❤️ നാവിന്റെ മിതത്വം ❤️
വലിയ നോമ്പിൻ്റെ 40 ദിനങ്ങൾ, 40 ചിന്തകൾ
പന്ത്രണ്ടാം ദിവസം
ചിന്താവിഷയം: വാക്കുകൾ മുറിവേൽപ്പിക്കാതിരിക്കട്ടെ
ജീവൻ നൽകാനും കൊല്ലാനും വാക്കുകൾക്കു ശക്തിയുണ്ടെന്ന് വിശുദ്ധഗ്രന്ഥം നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ ആത്മീയജീവിതത്തിന്റെ ഗുണനിലവാരമളക്കുന്നതിനുള്ള പല ഘടകങ്ങളിലൊന്ന്, നമ്മുടെ സംസാരമാണ്.
"വായിലേയ്ക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്." (മത്തായി 15:11). എന്ന് ഈശോ നമ്മളെ പഠിപ്പിച്ചു. "ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്." (മത്തായി 12 : 34). അതിനാൽ, നമ്മുടെ വാക്കുകൾ വിശുദ്ധീകരിക്കപ്പെടണമെങ്കിൽ ആദ്യം നമ്മുടെ ഹൃദയം സ്നേഹത്താൽ നിറയണം.
ലിയോ പതിനാലാമൻ പാപ്പ 2026-ലെ നോമ്പുകാലസന്ദേശത്തിൽ ("Listening and Fasting") ആഹ്വാനംചെയ്തതുപോലെ, 'വാക്കുകളെ നിരായുധീകരിക്കുക' എന്നത് ഈ നോമ്പുകാലത്തെ വലിയൊരു വെല്ലുവിളിയാണ്. മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റാരോപണങ്ങൾ, പരദൂഷണം, പരിഹാസം എന്നിവ ആത്മീയമായും മാനസികമായും മുറിവുകളേല്പിക്കുന്നു. സത്യമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതുപോലെതന്നെ അപകടകരമാണ് ഒരാളുടെ വീഴ്ചകൾ (അതു സത്യമാണെങ്കിൽപ്പോലും) അനാവശ്യമായി മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തുന്നതും. സ്നേഹത്തിന്റെയും പ്രത്യാശയുടെയും വാക്കുകളിലൂടെ സംസാരിക്കാൻ നമ്മുടെ നാവുകളെ ഈ നോമ്പുകാലത്തു പരിശീലിപ്പിക്കാം.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എട്ടാം പ്രമാണത്തെക്കുറിച്ചു വിശദീകരിക്കുമ്പോൾ, കൃസ്തുവിശ്വാസിയായ ഒരു വ്യക്തിയുടെ സംസാരശൈലിയും വാക്കുകളും എങ്ങനെയാകണമെന്നു പഠിപ്പിക്കുന്നുണ്ട്.
"വ്യക്തികളുടെ സൽപ്പേരിനോടുള്ള ആദരവ്:- അവർക്ക് അന്യായമായ ക്ഷതം വരുത്താൻ സാദ്ധ്യതയുള്ള ഓരോ മനോഭാവത്തേയുംവാക്കിനേയും നിരോധിച്ചിരിക്കുന്നു.
വിവേകരഹിതമായ വിധിനിർണ്ണയം: അയൽക്കാരൻ്റെ ധാർമ്മികതെറ്റിനെ, മതിയായ അടിസ്ഥാനമില്ലാതെ, മൗനംകൊണ്ടാണെങ്കിൽപ്പോലും ശരിയാണെന്നു സങ്കല്പിക്കുന്നത്.
അപകീർത്തിപ്പെടുത്തൽ: വസ്തുനിഷ്ഠമായി സാധുവായ കാരണമില്ലാതെ, മറ്റുള്ളവൻ്റെ തെറ്റുകളേയും പരാജയങ്ങളേയും അവയെപ്പറ്റി അറിയാത്തവരോടു പറയുന്നത്.
ഏഷണി: സത്യത്തിനു വിരുദ്ധമായ പ്രസ്താവനകളിലൂടെ മറ്റുള്ളവരുടെ സൽപ്പേരിനു ദ്രോഹം ചെയ്യുകയും അവരെപ്പറ്റി തെറ്റായ വിധിനിർണ്ണയങ്ങൾക്കു സന്ദർഭം നല്കുകയും ചെയ്യുന്നത്. (CCC 2478)
ഇത്തരത്തിൽ അപകീർത്തിപ്പെടുത്തൽ, ഏഷണി, മുഖസ്തുതി, കാര്യസാദ്ധ്യത്തിനായി മറ്റൊരാളെ പുകഴ്ത്തിപ്പറയുന്നത്, ആത്മപ്രശംസ, നുണ തുടങ്ങിയവയിലൂടെ എട്ടാംപ്രമാണലംഘനമെന്ന പാപം എങ്ങനെ കടന്നുവരുന്നുവെന്ന് CCC പഠിപ്പിക്കുന്നു.
ദുഷ്പ്രചരണവും അപവാദവും ഒഴിവാക്കാൻ ഓരോ ക്രിസ്ത്യാനിയും കടപ്പെട്ടിരിക്കുന്നു. അയൽക്കാരന്റെ സൽപ്പേരും ബഹുമാനവും കാത്തുസൂക്ഷിക്കുകയെന്നത് നീതിയുടെയും ഉപവിയുടെയും ഭാഗമാണ്. ഇത്തരത്തിൽ
CCC 2475 മുതൽ 2487 വരെയുള്ള ഖണ്ഡികകൾ നമ്മുടെ നാവിനെയും വാക്കുകളേയും എങ്ങനെയൊക്കെയാണു നിയന്ത്രിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിലെ 118-ാം ഖണ്ഡിക നമുക്കു നല്കുന്ന സന്ദേശമിതാണ്: ആന്തരീകനിശബ്ദയിലാണ്, ദൈവം സംസാരിക്കുന്നത്. നാവിനെ നിയന്ത്രിക്കാത്ത ആത്മാവിന് ഒരിക്കലും വിശുദ്ധിയിൽ വളരാൻ കഴിയില്ല. വിശുദ്ധ അഗസ്റ്റിന്റെ ഭക്ഷണമേശയിൽ ഇപ്രകാരമെഴുതിവച്ചിരുന്നതായി വായിച്ചിട്ടുണ്ട്: "ഇവിടെ സന്നിഹിതനല്ലാത്ത സുഹൃത്തിനെ പരിഹസിക്കുന്നവർക്ക് ഈ മേശയിൽ സ്ഥാനമില്ല." നമ്മുടെ വാക്കുകൾ, എപ്പോഴും മറ്റുള്ളവർക്ക് ആശ്വാസപ്രദവും ദൈവത്തിനു പ്രീതികരവുമായിരിക്കട്ടെ.
ഇന്നു നമുക്കൊരു തീരുമാനമെടുക്കാം. ഇന്നും ഇനിയുള്ള എൻ്റെ ജീവിതകാലത്തും ആരെക്കുറിച്ചും ഒരു കുറ്റമോ പരാതിയോ പരിഹാസമോ പറയാതിരിക്കാൻ ഞാൻ ശ്രദ്ധിക്കും. മറ്റൊരാളെക്കുറിച്ച്, ആരെങ്കിലും മോശമായി സംസാരിക്കുന്നതു കേൾക്കാനിടയായാൽ ആ സംഭാഷണത്തിൽനിന്ന് മാന്യമായി പിന്മാറുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യും.
പ്രാർത്ഥന:
എന്റെ അധരങ്ങൾക്കു കാവൽനിൽക്കുന്ന കർത്താവേ, എന്റെ വാക്കുകൾകൊണ്ട് ആരെയും മുറിവേല്പിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ സംസാരം എപ്പോഴും കൃപ നിറഞ്ഞതും മറ്റുള്ളവർക്കു നന്മ നൽകുന്നതുമാകട്ടെ. ആമേൻ.
--------------------------------------
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കൂ. ✝️🙏
#Lent2026 #NombuChintha #ControlOverSpeech #CatholicFaith #DisarmingLanguage #MalayalamReflection #Holiness #DailyLentReflection #FaithJourney #SpeechOfLove
No comments:
Post a Comment