അദ്ധ്വാനത്തിന്റെ മഹത്വം
വലിയ
നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ചിന്താവിഷയം: അദ്ധ്വാനം ദൈവാരാധനയാക്കുക
മനുഷ്യജീവിതത്തിൽ അദ്ധ്വാനമെന്നത് കേവലം ഉപജീവനോപാധിമാത്രമല്ല, വിശുദ്ധീകരണത്തിനുള്ള മാർഗ്ഗംകൂടെയാണ്. നമ്മൾ ചെയ്യുന്ന ജോലി എന്തുതന്നെയായാലും - വീട്ടുജോലിയാകട്ടെ, കൃഷിയാകട്ടെ, ഓഫീസ് ജോലിയാകട്ടെ, മറ്റെന്തെങ്കിലും കഠിനമായ അദ്ധ്വാനമാകട്ടെ - എന്തുതന്നെയായാലും അത്, വിശ്വസ്തതയോടെയും ദൈവമഹത്വത്തിനായും ദൈവത്തോടും സഹോദരരോടുമുള്ള സ്നേഹത്തോടെയും ചെയ്യുമ്പോൾ അതു ദൈവാരാധനയായി മാറുന്നു. അലസത വെടിഞ്ഞ്, സമൂഹത്തിന്റെ നന്മയ്ക്കായി നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ വിളിക്കപ്പെട്ടവരാണു നമ്മൾ.
വിശുദ്ധ ഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ത്ഥതയോടെ ചെയ്യുവിന്‍.
നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്."
(കൊളോസോസ് 3 : 23-24)
അദ്ധ്വാനിക്കുന്നവന്റെ വിയർപ്പിന് ദൈവം വലിയ വില നൽകുന്നു. നേരായ വഴിയിലൂടെയുള്ള അദ്ധ്വാനം ദൈവാനുഗ്രഹത്തിന്റെ ഉറവിടമാണ്. "കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അദ്ധ്വാനഫലം നീയനുഭവിക്കും;
നീ സന്തുഷ്‌ടനായിരിക്കും; നിനക്കു നന്മ വരും.
(സങ്കീര്‍ത്തനങ്ങള്‍ 128 : 1-2 )
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, അദ്ധ്വാനത്തിന്റെ മൂല്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ടവരും, ഭൂമിയെ കീഴടക്കി, പരസ്‌പരസഹകരണത്തോടെ, പരസ്‌പരോപകാരത്തിനായി, സൃഷ്‌ടികർമം തുടരാൻ വിളിക്കപ്പെട്ടവരുമായ വ്യക്തികളിൽനിന്നു മാനുഷികപ്രയത്നം നേരിട്ടു പുറപ്പെടുന്നു. അതുകൊണ്ട് തൊഴിൽ ഒരു കടമയാണ്. “അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ. (2 തെസലോനിക്കാ 3 : 10) സ്രഷ്‌ടാവിൽനിന്നു സ്വീകരിച്ച ദാനങ്ങളെയും കഴിവുകളെയും തൊഴിൽ ആദരിക്കുന്നു. അത് രക്ഷാകരവുമാകാം. നസ്രത്തിലെ തച്ചനും കാൽവരിയിൽ ക്രൂശിക്കപ്പെട്ടവനുമായ യേശുവിനോടുള്ള ഐക്യത്തിൽ, അദ്ധ്വാനത്തിൻ്റെ ക്ലേശം സഹിച്ചുകൊണ്ട്, മനുഷ്യൻ സവിശേഷരീതിയിൽ ദൈവപുത്രനോടു രക്ഷാകരജോലിയിൽ സഹകരിക്കുകയാണ്. താൻ ചെയ്യാൻ വിളിക്കപ്പെട്ടിട്ടുള്ള ജോലിയിൽ, അനുദിനം കുരിശുവഹിച്ചകൊണ്ട് അവൻ ക്രിസ്തുവിന്റെ ശിഷ്യനാണെന്നു തെളിയിക്കുന്നു. വിശുദ്ധീകരണത്തിന്റെ ഒരുപാധിയും ഭൗതികവസ്തുക്കളെ ക്രിസ്തുവിൻ്റെ ആത്മാവിനാൽ ചൈതന്യവത്കരിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായിത്തീരുവാൻ തൊഴിലിനു കഴിയും."
വിശുദ്ധജോൺപോൾ രണ്ടാമൻ പാപ്പ തന്റെ 'Laborem Exercens' (മനുഷ്യന്റെ അദ്ധ്വാനം) എന്ന വിശ്വലേഖനത്തിൽ അദ്ധ്വാനത്തെക്കുറിച്ച് ആഴമായ കാഴ്ചപ്പാടുകൾ നൽകിയിട്ടുണ്ട്. അദ്ധ്വാനത്തിലൂടെ മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പഠിപ്പിച്ചു. ലിസ്യുവിലെ
വിശുദ്ധ തെരേസ (കൊച്ചുത്രേസ്യ) തന്റെ 'ചെറുപാത'യിലൂടെ നമ്മെ പഠിപ്പിച്ചത്, ചെറിയ ജോലികൾപോലും സ്നേഹത്തോടെയും ദൈവമഹത്വത്തിനായും ചെയ്യുമ്പോൾ അത് വലിയ പുണ്യമായിമാറുന്നു എന്നാണ്. "മടുപ്പില്ലാത്ത അദ്ധ്വാനവും ദൈവഹിതത്തോടുള്ള വിശ്വസ്തതയുമാണ് വിശുദ്ധിയിലേക്കുള്ള വഴി" എന്ന് വിശുദ്ധ അഗസ്റ്റിനും ഓർമ്മിപ്പിക്കുന്നുണ്ട്.
ഇന്നുമുതൽ നമുക്കൊരു തീരുമാനമെടുക്കാം:- എന്റെ ജോലികൾ പരാതികൂടാതെയും കൃത്യനിഷ്ഠയോടെയും ചെയ്യാൻ ഞാൻ ശ്രദ്ധിക്കും. ജോലി തുടങ്ങുന്നതിനു മുമ്പ് അത് ദൈവത്തിനു സമർപ്പിക്കുകയും സഹപ്രവർത്തകരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യും.
പ്രാർത്ഥന:
കർത്താവേ, എന്റെ എല്ലാ അദ്ധ്വാനങ്ങളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു. എന്റെ കഴിവുകൾ ലോകനന്മയ്ക്കായി ഉപയോഗിക്കാനും അലസത വെടിഞ്ഞ് വിശ്വസ്തതയോടെ പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. ആമേൻ.
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment