്തിലെരിയുന്ന സ്നേഹാഗ്നിയുടെ സ്വഭാവത്തെക്കുറിച്ചും അവിടുത്തെ കരുണാസാഗരത്തെക്കുറിച്ചുമുള്ള അറിവ് എനിക്കു ലഭിച്ചു. അപ്പോൾ ഞാനീ സ്വരം ശ്രവിച്ചു. 'എൻ്റെ കരുണയുടെ അപ്പോസ്തലയേ, എൻ്റെ ആഴമളക്കാനാവാത്ത കരുണയെക്കുറിച്ച് ലോകം മുഴുവനോടും ഉദ്ഘോഷിക്കുക. എൻ്റെ കരുണയെപ്പറ്റി പ്രഘോഷിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതികൂലങ്ങളിൽ നീ ഭഗ്നാശയാകരുത്. ഇതെൻ്റെ പ്രവൃത്തിയാണെന്നുള്ള സാക്ഷ്യത്തിനും നിന്റെ വിശുദ്ധീകരണത്തിനും നിന്നെ വേദനിപ്പിക്കുന്ന ഈ പ്രതികൂലങ്ങൾ അനിവാര്യമാണ്. എൻ്റെ മകളേ, എൻ്റെ കരുണയെപ്പറ്റി ഞാൻ നിന്നോടു പറയുന്ന ഓരോ വാചകവും എഴുതുന്നതിൽ നീ സ്ഥിരോത്സാഹമുള്ളവളായിരിക്കുക. എന്തെന്നാൽ, വളരെയധികം ആത്മാക്കൾക്കു പ്രയോജനം ലഭിക്കാൻ ഉദ്ദേശിച്ചുള്ളതാണിത്." (ഖണ്ഡിക 1142)

"യേശുവേ,  ഞാൻ അങ്ങിൽ ശരണപ്പെടുന്നു" എന്ന് പൂർണ്ണഹൃദയത്തോടെ ഉരുവിടുന്നവർക്ക് ആ ഹൃദയം എന്നും അഭയസ്ഥാനമാണ്. വിശുദ്ധഅഗസ്റ്റിന്റെ വാക്കുകൾപോലെ, "എൻ്റെ ഹൃദയം അങ്ങയിലെത്തി വിശ്രമിക്കുന്നതുവരെ അതിനു സമാധാനമില്ല." അവിടുത്തെ കരുണയുടെ ആഴങ്ങളിൽ നമ്മുടെ എല്ലാ പാപങ്ങളും ബലഹീനതകളും നമുക്കു കഴുകിവെടിപ്പാക്കാം.
​ 
ദൈവകരുണയുടെ ജപമാല (Divine Mercy Chaplet) ഭക്തിപൂർവ്വംചൊല്ലുന്നത് ഒരു ശീലമാക്കാനും ഈശോയുടെ തിരുഹൃദയത്തോടു ചേർന്നുനിന്ന്, നമ്മുടെ പ്രവൃത്തികളെ വിശുദ്ധീകരിക്കാനും നമുക്കു ശ്രമിക്കാം.

ആവുന്നതുപോലെ കാരുണ്യപ്രവൃത്തികൾചെയ്തും ഈ ദുഃഖവെള്ളിയാഴ്ചമുതൽ ദൈവകരുണയുടെ നവനാൾ ചൊല്ലിയും അനുതാപത്തോടെ കുമ്പസാരിച്ചൊരുങ്ങിയും ഈ വരുന്ന  ദൈവകരുണയുടെ തിരുനാളിൽ നമുക്കു പങ്കുകൊള്ളാം.

​പ്രാർത്ഥന:
ഈശോയുടെ അതിമാന്യമായ തിരുഹൃദയമേ, എന്നെ അങ്ങയുടെ ഹൃദയത്തിലൊളിപ്പിക്കണമേ. അങ്ങയുടെ കരുണയുടെ സാഗരത്തിൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏


Wednesday, 25 March 2026

നോമ്പുകാലചിന്തകൾ, 32-ാം ദിവസം

🌜 മരണമെത്തുന്ന നേരം 🌛
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ.
​ചിന്താവിഷയം: 
👣 നിത്യതയിലേക്കുള്ള ഒരുക്കം. 👣

​ഇന്നത്തെ ലോകം ലോകാവസാന നാളുകളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.സോഷ്യൽമീഡിയകളിൽ അന്ത്യകാലസന്ദേശങ്ങൾ നിറഞ്ഞുനിൽക്കുന്നു. നിരവധിയാളുകൾ ലോകാവസാനത്തെക്കുറിച്ചുള്ള വാർത്തകളും പ്രവചനങ്ങളും കേട്ട് പരിഭ്രാന്തരാകുന്നുമുണ്ട്. 

എന്നാൽ ലോകാവസാനത്തേക്കാളുപരിയായി, നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ലോകം അവസാനിക്കുന്നത് നമ്മുടെ മരണത്തോടെയാണെന്ന സത്യം പലപ്പോഴും നമ്മൾ മറന്നുപോകുന്നു. മരണത്തോടെ നാം തനതുവിധിയിലേക്കും, തുടർന്ന് നിത്യതയിലേക്കും പ്രവേശിക്കുകയാണ്. ഏതു നിമിഷവും ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ടേക്കാമെന്ന ബോദ്ധ്യത്തോടെ എപ്പോഴും ഒരുങ്ങിയിരിക്കുകയെന്നതാണ് യഥാർത്ഥമായ ആത്മീയത.
​ഈ ലോകം നമുക്കു താൽക്കാലികമായ ഒരു താവളംമാത്രമാണ്. "ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്‌ഠവും സ്വര്‍ഗ്ഗീയവുമായതിനെ ലക്ഷ്യംവയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന്‌ ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ."
(ഹെബ്രായര്‍ 11 : 16)

മരണത്തെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ദൈവത്തെ മുഖാമുഖം കാണാനുള്ള വാതിലായാണു കാണേണ്ടത്. വിവേകവതികളായ കന്യകമാരെപ്പോലെ, വിളക്കിൽ എണ്ണ കരുതിക്കൊണ്ട്, മണവാളന്റെ വരവിനായി നമ്മൾ കാത്തിരിക്കണം. "അതുകൊണ്ട്‌ ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങളറിയുന്നില്ല." (മത്തായി 25:13).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മരണത്തെയും വിധിയെയുംകുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ സാദ്ധ്യമായ സമയം എന്നനിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യംകുറിക്കുന്നു. വിധിയെപ്പററി പുതിയനിയമം പറയുന്നത് ഒന്നാമതായി, യേശുവിൻെറ ദ്വിതീയാഗമനവേളയിൽ അവിടുന്നുമായുള്ള അന്തിമസമാഗമത്തിൻ്റെ പശ്ചാത്തലത്തിലാണ്. എന്നാൽ ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെതന്നെ തൻ്റെ പ്രവൃത്തികൾക്കും വിശ്വാസത്തിനുമനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്നു പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്റെ ഉപമയും ക്രിസ്തു കുരിശിൽക്കിടന്നു നല്ലകള്ളനോടു പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയനിയമത്തിലെ മറ്റു പല ഭാഗങ്ങളും ആത്മാവിന്റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭഗധേയത്തെപ്പറ്റി - പറയുന്നുണ്ട്. (CCC 1021)

ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തൻ്റെ അമർത്ത്യമായ ആത്മാവിൽ തന്റെ ശാശ്വതപ്രതിഫലം സ്വീകരിക്കുന്നു ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം." (CCC 1022). 

നല്ലൊരു മരണത്തിനായൊരുങ്ങുകയെന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്.
വിശുദ്ധഅഗസ്റ്റിൻ മനോഹരമായി പറഞ്ഞു: "മരണം ഒരവസാനമല്ല, അനന്തതയിലേക്കുള്ള തുടക്കമാണ്." നമ്മുടെ ഹൃദയം ദൈവത്തിൽ വിശ്രമിക്കുന്നതുവരെ അതിനു സമാധാനമില്ലെന്നും അദ്ദേഹമോർമ്മിപ്പിച്ചു. വിശുദ്ധഫ്രാൻസ്സിസ് അസ്സീസി മരണത്തെ 'സഹോദരി മരണം' എന്നാണു വിളിച്ചത്; കാരണം അതു നമ്മളെ ദൈവത്തിലേയ്ക്കു നയിക്കുന്ന വഴിയാണ്. "ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു" എന്ന് അവസാനനിമിഷംവരെ ഉരുവിടാൻ വിശുദ്ധമരിയ ഫൗസ്റ്റീന നമ്മെ പഠിപ്പിക്കുന്നു. ദൈവകാരുണയിൽ ആശ്രയിക്കുന്നവനു മരണഭയമില്ല, മറിച്ച് സ്വർഗ്ഗീയഭവനത്തിലേക്കുള്ള യാത്രയുടെ സന്തോഷമാണുള്ളത്.
നമ്മുടെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിക്കാം. എപ്പോൾ വേണമെങ്കിലും ദൈവസന്നിധിയിൽ നിൽക്കാൻ തക്കവിധം ഹൃദയശുദ്ധിയോടെ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം. നല്ല മരണം ലഭിക്കാനായി വിശുദ്ധയൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടാം.

പ്രാർത്ഥന:
കർത്താവേ, എന്റെ ജീവിതം അങ്ങേയ്ക്കായി സമർപ്പിക്കുന്നു. ഏതു നിമിഷവും അങ്ങയെ മുഖാമുഖം കാണാൻതക്കവിധം ഒരുക്കമുള്ളൊരു ഹൃദയം എനിക്കു നൽകണമേ. നല്ലൊരു മരണം നൽകി എന്നെ അനുഗ്രഹിക്കണമേ. ആമേൻ.

✝️🙏 Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Tuesday, 24 March 2026

നോമ്പുകാലചിന്തകൾ, 31-ാം ദിവസം

🌹 പരിശുദ്ധയമ്മയുടെ മദ്ധ്യസ്ഥത 🌹
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ
​ചിന്താവിഷയം:
🔥 ഇതാ, കർത്താവിന്റെ ദാസി! 🔥

​ഇന്ന് 2026 മാർച്ച് 25, ആഗോളസഭ മംഗലവാർത്താ തിരുനാൾ  ആഘോഷിക്കുന്ന സുദിനം.
 രക്ഷാകരചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നിമിഷമാണത്. ദൈവഹിതത്തിനു പൂർണ്ണമായി വഴങ്ങി, 'അതെ' (Fiat) എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധമറിയം നമുക്കു മാതൃകയായി മാറുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും സന്ദേഹങ്ങളിലും "അവിടുത്തെ ഹിതംപോലെ നടക്കട്ടെ" എന്നു പറയാൻ അമ്മ നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധമറിയത്തിന്റെ ഈ സമർപ്പണമാണ് രക്ഷകൻ ലോകത്തിലേക്കു വരാൻ വഴിയൊരുക്കിയത്.
​ഗബ്രിയേൽ ദൂതന്റെ അറിയിപ്പിനുമുമ്പിൽ മറിയം നൽകിയ മറുപടി ഇന്നും നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയാണ്: "ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ" (ലൂക്കാ 1:38). തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി പൂർണ്ണമായി മനസ്സിലായില്ലെങ്കിലും, ദൈവത്തിന്റെ വിശ്വസ്തതയിൽ വിശ്വസിച്ചുകൊണ്ട് അവൾ തന്നെത്തന്നെ സമർപ്പിച്ചു. ഈ നോമ്പുകാലയാത്രയിൽ അമ്മയോടൊപ്പം ചേർന്നുനിൽക്കുമ്പോൾ, നമ്മുടെ ജീവിതത്തിലും ദൈവഹിതം നിറവേറാൻ നമുക്കു പ്രാർത്ഥിക്കാം.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മംഗലവാർത്തയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "പുരുഷനെയറിയാതെ പരിശുദ്ധാത്മക്തിയാൽ താൻ "അത്യുന്നതൻ്റെ പുതനു", ജന്മം നൽകും എന്ന അറിയിപ്പു ലഭിച്ചയുടൻ, മറിയം വിശ്വാസത്തിന്റെ വിധേയത്വത്തോടെ, “ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ല" എന്ന ഉറപ്പോടെ പ്രതിവചിച്ചു "ഇതാ കർത്താവിന്റെ ദാസി, നിൻ്റെ വാക്കുപോലെ എന്നിൽ സംഭവിക്കട്ടെ" ദൈവത്തിന്റെ വാക്കിന് ഇങ്ങനെ പ്രത്യുത്തരം നൽകികൊണ്ട്, മറിയം യേശുവിൻെറ അമ്മയായി. രക്ഷയെ സംബന്ധിച്ച ദൈവേഷ്‌ടത്തെ പൂർണഹൃദയത്തോടെ ആശ്ലേഷിച്ചുകൊണ്ട്, പാപത്തിന്റെ യാതൊരു വിഘ്നവുംകൂടാതെ മറിയം തന്നെത്തന്നെ മുഴുവനായും സ്വപുത്രനും അവിടുത്തെ രക്ഷാകരപ്രവർത്തനത്തിനും സമർപ്പിച്ചു. സ്വപുത്രനോടൊത്തും അവിടുന്നിൽ ആശ്രയിച്ചുകൊണ്ടും ദൈവകൃപയാൽ, പരിത്രാണകർമ്മത്തിന്റെ രഹസ്യത്തിനു ശുശ്രൂഷചെയ്യാൻ വേണ്ടിയാണ്, അവൾ ഇങ്ങനെ ചെയ്ത‌ത്.


വിശുദ്ധ ഇരണേവൂസ് പ്രസ്‌താവിക്കുന്നതുപോലെ 'സ്വന്തം അനുസരണംമൂലം മറിയം തനിക്കും മാനവവംശം മുഴുവനും രക്ഷാഹേതുവായിത്തീർന്നു. അതുകൊണ്ടാണ്, അനേകം ആദിമസഭാപിതാക്കന്മാർ ഉദ്ഘോഷിക്കുന്നത്: “ഹവ്വ”യുടെ ധിക്കാരംമൂലമുണ്ടായ ബന്ധനമഴിക്കുവാൻ മറിയത്തിന്റെ അനുസരണത്തിനു കഴിഞ്ഞു. കന്യകയായ ഹവ്വാ അവിശ്വാസംകൊണ്ടുതീർത്ത ബന്ധനത്തെ, മറിയം തന്റെ വിശ്വാസംകൊണ്ട് അഴിച്ചുകളഞ്ഞു. "ഹവ്വായോട് ഉപമിച്ചുകൊണ്ട്, സഭാപിതാക്കന്മാർ അവളെ "ജീവിക്കുന്നവരുടെ മാതാവ്" എന്നു പ്രകീർത്തിക്കുന്നു; “ഹവ്വായിലൂടെ മരണം, മറിയത്തിലൂടെ ജീവൻ" എന്ന് അവർ പ്രസ്ത‌ാവിക്കുകയും ചെയ്യുന്നു." (CCC 494).
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'റെഡംപ്തോറിസ് മാറ്റർ' (Redemptoris Mater - രക്ഷകൻ്റെ അമ്മ) എന്ന ചാക്രികലേഖനത്തിൽ മറിയത്തിന്റെ വിശ്വാസത്തെ "മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അനുസരണം" എന്നാണു വിശേഷിപ്പിച്ചത്. "മറിയം ക്രിസ്തുവിനെ ഉദരത്തിൽ സ്വീകരിക്കുന്നതിനു മുമ്പേ തന്റെ ഹൃദയത്തിൽ സ്വീകരിച്ചു." എന്ന് വിശുദ്ധഅഗസ്റ്റിൻ നമ്മളെ ഓർമ്മപ്പെടുത്തുന്നു. ഏകരക്ഷകനായ യേശുക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ച്, അവിടുത്തെ ഹിതത്തിന് അനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ നമുക്കു ശ്രദ്ധിക്കാം. ദൈവഹിതത്തിനു കീഴ്‌വഴങ്ങുന്നതാണ് ഏറ്റവും വലിയ ആരാധനയെന്ന് വിശുദ്ധ മരിയ ഫൗസ്റ്റീനയും തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. അമ്മയുടെ സ്തോത്രഗീതത്തിൽ നാം വായിക്കുന്നതുപോലെ, "എന്റെയാത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിലാനന്ദിക്കുന്നു" (ലൂക്കാ 1:46-47). എന്നു നമുക്കും അനുദിനം പ്രഖ്യാപിക്കാം.

​ഇന്നു നമുക്കൊരു തീരുമാനമെടുക്കാം:
എന്റെ ജീവിതത്തിൽ എനിക്കിഷ്ടപ്പെടാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ പരാതിപ്പെടാതെ, "ദൈവഹിതം നിറവേറട്ടെ" എന്നു പറഞ്ഞ്, അതു സ്വീകരിക്കാൻ ഞാൻ ശ്രമിക്കും. ഒരു 'നന്മ നിറഞ്ഞ മറിയമേ' എങ്കിലും ഭക്തിപൂർവ്വം ചൊല്ലി പരിശുദ്ധയമ്മയുടെ മദ്ധ്യസ്ഥത തേടും.

​പ്രാർത്ഥന:
പരിശുദ്ധയമ്മേ, ദൈവഹിതത്തിനു പൂർണ്ണമായി കീഴ്‌വഴങ്ങാൻ ഞങ്ങളെ പഠിപ്പിക്കണമേ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിന്റെ വിശ്വസ്തതയിൽ ശരണപ്പെടാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Monday, 23 March 2026

നോമ്പുകാലചിന്തകൾ, മുപ്പതാം ദിവസം

🫂 സാഹോദര്യം (Fraternity) 🫂
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
​ചിന്താവിഷയം:  ❤️ എല്ലാവരും സഹോദരങ്ങൾ ❤️

​ദൈവം സകല മനുഷ്യരുടെയും ഏകസ്രഷ്ടാവും പിതാവുമാണ്. നമ്മളോരോരുത്തരും ആ പിതാവിന്റെ മക്കളാണെന്ന തിരിച്ചറിവാണ് സാഹോദര്യത്തിന്റെ അടിസ്ഥാനം. ജാതി, മത, വർണ്ണവ്യത്യാസങ്ങൾക്കപ്പുറം ഓരോ മനുഷ്യനിലും ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കാനും അവരെ സഹോദരങ്ങളായി സ്വീകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ലിയോ പതിനാലാമൻ പാപ്പ തന്റെ സന്ദേശങ്ങളിലൂടെ ആഹ്വാനംചെയ്യുന്നതുപോലെ, സ്നേഹത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ വിദ്വേഷത്തിന്റെ മതിലുകൾ തകർക്കപ്പെടേണ്ടതുണ്ട്.
​വിശുദ്ധ ഗ്രന്ഥം നൽകുന്ന പ്രത്യാശയുടെ സന്ദേശം അബ്രഹാമിലൂടെയാണാരംഭിക്കുന്നത്. "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും." (ഉല്പത്തി 12:3) എന്ന വാഗ്ദാനം സകല മനുഷ്യരെയും ഉൾക്കൊള്ളുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പ്രഖ്യാപനമായിരുന്നു. ഈ വാഗ്ദാനം പൂർത്തിയായത് യേശുക്രിസ്തുവിലൂടെയാണ്. ക്രിസ്തു കുരിശിൽ മരിച്ചത് ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനുവേണ്ടിയല്ല, സകല മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയാണ്. "ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്ന്‌ ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്‌താല്‍, അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല." (1 യോഹന്നാൻ 4:20). സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും (മത്തായി 5:9).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സാമൂഹികസാഹോദര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "മാനവസഹാനുഭാവത്തിൻ്റെ തത്വം, "സൗഹൃദം" "സാമൂഹികഉപവി" എന്നീ വാക്കുകളിൽ സ്‌പഷ്‌ടമാക്കപ്പെടുന്ന അതേ തത്വം, മാനുഷികവും ക്രിസ്‌തീയവുമായ സാഹോദര്യത്തിന്റെ സ്പ‌ഷ്‌ടമായ ആവശ്യകതയാണ്. 

"ഇന്നു വളരെ വ്യാപകമായി പടർന്നിട്ടുള്ള ഒരു തിന്മയാണ് മനുഷ്യർക്കു പരസ്‌പരമുള്ള ആവശ്യത്തിന്റെയും സ്നേഹത്തിന്റെയും നിയമത്തോടുള്ള അവഗണന. ഈ നിയമം നമ്മുടെ പൊതുവായ ഉദ്ഭവവും ഏതൊക്കെ ജനതകളിൽപ്പെട്ടവരായാലും എല്ലാ മനുഷ്യരുടെയും ബൗദ്ധികപ്രകൃതിയിലുള്ള സമത്വവും നമ്മോടു കല്പിക്കുന്നത് പാപപങ്കിലമായ മനുഷ്യരാശിക്കുവേണ്ടി യേശുക്രിസ്തു കുരിശാകുന്ന അൾത്താരയിൽ തൻ്റെ സ്വർഗ്ഗീയപിതാവിനു സമർപ്പിച്ച വീണ്ടെടുപ്പിൻ്റെ ബലിയിലൂടെ മുദ്രിതവുമാണ്." (CCC 1939).
സകല സൃഷ്ടികളിലും സാഹോദര്യത്തെ ദർശിച്ച വിശുദ്ധനാണ് ഫ്രാൻസിസ് അസീസി. "കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരുപകരണമാക്കണമേ" എന്ന അദ്ദേഹത്തിന്റെ പ്രാർത്ഥന ഇന്നും ലോകത്തിനു വഴികാട്ടിയാണ്. വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ നിരന്തരം ഊന്നിപ്പറഞ്ഞിരുന്നത്, "നീതിയുടെയും സാഹോദര്യത്തിന്റെയും ഫലമാണ് സമാധാനം" എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങൾ നടക്കുമ്പോൾ, സമാധാനദാതാവായ ദൈവത്തിനു മുമ്പിൽ കണ്ണീരോടെ പ്രാർത്ഥിക്കാൻ നമുക്കു കടമയുണ്ട്. ക്രിസ്തുവിന്റെ കുരിശിലെ ബലി സകല മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന് നമ്മൾ തിരിച്ചറിയണം. ആ ബലിയുടെ യോഗ്യതയേറ്റടുക്കാനുള്ള ഹൃദയവിശാലത മനുഷ്യകുലത്തിനുണ്ടാകട്ടെ.

ഇന്നു നമുക്കൊരു തീരുമാനമെടുക്കാം: - നമ്മൾ ശത്രുപക്ഷത്തു നിറുത്തിയിട്ടുള്ളവരോ നമ്മളോട് പിണക്കമുള്ളവർക്കോവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാനുള്ള തീരുമാനം! എല്ലാവരിലും ദൈവത്തിന്റെ പ്രതിച്ഛായ ദർശിക്കാനും, വിദ്വേഷം വെടിഞ്ഞ് സമാധാനത്തിന്റെ പാലങ്ങൾ പണിയാനും നമുക്ക മുൻകൈയെടുക്കാം.

​പ്രാർത്ഥന:
സമാധാനത്തിന്റെ രാജാവായ കർത്താവേ, ലോകമെങ്ങും അങ്ങയുടെ സമാധാനം പകരണമേ. എല്ലാ മനുഷ്യരും അങ്ങയുടെ മക്കളാണെന്ന ബോദ്ധ്യത്തോടെ സാഹോദര്യത്തിൽ കഴിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Sunday, 22 March 2026

നോമ്പുകാലചിന്തകൾ ഇരുപത്തൊമ്പതാം ദിവസം

🙋🏻 വിവേകമുള്ളവരാകാം. 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ - ഇരുപത്തൊമ്പതാം ദിവസം.


​ചിന്താവിഷയം:
☑️ ശരിയായ പ്രതികരണങ്ങൾ, ശരിയായ തീരുമാനങ്ങൾ ☑️

​നമ്മുടെ ജീവിതത്തിൽ ഓരോ നിമിഷവും നമ്മളെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ആത്മീയനിലവാരത്തെ നിർണ്ണയിക്കുന്നത്. എന്തു സംസാരിക്കണം, എവിടെ നിൽക്കണം, ഏതു വഴി തിരഞ്ഞെടുക്കണം എന്നെല്ലാം തീരുമാനിക്കേണ്ടിവരുമ്പോൾ, ലോകത്തിന്റെ യുക്തിയേക്കാളുപരി, ദൈവികജ്ഞാനം നമുക്കാവശ്യമാണ്. വിവേകപൂർണ്ണമായ ജീവിതം നമ്മളെ വീഴ്ചകളിൽനിന്നു സംരക്ഷിക്കുകയും ദൈവഹിതത്തോടു ചേർത്തുനിറുത്തുകയും ചെയ്യുന്നു.
​വിശുദ്ധഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവർ വിവേകികളാകും" (സങ്കീർത്തനങ്ങൾ 111:10). വിവേകം, കേവലം ബുദ്ധിശക്തിയോ യുക്തിചിന്തയോ അല്ല, നന്മയും തിന്മയും തിരിച്ചറിയാനുള്ള കൃപയാണ്. സോളമൻ രാജാവ് ദൈവത്തോടു പ്രാർത്ഥിച്ചതിപ്രകാരമായിരുന്നു: "നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നൽകിയാലും" (1 രാജാക്കന്മാർ 3:9). തിന്മയിൽനിന്ന് അകന്നുനിൽക്കുന്നതാണ് യഥാർത്ഥവിവേകമെന്ന് ജോബ് 28:28 സാക്ഷ്യപ്പെടുത്തുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിവേകത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിവേകമെന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യഥാർത്ഥനന്മയെ തിരിച്ചറിയാനും അതു പ്രാപിക്കുന്നതിനുവേണ്ടി ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാനും നമ്മുടെ പ്രായോഗികബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്. “വിവേകിയായ മനുഷ്യൻ തന്റെ മാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കുന്നു" "നിങ്ങൾ സമചിത്തരും പ്രാർ ഥനയിൽ ജാഗരൂകരുമായിരിക്കുവിൻ" (1 പത്രോസ് 4:7) 'പ്രവർത്തനനിരതമായ, ശരിയായ ബുദ്ധിയാണു വിവേകം' എന്ന്, അരിസ്റ്റോട്ടലിനെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധതോമസ് അക്വീനാസ് എഴുതുന്നു. അത് ഭീരുത്വമോ ഭയമോ ദ്വന്ദഭാവമോ കാപട്യമോ ആയി തെറ്റിദ്ധരിക്കരുത്. അത്, 'സുകൃതങ്ങളുടെ സാരഥി' എന്നു വിളിക്കപ്പെടുന്നു. അതു നിയമവും അളവും നിശ്ചയിച്ചു മററു സുകൃതങ്ങളെ നയിക്കുന്നു. വിവേകം മനഃസാക്ഷിയുടെ വിധിതീർപ്പിനെ നേരിട്ടു നയിക്കുന്നു. വിവേകമുള്ള മനുഷ്യൻ തൻ്റെ പെരുമാറ്റത്തെ ഈ വിധിതീർപ്പിനനുസൃതമായി നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഈ സുകൃതത്തിൻ്റെ സഹായത്താൽ ഒററപ്പെട്ട സംഭവങ്ങളിൽ ധാർമ്മികതത്വങ്ങളെ നമ്മൾ തെറ്റുകൂടാതെ പ്രയോഗിക്കുകയും നേടാനുള്ള നന്മയേയും വർജ്ജിക്കാനുള്ള തിന്മയേയും സംബന്ധിച്ച സംശയങ്ങളെ കീഴടക്കുകയും ചെയ്യുന്നു." (CCC 1806). 

ഈ വിവേകം ലഭിക്കുന്നതാകട്ടെ, പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെയാണെന്ന് ഏശയ്യാ 11:2 ലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്.
​ 
"ദൈവത്തോടുള്ള സ്നേഹത്താൽ നയിക്കപ്പെടുന്ന വിവേചനബുദ്ധി" എന്നാണു വിശുദ്ധഅഗസ്റ്റിൻ വിവേകത്തെ വിശേഷിപ്പിച്ചത്. ലോകത്തിന്റെ പ്രലോഭനങ്ങൾക്കിടയിൽ ദൈവത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാൻ വിവേകം നമ്മെ സഹായിക്കുന്നു. വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ വിവേകത്തെ 'ആത്മീയമായ കാഴ്ച'യെന്നു വിശേഷിപ്പിച്ചു. കൃത്യമായ ലക്ഷ്യബോധത്തോടെ ക്രിസ്തുവിലേക്കു നീങ്ങാൻ ഈ കാഴ്ച അത്യന്താപേക്ഷിതമാണ്. "പ്രബോധനം കേട്ടു വിവേകികളായിത്തീരുവിൻ; അതിനെ അവഗണിക്കരുത്" (സുഭാഷിതങ്ങൾ 8:33) എന്ന വചനം തങ്ങളുടെ ജീവിതത്തിൽ യഥാവിധി പ്രാവർത്തികമാക്കിയവരാണ്, തിരുസഭയിലെ വിശുദ്ധരെല്ലാവരും.
ഇന്നുമുതൽ ചെറുതോ വലുതോ ആയ ഏതെങ്കിലും തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവിന്റെ സഹായം തേടാൻ നമുക്കു പരിശീലിക്കാം. സാമൂഹിക ഇടപെടലുകളിൽ അനാവശ്യമായ സംസാരങ്ങളിൽനിന്നും തർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വിവേകപൂർവ്വം നമു പരിശ്രമിക്കാം.

​പ്രാർത്ഥന:
കർത്താവേ, നന്മയും തിന്മയും തിരിച്ചറിയാനുള്ള വിവേകം എനിക്കു നൽകണമേ. എന്റെ വാക്കുകളും പ്രവൃത്തികളും അങ്ങേയ്ക്കു പ്രിയപ്പെട്ടതാകാൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Friday, 20 March 2026

നോമ്പുകാലചിന്തകൾ 28-ാം ദിവസം

🙋🏻 ആത്മധൈര്യം 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 28-ാം ദിവസം


​ചിന്താവിഷയം:
🔥 പരീക്ഷകളിൽ പതറാതെ 🔥

​ക്രിസ്തീയജീവിതം എല്ലായ്പോഴും ഒരാത്മീയപോരാട്ടത്തിന്റെ ജീവിതമാണ്. പ്രലോഭനങ്ങളും പരീക്ഷകളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തിൽ കടന്നുവരുമ്പോൾ ഭയപ്പെടുകയല്ല, ദൈവത്തിൽ പൂർണ്ണഹൃദയത്തോടെ അഭയം തേടുകയാണ് നമ്മൾ ചെയ്യേണ്ടത്. ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്ന ഒരു വ്യക്തിയെ തളർത്താൻ ലോകത്തിലെ ഒന്നിനും കഴിയില്ല. ജീവിതത്തിലെ ഇരുളടഞ്ഞ വഴികളിലൂടെ നടക്കുമ്പോളും പതറാതെ മുന്നേറാനാവശ്യമായ ആത്മധൈര്യം നമുക്കു ലഭിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന കൃപാദാനത്താലാണ്.
​വിശുദ്ധഗ്രന്ഥം നമ്മളോടു പറയുന്നു: "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിറുത്തും."
(ഏശയ്യാ 41 : 10). ദൈവം നമ്മോടുകൂടെയുണ്ടെന്ന ഈ വലിയ ഉറപ്പാണ്  ആത്മീയപോരാട്ടങ്ങളിൽ നമുക്കു കരുത്തുപകരുന്നത്. ജോഷ്വയോടു കർത്താവ് അരുളിച്ചെയ്തതുപോലെ, "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ്‌ നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും."
(ജോഷ്വ 1 : 9). ഈ ദൈവസാന്നിധ്യമാണ്. നമ്മുടെ ഭയങ്ങളെ നീക്കി ആത്മധൈര്യം പകരുന്നത്. " കര്‍ത്താവ്‌ എന്റെ പ്രകാശവും രക്ഷയുമാണ്‌, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ്‌ എന്റെ ജീവിതത്തിനു കോട്ടയാണ്‌, ഞാന്‍ ആരെ പേടിക്കണം?"
(സങ്കീര്‍ത്തനങ്ങള്‍ 27 : 1).

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആത്മധൈര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: മനഃസ്ഥൈര്യമെന്നത്. പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ! സ്ഥിരതയുമുറപ്പാക്കുന്ന ധാർമ്മികസുകൃതമാണ്. ധാർമ്മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കുവാനും തടസ്സങ്ങളെ കീഴടക്കുവാനുമുള്ള തീരുമാനത്തെ അതു ശക്തിപ്പെടുത്തുന്നു. ഭയത്തെ, - മരണഭയത്തെപ്പോലും, കീഴടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃസ്ഥൈര്യമെന്ന സുകൃതം ഒരുവനെ കഴിവുള്ളവനാ ക്കുന്നു. നീതിപൂർവ്വകമായ ഒരു കാര്യത്തിനുവേണ്ടി തന്റെ ജീവനെ ഉപേക്ഷിക്കാൻമാത്രമല്ല ബലിയർപ്പിക്കാപോലും ഒരുവനെ ഇതു സന്നദ്ധനാക്കുന്നു. “കര്‍ത്താവാണ് എന്റെ ബലവും എന്റെ ഗാനവും "
(സങ്കീര്‍ത്തനങ്ങള്‍ 118 : 14) - CCC 1808.

"എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്‌; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്‌."
(2 തിമോത്തേയോസ്‌ 1 : 7 ).

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ ശുശ്രൂഷയിലുടനീളം, ക്രിസ്തുവിനായി ഹൃദയവാതിലുകൾ തുറന്നുകൊടുക്കുന്നവന് ലോകത്തെ ജയിക്കാനുള്ള ആത്മധൈര്യം ലഭിക്കുമെന്ന് നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. “ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയി രിക്കുന്നു." (യോഹന്നാൻ 16:33) എന്ന, ക്രിസ്തുവിന്റെ വചനം വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്കും വലിയ കരുത്തായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും ദൈവത്തിന്റെ കരുണയിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ ധീരതയെന്ന് വിശുദ്ധഫൗസ്റ്റീന നമ്മളെ പഠിപ്പിക്കുന്നു. വിശുദ്ധഅഗസ്റ്റിനെപ്പോലെ, "നമ്മുടെ ബലഹീനതയിൽ ദൈവമാണ് നമ്മുടെ ബലം." എന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരണം.

ഇന്ന് നമ്മൾ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളിലും പരീക്ഷകളിലും പരാതിപ്പെടാതെ പ്രാർത്ഥനയിൽ ശക്തരാകാൻ നമുക്കു പരിശ്രമിക്കാം. പ്രലോഭനങ്ങളുണ്ടാകുമ്പോൾ തിരുവചനങ്ങളിലൂടെ അവയെ നേരിടാൻ തക്കവിധം, വചനം വായിക്കാനും പഠിക്കാനും ഹൃദിസ്ഥമാക്കാനും നമുക്കു പരിശ്രമിക്കാം.

പ്രാർത്ഥന:
കർത്താവേ, ജീവിതത്തിലെ പ്രതിസന്ധികളിൽ പതറാതെ നിൽക്കാൻ എനിക്ക് ആത്മധൈര്യം നൽകണമേ. പരീക്ഷകളിൽ വീണുപോകാതെ അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ആമേൻ.

✝️🙏 ​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ ✝️🙏


Thursday, 19 March 2026

നോമ്പുകാലചിന്തകൾ, 27-ാം ദിവസം

🕯️വാക്കിനും പ്രവൃത്തിക്കുമിടയിലെ ദൂരം🕯️
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
27-ാം ദിവസം
​ചിന്താവിഷയം: 
🫱🏻സത്യസന്ധതയും ഹൃദയപരമാർത്ഥതയും🫲🏻

​നമ്മുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പൊരുത്തമുണ്ടാകുകയെന്നത് ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനശിലയാണ്. പലപ്പോഴും ലോകത്തിനു മുമ്പിൽ നന്മയെന്നു തോന്നിപ്പിക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ടെങ്കിലും, അവയുടെ പിന്നിലെ യാഥാർത്ഥ്യമെന്തെന്നോ എന്തു മനോഭാവത്തോടെയാണു നമ്മളതു ചെയ്യുന്നതെന്നോ നമ്മൾ ചിന്തിക്കാറില്ല. ക്രിസ്തു നമുക്കു നല്കിയ മാതൃകയ്ക്കനുസൃതമായി, കാപട്യമില്ലാത്ത ജീവിതം നയിക്കാൻ നമുക്കു സാധിക്കണം. ചെറിയ കാര്യങ്ങളിൽപ്പോലും സത്യസന്ധത പുലർത്തുന്നത് ക്രിസ്തീയസാക്ഷ്യത്തിന്റെ ഭാഗമാണ്.
​എന്തുചെയ്തു എന്നതിനേക്കാൾ ഉപരിയായി, എന്തു മനോഭാവത്തോടെ ചെയ്തെന്നതാണ് ഈശോ നോക്കുന്നത്. ആത്മീയമായ മേനിനടിക്കലുകൾക്കും കപടനാട്യങ്ങൾക്കുമപ്പുറം ഹൃദയപരമാർത്ഥതയ്ക്കാണ് ദൈവം വില കല്പിക്കുന്നത്. സുവിശേഷം, ഇതു നമ്മളെ ഗൗരവമായി ഓർമ്മിപ്പിക്കുന്നു: "അന്ന് പലരും എന്നോടു ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലുമറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ" (മത്തായി 7:22-23).

സ്നേഹശൂന്യമായ പ്രവൃത്തികൾ എത്ര വലുതായാലും ദൈവ തിരുമുമ്പിൽ അവയ്ക്കു സ്ഥാനമില്ല. നമ്മൾ ചെയ്യുന്നത് എത്ര ചെറിയ പ്രവൃത്തിയായാലും ദൈവത്തോടും സഹോദരരോടുമുള്ള സ്നേഹത്തെപ്രതി, ഹൃദയപരമാർത്ഥതയോടെ ചെയ്യണമെന്നാണ്, ഈശോ ആഗ്രഹിക്കുന്നത്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എട്ടാം പ്രമാണത്തെക്കുറിച്ചു വിശദീകരിക്കുമ്പോൾ സത്യസന്ധതയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "സത്യം മാനുഷികപ്രവൃത്തിയിലും സംഭാഷണത്തിലുമുളള ധർമ്മനിഷ്ഠയെന്നനിലയിൽ വാസ്‌തവികതയെന്നോ ആത്മാർത്ഥതയെന്നോ നിഷ്കപടതയെന്നോ വിളിക്കപ്പെടുന്നു. സത്യം അഥവാ സത്യപൂർണ്ണത ഒരു സുകൃതമാണ് പ്രവൃത്തികളിൽ സത്യമുളളവനും വാക്കുകളിൽ നിഷ്കപടതയുള്ളവനുമായി സ്വയം പ്രദർശിപ്പിക്കുന്നതിലും ദ്വന്ദഭാവത്തിനും വിപരീതഭാവനാട്യത്തിനും കപടനാട്യത്തിനുമെതിരേ സ്വയം സംരക്ഷിക്കുന്നതിലും അതടങ്ങിയിരിക്കുന്നു." (CCC 2468). നമ്മുടെ ജീവിതത്തിൽ നാം ഇടപെടുന്ന ഏറ്റവുമെളിയവരോട് നമ്മൾ പുലർത്തുന്ന മനോഭാവമാണ്, നമ്മുടെ ക്രിസ്തീയതയുടെ അളവുകോൽ. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങളിതു ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്‌." (മത്തായി 25:45).
വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നു: "ദൈവം നിന്റെ പ്രവൃത്തികളെയല്ല, നിന്റെ മനോഭാവത്തെയാണു തൂക്കിനോക്കുന്നത്. "ഹൃദയത്തിന്റെ ആഴങ്ങളിൽ നമ്മളെന്താണോ അതാണ് ദൈവത്തിന്റെ മുമ്പിൽ നാം. ലിസ്യുവിലെ കൊച്ചുത്രേസ്യ, തന്റെ ജീവിതത്തിലുടനീളം ഹൃദയപരമാർത്ഥതയ്ക്കായി ദാഹിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ വലിയ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ, പൂർണ്ണമായ ആത്മാർത്ഥതയോടെ ചെറിയ കാര്യങ്ങൾ ചെയ്യുന്നതാണ് വലിയ വിശുദ്ധിയെന്ന് വിശുദ്ധ മരിയ ഫൗസ്റ്റീനയും തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്.
ഇന്നു ഞാൻ ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവരുടെ പ്രശംസയ്ക്കുവേണ്ടിയാണോ, അതോ ദൈവത്തോടുള്ള സ്നേഹത്തെപ്രതിയാണോയെന്ന് ആത്മശോധന ചെയ്യാം. വാക്കിലും പ്രവൃത്തിയിലും പൂർണ്ണമായ സത്യസന്ധത പുലർത്താൻ നമുക്കു പരിശ്രമിക്കാം.

​പ്രാർത്ഥന:
കർത്താവേ, കാപട്യമില്ലാത്ത ഒരു ഹൃദയം എനിക്കു നൽകണമേ. എന്റെ വാക്കുകളും പ്രവൃത്തികളും അങ്ങേയ്ക്ക് പ്രിയപ്പെട്ടതാകാനും, എല്ലാ കാര്യങ്ങളിലും ഹൃദയപരമാർത്ഥത പുലർത്താനും എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Wednesday, 18 March 2026

നോമ്പുകാലചിന്തകൾ, 26-ാം ദിവസം

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ
'വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 26-ാം ദിവസം
​ചിന്താവിഷയം: കരുണയുടെ മുഖമുള്ള, നീതിയുടെ കാവൽക്കാരൻ

​തിരുസഭയുടെ കാവൽക്കാരനും നസ്രത്തിലെ തിരുക്കുടുംബത്തിന്റെ നാഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഇന്നു നമ്മൾ ഭക്തിപൂർവ്വം ആഘോഷിക്കുകയാണ്. നിശബ്ദതയിലൂടെയും ദൈവഹിതത്തിനു പൂർണ്ണമായി കീഴ്‌വഴങ്ങിയ ജീവിതത്തിലൂടെയും രക്ഷാകരചരിത്രത്തിൽ തന്റേതായ മുദ്രപതിപ്പിച്ച വലിയ വിശുദ്ധനെയാണ് സഭ ഇന്ന് ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടുന്നത്.
​വിശുദ്ധ മത്തായിയുടെ സുവിശേഷം യൗസേപ്പിതാവിനെ വിശേഷിപ്പിക്കുന്നത് 'നീതിമാൻ' എന്നാണ്. എന്നാൽ ആ നീതി നിയമത്തിന്റെ കാർക്കരത്തിൽനിന്നുള്ളതായിരുന്നില്ല, കരുണയുടെ ആഴത്തിൽനിന്നായിരുന്നു. സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു: "അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു" (മത്തായി 1:19). തനിക്കു മനസ്സിലാകാത്ത ദൈവീകരഹസ്യങ്ങൾക്കു മുമ്പിൽപ്പോലും മറിയത്തെ സംരക്ഷിക്കാനും അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. കല്ലെറിയാൻ നിയമം ആജ്ഞാപിക്കുമ്പോളും കരുണയോടെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥനീതിയെന്ന് യൗസേപ്പിതാവ് നമുക്കു കാണിച്ചുതരുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിശുദ്ധയൗസേപ്പിതാവിന്റെ പങ്കിനെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിശുദ്ധ യൗസേപ്പിതാവ് ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിൽ നിശബ്ദനായി സഹകരിച്ചു. ദൈവഹിതത്തോടുള്ള വിശ്വസ്തതയും കുടുംബത്തോടുള്ള കരുതലുമാണ് സഭയുടെ സംരക്ഷകനായി അദ്ദേഹത്തെ ഉയർത്തുന്നത്" (CCC 437, 532 - സംഗ്രഹം).
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'റെഡംപ്തോറിസ് കസ്തോസ്' (Redemptoris Custos) എന്ന രേഖയിൽ ( വെബ് ലിങ്ക് ആദ്യ കമൻ്റായി നല്കുന്നു.) ഇപ്രകാരമോർമ്മിപ്പിക്കുന്നു: "വിശുദ്ധ യൗസേപ്പിതാവ് ദൈവവചനത്തിന്റെ നിശബ്ദനായ ശ്രോതാവായിരുന്നു." വാക്കുകളേക്കാൾ പ്രവൃത്തികൾകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ആവിലയിലെ അമ്മ ത്രേസ്യ (വിശുദ്ധ തെരേസ ഓഫ് ആവില) തന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടിയിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. "മറ്റു വിശുദ്ധർക്ക് ചില കാര്യങ്ങളിൽ സഹായിക്കാൻ കഴിയുമെങ്കിൽ, വിശുദ്ധ യൗസേപ്പിതാവിന് എല്ലാക്കാര്യങ്ങളിലും നമ്മളെ സഹായിക്കാൻ കഴിയും" എന്ന് വിശുദ്ധ പഠിപ്പിച്ചു.
​ 
നമ്മുടെ നീതിബോധം,
മറ്റുള്ളവരെ വിചാരണ ചെയ്യാനോ അപമാനിക്കാനോ ഉള്ളതാകാതെ, സ്നേഹത്തോടെയും വിവേകത്തോടെയും അവരെ താങ്ങിനിർത്തുന്നതാകാൻ ഈ ദിനം നമ്മളെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും സന്ദേഹങ്ങളിലും ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ യൗസേപ്പിതാവ് കാണിച്ചുതന്ന ആത്മീയവിവേകം നമുക്കു മാതൃകയാക്കാം.

ഈ ​നോമ്പുകാലത്ത് നമുക്കൊരു തീരുമാനമെടുക്കാം:- മറ്റുള്ളവരുടെ കുറവുകളെ വിധിക്കാനും അപമാനിക്കാനും ശ്രമിക്കാതെ അവരെ കരുണയോടെ കാണാൻ ഇന്നുമുതൽ നമുക്കു ശ്രമിക്കാം. കുടുംബത്തിലെ പ്രാർത്ഥനയിൽ പ്രത്യേകമായി, വിശുദ്ധ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടാൻ മറക്കാതിരിക്കാം.

​പ്രാർത്ഥന:
നസ്രത്തിലെ തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളെയും അദ്ധ്വാനങ്ങളെയും അങ്ങേ സംരക്ഷണത്തിനു വിട്ടുനൽകുന്നു. ദൈവഹിതത്തിന് പൂർണ്ണമായി കീഴ്‌വഴങ്ങി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കണേ. ✝️🙏

Tuesday, 17 March 2026

നോമ്പുകാലചിന്തകൾ - 25-ാം ദിവസം

അദ്ധ്വാനത്തിന്റെ മഹത്വം
വലിയ 
നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
​ചിന്താവിഷയം: അദ്ധ്വാനം ദൈവാരാധനയാക്കുക

​മനുഷ്യജീവിതത്തിൽ അദ്ധ്വാനമെന്നത് കേവലം ഉപജീവനോപാധിമാത്രമല്ല, വിശുദ്ധീകരണത്തിനുള്ള മാർഗ്ഗംകൂടെയാണ്. നമ്മൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും - വീട്ടുജോലിയാകട്ടെ, കൃഷിയാകട്ടെ, ഓഫീസ് ജോലിയാകട്ടെ, മറ്റെന്തെങ്കിലും കഠിനമായ അദ്ധ്വാനമാകട്ടെ - എന്തുതന്നെയായാലും അത്, വിശ്വസ്തതയോടെയും ദൈവമഹത്വത്തിനായും ദൈവത്തോടും സഹോദരരോടുമുള്ള സ്നേഹത്തോടെയും ചെയ്യുമ്പോൾ അതു ദൈവാരാധനയായി മാറുന്നു. അലസത വെടിഞ്ഞ്, സമൂഹത്തിന്റെ നന്മയ്ക്കായി നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ വിളിക്കപ്പെട്ടവരാണു നമ്മൾ.

​വിശുദ്ധ ഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍.
നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന്‌ അവകാശം ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്‌."
(കൊളോസോസ്‌ 3 : 23-24)

അദ്ധ്വാനിക്കുന്നവന്റെ വിയർപ്പിന് ദൈവം വലിയ വില നൽകുന്നു. നേരായ വഴിയിലൂടെയുള്ള അദ്ധ്വാനം ദൈവാനുഗ്രഹത്തിന്റെ ഉറവിടമാണ്. "കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അദ്ധ്വാനഫലം നീയനുഭവിക്കും;
നീ സന്തുഷ്‌ടനായിരിക്കും; നിനക്കു നന്മ വരും.
(സങ്കീര്‍ത്തനങ്ങള്‍ 128 : 1-2 )
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, അദ്ധ്വാനത്തിന്റെ മൂല്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ദൈവഛായയിൽ സൃഷ്ട‌ിക്കപ്പെട്ടവരും, ഭൂമിയെ കീഴടക്കി, പരസ്‌പരസഹകരണത്തോടെ, പരസ്‌പരോപകാരത്തിനായി, സൃഷ്‌ടികർമം തുടരാൻ വിളിക്കപ്പെട്ടവരുമായ  വ്യക്തികളിൽനിന്നു മാനുഷികപ്രയത്നം നേരിട്ടു പുറപ്പെടുന്നു. അതുകൊണ്ട് തൊഴിൽ ഒരു കടമയാണ്. “അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. (2 തെസലോനിക്കാ 3 : 10) സ്രഷ്‌ടാവിൽനിന്നു സ്വീകരിച്ച ദാനങ്ങളെയും കഴിവുകളെയും തൊഴിൽ ആദരിക്കുന്നു. അത് രക്ഷാകരവുമാകാം. നസ്രത്തിലെ തച്ചനും കാൽവരിയിൽ ക്രൂശിക്കപ്പെട്ടവനുമായ യേശുവിനോടുള്ള ഐക്യത്തിൽ, അദ്ധ്വാനത്തിൻ്റെ ക്ലേശം സഹിച്ചുകൊണ്ട്, മനുഷ്യൻ സവിശേഷരീതിയിൽ ദൈവപുത്രനോടു രക്ഷാകരജോലിയിൽ സഹകരിക്കുകയാണ്. താൻ ചെയ്യാൻ വിളിക്കപ്പെട്ടിട്ടുള്ള ജോലിയിൽ, അനുദിനം കുരിശുവഹിച്ചകൊണ്ട് അവൻ ക്രിസ്തുവിന്റെ ശിഷ്യനാണെന്നു തെളിയിക്കുന്നു. വിശുദ്ധീകരണത്തിന്റെ ഒരുപാധിയും ഭൗതികവസ്തുക്കളെ ക്രിസ്തുവിൻ്റെ ആത്മാവിനാൽ ചൈതന്യവത്കരിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായിത്തീരുവാൻ തൊഴിലിനു കഴിയും."
വിശുദ്ധജോൺപോൾ രണ്ടാമൻ പാപ്പ തന്റെ 'Laborem Exercens' (മനുഷ്യന്റെ അദ്ധ്വാനം) എന്ന വിശ്വലേഖനത്തിൽ അദ്ധ്വാനത്തെക്കുറിച്ച് ആഴമായ കാഴ്ചപ്പാടുകൾ നൽകിയിട്ടുണ്ട്. അദ്ധ്വാനത്തിലൂടെ മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പഠിപ്പിച്ചു. ലിസ്യുവിലെ
വിശുദ്ധ തെരേസ  (കൊച്ചുത്രേസ്യ) തന്റെ 'ചെറുപാത'യിലൂടെ നമ്മെ പഠിപ്പിച്ചത്, ചെറിയ ജോലികൾപോലും സ്നേഹത്തോടെയും ദൈവമഹത്വത്തിനായും ചെയ്യുമ്പോൾ അത് വലിയ പുണ്യമായിമാറുന്നു എന്നാണ്. "മടുപ്പില്ലാത്ത അദ്ധ്വാനവും ദൈവഹിതത്തോടുള്ള വിശ്വസ്തതയുമാണ് വിശുദ്ധിയിലേക്കുള്ള വഴി" എന്ന് വിശുദ്ധ അഗസ്റ്റിനും ഓർമ്മിപ്പിക്കുന്നുണ്ട്.
ഇന്നുമുതൽ നമുക്കൊരു തീരുമാനമെടുക്കാം:- എന്റെ ജോലികൾ പരാതികൂടാതെയും കൃത്യനിഷ്ഠയോടെയും ചെയ്യാൻ ഞാൻ ശ്രദ്ധിക്കും. ജോലി തുടങ്ങുന്നതിനു മുമ്പ് അത് ദൈവത്തിനു സമർപ്പിക്കുകയും സഹപ്രവർത്തകരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യും.

പ്രാർത്ഥന:
കർത്താവേ, എന്റെ എല്ലാ അദ്ധ്വാനങ്ങളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു. എന്റെ കഴിവുകൾ ലോകനന്മയ്ക്കായി ഉപയോഗിക്കാനും അലസത വെടിഞ്ഞ് വിശ്വസ്തതയോടെ പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. ആമേൻ.

Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️🙏

Monday, 16 March 2026

നോമ്പുകാലചിന്തകൾ: 24-ാം ദിവസം

👤 നിസ്സംഗതയെന്ന പാപം 👤
നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
ഇരുപത്തിനാലാം ദിവസം
​ചിന്താവിഷയം: 
🛐 നന്മ ചെയ്യാതിരിക്കുന്നതും തിന്മയെ എതിർക്കാതിരിക്കുന്നതും 🛐

​ വ്യക്തിപരമായ തിന്മകൾ ഉപേക്ഷിക്കുന്നതിനൊപ്പം, നാം ബോധപൂർവ്വം ഒഴിവാക്കുന്ന നന്മകളെക്കുറിച്ചുകൂടെ ചിന്തിക്കേണ്ട കാലമാണ്, നോമ്പുകാലം. പലപ്പോഴും നാം ചെയ്യുന്ന തെറ്റുകളെക്കുറിച്ചുമാത്രം ആത്മശോധന ചെയ്യുന്നു, എന്നാൽ ചെയ്യേണ്ട നന്മ ചെയ്യാതെപോകുന്നതിനെക്കുറിച്ചോ (Sin of Omission), തിന്മകൾക്കു മുമ്പിൽ പുലർത്തുന്ന മൗനത്തെക്കുറിച്ചോ നാം വ്യാകുലപ്പെടാറില്ല. ഒരു തെറ്റു കൺമുമ്പിൽ നടക്കുമ്പോൾ അതു കണ്ടില്ലെന്നു നടിക്കുന്നതും "അതെന്നെ ബാധിക്കുന്ന കാര്യമല്ല" എന്നു കരുതി നിസ്സംഗതപാലിക്കുന്നതും വലിയ പാപമാണ്.
​വിശുദ്ധഗ്രന്ഥത്തിൽ, യാക്കോബ് ശ്ലീഹാ നമ്മളെ ഇപ്രകാരമോർമ്മിപ്പിക്കുന്നു: "ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു." (യാക്കോബ് 4:17). നിസ്സംഗത കേവലം അശ്രദ്ധയല്ല, മറിച്ച് ദൈവസ്നേഹത്തോടുള്ള വിമുഖതയാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഒന്നാം പ്രമാണത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ ദൈവസ്നേഹത്തിനെതിരായ പാപങ്ങളെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "നിസ്സംഗത ദൈവസ്നേഹത്തെപ്പറ്റിയുള്ള പരിചിന്തനം അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നു; അത് അതിനുമുമ്പേ വരുന്ന ദൈവികസ്നേഹത്തെ അവഗണിക്കുകയും വീഴ്ച വരുത്തുകയും അതിന്റെ ശക്തിയെ നിഷേധിക്കുകയും ചെയ്യുന്നു" (CCC 2094). 

കണ്മുമ്പിൽ നടക്കുന്ന ഒരു കാര്യം തിന്മയാണെന്നറിഞ്ഞിട്ടും അതിനെ തിരുത്താതെയും എതിർക്കാതെയും മൗനംപാലിക്കുന്നത് ക്രിസ്തീയജീവിതത്തിനു വിരുദ്ധമാണ്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ പ്രബോധനങ്ങളിൽ നിസ്സംഗതയെ "ഹൃദയകാഠിന്യം" എന്നാണു വിശേഷിപ്പിച്ചത്. ലോകത്തിലെ അനീതികൾക്കും സഹോദരന്റെ കണ്ണുനീരിനും മുമ്പിൽ കണ്ണടയ്ക്കുന്ന നിസ്സംഗതയുടെ സംസ്കാരത്തിനെതിരെ ജോൺ പോൾ രണ്ടാമൻ പാപ്പ എന്നും നിലപാടെടുത്തിരുന്നു.  വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, "തിന്മയെ എതിർക്കാത്തവൻ അതിനെ അംഗീകരിക്കുകയാണു ചെയ്യുന്നത്." നമ്മുടെ നിശബ്ദത തിന്മയ്ക്കു വളമാകരുത്. നിസ്സംഗത ഉപേക്ഷിച്ചുകൊണ്ട് ദൈവസ്നേഹത്തിന്റെ പ്രവൃത്തികളിലേക്കു മടങ്ങാൻ ഈ നോമ്പുകാലം നമ്മളെ ക്ഷണിക്കുന്നു.
കൺമുന്നിൽ സംഭവിക്കുന്ന അനീതികൾക്കോ അല്ലെങ്കിൽ സഹായമാവശ്യമുള്ള സാഹചര്യങ്ങൾക്കോ നേരെ കണ്ണടയ്ക്കാതിരിക്കാൻ നമുക്കു പരിശ്രമിക്കാം. നമുക്കു ചെയ്യാനാകുന്ന നന്മകൾ മടികൂടാതെ ചെയ്യാനും തെറ്റിനെ സ്നേഹപൂർവ്വം തിരുത്താനും നമുക്കു പരിശ്രമിക്കാം.

പ്രാർത്ഥന:
കർത്താവേ, എന്റെ ജീവിതത്തിലുണ്ടായിട്ടുള്ള നിസ്സംഗതയുടെ നിമിഷങ്ങളെയോർത്ത് ഞാൻ അങ്ങയോടു മാപ്പുചോദിക്കുന്നു. മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാനും നന്മ ചെയ്യുന്നതിൽ ഉത്സാഹമുള്ളവനാകാനും എന്റെ ഹൃദയത്തെ തുറക്കണമേ. ആമേൻ.

🙏🏻✝️ ​Please Share ✝️🙏🏻
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️🙏

Sunday, 15 March 2026

നോമ്പുകാലചിന്തകൾ ; 23-ാം ദിവസം

🌟 സന്തോഷത്തിന്റെ സുവിശേഷം.  🌟
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ: ഇരുപത്തിമൂന്നാം ദിവസം
​ചിന്താവിഷയം: 
🌹 ക്രിസ്തുവിശ്വാസി - പ്രത്യാശയുടെ പ്രവാചകൻ 🌹
 
ഉപവാസത്തിൻ്റെയും ആത്മനിയന്ത്രണത്തിൻ്റെയും പരിത്യാഗത്തിന്റെയും കാലമെന്നതുപോലെ ആത്മസന്തോഷത്തിൻ്റെയും കാലമാണ്, നോമ്പുകാലം. ഉള്ളിൽ ദൈവാനുഭവം ഉള്ളവർക്കു ലഭിക്കുന്ന വലിയ സന്തോഷത്തിന്റെയനുഭവം നോമ്പുകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ്. വാടിയ മുഖവും തളർച്ചയുമല്ല, പുഞ്ചിരിയും ആത്മവിശ്വാസവുമാണ്, യഥാർത്ഥ നോമ്പനുഷ്ഠാനം നൽകുന്നത്.

"നിങ്ങളുപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക" (മത്തായി 6:16-17).

​ക്രിസ്തീയജീവിതം പ്രത്യാശയിലധിഷ്ഠിതമാണ്. ക്ലേശങ്ങളുടെ നടുവിലും പ്രത്യാശ കൈവിടാതെ സന്തോഷിക്കാൻ വിശ്വാസിക്കു കഴിയണം. "പ്രത്യാശയിൽ സന്തോഷിക്കുവിൻ; ക്ലേശങ്ങളിൽ സഹനശീലരായിരിക്കുവിൻ; പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുവിൻ" (റോമാ 12:12). 

നമ്മുടെ സാന്നിദ്ധ്യം മറ്റുള്ളവർക്കു സമാധാനവും സന്തോഷവും നൽകുന്നുണ്ടോയെന്ന്, ഈ നോമ്പുകാലത്ത് നമ്മൾ സ്വയം പരിശോധിക്കേണ്ടതുണ്ട്. സങ്കടപ്പെടുന്നവർക്ക് ആശ്വാസത്തിന്റെ ഒരു പുഞ്ചിരി പകരുന്നുനൽകുന്നത്, വലിയ സുവിശേഷപ്രഘോഷണമാണ്. 
ക്രിസ്തു നൽകുന്ന  സന്തോഷം, ലോകം നൽകുന്നതുപോലെയല്ല. അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നത്: "നിങ്ങളെപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ; ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ" (ഫിലിപ്പി 4:4).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതനുസരിച്ച്, വിശ്വാസത്തിന്റെ ആനന്ദവും ഉപവിയിൽനിന്നൊഴുകുന്ന സന്തോഷവും ഒരു ക്രൈസ്തവന്റെ പ്രധാനപ്പെട്ട അടയാളമാണ്. പരിശുദ്ധാത്മാവു നൽകുന്ന ഫലങ്ങളിലൊന്നാണു സന്തോഷം. "പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പരിശുദ്ധാത്മാവു നമ്മിൽ നിത്യമഹത്വത്തിൻ്റെ പ്രഥമഫലങ്ങളെന്നപോലെ രൂപപ്പെടുത്തുന്ന പൂർണ്ണതകളാണ്. സഭയുടെ പാരമ്പര്യം അവയിൽ പന്ത്രണ്ടെണ്ണം എടുത്തുകാണിക്കുന്നുണ്ട്: സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, ഔദാര്യം, സൗമ്യത, വിശ്വസ്തത, അടക്കം, ആത്മസംയമനം, ശുദ്ധത". (CCC 1832).
സന്തോഷത്തെക്കുറിച്ച് വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഇപ്രകാരം പഠിപ്പിക്കുന്നു: "ഒരു ദൈവദാസൻ തൻ്റെ ആത്മീയസന്തോഷം നഷ്ടപ്പെടുത്തിയാൽ, അത് അയാൾ പിശാചിനു നൽകുന്ന ഒരു സമ്മാനമാണ്." ഒരു യഥാർത്ഥ വിശ്വാസി, ഈശോയോടുള്ള സ്നേഹത്തിലും പ്രത്യാശയിലും അടിയുറച്ചവനായതിനാൽ, ഏതവസ്ഥയിലും സന്തോഷവാനായിരിക്കും.

ലിസ്യുവിലെ
വിശുദ്ധ തെരേസ തന്റെ ജീവിതത്തിലെ സഹനങ്ങളെപ്പോലും പുഞ്ചിരിയോടെ നേരിട്ടത്, ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതിയായിരുന്നു.
 "സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ; കരയുന്നവരോടുകൂടെ കരയുവിൻ" (റോമാ 12:15) എന്ന തിരുവചനം വിശുദ്ധരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ അന്വർത്ഥമാക്കിയിട്ടുണ്ട്.​ സങ്കടപ്പെട്ടിരിക്കുന്ന ഒരാൾക്കെങ്കിലും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി നൽകാനും അവരെ കേൾക്കാനും അല്പസമയം മാറ്റിവയ്ക്കാൻ നമുക്കു പരിശ്രമിക്കാം. നമ്മുടെ സംഭാഷണങ്ങളിൽ പരാതികളൊഴിവാക്കി, പ്രത്യാശയുടെ വാക്കുകളുപയോഗിച്ചുതുടങ്ങാം.

​പ്രാർത്ഥന:
കർത്താവേ, അങ്ങയുടെ സന്തോഷത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. പ്രത്യാശയില്ലാത്തവർക്ക് പ്രത്യാശയുടെ പ്രവാചകനാകാനും മറ്റുള്ളവരിലേക്ക് അങ്ങയുടെ സമാധാനം പകരാനും എന്നെ സഹായിക്കണമേ. ആമേൻ.

🙏🏻 Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Friday, 13 March 2026

നോമ്പുകാലചിന്തകൾ: 22-ാം ദിവസം

🙋🏻 വിശുദ്ധരുടെ മാതൃക 🙋🏻 
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപത്തിരണ്ടാം ദിവസം
​ചിന്താവിഷയം: 
👣 വിശുദ്ധിയിലേക്കുള്ള വിളി 👣

​വിശുദ്ധിയെന്നത് നമുക്ക് അപ്രാപ്യമായ ഒന്നല്ല. നമ്മുടെ ദൈനംദിനജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ ദൈവസ്നേഹത്തെപ്രതി വലിയ സ്നേഹത്തോടെ ചെയ്യുന്നതാണ്. "വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും." (ജ്ഞാനം 6 : 10)

ഈ നോമ്പുകാലത്ത് വിശുദ്ധരുടെ ജീവിതങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ, അവരാരും ജന്മനാ വിശുദ്ധരായിരുന്നില്ലെന്നും ദൈവകൃപയോടു നിരന്തരം സഹകരിച്ചവരാണെന്നും നമുക്കു കാണാൻ കഴിയും. വചനം നമ്മെയോർമ്മിപ്പിക്കുന്നു: "നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. " (1 പത്രോസ് 1:15–16). ​ജോഷ്വാ ജനത്തോടു പറഞ്ഞു: "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെയിടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും.' (ജോഷ്വാ 3:5). 

നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ അദ്ഭുതങ്ങൾ സംഭവിക്കണമെങ്കിൽ നാം വിശുദ്ധിയിലേക്കു ചുവടുവയ്ക്കേണ്ടതുണ്ട്. കാരണം, നമ്മൾ വിശുദ്ധരായിരിക്കുകയെന്നതാണ്, ദൈവത്തിന്റെയിഷ്ടം. 

"നിങ്ങളുടെ വിശുദ്ധീകരണമാണ്‌ ദൈവമഭിലഷിക്കുന്നത്‌. അസാന്മാര്‍ഗ്ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം. (1 തെസ്സലോനിക്ക 4:3). 

വിശുദ്ധരുടെ ജീവചരിത്രങ്ങൾ വായിക്കുകയും അവരുടെ പാത പിന്തുടരുകയുംചെയ്യുന്നത് നമ്മുടെ ആത്മീയയാത്രയ്ക്കു വലിയ കരുത്തേകും. 

"എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല." (ഹെബ്രായർ 12:14). മാനുഷികമായ എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ജീവിതവിശുദ്ധിയും സമാധാനപൂർണ്ണമായ സാമൂഹികജീവിതവുമുണ്ടാകാനുള്ള ബോധപൂർവ്വമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം.
കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം 2013-ാം ഖണ്ഡികയിൽ താഴെപ്പറയുംവിധം പഠിപ്പിക്കുന്നു. “ഏതവസ്‌ഥയിലും ജീവിതവൃത്തിയിലുമുള്ള എല്ലാ ക്രൈസ്‌തവരും ക്രൈസ്‌തവജീവിതത്തിന്റെ പൂർണ്ണതയിലേക്കും സ്നേഹത്തിൻ്റെ പരിപൂർണ്ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു." (LG 41§ 2, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ)

എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു “നിങ്ങളുടെ സ്വർഗ്ഗീയപിതാവു പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണ്ണരായിരിക്കുവിൻ." (മത്തായി 5:48)

ഈ പൂർണ്ണത പ്രാപിക്കാൻ ക്രിസ്‌തുവിൻ്റെ ദാനങ്ങളാൽ പ്രദാനം ചെയ്യപ്പെട്ട ശക്തി വിശ്വാസികളുപയോഗിക്കണം. അങ്ങനെ എല്ലാക്കാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ട് പിതാവിൻ്റെ ഇഷ്‌ടം ദൈവമഹത്ത്വത്തിനും അയൽക്കാരുടെ സേവനത്തി നുമായി അവർ തങ്ങളെ ഹൃദയപൂർവ്വം പൂർണ്ണഹൃദയത്തോടെ പ്രതിഷ്ഠിക്കണം. അങ്ങനെ, സഭാചരിത്രത്തിലെ അനേകം വിശുദ്ധരുടെ ജീവിതത്തിൽ സുവ്യക്തമായി കാണിച്ചിട്ടുള്ളതുപോലെ ദൈവജനത്തിന്റെ വിശുദ്ധി സമൃദ്ധമായ ഫലങ്ങൾചൂടി വളരും. (LG 40 § 2, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ)

വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ ഇപ്രകാരം നാം വായിക്കുന്നു: "ഓ ആത്മാവേ, നീ നിന്നെത്തന്നെ വിശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിന്റെ ഹൃദയവാതിലിൽ കാത്തുനിൽക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിന് നിന്നെത്തന്നെ വിട്ടുകൊടുക്കുക" (Diary 1488 - സംഗ്രഹം).
വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിലൂടെ നമ്മെ പഠിപ്പിക്കുന്നത്, ദൈവഹിതത്തോട് പൂർണ്ണമായി സഹകരിക്കുകയും അവിടുത്തെ കാരുണ്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്നതാണ് വിശുദ്ധിയുടെ സത്ത എന്നാണ് (Diary 1601, 1602). ഓരോ ആത്മാവും വിശുദ്ധിയിലേക്ക് പരിശ്രമിക്കണമെന്നും ദൈവത്തിന്റെ കാരുണ്യം അതിനു തുണയാകുമെന്നും വിശുദ്ധ പഠിപ്പിക്കുന്നു. ലിസ്യുവിലെ വിശുദ്ധ തെരേസയും  തന്റെ 'ചെറുപാത'യിലൂടെ (The Little Way) ഇതേ സത്യമാണ് നമ്മളെ ഓർമ്മിപ്പിക്കുന്നത്. വിശുദ്ധർ നമുക്കു തരുന്ന മാതൃക പ്രാർത്ഥനയുടെയും ദൈവഹിതത്തോടുള്ള വിശ്വസ്തതയുടേതുമാണ്.
ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെ യോ ജീവചരിത്രം വായിക്കാനോ ധ്യാനിക്കാനോ ഈ ദിവസങ്ങളിൽ നമുക്കു സമയം കണ്ടെത്താം. നമ്മൾ സാധാരണചെയ്യുന്ന ജോലികളെല്ലാം അല്പംപോലും പരാതിപ്പെടാതെ ദൈവസ്നേഹത്തെപ്രതി സ്നേഹത്തോടെ ചെയ്യാൻ നമുക്കു പരിശ്രമിക്കാം.

പ്രാർത്ഥന:
പരിശുദ്ധനായ ദൈവമേ, വിശുദ്ധിയിലേക്കുള്ള വിളി തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വിശുദ്ധരുടെ മാതൃക പിന്തുടർന്ന് സ്നേഹത്തിലും വിശ്വസ്തതയിലും വളരാൻ എനിക്കു കൃപ നൽകണമേ. ആമേൻ.

✝️🙏 Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

Thursday, 12 March 2026

നോമ്പുകാലചിന്തകൾ ഇരുപത്തൊന്നാം ദിവസം

🌜വയോധികരോടുള്ള കരുതൽ🌛
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപത്തൊന്നാം ദിവസം


​ചിന്താവിഷയം: വേരുകളെ ആദരിക്കുക

​കുടുംബത്തിലെയും സമൂഹത്തിലെയും വയോധികർ ആദരിക്കപ്പെടേണ്ടവരാണ്, ഉപേക്ഷിക്കപ്പെടേണ്ടവരല്ല. വൃക്ഷത്തിന് അതിന്റെ വേരുകൾ എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് ഓരോ കുടുംബത്തിനും തങ്ങളുടെ മുതിർന്ന തലമുറ. അവരുടെ അനുഭവസമ്പത്തും പ്രാർത്ഥനയും സഭയുടെയും സമൂഹത്തിന്റെയും വലിയ സമ്പത്താണ്. വിശുദ്ധഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "പ്രായംചെന്നു നരച്ചവരുടെ മുമ്പില്‍ ആദരപൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയുംവേണം. നിന്റെ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്‌." (ലേവ്യർ 19:32).
​പലപ്പോഴും വാർദ്ധക്യസഹജമായ അവശതകളേക്കാൾ വയോധികരെ വേദനിപ്പിക്കുന്നത് അവഗണനയും ഏകാന്തതയുമാണ്. ഒന്നു ചെന്നുകാണാനോ, വിശേഷങ്ങൾ ചോദിക്കാനോ, അവരുടെ വാക്കുകൾക്കു ചെവികൊടുക്കാനോ സമയം കണ്ടെത്തുന്നത് വലിയ കാരുണ്യപ്രവൃത്തിതന്നെയാണ്. നമ്മുടെ തിരക്കുകൾക്കിടയിൽ അവരെ അവഗണിക്കുന്നതും മാറ്റിനിറുത്തുന്നതും ക്രൈസ്തവവിരുദ്ധമാണ്. നമ്മുടെ സ്നേഹപൂർണ്ണമായ സാന്നിദ്ധ്യംകൊണ്ട് വാർദ്ധക്യത്തിൽ കഴിയുന്നവരുടെ ഏകാന്തത കുറച്ചെങ്കിലുമകറ്റാൻ സാധിക്കണം.   വയോധികരെ കരുതലോടെ ചേർത്തുപിടിക്കുന്നത് നമ്മുടെതന്നെ ഭാവിയിലേക്കുള്ള കരുതലാണെന്നു മറക്കരുത്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നാലാം പ്രമാണത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ മുതിർന്നവരോടുള്ള കടമയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "മക്കൾ വളർന്നുവരുമ്പോൾ, മാതാപിതാക്കളോടുള്ള ബഹുമാനം തുടർന്നുകൊണ്ടിരിക്കണം അവരുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞു സാധിച്ചുകൊടുക്കുകയും അവരുടെ ഉപദേശം സ്വാതന്ത്ര്യത്തോടെ അന്വേഷിക്കുകയും നീതിയുക്തമായ അവരുടെ മൂന്നറിയിപ്പുകൾ സ്വീകരിക്കുകയും വേണം. മക്കൾ സ്വതന്ത്രരാകുമ്പോൾ മാതാപിതാക്കളോടുള്ള അവരുടെ അനുസരണമവസാനിക്കുന്നു; എന്നാൽ ബഹുമാനമവസാനിക്കുന്നില്ല. അത് അവർക്ക് എപ്പോഴും അവകാശപ്പെട്ടതാണ്. ഈ ബഹുമാനം പരിശുദ്ധാത്മ‌ാവിൻെറ ദാനങ്ങളിലൊന്നായ ദൈവഭയത്തിലാണു വേരൂന്നിയിരിക്കുന്നത്.

നാലാം കല്പന, പ്രായപൂർത്തിയായ മക്കൾക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളെയോർമ്മിപ്പിക്കുന്നു. വാർദ്ധക്യത്തിലും നീണ്ട രോഗാവസ്ഥയിലും ഏകാന്തതയിലും അസ്വസ്ഥഥതകളിലും അവർക്കു തങ്ങളാൽ സാദ്ധ്യമാംവിധം ഭൗതികവും ധാർമ്മികവുമായ സഹായം നൽകണം. കൃതജ്ഞതയുടെ ഈ കടമയെപ്പറ്റി യേശു ഓർമ്മിപ്പിക്കുന്നുണ്ട്." (CCC 2217, 2218).

പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.
അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്‌ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന കര്‍ത്താവ്‌ കേള്‍ക്കും.
പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു." (പ്രഭാഷകന്‍ 3 : 3-6)

മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്‌.
അവന്‌ അറിവു കുറവാണെങ്കിലുംസഹിഷ്ണുതകാണിക്കുക; നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്‌.
പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്‌മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന്‌ അതുപകരിക്കും.
കഷ്‌ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.
പിതാവിനെ പരിത്യജിക്കുന്നത്‌ദൈവദൂഷണത്തിനു തുല്യമാണ്‌; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്റെ ശാപമേല്‍ക്കും." (പ്രഭാഷകന്‍ 3 : 12-16)

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ 'വയോധികർക്കായുള്ള കത്തിൽ' (Letter to the Elderly - ഇതിൻ്റെ ലിങ്ക് ആദ്യത്തെ കമൻ്റായി പിൻചെയ്യുന്നു.) ഇപ്രകാരം പറഞ്ഞു: "വയോധികർ ചരിത്രത്തിന്റെ കാവൽക്കാരാണ്." വാർദ്ധക്യത്തെ വലിയ അനുഗ്രഹമായി കാണണമെന്നും അവരുടെ ജ്ഞാനം പുതുതലമുറയ്ക്കു പകർന്നുനൽകണമെന്നും അദ്ദേഹമോർമ്മിപ്പിച്ചു. സഹനങ്ങളിലും അവശതകളിലും വയോധികരെ ശുശ്രൂഷിക്കുമ്പോൾ നമ്മൾ ക്രിസ്തുവിനെത്തന്നെയാണു ശുശ്രൂഷിക്കുന്നതെന്നറിയണം.

ഇന്ന് നമ്മുടെ കുടുംബത്തിലോ അയൽപക്കത്തോ ഉള്ള വയോധികരെ സന്ദർശിക്കാനും അവരോടൊപ്പം കുറച്ചുസമയം ചിലവഴിക്കാനും സമയം കണ്ടെത്താൻ നമുക്കു ശ്രമിക്കാം. അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും  ശ്രമിക്കാം. ഇനിയുള്ള നാളുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഇതു തുടരാനും നമുക്കു ശ്രമിക്കാം.

പ്രാർത്ഥന:
കർത്താവേ, മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. അവരുടെ ഏകാന്തതയിൽ പ്രത്യാശയാകാനും അവരുടെ അനുഭവങ്ങളിൽനിന്ന് ജ്ഞാനം ഉൾക്കൊള്ളാനും ഞങ്ങളെയനുഗ്രഹിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️🙏


Wednesday, 11 March 2026

നോമ്പുകാലചിന്തകൾ: ഇരുപതാം ദിവസം

❤️ നന്ദിയുള്ള ഹൃദയം ❤️
വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപതാം ദിവസം
​ചിന്താവിഷയം: അനുഗ്രഹങ്ങളെ തിരിച്ചറിയുക.

​നമുക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്നതിനു പകരം, ദൈവം നമുക്കു നൽകിയ അനന്തമായ അനുഗ്രഹങ്ങൾക്കു നന്ദിപറയാൻ ഈ ദിവസം മാറ്റിവയ്ക്കാം. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപ്പോലും ദൈവത്തിന്റെ കരുതൽ ദർശിക്കുമ്പോളാണ് നമ്മുടെ വിശ്വാസം പൂർണ്ണമാകുന്നത്.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ കരുതലാണ്. നമ്മുടെ സംസാരവും പെരുമാറ്റവും നന്ദിയുള്ള ഹൃദയത്തിൽനിന്ന് ഉറവെടുക്കുന്നതാകണം. വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽ നമ്മളെയോർമ്മിപ്പിക്കുന്നു: "മ്ലേച്ഛതയും വ്യര്‍ത്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാസ്‌തോത്രമാണ്‌ ഉചിതം" (എഫേസോസ്‌ 5:4).

യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയപ്പോൾ, അവരിൽ ഒരാൾമാത്രം മടങ്ങിവന്നു നന്ദി പറഞ്ഞ സംഭവത്തിലൂടെ കൃതജ്ഞതയുടെ പ്രാധാന്യം കർത്താവ് വെളിപ്പെടുത്തുന്നു: "യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒമ്പതുപേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?" (ലൂക്കാ 17:17-18).

​ലിയോ പതിനാലാമൻ പാപ്പ നമ്മളെയോർമ്മിപ്പിക്കുന്നതുപോലെ, നന്ദിയുള്ള ഹൃദയത്തിലാണ് യഥാർത്ഥസന്തോഷം വസിക്കുന്നത്. നാം ശ്വസിക്കുന്ന വായുവിനേയും കഴിക്കുന്ന ആഹാരത്തേയും കൂടെയുള്ള പ്രിയപ്പെട്ടവരേയുംപ്രതി, ദൈവത്തിനു സ്തുതികളർപ്പിക്കാം.

നോമ്പുകാലം പരിത്യാഗത്തിൻ്റേതുമാത്രമല്ല, ദൈവം നൽകിയ ദാനങ്ങളെ നന്ദിയോടെ സ്മരിക്കാനുള്ള കാലംകൂടെയാണ്. ഹൃദയത്തിൽനിന്നുയരുന്ന ഒരു നന്ദിപ്രകടനം, ഏതു വലിയ പ്രാർത്ഥനയേക്കാളും ശക്തമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കൃതജ്ഞതാപ്രകാശനത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "യാചനാപ്രാർത്ഥനയിലെന്നപോലെ ഏതു സംഭവവും ഏതാവശ്യവും കൃതജ്ഞതാപ്രകടനത്തിനു കാരണമാകാം. വിശുദ്ധപൗലോസിന്റെ ലേഖനങ്ങൾ പലപ്പോഴും ആരംഭിക്കുന്നതും അവസാനിക്കുന്നതും കൃതജ്ഞതാപ്രകടനത്തോടെയാണ്. കർത്താവായ യേശു അതിൽ എപ്പോഴും സന്നിഹിതനാണ്. “എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ, ഇതാണു യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുളള ദൈവഹിതം.” (1 തെസലോനിക്ക 5:18) “കൃതജ്ഞതാഭരിതരായി ഉണര്‍ന്നിരുന്ന്‌, നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍."
(കൊളോസോസ്‌ 4 : 2)"  - (CCC 2638).

വിശുദ്ധ അഗസ്റ്റിൻ പഠിപ്പിച്ചു: "ദൈവത്തിനു നൽകാൻ നമുക്കുള്ള ഏറ്റവും വലിയ കാഴ്ച, നന്ദിയുള്ള ഹൃദയമാണ്." തന്റെ ജീവിതത്തിലെ ഓരോ ചെറിയ പുഷ്പത്തിലും ദൈവസ്നേഹം ദർശിച്ച ലിസ്യുവിലെ വിശുദ്ധ തെരേസ (St. Therese of Lisieux) പഠിപ്പിക്കുന്നത്, നന്ദി പ്രകാശിപ്പിക്കുന്നതുവഴി നമ്മൾ ദൈവത്തിൽനിന്ന് കൂടുതലനുഗ്രഹങ്ങൾ സ്വീകരിക്കാൻ യോഗ്യരാകുന്നു, എന്നാണ്.

പരാതികൾക്കു പകരം  ഹൃദയത്തിൽ സ്തുതിപ്പുകൾ നിറയുമ്പോൾ നമ്മുടെ ആത്മീയയാത്ര ധന്യമാകുന്നു.
പരാതികൾ പൂർണ്ണമായുമൊഴിവാക്കി, എനിക്കു ലഭിച്ച പത്തു വലിയ അനുഗ്രഹങ്ങൾ ഒരു പേപ്പറിൽ എഴുതിവയ്ക്കുകയും ഓരോന്നിനും പ്രത്യേകംപ്രത്യേകം ദൈവത്തിനു നന്ദി പറയുകയും ചെയ്യുമെന്ന തീരുമാനം നമുക്കിന്നെടുക്കാം. ഇനിയുള്ള ദിവസങ്ങളിൽ അതു തുടരാം.

പ്രാർത്ഥന:
നന്മകളുടെ ഉറവിടമായ ദൈവമേ, അങ്ങ് എനിക്കു നൽകിയ എല്ലാ ദാനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. കുറവുകളെയോർത്തു പരാതിപ്പെടാതെ, അനുഗ്രഹങ്ങളെയോർത്ത് അങ്ങയെ സ്തുതിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമേൻ.

✝️🙏
​Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കു പങ്കുവെയ്ക്കണേ. ✝️🙏🏻

Tuesday, 10 March 2026

നോമ്പുകാലചിന്തകൾ: പത്തൊമ്പതാം ദിവസം

പരിശുദ്ധകുർബാന - നോമ്പിന്റെ ഊർജ്ജം
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ.
പത്തൊമ്പതാം ദിവസം
​ചിന്താവിഷയം: 
❤️ ബലിപീഠത്തിലെ സ്നേഹം ❤️

​പരിശുദ്ധകുർബാന ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്. നോമ്പുകാലത്തെ ഈ ആത്മീയയാത്രയിൽ നമുക്കു മുമ്പോട്ടു നീങ്ങാനുള്ള ഊർജ്ജം ലഭിക്കുന്നത് ബലിപീഠത്തിൽനിന്നാണ്. തന്റെ മരണത്തിൻ്റെ തലേദിവസം ശിഷ്യന്മാർക്കൊപ്പം അന്ത്യയത്താഴം കഴിക്കുമ്പോൾ, അപ്പമെടുത്ത് ഉയർത്തി, കൃതജ്ഞതാസ്തോത്രംചെയ്ത്, വാഴ്ത്തി വിഭജിച്ച്, ശിഷ്യർക്കു നല്കിക്കൊണ്ട്, കർത്താവരുളിച്ചെയ്തു: "ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്‌. എന്റെ ഓര്‍മ്മയ്‌ക്കായി ഇതു ചെയ്യുവിന്‍." (ലൂക്കാ 22:19). ഈ കല്പനയനുസരിച്ച് ഓരോ പരിശുദ്ധകുർബ്ബാനയിലും നമ്മൾ ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുകയും തിരുശരീരം ഭക്ഷിച്ചുകൊണ്ട് അവിടുത്തോട് അഭേദ്യമായി ഒന്നായിത്തീരുകയും ചെയ്യുന്നു.
​നോമ്പുകാലത്തെ ഓരോ ദിനവും പരിശുദ്ധബലിയിൽ പങ്കുചേരാൻ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്. ഉപവാസവും പ്രാർത്ഥനയുംവഴി നമ്മുടെ ആത്മാവിനെയൊരുക്കുമ്പോൾ, പരിശുദ്ധകുർബാന നമ്മുടെ ആത്മാവിനു നൽകുന്ന ശക്തി വിവരണാതീതമാണ്. ശരിയായ അനുതാപത്തോടെയും കുമ്പസാരിച്ചൊരുങ്ങിയ ഹൃദയത്തോടെയും അവിടുത്തെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുമ്പോൾ നമ്മൾ പുതിയൊരു ജീവൻ പ്രാപിക്കുന്നു. 

"ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും." (യോഹന്നാന്‍ 6:57) എന്ന് കർത്താവുറപ്പുനൽകുന്നു. ബലിപീഠത്തിൽനിന്ന് നമ്മൾ സ്വീകരിക്കുന്ന ആ സ്നേഹം ലോകത്തിനു പങ്കുവയ്ക്കാൻ നമുക്കു കടമയുണ്ട്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പരിശുദ്ധകുർബാനയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിശുദ്ധകുർബാന "ക്രൈസ്‌തവജീവിതത്തിൻ്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്." മറ്റു കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേഷിതദൗത്യപ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേയ്ക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാൽ, സഭയുടെ ആദ്ധ്യാത്മ‌ികസമ്പത്തു മുഴുവനും അതായത്, നമ്മുടെ പെസഹായായ ക്രിസ്‌തു, കുർബാനയിൽ അടങ്ങിയിരിക്കുന്നു." (CCC 1324).
ലിസ്യുവിലെ വിശുദ്ധ തെരേസ (St. Therese of Lisieux) തന്റെ ആത്മകഥയിൽ ഇപ്രകാരം കുറിച്ചു: "ഈശോ സ്വർഗ്ഗത്തിൽനിന്നു വരുന്നത്, സ്വർണ്ണസിംഹാസനത്തിലിരിക്കാനല്ല, അവിടുത്തേയ്ക്കു പ്രിയപ്പെട്ട മറ്റൊരു സ്വർഗ്ഗം കണ്ടെത്താനാണ്; അതു നമ്മുടെ ആത്മാവാണ്."

വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചതുപോലെ, പരിശുദ്ധകുർബാനയില്ലാത്ത ക്രൈസ്തവജീവിതം ആത്മാവില്ലാത്ത ശരീരംപോലെ നിർജ്ജീവമാണ്. ഈ നോമ്പുകാലംമുതൽ പരിശുദ്ധബലിയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കാം.
സാദ്ധ്യമാണെങ്കിൽ ഈ നോമ്പുകാലത്തെ ഇനിയവശേഷിക്കുന്ന ദിവസങ്ങളിൽ എല്ലാ ദിവസവും അല്ലെങ്കിൽ ഞായറാഴ്ചകൾക്കു പുറമെ ഏതെങ്കിലും പ്രവൃത്തിദിവസങ്ങളിൽക്കൂടെ പരിശുദ്ധകുർബ്ബാനയിൽ പങ്കുചേരാൻ നമുക്കു പരിശ്രമിക്കാം.

പ്രാർത്ഥന:
ബലിപീഠത്തിലെ സ്നേഹമായ കർത്താവേ, അങ്ങയെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ. പരിശുദ്ധ കുർബ്ബാനയിലൂടെ എനിക്കു ലഭിക്കുന്ന ഊർജ്ജം മറ്റുള്ളവർക്കു സ്നേഹമായി നൽകാൻ എന്നെ സഹായിക്കണമേ. ആമേൻ.

✝️🙏  Please Share

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു പങ്കുവെയ്ക്കണേ. ✝️🙏