Tuesday, 3 March 2026

നോമ്പുകാലചിന്തകൾ: പതിമൂന്നാം ദിവസം

കുമ്പസാരം - ആത്മാവിന്റെ ശുദ്ധീകരണം
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
​ചിന്താവിഷയം: അനുരഞ്ജനകൂദാശയിലൂടെ ലഭ്യമാകുന്ന ദൈവകരുണ

"ഞാന്‍ പാപങ്ങള്‍ ഏറ്റുപറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്‌
എന്റെ ശരീരം ക്ഷയിച്ചുപോയി."
(സങ്കീര്‍ത്തനങ്ങള്‍ 32 : 3). ആത്മശോധനയും കുമ്പസാരവും എല്ലായ്പ്പോഴും നമ്മളുടെ ആത്മീയവും മാനസികവുമായ ശക്തിസ്രോതസ്സാണ്.  കുമ്പസാരത്തിലൂടെ ആത്മാവിനെ കൂടുതൽ തീക്ഷ്ണതയോടെ വിശുദ്ധീകരിക്കേണ്ട പുണ്യകാലമാണ്, ഓരോ നോമ്പുകാലവും! എത്രവലിയ പാപക്കറ നമ്മിലുണ്ടെങ്കിലും ദൈവത്തിന്റെ കാരുണ്യം അതിരറ്റതാണല്ലോ!  

"എന്റെ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു;
എന്റെ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല;
എന്റെ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയും എന്നു ഞാന്‍ പറഞ്ഞു;
അപ്പോള്‍ എന്റെ പാപം അവിടുന്നു ക്ഷമിച്ചു." (സങ്കീര്‍ത്തനങ്ങള്‍ 32 : 5).

ധൂർത്തപുത്രൻ മടങ്ങിവരുമ്പോൾ ദൂരെവച്ചുതന്നെ അവനെക്കണ്ട് ഓടിയെത്തി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ആ സ്നേഹനിധിയായ പിതാവിനെപ്പോലെ (ലൂക്കാ 15:20), ഓരോ നിമിഷവും ദൈവം നമ്മെ കാത്തിരിക്കുകയാണ്. അനുരഞ്ജനകൂദാശ (കുമ്പസാരം) യെന്നാൽ കേവലം തെറ്റുകളുടെ ഒരു പട്ടിക വായിക്കലോ പറയലോ അല്ല,  തകർന്നുപോയ ദൈവമനുഷ്യബന്ധം വീണ്ടും തുന്നിച്ചേർത്ത് അവിടുത്തെ സ്നേഹത്തിലേക്കുള്ള തിരിച്ചുപോക്കാണത്. എൻ്റെ വാക്കുകൾ, എൻ്റെ പ്രവൃത്തികൾ, എൻ്റെ ഉപേക്ഷകൾ  ദൈവത്തെ വേദനിപ്പിച്ചു എന്ന തിരിച്ചറിവോടെ, ഹൃദയപൂർവ്വം അനുതപിച്ചുകൊണ്ട്, വീഴ്ചകൾ ഏറ്റുപറയുമ്പോൾമാത്രമാണ്, കുമ്പസാരം ഫലദായകമാകുന്നത്. ഹൃദയത്തിൻ്റെ ആഴങ്ങളറിയുന്ന ദൈവത്തിൻ്റെ അനന്തകരുണയുടെ ഉറവ അപ്പോളാണ്, നമ്മളിലേക്കൊഴുകുന്നത്. യഥാർത്ഥമായ അനുതാപത്തോടുകൂടെയല്ലാത്ത കുമ്പസാരം, പൊള്ളയായ വാചകക്കസർത്തും ഫലശൂന്യമായ പ്രവൃത്തിയുമാണ്.

യഥാർത്ഥമായ അനുതാപത്തോടെ, ​നമ്മുടെയുള്ളിലെ ഇരുണ്ട കോണുകളെ ദൈവത്തിന്റെ കരുണാമയമായ പ്രകാശത്തിലേക്കു തുറന്നുകൊടുക്കാൻ ഓരോ കുമ്പസാരത്തിലും നമുക്കു ശ്രമിക്കാം. അവിടുത്തെ മുമ്പിൽനിന്ന് ഒന്നും മറച്ചുവയ്ക്കാൻ നമുക്കാവില്ല;  എന്നാൽ നമ്മൾ ഹൃദയപരമാർത്ഥതയോടെ സമീപിച്ചാൽ, അവിടുന്ന് എല്ലാം ക്ഷമിക്കാൻ സന്നദ്ധനാണ്. "കര്‍ത്താവരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും." (ഏശയ്യാ 1 : 18) എന്ന വചനം നമുക്കു പ്രത്യാശ നൽകുന്നു.

കുമ്പസാരംവഴി ലഭിക്കുന്ന ആത്മീയസമാധാനവും കരുത്തും വിവരണാതീതമാണ്. ഈ നോമ്പുകാലത്തും തുടർന്നും നല്ല ഒരുക്കത്തോടെ അനുരഞ്ജനത്തിന്റെ ഈ കൂദാശ സ്വീകരിക്കാൻ നമുക്കു തീരുമാനമെടുക്കാം. അത്, നമ്മുടെ ആത്മാവിനെ നവീകരിക്കുകയും ക്രിസ്തുവിൽ പുതിയൊരു മനുഷ്യനായി  ജീവിക്കാൻ നമ്മളെ പ്രാപതരാക്കുകയും ചെയ്യും.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അനുരഞ്ജനത്തിന്റെ കൂദാശയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "പാപങ്ങളുടെ ഏറ്റുപറച്ചിൽ, കേവലം മാനുഷികവീക്ഷണത്തിൽപ്പോലും, നമ്മളെ സ്വതന്ത്രരാക്കുകയും മറ്റുള്ളവരോടു രമ്യതപ്പെടാൻ എളുപ്പമുണ്ടാക്കുകയും ചെയ്യുന്നതായിക്കാണാം. അപ്രകാരമുള്ള സ്വയം അംഗീകരിക്കലിലൂടെ മനുഷ്യൻ തൻ്റെ അപരാധങ്ങൾ ആത്മാർത്ഥമായി നോക്കിക്കാണുന്നു. അവയുടെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. അതുവഴി, പുതിയൊരു ഭാവിജീവിതം സാദ്ധ്യമാക്കാൻവേണ്ടി, തന്നെത്തന്നെ ദൈവത്തിലേക്കും സഭയുടെ സംസർഗ്ഗത്തിലേക്കും കൂടുതൽ തുറവിയുള്ളവനാക്കുന്നു." (CCC 1455).

വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നതായിക്കാണാം: "മകളേ, നീ കുമ്പസാരിക്കാനായി എന്റെ കാരുണയുടെ നീരുറവയെ സമീപിക്കുമ്പോളെല്ലാം എൻ്റെ ഹൃദയത്തിൽനിന്നു പുറപ്പെട്ട രക്തവും ജലവും നിന്റെ ആത്മാവിലേക്ക് ഒഴുകിയിറങ്ങി അതിനെ വിശുദ്ധീകരിക്കുന്നു" (Diary 1602). വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നത്, നന്മയുടെ പ്രവൃത്തിയുടെ തുടക്കമാണ്. കർത്താവിന്റെ അളവറ്റ കാരുണ്യത്തിൽ വിശ്വസിച്ച്, നമുക്ക് അവിടുത്തെ പക്കലേക്കു മടങ്ങാം.
ഈ നോമ്പുകാലത്ത് നല്ലൊരു കുമ്പസാരത്തിനായി ഇന്നുമുതൽ മനസാക്ഷിയെ പ്രത്യേകം ശോധനചെയ്യുകയും അടുത്ത ദിവസങ്ങളിൽത്തന്നെ അനുരഞ്ജനത്തിന്റെ കൂദാശ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യാം. കുറഞ്ഞ ഇടവേളകളിൽ (ആഴ്ചയിലൊരിക്കലെങ്കിലും) ശരിയായി ആത്മശോധനചെയ്ത്, പൂർണ്ണമായ അനുതാപത്തോടെ കുമ്പസാരിക്കുന്ന ശീലം നമുക്കു വളർത്തിയെടുക്കാം.

പ്രാർത്ഥന:
കാരുണ്യവാനായ ദൈവമേ, എന്റെ പാപങ്ങൾ, ശരിയായ അനുതാപത്തോടെ ഏറ്റുപറയാനുള്ള വിനയവും ധൈര്യവും എനിക്കു നൽകണമേ. അങ്ങയുടെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ തണലിൽ വിശുദ്ധിയോടെ ജീവിക്കാൻ എന്നെയനുഗ്രഹിക്കണമേ. ആമേൻ.
-----------------------------------
🕎 Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏

No comments:

Post a Comment