നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ
രണ്ടാം ദിവസം:
ചിന്താവിഷയം: ഹൃദയത്തിന്റെ നിശബ്ദതയിൽ ദൈവവുമായി സംസാരിക്കാം.
നോമ്പുകാലമെന്നത് കേവലം ഭക്ഷണനിയന്ത്രണത്തിനുള്ള ദിനങ്ങളല്ല, ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നൊരു തീർത്ഥാടനത്തിൻ്റെ കാലമാണ്. ഈ യാത്രയിൽ നമ്മളെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഊന്നുവടിയാണു പ്രാർത്ഥന. പ്രാർത്ഥനയെന്നത് നമ്മൾ നിരന്തരം ദൈവത്തോട് ആവലാതികളുന്നയിക്കുന്ന പ്രവൃത്തിയല്ല, ദൈവത്തെ ശ്രവിക്കുന്നതായിരിക്കണമെന്നാണ്, 2026-ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ നമ്മളെയോർമ്മിപ്പിക്കുന്നത്, .
പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടികയോ അല്ലെങ്കിൽ യാന്ത്രികമായുരുവിടുന്ന വാക്കുകളോ ആയി മാറാറുണ്ട്. എന്നാൽ യഥാർത്ഥപ്രാർത്ഥനയെന്നത്, ദൈവവുമായുള്ള ഹൃദയപൂർവ്വമായ സംഭാഷണമാണ്. സുവിശേഷം നമ്മളെ ഇങ്ങനെ പഠിപ്പിക്കുന്നു: "'നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ക്കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങളറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും."
(മത്തായി 6: 6). മറ്റുള്ളവർ കാണാൻവേണ്ടിയുള്ള പ്രകടനമല്ല, ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ് പ്രാർത്ഥനയുടെ ലക്ഷ്യമെന്നത് ഇതിൽനിന്നു സുവ്യക്തമാണല്ലോ.
ലിയോ പതിനാലാമൻ പാപ്പയുടെ 2026 ലെ നോമ്പുകാലസന്ദേശത്തിൽ പ്രധാനപ്പെട്ട ആശയമായി അവതരിപ്പിച്ചിട്ടുള്ള ശ്രവണം, അഥവാ ദൈവസ്വരം കേൾക്കൽ, നമ്മുടെ പ്രാർത്ഥനയിൽ അത്യന്താപേക്ഷിതമാണ്. ലോകത്തിന്റെ കോലാഹലങ്ങൾക്കും ഡിജിറ്റൽയുഗത്തിലെ ബഹളങ്ങൾക്കുമിടയിൽ ദൈവത്തിന്റെ മൃദുസ്വരം കേൾക്കാൻ നമ്മൾ മറന്നുപോകുന്നു. പ്രാർത്ഥനയിൽ, നാം നിശബ്ദരായി ദൈവസന്നിധിയിൽ ഇരിക്കുമ്പോൾമാത്രമാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം നമുക്കു വെളിപ്പെടുക. ഈ നോമ്പുകാലത്ത് നമ്മുടെ പ്രാർത്ഥനാമുറികൾ പരാതിപ്പെടാനുള്ള ഇടങ്ങൾക്കുപകരം ദൈവത്തിന്റെ ശബ്ദത്തിനു കാതോർക്കാനുള്ള സങ്കേതങ്ങളാക്കി മാറ്റാൻ നമുക്കു പരിശ്രമിക്കാം.
“ ഈ നോമ്പുകാലയാത്ര, കർത്താവിന്റെ സ്വരം ശ്രദ്ധിക്കാനും ക്രിസ്തുവിനെ അനുഗമിക്കുന്നതിനും ജെറുസലേമിലേക്കുള്ള വഴിയിൽ അവനെ അനുധാവനം ചെയ്യുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാനുമുള്ള സ്വാഗതാർഹമായ അവസരമാണ്.” ഈ നോമ്പുകാലത്ത്, ലിയോ പതിനാലാമൻ മാർപാപ്പ നമ്മളെ ഓർമ്മപ്പെടുത്തുന്നു.
ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷകളെയും അതിജീവിക്കാൻ പ്രാർത്ഥനയല്ലാതെ മറ്റൊരു മാർഗ്ഗമില്ല. ഗെത്സെമനിയിലെ ക്രിസ്തുവിനെപ്പോലെ "എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!" (ലൂക്കാ 22:42) എന്നു പറയാൻ പ്രാർത്ഥന നമ്മളെ പ്രാപ്തരാക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ദൈവത്തിനായി മാറ്റിവയ്ക്കുന്ന ഓരോ നിമിഷവും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും മനസ്സിന് അവാച്യമായ സമാധാനം നൽകുകയും ചെയ്യും.
ഈ നോമ്പുകാലത്ത് നമുക്കൊരു തീരുമാനമെടുക്കാം - ദിവസവും കുറച്ചു സമയമെങ്കിലും പൂർണ്ണമായ നിശബ്ദതയിൽ ദൈവത്തോടൊപ്പം ചെലവഴിക്കാം. ആ നിശബ്ദതയിൽ അവിടുന്നു നമ്മളോടു സംസാരിക്കട്ടെ.
പ്രാർത്ഥന:
കാരുണ്യവാനായ ദൈവമേ, അവിടുത്തെ മുമ്പിൽ ഹൃദയം തുറന്നിരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ആവശ്യങ്ങൾക്കും പരാതികൾക്കുമപ്പുറം അങ്ങയുടെ ശബ്ദം ശ്രവിക്കാനും അങ്ങയുടെ ഹിതം തിരിച്ചറിയാനും എനിക്കു കൃപ നൽകണമേ.
ആമേൻ
നോമ്പുകാലവഴിയിലെ ഈ സഹായം ഒട്ടും ചെറുതല്ല. ചിന്തകളും പ്രാർത്ഥനകളും ഏറെ ഫലദായകം തന്നെ. തുടർന്നുകൊണ്ടേയിരിക്കുക. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
ReplyDeleteദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ.
Delete