നിശബ്ദതയുടെ പുണ്യം
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
പതിനഞ്ചാം ദിവസം
ചിന്താവിഷയം: ദൈവത്തിന്റെ സ്വരം കേൾക്കാൻ
ലോകത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ദൈവത്തിന്റെ മൃദുസ്വരം കേൾക്കണമെങ്കിൽ നാം നിശബ്ദത ശീലിക്കണം. നോമ്പുകാലം കേവലം ആഹാരവർജ്ജനത്തിന്റേതുമാത്രമല്ല, ആത്മീയമായ നിശബ്ദതയുടേതു കൂടെയാണ്. ഏലിയാ പ്രവാചകൻ കർത്താവിനെ കണ്ടുമുട്ടിയത് കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ ആയിരുന്നില്ല, മന്ദമാരുതന്റെതുപോലുള്ള മൃദുസ്വരത്തിലായിരുന്നു. (1 രാജാക്കന്മാർ 19:12). അനാവശ്യമായ ബഹളങ്ങളിൽനിന്നു മാറിനിൽക്കുമ്പോൾമാത്രമേ നമുക്കു നമ്മെത്തന്നെ തിരിച്ചറിയാനും ദൈവത്തോടടുക്കാനും സാധിക്കൂ.
ലിയോ പതിനാലാമൻ പാപ്പയുടെ 2026-ലെ നോമ്പുകാലസന്ദേശമായ 'Listening and Fasting'-ൽ ഊന്നിപ്പറയുന്നതുപോലെ, ദൈവത്തെ ശ്രവിക്കുന്നത് ഒരാത്മീയദാഹമായി മാറണം. സംസാരിക്കുന്നതിനേക്കാൾ കൂടുതൽ, കേൾക്കാൻ നമ്മൾ പഠിക്കണം. ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും ശ്രദ്ധയോടെ കേൾക്കണം. ദിവസവും അല്പനേരം ബാഹ്യമായ ബഹളങ്ങളും സോഷ്യൽ മീഡിയയും മാറ്റിവച്ച് ദൈവസാന്നിദ്ധ്യത്തിലിരിക്കാൻ നമുക്കു ശ്രമിക്കാം.
യേശു പറയുന്നു.
"എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു."
(യോഹന്നാന്‍ 10 : 27) ലോകത്തിൻ്റെ ബഹളങ്ങളിൽനിന്നകന്ന്, നിശ്ശബ്ദതയിൽ, ഇടയൻ്റെ മൃദുസ്വരം ശ്രവിക്കാൻ നമുക്കു പരിശീലിക്കാം. സാധിക്കുമെങ്കിൽ ദിവ്യകാരുണ്യസന്നിധിയിൽ ഈ നിശബ്ദത കണ്ടെത്തുന്നത് ആത്മാവിനെ ദൈവവുമായി നേരിട്ടു ബന്ധിപ്പിക്കും.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രാർത്ഥനയിലെ നിശബ്ദതയെക്കുറിച്ചു പഠിപ്പിക്കുന്നത് ഇങ്ങനെ ചുരുക്കാം: "നിശബ്ദതയാണ്, ധ്യാനപരമായ പ്രാർത്ഥന. സ്നേഹത്തിന്റെ പ്രതീകമാണത്. ആ നിശബ്ദതയിൽ പിതാവായ ദൈവം തന്റെ വചനം നമ്മിൽ രൂപപ്പെടുത്തുന്നു. ഈ നിശ്ശബ്ദതയിലാണ്, പുത്രസ്വീകാര്യത്തിൻ്റെ ആത്മാവ്, യേശുവിൻ്റെ പ്രാർത്ഥനയിൽ നമ്മളെ പങ്കുകാരാക്കുന്നത്. (CCC 2717)
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ ഇപ്രകാരം അരുളിച്ചെയ്യുന്നു: "
"ദൈവസ്വരം ശ്രവിക്കണമെങ്കിൽ ആത്മാവിൽ നിശ്ശബ്ദത പാലിക്കണം. നിശ്ശബ്ദത പാലിക്കാൻ, വരണ്ടുണങ്ങിയ നിശ്ശബ്ദതയല്ല, ആന്തരീകനിശ്ശബ്ദത പാലിക്കാൻ ദൈവത്തിൽ ധ്യാനാത്മകമായിരിക്കുക. .............. വായാടിയായ ആത്മാവിന് ദൈവം തന്നെത്തന്നെ പ്രദാനംചെയ്യുകയില്ല. .................. വായാടിയായ ആത്മാവിൻ്റെ ഉള്ളുപൊള്ളയാണ്. അതിന്, അവശ്യം വേണ്ട പുണ്യങ്ങളുടെ അഭാവമുണ്ട്. ദൈവവുമായുള്ള ഗാഢസൗഹൃദമില്ല." (Diary 118). വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ, "ദൈവത്തിന്റെ ഭാഷ നിശബ്ദതയാണ്, അതു കേൾക്കാൻ നമ്മൾ നിശബ്ദത പരിശീലിക്കണം." വിശുദ്ധ മദർ തെരേസ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, 'നിശബ്ദതയുടെ ഫലം പ്രാർത്ഥനയാണ്.'
ദിവസവും പ്രഭാതത്തിൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും മൊബൈൽഫോണുൾപ്പെടെയുള്ള എല്ലാ ബഹളങ്ങളും മാറ്റിവച്ച്, ഏകാന്തമായി പ്രാർത്ഥനാപൂർവ്വ മിരിക്കാൻ തീരുമാനമെടുക്കാം. ഈ സമയം ദൈവത്തെ ശ്രവിക്കാൻമാത്രമായി നീക്കിവയ്ക്കാം.
പ്രാർത്ഥന:
ദൈവമേ, ലോകത്തിന്റെ കോലാഹലങ്ങളിൽ എന്റെ കാതുകൾ അടഞ്ഞുപോകാതിരിക്കട്ടെ. അങ്ങയുടെ മൃദുസ്വരം കേൾക്കാനാവശ്യമായത്ര നിശബ്ദത എന്റെ ഹൃദയത്തിൽ നിറയ്ക്കണമേ. ആമേൻ.
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ. ✝️🙏
No comments:
Post a Comment