പുതുഞായറും ദൈവകരുണയുടെ തിരുനാളും
വിശ്വാസവും കരുണയും സംഗമിക്കുന്ന ധന്യനിമിഷം
പുതുഞായറാഴ്ച തോമാശ്ലീഹായുടെ തിരുനാളായി സഭ ആഘോഷിക്കുമ്പോൾ, അതേ ദിവസംതന്നെ ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കുന്നതിന് ആഴമേറിയ അർത്ഥതലങ്ങളുണ്ട്. ഇതിന്റെ സാംഗത്യം പ്രധാനമായും മൂന്നു കാര്യങ്ങളിലധിഷ്ഠിതമാണ്:
1. അവിശ്വാസത്തെ മായ്ച്ചുകളയുന്ന കാരുണ്യം
"അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെക്കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരലിടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈവയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല." - യോഹന്നാന്‍ 20 : 25
ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ വിശ്വസിക്കാൻ പ്രയാസപ്പെട്ട തോമാശ്ലീഹായെ തള്ളിക്കളയുകയല്ല ഈശോ ചെയ്തത്. മറിച്ച്, ഒരാഴ്ചയ്ക്കുശേഷം തോമായ്ക്കുവേണ്ടിമാത്രം വീണ്ടും പ്രത്യക്ഷനായി. ഒരൊറ്റ ആത്മാവുപോലും അവിശ്വാസത്തിൽ നശിച്ചുപോകരുതെന്ന കർത്താവിന്റെ ഈ വലിയ മനസ്സലിവാണ് ദൈവകരുണയുടെ ഏറ്റവും വലിയ ഉദാഹരണം. തോമാശ്ലീഹയുടെ സംശയത്തെ തന്റെ സാമീപ്യംകൊണ്ട്, കരുണയോടെ ഈശോ പരിഹരിക്കുന്നു.
2. തിരുമുറിവുകൾ - കരുണയുടെ ഉറവിടം
"അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെക്കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈനീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. (യോഹന്നാന്‍ 20: 27)" എന്നു പറഞ്ഞ്, ഈശോ തോമാശ്ലീഹയ്ക്ക് തന്റെ തിരുമുറിവുകൾ കാണിച്ചുകൊടുത്തു.
വിശുദ്ധഫൗസ്റ്റീനയുടെ വെളിപാടുകൾപ്രകാരം, കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽനിന്നാണ് കരുണയുടെ ഉറവകൾ (രക്തവും ജലവും) ലോകത്തിലേക്കൊഴുകിയത്. തോമാശ്ലീഹാ സ്പർശിച്ച ആ തിരുമുറിവുകളാണ്, ദൈവകരുണയുടെ കവാടങ്ങൾ.
3. "എന്റെ കർത്താവേ, എന്റെ ദൈവമേ"
തന്റെ മുറിവുകളിൽ സ്പർശിക്കാൻ തോമായെ അനുവദിച്ചതിലൂടെ ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തി. "തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!" - യോഹന്നാന്‍ 20:28
തോമാശ്ലീഹാനടത്തിയ "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന ഏറ്റുപറച്ചിൽ ലോകത്തിലെ ഏറ്റവുംവലിയ വിശ്വാസപ്രഖ്യാപനമാണ്. ദൈവകരുണയുടെ ചിത്രം വണങ്ങുമ്പോൾ നാം ചൊല്ലുന്ന "ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു" എന്ന പ്രാർത്ഥന തോമാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനത്തിന്റെ തുടർച്ചയാണ്.
No comments:
Post a Comment