വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ:
അഞ്ചാം ദിവസം ചിന്താവിഷയം: ക്ഷമയുടെ സ്വർഗ്ഗീയവാതിൽ
നോമ്പുകാലം ഹൃദയത്തിന്റെ ആഴങ്ങളിലെ മുറിവുകളുണക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള പുണ്യകാലമാണ്. ഈ ദിനങ്ങൾ നമ്മളെ നയിക്കുന്നത്, സ്നേഹത്തിലേയ്ക്കും അനുരഞ്ജനത്തിലേയ്ക്കുമാണ്. നമ്മുടെ തെറ്റുകൾക്കായി ദൈവത്തോട് നമ്മൾ പാപമോചനം യാചിക്കുമ്പോൾ, നമ്മളോടു തെറ്റു ചെയ്തവരോടു ക്ഷമിക്കാനുള്ള ആത്മീയമായ കടമകൂടെ നമുക്കുണ്ട്.
ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമാണ്, അവിടുന്നു നമുക്കു നല്കുന്ന പാപപ്പൊറുതി. "നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ, നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍." (ലൂക്കാ 6: 36) നമ്മളോടു തിന്മ പ്രവർത്തിച്ചവരോടു ക്ഷമിച്ചുകൊണ്ട്, ദൈവപിതാവിൻ്റെ കരുണയുടെ സന്ദേശവാഹകരാകാൻ ഈ വചനം നമ്മളെയോർമ്മപ്പെടുത്തുന്നു.
ഹൃദയത്തിൽ വിദ്വേഷം സൂക്ഷിച്ചുകൊണ്ടു നടത്തുന്ന ഉപവാസവും പ്രാർത്ഥനയും വെറും ബാഹ്യപ്രകടനങ്ങൾമാത്രമാണ്. വിശുദ്ധമത്തായിയുടെ സുവിശേഷം നമ്മളെയോർമ്മിപ്പിക്കുന്നു: "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.
മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല." (മത്തായി 6 : 14-15).
ക്ഷമിക്കുന്നത് ബലഹീനതയല്ല, ആത്മീയമായ വലിയൊരു കരുത്താണ്. പകയുടെ കെട്ടുപാടുകളിൽനിന്ന് നമ്മുടെ ആത്മാവിനെ സ്വതന്ത്രമാക്കുന്ന സ്വർഗ്ഗീയൗഷധമാണത്. പകയുടെയും വിദ്വേഷത്തിന്റെയും ചങ്ങലകളിൽനിന്ന് അതു നമ്മളെ മോചിപ്പിക്കുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതിതാണ്: “നമുക്കെതിരേ തെറ്റുചെയ്തവരോടു ക്ഷമിച്ചില്ലെങ്കിൽ ദൈവകാരുണ്യത്തിൻ്റെ പ്രവാഹം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുകയില്ല.” (CCC 2840). വിശുദ്ധഫ്രാൻസീസ് ഡി സാലസ് പറഞ്ഞതുപോലെ, "ഒരാളോടു ക്ഷമിക്കുന്നത്, ആ വ്യക്തിക്കു നിങ്ങൾ നൽകുന്ന സമ്മാനമല്ല, മറിച്ച് നിങ്ങളുടെ ഹൃദയത്തിനു നിങ്ങൾ നൽകുന്ന സമാധാനമാണ്."
കുരിശിൽക്കിടന്നുകൊണ്ട്, തന്നെ ക്രൂശിച്ചവർക്കുവേണ്ടി ഈശോ പ്രാർത്ഥിച്ചു: "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല." (ലൂക്കാ 23:34) ആ ക്രിസ്തുവാണു നമ്മുടെ മാതൃക. വർഷങ്ങളായി മിണ്ടാതിരിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ ഈ നോമ്പുകാലത്ത് സ്നേഹപൂർവ്വം അവരെ വിളിക്കാനും പിണക്കങ്ങൾ മാറ്റാനും നമുക്കു സാധിക്കണം. അനുരഞ്ജനത്തിന്റെ കുദാശയിലൂടെ, നമുക്ക് ദൈവവുമായി ഐക്യപ്പെടാനാകണമെങ്കിൽ നമ്മുടെ സഹോദരങ്ങളേയും ഹൃദയത്തോടു ചേർത്തുപിടിക്കാൻ നമുക്കു കഴിയണം. പിണക്കങ്ങൾ മാറ്റിവെച്ച് സ്നേഹത്തിന്റെ കൈകൾ നീട്ടുമ്പോളാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുശിഷ്യരാകുന്നത്.
CCC 2844 ൽ നമ്മളിങ്ങനെ വായിക്കുന്നു: "ശിഷ്യനെ ഗുരുവിനോട് അനുരൂപപ്പെടുത്തിക്കൊണ്ട്, അവനെ രൂപാന്തരപ്പെടുത്തുന്ന ക്രൈസ്തവപ്രാർത്ഥന, ശത്രുക്കളോടു ക്ഷമിക്കുന്നതിലേയ്ക്കെത്തുന്നു. .... ദൈവത്തിൻ്റെ കാരുണ്യത്തോടു സമരസപ്പെട്ട ഹൃദയങ്ങൾക്കുമാത്രമേ, പ്രാർത്ഥനയുടെ ദാനം സ്വീകരിക്കാനാകുകയുള്ളു."
വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, "മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്നത്, നിങ്ങൾതന്നെ വിഷം കുടിച്ചിട്ട് മറ്റൊരാൾ മരിക്കാൻ കാത്തിരിക്കുന്നതുപോലെയാണ്." അതിനാൽ, അനുരഞ്ജനത്തിന്റെ കുദാശയിലൂടെ ദൈവവുമായടുക്കാനും സഹോദരങ്ങളുമായി സ്നേഹത്തിലാകാനും ഈ ദിനം നമ്മെ ക്ഷണിക്കുന്നു.
പ്രാർത്ഥന:
കാരുണ്യവാനായ കർത്താവേ, മറ്റുള്ളവരോടു നിരുപാധികം ക്ഷമിക്കാനുള്ള വലിയ ഹൃദയം എനിക്കു നൽകണമേ. എന്റെയുള്ളിലെ പകയുടേയും വിദ്വേഷത്തിന്റെയും കനലുകളെ അങ്ങയുടെ സ്നേഹത്താൽ അണയ്ക്കണമേ. അങ്ങയുടെ കരുണ അനുഭവിച്ചറിഞ്ഞുകൊണ്ട്, എല്ലാവരുമായും അനുരഞ്ജനത്തിലാകാൻ എന്നെ സഹായിക്കണമേ. ആമേൻ.
----------------------------------------------------
നോമ്പുകാലത്തെ ഒരു തീരുമാനം:
ഇന്നു ഞാൻ ബോധപൂർവ്വം ഒരാളോടു ക്ഷമിക്കാനും പിണക്കത്തിലായിരിക്കുന്ന ഒരു വ്യക്തിയെ ഫോണിൽ വിളിക്കാനോ നേരിൽക്കാണാനോ ശ്രമിക്കും.
----------------------------------------------------
ഇന്നത്തെ ഈ ചിന്താവിഷയം നിങ്ങളെ സ്പർശിച്ചെങ്കിൽ ഇതു മറ്റുള്ളവർക്കു പങ്കുവയ്ക്കണേ. ✝️🙏
✍🏻 ജോസ് ആറുകാട്ടി
പ്രാർത്ഥനയിൽ സാറിനെ ഓർക്കുന്നു
ReplyDelete🙏🏻❤️
Delete