വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
മൂന്നാം ദിവസം
ചിന്താവിഷയം: ഉപവാസം - ആത്മീയവിമോചനത്തിന്റെ വഴി
നോമ്പുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ അച്ചടക്കങ്ങളിലൊന്നാണ് ഉപവാസം. എന്നാൽ, ഭക്ഷണമുപേക്ഷിക്കുന്നതിലുപരിയായി, നമ്മുടെ ജീവിതശൈലിയെത്തന്നെ ദൈവഹിതത്തിനനുസരിച്ചു ക്രമീകരിക്കുന്ന ഒരു കലയാണത്. 2026-ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിക്കുന്നതുപോലെ, ശ്രവണവും ഉപവാസവും പരസ്പരപൂരകങ്ങളാണ്. ബാഹ്യമായ ശബ്ദങ്ങളിൽനിന്നും ആഗ്രഹങ്ങളിൽനിന്നും പിന്തിരിഞ്ഞ്, ഉപവസിക്കുമ്പോൾ (ദൈവത്തോടൊപ്പമായിരിക്കുമ്പോൾ)മാത്രമേ ദൈവത്തിന്റെ സ്വരം കേൾക്കാൻ നമ്മുടെ ആത്മാവ് സജ്ജമാകുകയുള്ളൂ.ദൈവസ്വരം ശ്രവിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള പരിശീലനകാലംകൂടെയാണ്, നോമ്പുകാലം.
യഥാർത്ഥമായ ഉപവാസം, ഹൃദയത്തിന്റെ ശുദ്ധീകരണമാണ്. നാവുകൊണ്ടു മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, കണ്ണുകൊണ്ട് അശുദ്ധമായവ കാണാതിരിക്കുക, ഹൃദയത്തിൽ പകയും വിദ്വേഷവും വച്ചുപുലർത്താതിരിക്കുക - ഇതൊക്കെയാണ്, നോമ്പുകാലത്തു നമ്മൾ പരിശീലിക്കേണ്ട ശരിയായ ഉപവാസം.
ഉപവാസത്തെക്കുറിച്ചു പരാമർശിക്കവേ മാർപാപ്പ വിശദീകരിച്ചു, “ദൈവവചനം സ്വീകരിക്കുന്നതിനായി നമ്മെത്തന്നെ ഒരുക്കുന്നതിനുള്ള കൃത്യമായൊരു മാർഗ്ഗമാണിത്,” അതിനാൽ “നീതിക്കായുള്ള നമ്മുടെ വിശപ്പും ദാഹവും സജീവമായി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. “അങ്ങനെ, പ്രാർത്ഥിക്കാനും അയൽക്കാരനോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും അത് (ഉപവാസം) നമ്മളെ പഠിപ്പിക്കുന്നു.”
യഥാർത്ഥമായ ഉപവാസം, ഹൃദയത്തിന്റെ ശുദ്ധീകരണമാണ്. നാവുകൊണ്ടു മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, കണ്ണുകൊണ്ട് അശുദ്ധമായവ കാണാതിരിക്കുക, ഹൃദയത്തിൽ പകയും വിദ്വേഷവും വച്ചുപുലർത്താതിരിക്കുക - ഇതൊക്കെയാണ്, നോമ്പുകാലത്തു നമ്മൾ പരിശീലിക്കേണ്ട ശരിയായ ഉപവാസം. ദൈവം നമ്മളിൽനിന്നാവശ്യപ്പെടുന്നത് ഏതുതരത്തിലുള്ള ഉപവാസമാണെന്ന് ഏശയ്യാപ്രവാചകൻ നമ്മളെയോർമ്മിപ്പിക്കുന്നു: "ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകളഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളുമൊടിക്കുകയുംചെയ്യുന്നതല്ലേ, ഞാനാഗ്രഹിക്കുന്ന ഉപവാസം?" (ഏശയ്യാ 58:6). ഏതെങ്കിലും ഭക്ഷണപാനീയങ്ങളൊഴിവാക്കുന്നതിലുപരിയായി നീതിക്കും സ്നേഹത്തിനുമായുള്ള ആത്മാവിന്റെ ദാഹത്തെ നമ്മൾ തിരിച്ചറിയണം.
ലിയോ പതിനാലാമൻ പാപ്പയുടെ സന്ദേശത്തിൽ പറയുന്നതുപോലെ, ഉപവാസം നമ്മളെ എളിമയുള്ളവരാക്കുന്നു. നമ്മൾ എത്രമാത്രം പരിമിതരാണെന്നും ദൈവത്തിന്റെ കൃപയില്ലാതെ നമുക്കു നിലനിൽപ്പില്ലെന്നും നോമ്പും ഉപവാസവും നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. ഉപവാസംവഴി നമ്മൾ ലാഭിക്കുന്ന വിഭവങ്ങൾ അല്ലെങ്കിൽ പണം, നമ്മുടെ സഹോദരങ്ങളുടെ വിശപ്പടക്കാനോ ദരിദ്രരെ സഹായിക്കാനോ നമുക്കുപയോഗിക്കാം. അപരന്റെ കണ്ണുനീർ കാണാതെയും അവന്റെ വിലാപം കേൾക്കാതെയുംനടത്തുന്ന ഉപവാസം, ഒരിക്കലും ദൈവത്തിനു പ്രീതികരമല്ല.
ശരീരത്തെ സന്തോഷിപ്പിക്കുന്നതിനേക്കാൾ ആത്മാവിനെ പ്രകാശിപ്പിക്കുകയെന്നതാണ്, ഉപവാസത്തിന്റെ ആത്യന്തികലക്ഷ്യം. ലൗകികസുഖങ്ങളോടുള്ള നമ്മുടെ അമിതമായ ആസക്തികളുപേക്ഷിക്കുമ്പോൾ, ആത്മീയമായൊരു സ്വാതന്ത്ര്യം നമ്മളനുഭവിക്കുന്നു. "മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്" (മത്തായി 4:4) എന്ന വചനം ക്രിസ്തു നമുക്കു കാണിച്ചുതന്ന വലിയ മാതൃകയാണ്. അതിനാൽ ഇന്നു നമുക്കൊരു തീരുമാനമെടുക്കാം. - അനാവശ്യമായ ആഗ്രഹങ്ങളെയും ദുസ്സ്വഭാവങ്ങളെയുമുപേക്ഷിച്ചുകൊണ്ട്, ഈ നോമ്പുകാലത്തെ നമ്മുടെ ഉപവാസത്തെ നവ്യമായ സ്നേഹത്തിന്റെ ഒരു ബലിയാക്കി മാറ്റാം.
പ്രാർത്ഥന:
നന്മസ്വരൂപനായ ദൈവമേ, ഉപവാസംവഴി എന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും മറ്റുള്ളവരിലെ ക്രിസ്തുവിനെ ദർശിക്കാനും എനിക്കു കൃപ നൽകണമേ. എന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് വിനീതനാകാനും /വിനീതയാകാനും സഹോദരങ്ങളോടു കരുണകാണിക്കാനും എന്നെ പഠിപ്പിക്കണമേ.
ആമേൻ.
No comments:
Post a Comment