Sunday, 11 January 2026

കരുണ: വിശുദ്ധിയുടെ യഥാർത്ഥമായ അളവുകോൽ

അഹങ്കാരത്തേക്കാളുന്നതമാണു കരുണ. നിയമങ്ങളേക്കാളും വിധികളേക്കാളും വലുതാണ്, ദൈവപിതാവിന്റെ ഹൃദയം.

"ബലിയല്ല, കരുണയാണ്‌ ഞാനാഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍പോയി പഠിക്കുക. ഞാന്‍ വന്നതു നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌." - മത്തായി 9 : 13

വിശുദ്ധിയും കരുണയും
വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയും അതു ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുകയുംചെയ്യുന്നവർക്കു നേരിടുന്ന ഏറ്റവുംവലിയ അപകടം, മറ്റുള്ളവരോടുള്ള കരുണ തങ്ങളിൽനിന്നു നഷ്ടപ്പെടുകയെന്നതാണ്. യഥാർത്ഥത്തിൽ, വിശുദ്ധിയിൽ വളരാനാഗ്രഹിക്കുന്നവർക്ക് ഏറ്റവുംകൂടുതലാവശ്യമായിട്ടുള്ളതു കരുണയാണ്.

നിങ്ങൾ സ്വയം എത്രമാത്രം വിശുദ്ധനായി/ വിശുദ്ധയായി കരുതുന്നുവോ, അത്രത്തോളം കരുണ, നിങ്ങളെക്കാൾ 'വിശുദ്ധി കുറഞ്ഞവർ' എന്നു നിങ്ങൾ കരുതുന്നവരോടു കാണിക്കുക. അപ്പോൾ ദൈവകരുണയാൽ നിങ്ങൾ കൂടുതൽ വിശുദ്ധീകരിക്കപ്പെടും.

"കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും." - മത്തായി 5 : 7

നിങ്ങൾ ആരാകാനാണാഗ്രഹിക്കുന്നത്? 
ധൂർത്തപുത്രന്റെ ഉപമയിലെ രണ്ടു വ്യക്തിത്വങ്ങൾ നമുക്കു മുമ്പിലുണ്ട്. കുറ്റപ്പെടുത്തുന്ന മൂത്തസഹോദരനാകാനാണോ, അതോ ചേർത്തുപിടിക്കുന്ന പിതാവാകാനാണോ നിങ്ങളാഗ്രഹിക്കുന്നത്? പലപ്പോഴും പാപികളെന്നു നമ്മൾ കരുതുന്നവരെ മുകളിൽനിന്നു നോക്കി വിധിക്കുന്നവരായി നമ്മൾ മാറാറുണ്ട്. ​ഈ സാഹചര്യത്തിൽ നമ്മൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:

സഭയിലുള്ളവർക്കോ നിങ്ങളുടെ ചുറ്റുമുള്ളവർക്കോ നിങ്ങളെ സമീപിക്കാൻ മടിയുണ്ടോ?
തങ്ങളുടെ കുറവുകളും സങ്കടങ്ങളും നിങ്ങളോടു തുറന്നുപറയാൻ അവർക്കു താല്പര്യമുണ്ടോ?
നിങ്ങളുടെ സാന്നിദ്ധ്യം അവരിൽ ഭയമാണോ അതോ ആശ്വാസമാണോ ഉണ്ടാക്കുന്നത്?

"നിങ്ങള്‍ വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണംനടത്തരുത്‌; നിങ്ങളുടെമേലും കുറ്റമാരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും." - ലൂക്കാ 6 : 37

യേശു നൽകുന്ന മാതൃക

ഫരിസേയന്മാരെ സമീപിക്കുന്നതിനേക്കാളധികമായി യേശുവിനെ സമീപിക്കാൻ പാപികൾക്കും സാധാരണക്കാർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. യേശുവിന്റെയടുക്കൽ അവർക്കു ഭയമുണ്ടായിരുന്നില്ല. 

നിയമങ്ങൾ പറഞ്ഞ് അകറ്റിനിർത്തുന്നവരല്ല, സ്നേഹം നൽകി ചേർത്തുപിടിക്കുന്നവരാണ് ദൈവരാജ്യത്തിനർഹർ. ആ ഒരു സ്വാതന്ത്ര്യം നിങ്ങളോട് കാണിക്കാൻ മറ്റുള്ളവർക്കു കഴിയുന്നുണ്ടോ?

"അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍;" - മത്തായി 11 : 28

പിതാവിന്റെ മുഖം
നിങ്ങളുടെ വിശുദ്ധിയുടെ മാനദണ്ഡങ്ങൾ എത്ര ഉയർന്നതായാലും, ദൈവത്തിലേക്കു മടങ്ങിവരാനാഗ്രഹിക്കുന്ന ഒരു വ്യക്തി നിങ്ങളിൽക്കാണേണ്ടത്, ദൈവപിതാവിൻ്റെ മുഖമാണ്.

 *അവർ നമ്മളിൽക്കാണേണ്ടത് ശിക്ഷാവിധിയല്ലാ, കരുണയാണ്.
 *അവരനുഭവിക്കേണ്ടത് നമ്മുടെ അഹങ്കാരമല്ലാ, ദൈവികമായ സ്നേഹമാണ്.

ഓർക്കുക, അഹങ്കാരത്തേക്കാൾ 
ഉന്നതമാണു കരുണ. വിധിയേക്കാൾ വലുതാണ്, പിതാവിന്റെ ഹൃദയം. യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നതുപോലെ, 
"കാരുണ്യം കാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെമേല്‍ വിജയംവരിക്കുന്നു." - യാക്കോബ്‌ 2 : 13

✍🏻 Abba Anto

No comments:

Post a Comment