വലിയ നോമ്പിന്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
💥തളർന്നുപോകാത്ത വിശ്വാസം💥
നോമ്പിന്റെ പകുതി ദൂരം നാം പിന്നിടാറായിരിക്കുന്നു. ഈ ആത്മീയയാത്രയുടെ മദ്ധ്യേയെത്താറുകുന്ന ഈ വേളയിൽ ഒരുപക്ഷേ, നമ്മുടെ ആദ്യത്തെ ആവേശം കുറഞ്ഞുപോയിട്ടുണ്ടാകാം. എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാകാതെ നമ്മൾ പതറിപ്പോയിട്ടുണ്ടാകാം; പ്രാർത്ഥനയിലും ഉപവാസത്തിലും അലസത കടന്നുകൂടിയിട്ടുണ്ടാകാം. എന്നാൽ ദൈവത്തിന്റെ കാരുണ്യം നമ്മളെ വീണ്ടും വിളിയ്ക്കുകയാണ്.
വിശുദ്ധഗ്രന്ഥം നമ്മളെ ആശ്വസിപ്പിക്കുന്നു: "ദൈവത്തിലാശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല."
(ഏശയ്യാ 40 : 31).
ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നതുപോലെ, നമ്മുടെ ദൈവം പ്രത്യാശയുടെ ദൈവമാണ്. വീണുപോകുന്നതല്ല, വീണിടത്തുനിന്ന് എഴുന്നേൽക്കാതിരിക്കുന്നതാണു പരാജയം.
ജീവിതത്തിലെ കഷ്ടതകൾക്കും തകർച്ചകൾക്കും കുറവുകൾക്കുമിടയിലും ദൈവത്തിന്റെ പരിപാലനയിൽ അടിയുറച്ചു വിശ്വസിക്കുന്നതാണ് യഥാർത്ഥമായ പ്രത്യാശ. നോമ്പുകാലം നമ്മളെയൊരുക്കുന്നത് കുരിശുമരണത്തിനപ്പുറമുള്ള മഹത്തായ ഉത്ഥാനത്തിലേയ്ക്കാണ്. അതിനാൽ നമ്മുടെ ജീവിതത്തിലെ കറുത്ത നിഴലുകളെ നോക്കി ഭയപ്പെടേണ്ടതില്ല.
ഇരുളിനുമപ്പുറം ഉത്ഥാനത്തിന്റെ പ്രകാശമുണ്ടെന്ന ഉറച്ച ബോദ്ധ്യം നമുക്കുണ്ടാകണം. പ്രത്യാശയെന്നത്, കേവലം നമ്മുടെ ആഗ്രഹമോ പ്രതീക്ഷയോ അല്ല, ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നമ്മുടെ ബലഹീനതകളിൽ ദൈവകൃപ നമ്മെ താങ്ങുമെന്ന് നമുക്കുറപ്പായി വിശ്വസിക്കാം. "അവിടുന്നെന്നോട് അരുളിച്ചെയ്‌തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്, എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്."
2 കോറിന്തോസ് 12 : 9
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രത്യാശയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിച്ചും നമ്മുടെ ശക്തിയിലാശ്രയിക്കാതെ പരിശുദ്ധാത്മാവിന്റെ കൃപാവരത്തിൻ്റെ സഹായത്തിലാശ്രയിച്ചും നമ്മുടെ സൗഭാഗ്യമെന്ന നിലയിൽ സ്വർഗ്ഗരാജ്യത്തെയും നിത്യജീവിതത്തെയും നാമാഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ, അതാണ്
പ്രത്യാശയെന്ന
ദൈവികസുകൃതം." (CCC 1817).
നമ്മുടെ വീഴ്ചകളിൽ നിരാശപ്പെടാതെ ദൈവകാരുണയിലാശ്രയിക്കാൻ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ നമ്മളെയോർമ്മിപ്പിക്കുന്നു. "എൻ്റെ മകളേ, എന്റെ കരുണയെക്കുറിച്ച് ആവശ്യത്തിനെഴുതിയെന്ന് നീ ചിന്തിക്കുന്നുണ്ടോ? മഹാസമുദ്രത്തിലെ ഒരു തുള്ളി ജലത്തിനു തുല്യമായതേ നീ ഇതുവരെ എഴുതിയിട്ടുള്ളു. ഞാൻ സ്നേഹവും കരുണയുംമാത്രമാണ്. ഒരു കഷ്‌ടതയും എൻ്റെ കരുണയോളമെത്തുകയില്ല; ഒരു കഷ്ടതയും അതിനെ തളർത്തുകയുമില്ല. കാരണം, അതു നൽകുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എൻ്റെ കരുണയിൽ പൂർണ്ണമായി ശരണംവയ്ക്കുന്ന ആത്മാക്കൾ ഏറ്റവും ഭാഗ്യവാന്മാരാണ്. ഞാൻതന്നെ അവരെ പരിപാലിക്കും." (Diary 1273).
ഇന്നു നമുക്കൊരു തീരുമാനമെടുക്കാം: എന്റെ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ പരാജയത്തെയോ കുറവിനെയോ ഓർത്തു നിരാശപ്പെടാതെ, അതു കർത്താവിനു സമർപ്പിക്കുകയും ദൈവകരുണയിലാശ്രയിച്ച്, പ്രത്യാശയോടെ ഒരു പുതിയ തുടക്കംകുറിക്കുകയും ചെയ്യാം.
പ്രാർത്ഥന:
പ്രത്യാശയുടെ ഉറവിടമായ കർത്താവേ, എന്റെ വിശ്വാസത്തെയും പ്രത്യാശയെയും വർദ്ധിപ്പിക്കണമേ. ഇരുളടഞ്ഞ നിമിഷങ്ങളിൽ അങ്ങയുടെ ഉത്ഥാനത്തിന്റെ പ്രകാശം ദർശിക്കാൻ എനിക്കു കൃപ നൽകണമേ. ആമേൻ.
✝️🙏 Please Share:
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment