Monday, 16 February 2026

നോമ്പും ഉപവാസവും: സാത്താനെതിരെയുള്ള ആയുധങ്ങൾ

Blog Post
നമ്മൾ വീണ്ടും വിശുദ്ധമായൊരു നോമ്പുകാലത്തിലേക്കു കടക്കുകയാണ്. ഓരോ നോമ്പുകാലവും സാത്താനും അവന്റെ ദുഷ്ടശക്തികൾക്കുമെതിരെയുള്ള തീക്ഷ്ണമായ ആത്മീയയുദ്ധത്തിന്റെ കാലമാണ്. പാപത്തിന്റെ വഴികളിലൂടെ മനുഷ്യനെ ചതിക്കുഴികളിൽ വീഴ്ത്തുന്ന പിശാചിനെ പരാജയപ്പെടുത്താൻ ക്രിസ്തു നൽകിയ മാതൃകയും സഭയുടെ കൂട്ടായ്മയും വചനത്തിന്റെ ശക്തിയും നമുക്കു തുണയാകുന്നു. 

ഈ നോമ്പുകാലത്ത് സാത്താനെതിരെയുള്ള പോരാട്ടത്തിൽ വിജയം വരിക്കാൻ സഹായിക്കുന്ന ചില ആത്മീയചിന്തകൾ, അല്ലെങ്കിൽ
ഈ നോമ്പുകാലത്ത് ചിന്താവിഷയമാക്കണമെന്ന് ഞാൻ കരുതുന്ന ആറു കാര്യങ്ങളാണ്, ഈ ലേഖനത്തിൽ ഞാൻ പങ്കുവയ്ക്കുന്നത്.

​1. ക്രിസ്തുവിന്റെ എളിമയും നോമ്പിന്റെ ശക്തിയും
​ദൈവസന്നിധിയിൽ പ്രഭാതനക്ഷത്രംപോലെ തിളങ്ങിനിന്നിരുന്ന മാലാഖ, വൻവീഴ്ചയിലൂടെ സാത്താനായിത്തീർന്നത് അഹങ്കാരംമൂലമാണ്; അതുകൊണ്ടുതന്നെ സാത്താനെ തോൽപ്പിക്കാനുള്ള ഏറ്റവും വലിയ ആയുധം എളിമയാണ്.. ഈ നോമ്പുകാലത്ത് നാം നടത്തുന്ന ഉപവാസവും പരിത്യാഗപ്രവൃത്തികളും നമ്മുടെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാനും ദൈവത്തിനു മുമ്പിൽ നമ്മെത്തന്നെ എളിമപ്പെടുത്താനുമുള്ള പരിശീലനമാണ്.
യോനാ പ്രവാചകൻ നിനവേയിൽച്ചെന്ന്, അവിടുത്തെ നിവാസികളെക്കാത്തിരിക്കുന്ന ശിക്ഷയെക്കുറിച്ചറിയിച്ചപ്പോൾ, രാജാവുമുതൽ യാചകർവരെ മുഴുവൻ നിനവേനിവാസികളും ചാക്കുടുത്ത്, ചാരത്തിലിരുന്ന് ഉപവസിച്ചു. തങ്ങളുടെ പാപങ്ങളെയോർത്ത് അവർ പശ്ചാത്തപിച്ചു. അവരുടെ പശ്ചാത്താപവും എളിമയോടെയുള്ള ഉപവാസവും പരിഹാരപ്രവൃത്തികളും ദൈവം കരുണയോടെ സ്വീകരിക്കുകയും നിനവേയ്ക്കെതിരായ ശിക്ഷകൾ പിൻവലിക്കുകയും ചെയ്തു.

നോമ്പ് എന്നാൽ ആഹാരമുപേക്ഷിക്കുകമാത്രമല്ല, നമ്മുടെ 'അഹം' (Ego) ഉപേക്ഷിച്ച്, എളിമപ്പെടുക എന്നുകൂടെ അതിനർത്ഥമുണ്ട്. ദൈവത്തോടൊപ്പം വസിക്കാനുള്ള നമ്മുടെ ഓരോ എളിയശ്രമങ്ങളും ഉപവാസമാണ്.

വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ എളിമയെ, പൈശാചികമായ അഹങ്കാരത്തിനു വിരുദ്ധമായവതരിപ്പിക്കുന്നു:
​"ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേയാത്മാവും ഒരേ അഭിപ്രായവുമുള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോമൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായിക്കരുതണം. ഓരോരുത്തരും സ്വന്തം താല്പര്യംമാത്രം നോക്കിയാൽ പോരാ; മറിച്ച് മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം. യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലുമുണ്ടാകട്ടെ." (ഫിലിപ്പി 2 : 1-5) ഈ വാക്യങ്ങൾ സാത്താനെതിരെയുള്ള പോരാട്ടത്തിലെ തന്ത്രങ്ങളാണു വെളിപ്പെടുത്തുന്നത്. സാത്താൻ മാത്സര്യവും വ്യർത്ഥാഭിമാനവും കുത്തിവയ്ക്കുമ്പോൾ, താഴ്മയോടെയിരിക്കാൻ ക്രിസ്തു നമ്മോടാവശ്യപ്പെടുന്നു. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായിക്കരുതുന്ന ഒരുവനെത്തൊടാൻ സാത്താനു കഴിയില്ല, കാരണം അവിടെ അവന്റെ ആയുധമായ അഹങ്കാരത്തിനു സ്ഥാനമില്ല.

യേശു, ദൈവത്തോടുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; മറിച്ച് തന്നെത്തന്നെ ശൂന്യനാക്കി. ​"ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌, മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി." (ഫിലിപ്പി 2 : 6-8)

​കുരിശോളം താഴ്ന്ന ക്രിസ്തുവിന്റെ എളിമയാണ്, സാത്താന്റെ സാമ്രാജ്യത്തിന്റെ അസ്ഥിവാരം തകർത്തത്. നാം നോമ്പിലൂടെ അനുസരണവും
എളിമയുമഭ്യസിക്കുമ്പോൾ, ക്രിസ്തുവിന്റെ അതേ ആത്മീയാധികാരം നമ്മിലും നിറയുന്നു.

​"ആകയാല്‍, ദൈവമവനെ അത്യധികമുയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമം നല്‍കുകയും ചെയ്‌തു. ഇത്‌, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌." (ഫിലിപ്പി 2 : 9-11)
ഈ നോമ്പുകാലത്ത് നമ്മുടെ ഉപവാസം വെറും ആഹാരനിയന്ത്രണത്തിലൊതുങ്ങരുത്. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരുടെ താല്പര്യങ്ങൾ പരിഗണിക്കാനും പരസ്നേഹപ്രവൃത്തികളിൽ വ്യാപൃതരാകാനും രാജ്യത്തിൻ്റെയും സഭയുടെയും നിയമങ്ങളെയനുസരിക്കാനും കുരിശുമരണംവരെ അനുസരണയുള്ളവനായിരുന്ന യേശുവിന്റെ മനോഭാവം നമ്മിൽ വളർത്താനും പരിശ്രമിക്കണം. അപ്പോൾ പിതാവായ ദൈവം നമ്മളേയും ക്രിസ്തുവിനോടൊപ്പം ഉയർത്തുകയും പൈശാചികശക്തികളുടെമേൽ നമുക്കു വിജയം നൽകുകയും ചെയ്യും.

2. ലൗകികമോഹങ്ങളും ഹൃദയപരമാർത്ഥതയും

​സൃഷ്ടപ്രപഞ്ചത്തിലെ സകലസമ്പത്തിന്റെയും ഉടയവനായ ദൈവം നമ്മുടെ പിതാവാണ്. തന്റെ മക്കൾക്ക് ഭൗതികനന്മകൾ നൽകാൻ അവിടുന്നാഗ്രഹിക്കുന്നു. എന്നാൽ ഈ നന്മകളോടുള്ള നമ്മുടെ മനോഭാവമാണ് നമ്മുടെ ആത്മീയവിജയത്തെ നിശ്ചയിക്കുന്നത്. പലപ്പോഴും ദൈവം നൽകിയ അനുഗ്രഹങ്ങളെ ദൈവത്തേക്കാളധികമായി നമ്മൾ സ്നേഹിക്കുമ്പോളാണ് സാത്താൻ നമ്മുടെ ജീവിതത്തിൽ ഇടം കണ്ടെത്തുന്നത്.

​സമ്പത്തും ജോബിന്റെ ഹൃദയപരമാർത്ഥതയും:
വിശുദ്ധഗ്രന്ഥത്തിലെ ജോബിന്റെ ജീവിതം ഇതിനുള്ള വലിയൊരു മാതൃകയാണ്. അദ്ദേഹം വലിയ സമ്പന്നനായിരുന്നപ്പോഴും തന്റെ ഹൃദയം സമ്പത്തിലല്ല, ദൈവത്തിലാണുറപ്പിച്ചിരുന്നത്. എല്ലാം നഷ്ടപ്പെട്ടപ്പോഴും ശരീരം രോഗത്താൽ തകർന്നപ്പോഴും "കർത്താവു തന്നു, കർത്താവെടുത്തു; കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ" എന്നു പറയാൻ അദ്ദേഹത്തിനു സാധിച്ചു. ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവം നമ്മുടെ ഹൃദയപരമാർത്ഥതയാണാഗ്രഹിക്കുന്നത്. സമ്പത്തുണ്ടെങ്കിലുമില്ലെങ്കിലും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനു മാറ്റംവരാത്ത അവസ്ഥയാണിത്.

​ലഭിച്ച നന്മകളെക്കാളധികമായി, അവ നൽകിയവനെ സ്നേഹിക്കുക:

ഇവിടെ നാം ഗൗരവമായി ചിന്തിക്കേണ്ടൊരു കാര്യമുണ്ട്. വിവാഹംകഴിഞ്ഞ് ദീർഘകാലമായിട്ടും സന്താനഭാഗ്യമില്ലാതിരുന്ന  ദമ്പതികളുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു കുഞ്ഞിനുവേണ്ടി അവർ കണ്ണീരോടെ പ്രാർത്ഥിക്കുകയും അനുദിനം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ദൈവമവർക്ക് ഒരു കുഞ്ഞിനെ നൽകിയനുഗ്രഹിച്ചപ്പോൾ, ആ കുഞ്ഞിനെ നോക്കാനെന്നപേരിൽ ഞായറാഴ്ചയിലെ കടപ്പെട്ട കുർബാനയിൽപ്പോലും സംബന്ധിക്കാത്ത അവസ്ഥയിലേക്ക് അവർ മാറുന്നു.

​യഥാർത്ഥത്തിൽ അവർ ആത്മാർത്ഥതയുള്ളവരായിരുന്നെങ്കിൽ, തങ്ങൾക്ക് ഈ നന്മ നൽകിയ ദൈവത്തോടുള്ള നന്ദിസൂചകമായി ആ കുഞ്ഞുമായി അനുദിനബലിയിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ ശൈശവത്തിൽത്തന്നെ ആ കുഞ്ഞിനെ വിശ്വാസത്തിൽ വളർത്താൻ അവർ പരിശ്രമിക്കുമായിരുന്നു. ലഭിച്ച നന്മയെ (അനുഗ്രഹത്തെ) നൽകിയവനേക്കാൾ (ദൈവത്തേക്കാൾ) അധികമായി സ്നേഹിക്കുമ്പോൾ, നമ്മൾ സ്വയമറിയാതെതന്നെ പിശാചിന്റെ തന്ത്രങ്ങളിൽ വീണുപോകുന്നു. നമ്മൾ ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ ദൈവത്തിൽനിന്നു ലഭിച്ച അനുഗ്രഹംപോലും ദൈവത്തിൽനിന്ന് നമ്മെയകറ്റുന്ന ഒന്നായിമാറ്റാൻ സാത്താൻ ഇടയാക്കുമെന്ന കാര്യം മറക്കരുത്.

ധനമോഹമെന്ന കെണി:
സാത്താൻ മനുഷ്യനെ വീഴ്ത്താനുപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് ധനമോഹം. 1 തിമോത്തേയോസ്‌ 6:6-10 ഇതിനെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പു നൽകുന്നു:

​"ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌. കാരണം, നാം ഈ ലോകത്തിലേക്ക്‌ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന്‌ ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ടു നമുക്കു തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്നാഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ്‌ എല്ലാത്തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനുമിടയുണ്ട്‌."

സമ്പത്ത് മോശമാണെന്നല്ല, മറിച്ച് "ധനവാനാകണമെന്ന ആഗ്രഹം" ഒരു കെണിയായി മാറാം എന്നാണ് വചനം പഠിപ്പിക്കുന്നത്. പദവിക്കും പണത്തിനുംവേണ്ടി വിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്യുമ്പോൾ നമ്മൾ സാത്താന്റെ കെണിയിൽ വീഴുകയാണുചെയ്യുന്നത്.

​സ്വർഗ്ഗീയപൗരത്വവും ഭൗമികഭവനവും:
നമ്മുടെ ലക്ഷ്യം ഈ ലോകമല്ലെന്നു തിരിച്ചറിയുന്നതാണ് സാത്താനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.

​"ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു." (ഫിലിപ്പി 3 : 20)
​നമ്മുടെ ഈ ഭൗമികശരീരം ഒരു കൂടാരംപോലെയാണ്. അതു നശിച്ചാലും ദൈവത്തിൽനിന്നുള്ള ശാശ്വതമായ ഭവനം നമുക്കുണ്ടെന്ന ബോദ്ധ്യം ലൗകികകെണികളിൽനിന്ന് നമ്മളെ രക്ഷിക്കും: ​"ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗ്ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങളറിയുന്നു. വാസ്‌തവത്തില്‍ ഞങ്ങള്‍ ഇവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗ്ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍കൊള്ളുകയുമാണ്‌." (2 കോറിന്തോസ്‌ 5 : 1-2)

ഈ നോമ്പുകാലത്ത് നമ്മുടെ ഹൃദയങ്ങളെ ശോധനചെയ്യാം. നമ്മുടെ സന്തോഷം ദൈവത്തിലാണോ അതോ ദൈവം തന്ന ഭൗതികനന്മകളിലാണോ? ജോബിനെപ്പോലെ ഹൃദയപരമാർത്ഥതയോടെ ദൈവത്തെ സ്നേഹിക്കാനും, ലഭിച്ച അനുഗ്രഹങ്ങളെക്കാൾ നൽകിയവനു മുൻഗണന നൽകി ആരാധിക്കാനും നമുക്കു ശീലിക്കാം. ഭൗതികമായ സമ്പത്തിനേക്കാൾ സ്വർഗ്ഗീയമായ പൗരത്വത്തിനു വിലകല്പിക്കുമ്പോൾ, ലൗകികമോഹങ്ങളിലൂടെ നമ്മെ വീഴ്ത്താൻ ശ്രമിക്കുന്ന സാത്താൻ പരാജയപ്പെടും.

​3. പ്രതിസന്ധികളിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം
​നമ്മുടെ ജീവിതം ഒരു കടൽയാത്രപോലെയാണ്. ശാന്തമായ കടലിലൂടെയുള്ള യാത്രയല്ല ക്രൈസ്തവജീവിതം; മറിച്ച്, പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും തിരമാലകളെ അതിജീവിച്ചുകൊണ്ടുള്ള യാത്രയാണിത്. ഈ യാത്രയിൽ, ഭയത്തിന്റെ ആത്മാവിനെയയച്ച്, സാത്താൻ നമ്മളെ തളർത്താൻ നോക്കുമ്പോൾ, ആ പ്രതിസന്ധികൾക്കു മീതെ നടന്നുവരുന്ന ക്രിസ്തുവിനെ തിരിച്ചറിയുന്നതാണ് നമ്മുടെ വിജയം.

​പ്രശ്നങ്ങൾക്കു മീതേ നടന്നുവരുന്ന ഈശോ:
ശിഷ്യന്മാർ വള്ളത്തിൽ കടൽ കടക്കുമ്പോൾ നേരിട്ട ഭയാനകമായ സാഹചര്യം വിശുദ്ധ യോഹന്നാൻ വിവരിക്കുന്നു:
​"വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കടല്‍ക്കരയിലേയ്ക്കു പോയി. അവര്‍ ഒരു വള്ളത്തില്‍ക്കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരമിരുട്ടിത്തുടങ്ങി; യേശു അവരുടെയടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട്‌ കടല്‍ ക്ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്‌താദിയോണ്‍ ദൂരം തണ്ടു വലിച്ചുകഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന്‌ വളളത്തെ സമീപിക്കുന്നതു കണ്ട്‌ അവര്‍ ഭയപ്പെട്ടു. അവനവരോടു പറഞ്ഞു: ഞാനാണ്‌; ഭയപ്പെടേണ്ടാ." (യോഹന്നാന്‍ 6 : 16-20)

​നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈശോ കടന്നുവരുന്നത് പലപ്പോഴും നാം ഭയപ്പെടുന്ന രൂപത്തിലായിരിക്കാം. എന്നാൽ "ഞാനാണ്; ഭയപ്പെടേണ്ട" എന്ന അവന്റെ വചനം നമ്മുടെ ഹൃദയത്തിൽ മുഴങ്ങണം. അവനെ വള്ളത്തിൽക്കയറ്റാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ, അതായത് നമ്മുടെ പ്രശ്നങ്ങളിലേയ്ക്ക് അവനെ ക്ഷണിക്കുമ്പോൾ, പെട്ടെന്നുതന്നെ നാം ലക്ഷ്യംവച്ചിരുന്ന കരയിലേയ്ക്കു വള്ളമടുക്കും. പ്രതിസന്ധികൾക്കു മുകളിലൂടെ നടന്നുവന്ന്, നമ്മളെ രക്ഷിക്കുന്ന ക്രിസ്തുവിലുള്ള ശരണപ്പെടലാണിത്.

​വിശ്വാസത്തിലെ വളർച്ച: ഭയത്തിൽനിന്നു സമർപ്പണത്തിലേയ്ക്ക്:
വിശ്വാസയാത്രയുടെ അടുത്തഘട്ടം നാം കാണുന്നത് ഉത്ഥിതനായ യേശു, തിബേരിയാസ് കടൽത്തീരത്തു പ്രത്യക്ഷപ്പെടുമ്പോളാണ്. യോഹന്നാൻ ആറാമദ്ധ്യായത്തിൽ കാണുന്നതുപോലെ, പ്രതിസന്ധികൾ കണ്ടു ഭയപ്പെട്ട ശിഷ്യന്മാരെയല്ല ഇരുപത്തിയൊന്നാമദ്ധ്യായത്തിൽ നമ്മൾ കാണുന്നത്. ഇവിടെ പത്രോസ് കൈവരിച്ച ആത്മീയപക്വത ശ്രദ്ധേയമാണ്.

​രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന ശിഷ്യന്മാരോട് യേശു പറഞ്ഞു: "വള്ളത്തിന്റെ വലത്തുവശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും" (യോഹന്നാന്‍ 21:6). അവർ വലയിട്ടു; വലിയ മത്സ്യങ്ങൾകൊണ്ടു വല നിറഞ്ഞു.

​"ഉടനെ ശിമയോന്‍ പത്രോസ്‌ വള്ളത്തില്‍ക്കയറി, വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്‌ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികമുണ്ടായിരുന്നിട്ടും വല കീറിയില്ല." (യോഹന്നാന്‍ 21 : 11)
​ഇത്രയധികം മത്സ്യസമ്പത്ത് വള്ളത്തിലുണ്ടായിട്ടും പത്രോസിന്റെ ശ്രദ്ധ ആ സമ്പാദ്യത്തിലായിരുന്നില്ല. അതു കർത്താവാണെന്നു തിരിച്ചറിഞ്ഞ നിമിഷംതന്ന, തനിക്കുള്ളതെല്ലാം വഞ്ചിയിലുപേക്ഷിച്ച് അവൻ പ്രതിസന്ധികളുടെ കടലിലേക്കു ചാടി, ഉത്ഥിതനായ ക്രിസ്തുവിനടുത്തേക്കു നീന്തി. (യോഹന്നാന്‍ 21: 7).

വിശ്വാസത്തിൽ വളരുമ്പോൾ നമ്മളിലുണ്ടാകേണ്ട വലിയ മാറ്റമാണിത്: ആദ്യകാലങ്ങളിൽ പ്രതിസന്ധികളിൽ ഭയപ്പെട്ട് യേശുവിനെ വള്ളത്തിലേക്ക് (നമ്മുടെ സൗകര്യങ്ങളിലേക്ക്) വിളിക്കുന്നവരായിരുന്നു നമ്മളെങ്കിൽ, വിശ്വാസം പക്വമാകുമ്പോൾ നമുക്കുള്ള സകല ലൗകികനേട്ടങ്ങളെയുമുപേക്ഷിച്ച്, പ്രതിസന്ധികളുടെ കടലിലൂടെ നീന്തി, ക്രിസ്തുവിനടുത്തേക്കു ചെല്ലാൻ നാം തയ്യാറാകുന്നു. അനുഗ്രഹങ്ങളേക്കാൾ വലുത് അതു നൽകിയ കർത്താവാണെന്ന തിരിച്ചറിവാണിത്.

നമ്മുടെ പ്രതിസന്ധികൾക്കു മുകളിലൂടെ നടന്നുവന്നു രക്ഷിക്കുന്ന യേശുവിനെയാണ് യോഹന്നാൻ്റെ സുവശേഷത്തിൻ്റെ ആറാമദ്ധ്യായത്തിൽ കാണുന്നതെങ്കിൽ, വഞ്ചിയിലുള്ള നേട്ടങ്ങളുപേക്ഷിച്ച്, ഉത്ഥിതനായ ക്രിസ്തുവിനടുത്തേക്കു നീന്തുന്ന പത്രോസിനെയാണ് ഇരുപത്തിയൊന്നാമദ്ധ്യായത്തിൽ കാണുന്നത്. നമ്മുടെ ശക്തി, ലോകം നൽകുന്ന ആശ്വാസമല്ല, മറിച്ച് യേശു പറഞ്ഞ "നിങ്ങളറിയാത്ത ഭക്ഷണം" ആയ ദൈവവചനമാണ് (യോഹന്നാന്‍ 4 : 32).

​യഥാർത്ഥ ആത്മീയഭക്ഷണം:
ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോൾമാത്രം സംതൃപ്തരാകുന്നവരല്ല നമ്മൾ. സാത്താൻ നമ്മുടെ ഭൗതികദാരിദ്ര്യത്തെ ചൂഷണംചെയ്യാൻനോക്കുമ്പോൾ, യേശു നമുക്കു നൽകുന്ന ഉത്തരമിതാണ്:

​"അവന്‍ പറഞ്ഞു: നിങ്ങളറിയാത്ത ഭക്ഷണമെനിക്കുണ്ട്‌." (യോഹന്നാന്‍ 4 : 32)
​ദൈവവചനമാകുന്ന ഈ ഭക്ഷണമാണ് പ്രതിസന്ധികളിൽ നമുക്കു ശക്തി നൽകുന്നത്. ലോകം നൽകുന്ന ആശ്വാസങ്ങളേക്കാൾ ദൈവഹിതം നിറവേറ്റുന്നതിലാണ് നമ്മൾ സംതൃപ്തി കണ്ടെത്തേണ്ടത്.

4. ആത്മീയയുദ്ധവും സഭയുടെ കൂട്ടായ്മയും
​സാത്താൻ വ്യക്തികളെ തളർത്താൻശ്രമിക്കുമ്പോൾ സഭയുടെ കൂട്ടായ്മയും പ്രാർത്ഥനയുമാണ് നമുക്കു പ്രതിരോധകവചമാകുന്നത്. പിശാചിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ ക്രിസ്തു നൽകിയ അധികാരവും സഭയുടെ ഐക്യവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അപ്പസ്തോലപ്രവർത്തനങ്ങൾ 12-ാമദ്ധ്യായം വ്യക്തമാക്കുന്നു.

​സഭയുടെ പ്രാർത്ഥനയെന്ന ആയുധം:
പത്രോസ് കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോൾ സഭ, ഭയന്നിരിക്കുകയല്ലചെയ്തത്.
​"അങ്ങനെ പത്രോസ്‌ കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 5)

​വ്യക്തിപരമായ പ്രാർത്ഥനയേക്കാളുപരിയായി, വിശ്വാസികളുടെ കൂട്ടായ്മകൾനടത്തുന്ന തീക്ഷ്ണമായ പ്രാർത്ഥനയ്ക്ക് സ്വർഗ്ഗത്തെ ചലിപ്പിക്കാനും കാരാഗൃഹവാതിലുകൾ തുറക്കാനും ശക്തിയുണ്ട്. സഭയിൽ നിരവധിയായ ഭിന്നതകൾ ഉടലെടുക്കുന്നതു കാണുമ്പോൾ ഓർക്കുക - സഭയെ ഭിന്നിപ്പിക്കാൻ നോക്കുന്നത്, പ്രാർത്ഥനയുടെ  ശക്തി തകർക്കാനാണ്.

​ആത്മീയവിമോചനത്തിന്റെ ചിത്രം:
പത്രോസിന്റെ മോചനം പിശാചിന്റെ ബന്ധനത്തിൽനിന്നുള്ള മനുഷ്യന്റെ രക്ഷപ്പെടലിന്റെ കൃത്യമായൊരു ചിത്രമാണ്. പത്രോസിനെ വധിക്കാൻ ഹേറോദേസ് തീരുമാനിച്ചതിന്റെ തലേരാത്രിയിലെ സാഹചര്യങ്ങൾ നോക്കുക:

​"പത്രോസ്‌ ഇരുചങ്ങലകളാല്‍ ബന്ധിതനായി, രണ്ടു പടയാളികളുടെ മദ്ധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്‍ക്കൽ കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 6)
​ഇവിടെ പ്രത്യക്ഷപ്പെട്ട ദൂതൻ ക്രിസ്തുതന്നെയാണ്. ഈ വിമോചനത്തിൽ നാം ശ്രദ്ധിക്കേണ്ട ചില പ്രധാനഘട്ടങ്ങളുണ്ട്:

​അനുസരണവും വിവേകവും 

ചങ്ങലകൾ അഴിഞ്ഞുവീണപ്പോൾ പത്രോസ് പരിഭ്രമിച്ച് ഓടുകയോ ആവേശംകാണിക്കുകയോ ചെയ്തില്ല. അവൻ ദൂതനെ ശ്രദ്ധിച്ചു. "നീ അരമുറുക്കി പാദരക്ഷകളണിയുക. മേലങ്കി ധരിച്ചുകൊണ്ട്‌ എന്റെ പിന്നാലെ വരുക" എന്ന ദൂതന്റെ കല്പന അവൻ അക്ഷരംപ്രതിയനുസരിച്ചു. ആത്മീയപോരാട്ടത്തിൽ നമ്മുടെ യുക്തിയേക്കാൾ ദൈവത്തിന്റെ നിർദ്ദേശങ്ങളെയനുസരിക്കുകയാണു പ്രധാനം.

​പതറാത്ത വിശ്വാസം 

ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ട് അവർ മുന്നോട്ടു പോയി. തടസ്സങ്ങൾ ഓരോന്നായി നീങ്ങുന്നതു പത്രോസ് കണ്ടു. അവസാനം നഗരത്തിലേക്കുള്ള ഇരുമ്പു കവാടത്തിലെത്തിയപ്പോൾ "അതവര്‍ക്കായി സ്വയം തുറന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 10). പിശാചിന്റെ കോട്ടകൾ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ തനിയെ തുറക്കപ്പെടുമെന്ന വലിയ സത്യമാണിത്. ബന്ധനങ്ങൾ പൂർണ്ണമായി അഴിഞ്ഞുവഴുന്നതുവരെ, തിടുക്കംകാട്ടാതെയും സ്വന്തം യുക്തികളിലാശ്രയിക്കാതെയും ക്രിസ്തുവിനെ പിന്തുടരാൻ ശ്രദ്ധിക്കണം.

ദൂതൻ അപ്രത്യക്ഷനായപ്പോളാണ് പത്രോസിനു പൂർണ്ണബോധം വന്നത്. സാത്താന്റെ വ്യാമോഹങ്ങളിൽനിന്നും കെണികളിൽനിന്നും കർത്താവ്, തന്നെ മോചിപ്പിച്ചിരിക്കുന്നെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ നേരെ പോയത്, മറിയത്തിന്റെ വീട്ടിലേയ്ക്കാണ്; അവിടെ സഭ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

​വിജയംവരിക്കുന്ന അധികാരം:
സാത്താനെതിരെ പോരാടാൻ യേശു തന്റെ ശിഷ്യന്മാർക്ക് അധികാരം നൽകിയിട്ടുണ്ട്:
​"അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച്‌ സകലപിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌, അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും." (ലൂക്കാ 9 : 1-2)
​ശക്തനായ പിശാചിനെ പരാജയപ്പെടുത്തണമെങ്കിൽ അവനേക്കാൾ ശക്തനായ ക്രിസ്തുവിനാൽ അവൻ ബന്ധിക്കപ്പെടണം (മര്‍ക്കോസ്‌ 3:27). നോമ്പുകാലത്തെ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും സഭയോടു ചേർന്നുനിന്നു പൊരുതുമ്പോൾ, നമ്മുടെ കൈകളിലെ ചങ്ങലകൾ അഴിഞ്ഞുവീഴുകയും ഇരുമ്പുവാതിലുകൾ നമുക്കായി തുറക്കപ്പെടുകയുംചെയ്യും. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്‌ (1 യോഹന്നാന്‍ 3:8). ആ വിജയത്തിൽ സഭയോടൊപ്പം പങ്കുചേരാൻ ഈ നോമ്പുകാലം നമ്മളെയൊരുക്കുന്നു. സാത്താൻ വ്യക്തികളെ തളർത്താൻ ശ്രമിക്കുമ്പോൾ സഭയുടെ പ്രാർത്ഥനകൾ നമുക്കു പ്രതിരോധകവചമാകുന്നു.

5. ബന്ധനങ്ങൾ തകർക്കുന്ന ദൈവം:
​മനുഷ്യൻ സ്വയം തീർത്തതോ സാത്താൻ അടിച്ചേൽപ്പിച്ചതോ ആയ സകല ബന്ധനങ്ങളെയും അറുത്തുമാറ്റാൻ ദൈവത്തിനു കഴിയും. പഴയനിയമത്തിൽ നമ്മൾ കാണുന്ന അത്ഭുതകരമായ വിമോചനങ്ങൾ പുതിയ നിയമത്തിൽ ക്രിസ്തുവിന്റെ രക്തത്തിലൂടെ പൂർത്തിയാക്കപ്പെടുന്നു.

തിരുരക്തത്തിന്റെ വിമോചനമുദ്ര:

മത്സ്യത്തിന്റെ ചങ്കും കരളും പുകച്ച് പിശാചിനെ തുരത്തിയ തോബിയാസിന്റെ അനുഭവം, തിരുരക്തത്താലുള്ള വിമോചനത്തിന്റെ വലിയ അടയാളമാണ്.

തോബിത്തിന്റെ പുസ്തകത്തിൽ തോബിയാസ് സാറായെ വിവാഹം കഴിക്കുമ്പോൾ, അവളെ ബാധിച്ചിരുന്ന അസ്‌മോദിയൂസ്‌ എന്ന പിശാചിനെത്തുരത്താൻ ദൂതനായ റഫായേൽ ഒരു മാർഗ്ഗം ഉപദേശിക്കുന്നുണ്ട്: ​"അവന്‍ റഫായേലിന്റെ വാക്കുകളനുസ്‌മരിച്ച്‌ ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളുമിട്ടു പുകച്ചു. മണമേറ്റപ്പോള്‍ പിശാച്‌ ഈജിപ്‌തിന്റെ അങ്ങേയറ്റത്തേക്കു പലായനംചെയ്‌തു. ദൂതന്‍ അവനെ ബന്ധിച്ചു." (തോബിത്‌ 8 : 2-3)

​സഭയുടെ പാരമ്പര്യത്തിൽ മത്സ്യം (ICHTHYS) എന്നത് ക്രിസ്തുവിന്റെ അടയാളമാണ്. മത്സ്യത്തിന്റെ ചങ്കും കരളും പുകയ്ക്കുന്നത്, കുരിശിൽ ഹൃദയം പിളർന്ന് തിരുരക്തവും തിരുജലവുമൊഴുക്കിയ ക്രിസ്തുവിന്റെ ബലിയുടെ മുൻരൂപമാണ്. യേശുവിന്റെ നാമത്താലും ക്രിസ്തുവിന്റെ രക്തത്താലുംമാത്രമേ പിശാചിന്റെമേൽ പൂർണ്ണവിജയം വരിക്കാൻ കഴിയുകയുള്ളുവെന്ന സത്യമാണ്, ഇതു വെളിപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ബലിയുടെയും സുഗന്ധ ധപമുയരുന്നിടത്ത് സാത്താനു നിൽക്കാൻ കഴിയില്ല.

​ഭൂതോച്ഛാടനത്തിലെ ഒരു യഥാർത്ഥാനുഭവം:
പ്രശസ്തനും വത്തിക്കാൻ്റെ ഔദ്യോഗികഭൂതോച്ഛാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്ത്, തന്റെ 'An Exorcist Tells His Story' എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരനുഭവം ഇവിടെ പ്രസക്തമാണ്. കഠിനമായ പൈശാചികബാധയേറ്റ ഒരു വ്യക്തിയെ ശുശ്രൂഷിക്കുമ്പോൾ, പിശാച് അയാളിലൂടെ അത്യുഗ്രമായി അലറുകയും വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും ചെയ്തു. എന്നാൽ ഫാദർ അമോർത്ത് ക്രിസ്തുവിന്റെ തിരുരക്തത്താൽ ആ വ്യക്തിയെ മുദ്രണം ചെയ്യുകയും യേശുവിന്റെ നാമത്തിൽ ആജ്ഞാപിക്കുകയും ചെയ്തപ്പോൾ പിശാച് പരാജയം സമ്മതിച്ചു. "അവന്റെ രക്തം എന്നെ പൊള്ളിക്കുന്നു" എന്ന് പിശാച് നിലവിളിച്ചതായി, ആ പുസ്തകത്തിൽ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

​ഇതൊരു കേട്ടുകേൾവിയല്ല, മറിച്ച് ക്രിസ്തുവിന്റെ നാമത്തിനു മുമ്പിൽ പാതാളശക്തികൾ മുട്ടുമടക്കും എന്ന വചനത്തിന്റെ ജീവിക്കുന്ന തെളിവാണ്.

​അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുന്ന ദൈവം:
നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ എത്ര കഠിനമായാലും ദൈവം അവയെ തകർക്കും. വചനം വ്യക്തമായിപ്പറയുന്നു: ​"എന്തെന്നാല്‍, അവിടുന്ന് പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 107 : 16)

"ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും." (ഏശയ്യാ 45 : 2)

അപ്പസ്തോലന്മാരെ കാരാഗൃഹത്തിലടച്ചപ്പോൾ കർത്താവിന്റെ ദൂതൻ അർദ്ധരാത്രിയിൽ വാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു.
​"രാത്രി കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന്‌ അവരെ പുറത്തുകൊണ്ടുവന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ ദൈവാലയത്തില്‍ ചെന്ന്‌ എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 19-20)

നമ്മുടെ പാപമോ പാരമ്പര്യമോ നൽകിയ ഏതൊരു ചങ്ങലയെയും തകർക്കാൻ യേശുവിന്റെ രക്തത്തിന് അധികാരമുണ്ട്. ഈ നോമ്പുകാലത്ത് കുമ്പസാരത്തിലൂടെയും വിശുദ്ധകുർബാനയിലൂടെയും ക്രിസ്തുവിന്റെ രക്തത്താൽ കഴുകപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിലെ പിച്ചളവാതിലുകൾ തകരുകയും നാം യഥാർത്ഥസ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കുകയും ചെയ്യും. വിമോചകനായ ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുമ്പോൾ, തോബിയാസിന്റെ ജീവിതത്തിലുണ്ടായതുപോലെ പിശാച് നമ്മെ വിട്ട്, പലായനംചെയ്യും.

​6. ജാഗ്രതയോടെയുള്ള പോരാട്ടം:
​നാം ജീവിക്കുന്നത് കടുത്ത ആശയക്കുഴപ്പങ്ങളുടെ ഒരു കാലത്താണ്. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം പിശാച് ലോകത്തെ അന്ധകാരത്തിലാഴ്ത്തിയിരിക്കുന്നു. നന്മയെ തിന്മയായും തിന്മയെ നന്മയായും പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, വലിയ ജാഗ്രതയോടെയുള്ള ആത്മീയപോരാട്ടം അനിവാര്യമാണ്.

​വേഷംമാറി വരുന്ന തിന്മ:
സാത്താൻ എപ്പോഴും ഒരു രാക്ഷസരൂപത്തിലല്ല നമ്മുടെ മുമ്പിൽ വരുന്നത്. വളരെ ആകർഷകമായ, യുക്തിസഹമെന്നു തോന്നിക്കുന്ന രൂപത്തിലാണ് അവൻ പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഇതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്:
​"അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും." (2 കോറിന്തോസ്‌ 11 : 14-15)

ഇന്ന് സഭാധികാരികളാൽപ്പോലും വിശ്വാസികൾ വഴിതെറ്റിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. വചനവിരുദ്ധമായ ആശയങ്ങൾ ആധുനികതയുടെ പേരിൽ സഭയ്ക്കുള്ളിൽ കടന്നുകൂടുന്നു. ഭൗതികമായ പുരോഗതിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എന്ന വ്യാജേന ദൈവകല്പനകളെ ബലികഴിക്കാൻ പ്രേരിപ്പിക്കുന്ന 'പ്രകാശദൂതന്മാർ' നമുക്കു ചുറ്റുമുണ്ട്.

​യുക്തിയല്ല, ദൈവവചനമാണ് പ്രധാനം:
ആദിപാപം സംഭവിച്ചത് എങ്ങനെയെന്നു നാം ചിന്തിക്കണം. ദൈവവചനത്തേക്കാൾ പിശാചു പറഞ്ഞ കാര്യങ്ങൾ യുക്തിസഹമാണ് എന്ന ചിന്തയിൽനിന്നാണ് മനുഷ്യൻ വീണുപോയത്. ഇന്നും സാത്താൻ ഇതേ തന്ത്രംതന്നെയാണ് ഉപയോഗിക്കുന്നത്. ദൈവകല്പനകളേക്കാൾ ലോകത്തിന്റെ യുക്തിക്കും ശാസ്ത്രത്തിനും ഒന്നാം സ്ഥാനം നൽകുമ്പോൾ നാം പരാജയപ്പെടുന്നു. ഈ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെക്കുറിച്ച് ഏശയ്യാപ്രവാചകൻ പറയുന്നതു നോക്കുക:
​"കര്‍ത്താവ്‌ അവളില്‍ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുകയാണ്‌. അങ്ങനെ മദ്യപന്‍ ഛര്‍ദ്ദിച്ചതില്‍ തെന്നിനടക്കുന്നതുപോലെ ഈജിപ്ത്‌ എല്ലാക്കാര്യങ്ങളിലും കാലിടറി നടക്കുന്നു." (ഏശയ്യാ 19 : 14)

​സത്യവിശ്വാസത്തിൽനിന്ന് കാലിടറി വീഴാതിരിക്കാൻ ദൈവത്തിന്റെ വചനമാകുന്ന പാറയിൽ നമ്മൾ ഉറച്ചുനിൽക്കണം.

​കല്പനകൾ പാലിക്കുന്നവർക്കൊപ്പം ദൈവദൂതന്മാർ:
പരീക്ഷണങ്ങൾ കഠിനമാകുമ്പോൾ പിശാച് നമുക്ക് വലിയ വാഗ്ദാനങ്ങൾ നൽകും. യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ സാത്താൻ പറഞ്ഞതിതാണ്:
​"നീ സാഷ്‌ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും." (മത്തായി 4 : 9)
​എന്നാൽ യേശു അതിനെ നേരിട്ടത് വചനം കൊണ്ടാണ്: ​"യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെമാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു." (മത്തായി 4 : 10-11)

​ദൈവത്തിന്റെ കല്പനകൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നവർക്കൊപ്പംമാത്രമേ സ്വർഗ്ഗീയദൂതന്മാരുണ്ടാകുകയുള്ളു. നമ്മൾ സാത്താനോടു സന്ധിചെയ്താൽ, നമുക്കു ദൈവികസംരക്ഷണം നഷ്ടമാകും.

​ഉറച്ചുനിൽക്കാനുള്ള ആഹ്വാനം:
നമ്മുടെ പോരാട്ടം മാംസത്തിനും രക്തത്തിനുമതിരയല്ല, അന്ധകാരശക്തികൾക്ക് എതിരെയാണ്. മോശ ജനത്തോടു പറഞ്ഞത് ഇന്നും പ്രസക്തമാണ്:
​"മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നുകണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്‌തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍മതി." (പുറപ്പാട്‌ 14 : 13-14)

ഈ നോമ്പുകാലത്ത് നമുുക്ക് കൂടുതൽ ജാഗ്രതയുള്ളവരായിരിക്കാം. ലോകത്തിന്റെ മോഹനവാഗ്ദാനങ്ങളിൽ വീഴാതെ, വേഷംമാറി വരുന്ന തിന്മയെ തിരിച്ചറിയാനുള്ള വിവേചനവരം ലഭിക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം ദൈവദൂതന്മാരുണ്ടാകും എന്ന ഉറപ്പോടെ നമുക്കു മുമ്പോട്ടു പോകാം. ദൈവകല്പനകൾ മുറുകെ പിടിക്കുകയും വചനത്തിൽ വേരൂന്നുകയുംചെയ്താൽ, എല്ലാ ആശയക്കുഴപ്പങ്ങളേയുമതിജീവിച്ച് ക്രിസ്തുവിനോടൊപ്പം വിജയം വരിക്കാൻ നമുക്കു സാധിക്കും.

✍🏻 ജോസ് ആറുകാട്ടി

No comments:

Post a Comment