🌜 മരണമെത്തുന്ന നേരം 🌛
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ.
ചിന്താവിഷയം:
👣 നിത്യതയിലേക്കുള്ള ഒരുക്കം. 👣
ഇന്നത്തെ ലോകം ലോകാവസാന നാളുകളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.സോഷ്യൽമീഡിയകളിൽ അന്ത്യകാലസന്ദേശങ്ങൾ നിറഞ്ഞുനിൽക്കുന്നു. നിരവധിയാളുകൾ ലോകാവസാനത്തെക്കുറിച്ചുള്ള വാർത്തകളും പ്രവചനങ്ങളും കേട്ട് പരിഭ്രാന്തരാകുന്നുമുണ്ട്.
എന്നാൽ ലോകാവസാനത്തേക്കാളുപരിയായി, നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ലോകം അവസാനിക്കുന്നത് നമ്മുടെ മരണത്തോടെയാണെന്ന സത്യം പലപ്പോഴും നമ്മൾ മറന്നുപോകുന്നു. മരണത്തോടെ നാം തനതുവിധിയിലേക്കും, തുടർന്ന് നിത്യതയിലേക്കും പ്രവേശിക്കുകയാണ്. ഏതു നിമിഷവും ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ടേക്കാമെന്ന ബോദ്ധ്യത്തോടെ എപ്പോഴും ഒരുങ്ങിയിരിക്കുകയെന്നതാണ് യഥാർത്ഥമായ ആത്മീയത.
ഈ ലോകം നമുക്കു താൽക്കാലികമായ ഒരു താവളംമാത്രമാണ്. "ഇപ്പോഴാകട്ടെ, അവര്‍ അതിനെക്കാള്‍ ശ്രേഷ്‌ഠവും സ്വര്‍ഗ്ഗീയവുമായതിനെ ലക്ഷ്യംവയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതില്‍ ദൈവം ലജ്ജിക്കുന്നില്ല. അവര്‍ക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ."
(ഹെബ്രായര്‍ 11 : 16)
മരണത്തെ ഭയപ്പെടേണ്ട ഒന്നായല്ല, മറിച്ച് ദൈവത്തെ മുഖാമുഖം കാണാനുള്ള വാതിലായാണു കാണേണ്ടത്. വിവേകവതികളായ കന്യകമാരെപ്പോലെ, വിളക്കിൽ എണ്ണ കരുതിക്കൊണ്ട്, മണവാളന്റെ വരവിനായി നമ്മൾ കാത്തിരിക്കണം. "അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങളറിയുന്നില്ല." (മത്തായി 25:13).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മരണത്തെയും വിധിയെയുംകുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ സാദ്ധ്യമായ സമയം എന്നനിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യംകുറിക്കുന്നു. വിധിയെപ്പററി പുതിയനിയമം പറയുന്നത് ഒന്നാമതായി, യേശുവിൻെറ ദ്വിതീയാഗമനവേളയിൽ അവിടുന്നുമായുള്ള അന്തിമസമാഗമത്തിൻ്റെ പശ്ചാത്തലത്തിലാണ്. എന്നാൽ ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെതന്നെ തൻ്റെ പ്രവൃത്തികൾക്കും വിശ്വാസത്തിനുമനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്നു പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്റെ ഉപമയും ക്രിസ്തു കുരിശിൽക്കിടന്നു നല്ലകള്ളനോടു പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയനിയമത്തിലെ മറ്റു പല ഭാഗങ്ങളും ആത്മാവിന്റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭഗധേയത്തെപ്പറ്റി - പറയുന്നുണ്ട്. (CCC 1021)
ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തൻ്റെ അമർത്ത്യമായ ആത്മാവിൽ തന്റെ ശാശ്വതപ്രതിഫലം സ്വീകരിക്കുന്നു ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം." (CCC 1022).
നല്ലൊരു മരണത്തിനായൊരുങ്ങുകയെന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്.
വിശുദ്ധഅഗസ്റ്റിൻ മനോഹരമായി പറഞ്ഞു: "മരണം ഒരവസാനമല്ല, അനന്തതയിലേക്കുള്ള തുടക്കമാണ്." നമ്മുടെ ഹൃദയം ദൈവത്തിൽ വിശ്രമിക്കുന്നതുവരെ അതിനു സമാധാനമില്ലെന്നും അദ്ദേഹമോർമ്മിപ്പിച്ചു. വിശുദ്ധഫ്രാൻസ്സിസ് അസ്സീസി മരണത്തെ 'സഹോദരി മരണം' എന്നാണു വിളിച്ചത്; കാരണം അതു നമ്മളെ ദൈവത്തിലേയ്ക്കു നയിക്കുന്ന വഴിയാണ്. "ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു" എന്ന് അവസാനനിമിഷംവരെ ഉരുവിടാൻ വിശുദ്ധമരിയ ഫൗസ്റ്റീന നമ്മെ പഠിപ്പിക്കുന്നു. ദൈവകാരുണയിൽ ആശ്രയിക്കുന്നവനു മരണഭയമില്ല, മറിച്ച് സ്വർഗ്ഗീയഭവനത്തിലേക്കുള്ള യാത്രയുടെ സന്തോഷമാണുള്ളത്.
നമ്മുടെ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ചിന്തിക്കാം. എപ്പോൾ വേണമെങ്കിലും ദൈവസന്നിധിയിൽ നിൽക്കാൻ തക്കവിധം ഹൃദയശുദ്ധിയോടെ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം. നല്ല മരണം ലഭിക്കാനായി വിശുദ്ധയൗസേപ്പിതാവിന്റെ മദ്ധ്യസ്ഥത തേടാം.
പ്രാർത്ഥന:
കർത്താവേ, എന്റെ ജീവിതം അങ്ങേയ്ക്കായി സമർപ്പിക്കുന്നു. ഏതു നിമിഷവും അങ്ങയെ മുഖാമുഖം കാണാൻതക്കവിധം ഒരുക്കമുള്ളൊരു ഹൃദയം എനിക്കു നൽകണമേ. നല്ലൊരു മരണം നൽകി എന്നെ അനുഗ്രഹിക്കണമേ. ആമേൻ.
✝️🙏 Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment