Thursday, 29 January 2026

ഹിരോഷിമയിലെ അദ്ഭുതം


ഹിരോഷിമയിൽനടന്ന ആണവബോംബ് സ്ഫോടനത്തിൽനിന്ന് ജപമാലയുടെ സംരക്ഷണത്താൽ രക്ഷപ്പെട്ടവരെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങൾ.

ഈ വീഡിയോയുടെ മലയാളപരിഭാഷ താഴെ നൽകുന്നു: 
ശാസ്ത്രത്തിനുപോലും വിശദീകരിക്കാൻകഴിയാത്ത മാതാവിന്റെ ഏറ്റവും വലിയ അത്ഭുതം. 
ഓരോ കത്തോലിക്കനും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്, എന്നാൽ മിക്കവർക്കും ഇതിനെക്കുറിച്ചറിയില്ല. ഈ അത്ഭുതം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും സാക്ഷികളുള്ളതുമായതുകൊണ്ടുമാത്രമാണ് നമുക്കിതു വിശ്വസിക്കാൻകഴിയുന്നത്.

1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തിലെ ആദ്യത്തെ ആറ്റംബോംബ് പതിച്ചു. 1,40,000 പേർ തൽക്ഷണം കൊല്ലപ്പെട്ടു, ഒരു മൈൽ (1.61 കിലോമീറ്റർ) ചുറ്റളവിലുള്ള എല്ലാം വെണ്ണീറായി. എന്നാൽ ഗ്രൗണ്ട് സീറോയിൽനിന്ന് (ബോംബ് പതിച്ച കേന്ദ്രത്തിൽനിന്ന്) വെറും എട്ടു ബ്ലോക്കുകൾമാത്രം (ഒരു കിലോമീറ്റർമാത്രം) അകലെയുള്ള ഒരു വീടുമാത്രം (ജെസ്യൂട്ട് റെക്ടറി) തകരാതെയവശേഷിച്ചു. ആ വീടിനുള്ളിൽ എട്ടു ജെസ്യൂട്ട് വൈദികരുണ്ടായിരുന്നു.

ഇവിടെയാണ് കാര്യങ്ങൾ ചിന്തനീയമാകുന്നത്. കാരണം ശാസ്ത്രം കള്ളം പറയില്ലല്ലോ. യുഎസ് പ്രതിരോധവകുപ്പിലെ ന്യൂക്ലിയർ ഫിസിസ്റ്റ് ആയ ഡോ. സ്റ്റീഫൻ റെയ്ൻഹാർട്ട് ഈ സംഭവത്തെക്കുറിച്ചന്വേഷിച്ചു. അദ്ദേഹം കണ്ടെത്തിയതിതാണ്: ആ സ്ഥലത്ത് താപനില 2,000 ഡിഗ്രി ഫാരൻഹീറ്റിലത്തിയിരുന്നു. നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളടക്കം നിമിഷനേരംകൊണ്ടു ചാരമാകാൻ ആ ചൂടു മതിയാകും. വായുമർദ്ദം (Air blast pressure) 100 PSI വരെയെത്തുമായിരുന്നു. താരതമ്യംചെയ്താൽ, വെറും 20 PSI-ൽ മനുഷ്യന്റെ കൈകാലുകൾ അറ്റുപോകാറുണ്ട്; 80 PSI-ൽ കോൺക്രീറ്റ് കെട്ടിടങ്ങൾപോലും തകരും. എന്നാൽ ഇവർ 100 PSI മർദ്ദത്തിലാണകപ്പെട്ടത്. എന്നിട്ടും അവർക്കു കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല.

ഈ ശാസ്ത്രീയവിവരങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതിലും വലിയ അത്ഭുതം വൈദികർ പറഞ്ഞതാണ്. ആ സമൂഹത്തിന്റെ നേതാവായിരുന്ന ഫാദർ ഹ്യൂബെർട്ട് ഷിഫർ പറഞ്ഞതിങ്ങനെയാണ്: "ശരത്കാലത്തെ ഇലപോലെ ഞാൻ കാറ്റിൽപ്പറക്കുന്നതായി എനിക്കു തോന്നി."

കണ്ണുതുറന്നു നോക്കിയപ്പോൾ ചുറ്റുമുള്ളതെല്ലാം തകർന്നുതരിപ്പണമായിക്കഴിഞ്ഞിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ശരീരത്തിൽ കുറച്ചു പോറലുകളല്ലാതെ അദ്ദേഹത്തിനു മറ്റു പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. കൂടാതെ, അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹം ഉടൻതന്നെ റേഡിയേഷൻമൂലം മരിക്കുമെന്നുറപ്പായി വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹം പൂർണ്ണാരോഗ്യവാനായി 37 വർഷംകൂടെ ജീവിച്ചു.

ഇതിനെക്കുറിച്ചന്വേഷിച്ച ഡോ. റെയ്ൻഹാർട്ട് അത്ഭുതത്തോടെ പറഞ്ഞതിതാണ്: "ആ വൈദികർ എങ്ങനെ രക്ഷപ്പെട്ടെന്നു വിശദീകരിക്കാൻ ഭൗതികശാസ്ത്രനിയമങ്ങൾക്കു കഴിയില്ല. ഇന്നും ഇനിയുള്ള കാലത്തും ശാസ്ത്രത്തിനിതു വിശദീകരിക്കാൻ കഴിയില്ല. മനുഷ്യബുദ്ധിക്കതീതമായ മറ്റേതോ ഒരു ബാഹ്യശക്തി അവിടെയുണ്ടായിരുന്നെന്നുതന്നെ ഇതിൽനിന്നു നിഗമനത്തിലെത്തേണ്ടി വരും."

ഇനി ഇതിന്റെയെല്ലാം യഥാർത്ഥരഹസ്യമെന്തെന്നു പറയാം. എങ്ങനെയാണു രക്ഷപ്പെട്ടതെന്ന്, ആ വൈദികരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ ഫാത്തിമ മാതാവിന്റെ സന്ദേശമനുസരിച്ചു ജീവിച്ചതുകൊണ്ടാണു രക്ഷപ്പെട്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ആ വീട്ടിൽ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു."

മനുഷ്യൻ നിർമ്മിച്ച ഏറ്റവുംമാരകമായ ആയുധംപോലും പരിശുദ്ധമറിയത്തിന്റെ മുന്നിൽ നിഷ്പ്രഭമായി. ലളിതമായിപ്പറഞ്ഞാൽ, ഏതൊരാണവായുധത്തേക്കാളും ശക്തമാണു ജപമാല. ദിവസവും ജപമാലചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് മാതാവ് തന്റെ പ്രത്യേകസംരക്ഷണം വാഗ്ദാനംചെയ്യുന്നു. ഈ എട്ടു വൈദികർ അതിന്റെ ജീവിക്കുന്ന തെളിവാണ്.

അതുകൊണ്ട്, ഈ സംഭവത്തിൽനിന്നു പാഠമുൾക്കൊണ്ട് ദിവസവും ജപമാല ചൊല്ലിതുടങ്ങാൻ ഞാൻ നിങ്ങളോടഭ്യർത്ഥിക്കുന്നു. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെയ്ക്കുമല്ലോ.

ദൈവമനുഗ്രഹിക്കട്ടെ!

അടിക്കുറിപ്പ്: ശാസ്ത്രവും വിശ്വാസവും

ഈ എട്ടുപേരിൽ പ്രധാനമായും നാലുപേരുടെ പേരുകളാണ് ചരിത്രരേഖകളിൽ കൃത്യമായി പരാമർശിച്ചിരിക്കുന്നത്:

  • ഫാദർ ഹ്യൂബെർട്ട് ഷിഫർ (Fr. Hubert Schiffer): ഇദ്ദേഹമാണ് ഈ അത്ഭുതത്തെക്കുറിച്ച് ലോകത്തോട് കൂടുതൽ സംസാരിച്ചത്.
  • ഫാദർ ഹ്യൂഗോ ലാസാലെ (Fr. Hugo Lassalle): അന്ന് ജെസ്യൂട്ട് സുപ്പീരിയർ ആയിരുന്നു ഇദ്ദേഹം.
  • ഫാദർ വിൽഹെം ക്ലൈൻസോർഗ് (Fr. Wilhelm Kleinsorge): പ്രശസ്തമായ 'Hiroshima' എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്.
  • ഫാദർ ഹ്യൂബെർട്ട് സീസ്‌ലിക് (Fr. Hubert Cieslik).

അമേരിക്കൻസൈനികഡോക്ടർമാരും ശാസ്ത്രജ്ഞരും ഈ വൈദികരെ പലതവണ പരിശോധിച്ചിട്ടുണ്ട്. റിപ്പോർട്ടുകളിൽ പറയുന്ന ചില അദ്‌ഭുതകരമായ വസ്തുതകൾ ഇവയാണ്:

പരിശോധനകൾ: ഫാദർ ഷിഫറിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 200-ലധികം തവണ വിവിധ ശാസ്ത്രജ്ഞർ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

റേഡിയേഷൻ (Radiation): സ്ഫോടനകേന്ദ്രത്തിന് ഇത്രയുമടുത്തായിരുന്നിട്ടും അവരുടെ ശരീരത്തിൽ റേഡിയേഷന്റെ ദൂഷ്യഫലങ്ങളോ ലക്ഷണങ്ങളോ കണ്ടെത്താൻകഴിഞ്ഞില്ലെന്നത് ഡോക്ടർമാരെ അമ്പരപ്പിച്ചു. സാധാരണയായി ആ ദൂരപരിധിയിലുള്ള ആർക്കും അതിജീവനം അസാദ്ധ്യമായിരുന്നു.

ദീർഘായുസ്സ്: ആറ്റമിക് ബോംബ് അതിജീവിച്ചവർ പിന്നീട് പലതരം രോഗങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഈ എട്ടുപേരും ദീർഘകാലം പൂർണ്ണാരോഗ്യത്തോടെ ജീവിച്ചു. ഫാദർ ഷിഫർ സ്ഫോടനത്തിനുശേഷം 37 വർഷംകൂടെ ജീവിച്ചു.

കെട്ടിടത്തെക്കുറിച്ചുള്ള റിപ്പോർട്ട്

ചരിത്രകാരനായ ജോൺ ഹെർസി (John Hersey) തന്റെ 'Hiroshima' എന്ന പുസ്തകത്തിൽ ഈ വീടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സാധാരണ ജാപ്പനീസ് വീടുകൾ മരംകൊണ്ടുള്ളവയായിരുന്നു. എന്നാൽ ജെസ്യൂട്ട് വൈദികരുടെ വീട് (ജെസ്യൂട്ട് റെക്ടറി) നിർമ്മിച്ചിരുന്നത്, ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻശേഷിയുള്ള രീതിയിലായിരുന്നു. ഫാദർ ഗ്രോപ്പർ (Fr. Gropper) എന്ന ഒരു വൈദികൻ ആ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. ഇതാകാം കെട്ടിടം തകരാതിരിക്കാൻ ഒരു കാരണമെന്നു കരുതപ്പെടുന്നു.

ശാസ്ത്രത്തിനു വിശദീകരിക്കാൻകഴിയാത്ത കാര്യങ്ങളെയാണ് നമ്മൾ "അദ്ഭുതം" എന്നു വിളിക്കുന്നത്. ശാസ്ത്രം ഒരു 'സാദ്ധ്യത' പറയുന്നു: 

"ഭാഗ്യംകൊണ്ടോ  കെട്ടിടത്തിന്റെ പ്രത്യേകതകൊണ്ടോ അവർ രക്ഷപ്പെട്ടു."

എന്നാൽ ശാസ്ത്രത്തിനു വിശദീകരിക്കാൻകഴിയുന്നതിനുമപ്പുറം എന്തോ ഒന്ന് അവിടെ സംഭവിച്ചു" എന്നു പറയുന്നതാകും കൂടുതൽ ശരി.

ഹിരോഷിമയിലെ ആ വീട് (ജെസ്യൂട്ട് റെക്ടറി) തകർന്നില്ല എന്നതുകൊണ്ട്, അതിനുള്ളിലുള്ളവർക്ക് പോറലേറ്റില്ല എന്നല്ല അർത്ഥം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനലുകൾ തകരുകയും ഉള്ളിലുണ്ടായിരുന്നവർക്ക് ചില്ലുകൾകൊണ്ട് മുറിവേൽക്കുകയും ചെയ്തിരുന്നു. അതായത്, ഒരു വലിയ ബോംബ് സ്ഫോടനത്തെ അതിജീവിക്കാൻ ആ കെട്ടിടത്തിനു  കഴിഞ്ഞു എന്നത് സത്യമാണ്, പക്ഷേ അത് നൂറു ശതമാനം സുരക്ഷിതമായ ഒരു കവചമായിരുന്നില്ല. ആറ്റമിക് ബോംബ് ഉണ്ടാക്കുന്ന വലിയൊരു നാശനഷ്ടം സ്ഫോടനത്തിനു ശേഷമുണ്ടാകുന്ന തീപിടുത്തവും (Firestorm) വലിയ ആണവവികിരണവുമാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾ തകരില്ലായിരിക്കാം, പക്ഷേ ഉള്ളിലുള്ള താപനില ക്രമാതീതമായി ഉയരുന്നത് മനുഷ്യർക്ക് താങ്ങാനാവില്ല. ഹിരോഷിമയിലെ വൈദികരുടെ കാര്യത്തിൽ, ആ താപനിലയിൽനിന്ന് അവർ രക്ഷപ്പെട്ടതെങ്ങനെയെന്നത് ഇന്നും ശാസ്ത്രത്തിനദ്‌ഭുതമാണ്.

ആണവസ്ഫോടനത്താലുണ്ടാകുന്ന  റേഡിയേഷൻ തടയാൻ, അതായത് ഗാമകിരണങ്ങളെയും (Gamma Rays) ന്യൂട്രോൺ വികിരണങ്ങളെയും തടയാൻ കട്ടിയുള്ള ഈയം (Lead) കൊണ്ടുള്ള ഭിത്തികളോ മീറ്ററുകളോളം കനമുള്ള പ്രത്യേകമായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തികളോതന്നെ വേണം

സാധാരണമായ ലോജിക്കുവച്ചുനോക്കിയാൽ, എട്ടുപേരും ഒന്നുപോലെ ചില്ലുകൾകൊണ്ടുള്ള ചെറിയ മുറിവുകളൊഴികെ, കാര്യമായ പോറൽപോലുമേൽക്കാതെ രക്ഷപ്പെടുകയെന്നത് വെറുമൊരു "യാദൃശ്ചികത" (Coincidence) എന്നു വിശ്വസിക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് പ്രമുഖശാസ്ത്രജ്ഞർപോലും ആ വൈദികരുടെ കാര്യത്തിൽ "ഭൗതികനിയമങ്ങൾക്കതീതമായ ശക്തി" അവിടെ പ്രവർത്തിച്ചിരിക്കാമെന്നു സമ്മതിക്കുന്നത്.

ശാസ്ത്രത്തിന്റെ വിശദീകരണങ്ങളിലെ യുക്തി:

  • റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് കെട്ടിടത്തിന്, സ്ഫോടനത്തെ തടയാനുള്ള കരുത്തുണ്ടായിരുന്നിരിക്കാം, പക്ഷേ റേഡിയേഷനെത്തടയാൻ ആ കോൺക്രീറ്റിനു കഴിയില്ല. കെട്ടിടം നിന്നിരുന്ന ദൂരപരിധിയിൽ മാരകമായ ഗാമകിരണങ്ങൾ ഭിത്തി തുളച്ച് ഉറപ്പായുമുള്ളിലെത്തും. അവിടെയുണ്ടായിരുന്ന എട്ടുപേർക്കും റേഡിയേഷനേൽക്കാതിരുന്നതെങ്ങനെ എന്നതിന് ശാസ്ത്രത്തിന് കൃത്യമായ മറുപടിയില്ല.
  • പുറത്തെ താപനില 2000 ഡിഗ്രി ഫാരൻഹീറ്റ് കടന്നിരുന്നു. ആ സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിലെ ഓക്സിജൻ്റെ അളവു കുറയുകയും താപം അവരെ കരിച്ചുകളയുകയുംചെയ്യേണ്ടതാണ്.
  • അതേ ദൂരപരിധിയിലുള്ള മറ്റു കോൺക്രീറ്റ് കെട്ടിടങ്ങളിലുണ്ടായിരുന്നവർ കൊല്ലപ്പെടുകയോ മാരകമായി പരിക്കേൽക്കുകയോ ചെയ്തു. ഈ എട്ടുപേർമാത്രം സുരക്ഷിതരായി.

ദൈവകൃപയാലല്ലെങ്കിൽ ഈ എട്ടുപേർമാത്രം എങ്ങനെ സുരക്ഷിതരായി?

ഈ സംഭവം ഒരു ശാസ്ത്രീയമായ അസാദ്ധ്യതയാണ്. (Scientific Impossibility) ശാസ്ത്രത്തിനു വിശദീകരിക്കാൻഴിയുന്നതിനേക്കാൾ വലിയൊരു ഘടകം അവിടെ പ്രവർത്തിച്ചുവെന്നത് ഒരു യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വലിയൊരു നിഗൂഢതയാണ്, എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതുറപ്പായും ദൈവീകമായ സംരക്ഷണമാണ്.

കർത്താവിൻ്റെ കൃപ നമ്മളോടൊപ്പമുണ്ടായിരിക്കട്ടെ.

✍🏻 ജോസ് ആറുകാട്ടി

No comments:

Post a Comment