❤️ യേശുവിന്റെ തിരുഹൃദയത്തിൽ ❤️
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 33-ാം ദിവസം.
ചിന്താവിഷയം:
🔥 തിരുഹൃദയഭക്തിയും ദൈവകരുണയിലുള്ള ആശ്രയവും 🔥
വിശുദ്ധവാരത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിനു തൊട്ടുമുമ്പുള്ള ഈ ദിനങ്ങളിൽ, സഭ നമ്മെ ക്ഷണിക്കുന്നത്, സ്നേഹനിധിയായ ഈശോയുടെ തിരുഹൃദയത്തിലേക്കും അവിടുത്തെ അപാരമായ കരുണയിലേക്കുമാണ്. സ്നേഹാഗ്നിയാൽ ജ്വലിക്കുന്നതും കുന്തത്താൽ കുത്തിത്തുറക്കപ്പെട്ടതുമായ തന്റെ തിരുഹൃദയത്തിലേക്ക് മനുഷ്യകുലത്തെ ക്ഷണിച്ചുകൊണ്ടാണ് വിശുദ്ധമാർഗരറ്റ് മേരി അലക്കോക്കിലൂടെ തിരുഹൃദയഭക്തിയുടെ സന്ദേശം ലോകത്തിനു നൽകപ്പെട്ടത്. അത് കേവലം ഒരു ഭക്തിപ്രകടനമല്ല, ദൈവത്തിന്റെ അളവറ്റ സ്നേഹത്തോടുള്ള നമ്മുടെ പ്രത്യുത്തരമാണ്.
അതേ തിരുഹൃദയത്തിൽനിന്നൊഴുകുന്ന രക്തത്തിന്റെയും ജലത്തിന്റെയും സ്നേഹപ്രവാഹത്തെയാണ് വിശുദ്ധമരിയ ഫൗസ്റ്റീനയിലൂടെ 'ദൈവകരുണ'യായി ലോകം ദർശിച്ചത്. കുരിശിൽ കുത്തിത്തുറക്കപ്പെട്ട ആ ഹൃദയത്തിൽനിന്നാണ്, കരുണയുടെ ഉറവിടം നമുക്കായി തുറക്കപ്പെട്ടത്. നമ്മുടെ ബലഹീനതകളിൽ നമ്മെ ശക്തിപ്പെടുത്താനും വിശുദ്ധീകരിക്കാനുമായി കർത്താവു കാത്തിരിക്കുന്നു. അവിടുത്തെ തിരുഹൃദയത്തിൽ നമുക്കഭയം തേടാം. വിശുദ്ധഗ്രന്ഥം നമ്മളെ ആശ്വസിപ്പിക്കുന്നു: "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ യടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം." (മത്തായി 11:28).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം തിരുഹൃദയത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "നമ്മുടെ പാപംമൂലവും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പിളർക്കപ്പെട്ട ഈശോയുടെ തിരുഹൃദയം, ദിവ്യരക്ഷകൻ തൻ്റെ നിത്യപിതാവിനെയും സർവ്വമനുഷ്യരെയും നിരന്തരം സ്നേഹിക്കുന്ന ആ സ്നേഹത്തിന്റെ മുഖ്യ അടയാളവും പ്രതീകവുമായാണു പരിഗണിക്കപ്പെടുന്നത്." (CCC 478). ദിവ്യരക്ഷകന്റെ തിരുഹൃദയത്തെ ആരാധിക്കുന്നത് അവിടുത്തെ സ്നേഹത്തെ ആരാധിക്കുന്നതിനു തുല്യമാണ്.
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു: "ക്രിസ്തുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള ധ്യാനം, മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് നമ്മെ നയിക്കുന്നു. കാരണം, മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ഏറ്റവുമുജ്ജ്വലമായ അടയാളമാണ് ആ ഹൃദയം." (Message of John Paul II on the 100th Anniversary of the Consecration of the Human Race to the Divine Heart of Jesus). ദൈവത്തിന്റെ സ്നേഹം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടത് ആ തിരുഹൃദയത്തിലൂടെയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ നമ്മൾ ഇപ്രകാരം വായിക്കുന്നു: " ജൂൺ 4- ഇന്ന് ഈശോയുടെ തിരുഹൃദയത്തിൻ്റെ തിരുന്നാളാണ്. വിശുദ്ധകുർബാനയുടെ സമയത്ത്, അവിടുത്തെ ഹൃദയത്തിലെരിയുന്ന സ്നേഹാഗ്നിയുടെ സ്വഭാവത്തെക്കുറിച്ചും അവിടുത്തെ കരുണാസാഗരത്തെക്കുറിച്ചുമുള്ള അറിവ് എനിക്കു ലഭിച്ചു. അപ്പോൾ ഞാനീ സ്വരം ശ്രവിച്ചു. 'എൻ്റെ കരുണയുടെ അപ്പോസ്തലയേ, എൻ്റെ ആഴമളക്കാനാവാത്ത കരുണയെക്കുറിച്ച് ലോകം മുഴുവനോടും ഉദ്ഘോഷിക്കുക. എൻ്റെ കരുണയെപ്പറ്റി പ്രഘോഷിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതികൂലങ്ങളിൽ നീ ഭഗ്നാശയാകരുത്. ഇതെൻ്റെ പ്രവൃത്തിയാണെന്നുള്ള സാക്ഷ്യത്തിനും നിന്റെ വിശുദ്ധീകരണത്തിനും നിന്നെ വേദനിപ്പിക്കുന്ന ഈ പ്രതികൂലങ്ങൾ അനിവാര്യമാണ്. എൻ്റെ മകളേ, എൻ്റെ കരുണയെപ്പറ്റി ഞാൻ നിന്നോടു പറയുന്ന ഓരോ വാചകവും എഴുതുന്നതിൽ നീ സ്ഥിരോത്സാഹമുള്ളവളായിരിക്കുക. എന്തെന്നാൽ, വളരെയധികം ആത്മാക്കൾക്കു പ്രയോജനം ലഭിക്കാൻ ഉദ്ദേശിച്ചുള്ളതാണിത്." (ഖണ്ഡിക 1142)
"യേശുവേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു" എന്ന് പൂർണ്ണഹൃദയത്തോടെ ഉരുവിടുന്നവർക്ക് ആ ഹൃദയം എന്നും അഭയസ്ഥാനമാണ്. വിശുദ്ധഅഗസ്റ്റിന്റെ വാക്കുകൾപോലെ, "എൻ്റെ ഹൃദയം അങ്ങയിലെത്തി വിശ്രമിക്കുന്നതുവരെ അതിനു സമാധാനമില്ല." അവിടുത്തെ കരുണയുടെ ആഴങ്ങളിൽ നമ്മുടെ എല്ലാ പാപങ്ങളും ബലഹീനതകളും നമുക്കു കഴുകിവെടിപ്പാക്കാം.
ദൈവകരുണയുടെ ജപമാല (Divine Mercy Chaplet) ഭക്തിപൂർവ്വംചൊല്ലുന്നത് ഒരു ശീലമാക്കാനും ഈശോയുടെ തിരുഹൃദയത്തോടു ചേർന്നുനിന്ന്, നമ്മുടെ പ്രവൃത്തികളെ വിശുദ്ധീകരിക്കാനും നമുക്കു ശ്രമിക്കാം.
ആവുന്നതുപോലെ കാരുണ്യപ്രവൃത്തികൾചെയ്തും ഈ ദുഃഖവെള്ളിയാഴ്ചമുതൽ ദൈവകരുണയുടെ നവനാൾ ചൊല്ലിയും അനുതാപത്തോടെ കുമ്പസാരിച്ചൊരുങ്ങിയും ഈ വരുന്ന ദൈവകരുണയുടെ തിരുനാളിൽ നമുക്കു പങ്കുകൊള്ളാം.
പ്രാർത്ഥന:
ഈശോയുടെ അതിമാന്യമായ തിരുഹൃദയമേ, എന്നെ അങ്ങയുടെ ഹൃദയത്തിലൊളിപ്പിക്കണമേ. അങ്ങയുടെ കരുണയുടെ സാഗരത്തിൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment