ബലി (Sacrifice)
വലിയനോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതുചിന്തകൾ
ചിന്താവിഷയം:
ദുഃഖവെള്ളി - കുരിശിലെ മഹാത്യാഗം
നമുക്കുവേണ്ടി ജീവൻ നൽകിയ ക്രിസ്തുനാഥന്റെ മഹാത്യാഗത്തെ നമ്മൾ ഇന്നു നന്ദിയോടെ സ്മരിക്കുന്നു. നമ്മുടെ പാപങ്ങൾ ചുമലിലേറ്റി, ഗാഗുൽത്താമലയിൽ കുരിശിൽ തറയ്ക്കപ്പെട്ട ആ രക്ഷകൻ, തന്റെ അവസാനതുള്ളി രക്തവും ചിന്തിക്കൊണ്ട് മനുഷ്യകുലത്തിനു നിത്യജീവൻ നേടിത്തന്നു. നമ്മുടെ ഓരോ പാപവുമാണ് അവിടുത്തെ കുരിശിലേറ്റിയതെന്ന ബോദ്ധ്യത്തോടെ നമുക്ക് അനുതപിക്കാം. അവിടുത്തെ തിരുരക്തം വിലയായി നല്കി, ഈശോ നല്കിയ നിത്യരക്ഷയുടെ അവകാശികളാകാൻ യോഗ്യത നല്കുന്നത്, യഥാർത്ഥമായ അനുതാപമാണ്. കുരിശിൽക്കിടന്നുകൊണ്ട്, ഈശോ പറഞ്ഞ ആ ഏഴ് വചനങ്ങൾ നമ്മുടെ അനുദിനജീവിതയാത്രയിൽ വെളിച്ചമാകട്ടെ.
വിശുദ്ധഗ്രന്ഥം കാൽവരിയിലെ ബലിയെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: "സ്‌നേഹിതര്‍ക്കവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല." (യോഹന്നാൻ 15:13). കുരിശിലെ പീഡകൾക്കിടയിലും തന്നെ പീഡിപ്പിക്കുന്നവർക്കായി "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല." (ലൂക്കാ 23:34) എന്നു പ്രാർത്ഥിച്ച ക്രിസ്തു, സ്നേഹത്തിന്റെ ഉന്നതമായ ജീവിതപാഠമാണു നമുക്കു നൽകിയത്. കുരിശിലെ ബലിയിലൂടെ അവിടുന്നു പാപത്തിന്റെ അടിമത്തത്തിൽനിന്ന് നമ്മളെ മോചിപ്പിച്ചു. അവിടുത്തെ തിരുഹൃദയത്തിൽനിന്ന് നമുക്കായി ഒഴുകിയ രക്തവും ജലവും ലോകം മുഴുവന്റെയും പാപങ്ങൾക്കു പരിഹാരമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കുരിശിലെ ബലിയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ മരണം അതുല്യവും അന്തിമവുമായ ബലിയാണ്. ഇത് ലോകത്തിന്റെ പാപങ്ങൾക്കു പരിഹാരമുണ്ടാക്കി. കുരിശിലെ ഈ ബലിയിലൂടെയാണ് നാം ദൈവവുമായി അനുരഞ്ജനപ്പെട്ടത്. നമ്മുടെ അനുസരണക്കേടിനു പരിഹാരമായി, സ്വാതന്ത്ര്യത്തോടും സ്നേഹത്തോടുംകൂടെ തൻ്റെ ജീവനെ പരിശുദ്ധാത്മാവിലൂടെ പിതാവിനു നല്കിയ സമർപ്പണമാണ്." (CCC 613-614 - സംഗ്രഹം). ഈ പരിഹാരബലിയിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും പങ്കുചേരാനാണ് സഭ നമ്മെ ക്ഷണിക്കുന്നത്. ആ ക്ഷണം ഹൃദയപൂർവ്വം നമുക്കു സ്വീകരിക്കാം. ഇന്നത്തെ ദിവസം സമ്പൂർണ്ണമായ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ദിവസമായിരിക്കട്ടെ.
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ എഴുതി: "ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഏറ്റവും ഉജ്ജ്വലമായ സന്ദേശമാണ്, കുരിശ്." ക്രിസ്തുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ ആചരിക്കുന്ന ഈ ദിനത്തിൽ, കുരിശിൻചുവട്ടിൽ നിൽക്കാനും നിത്യജീവൻ നല്കുന്ന കുരിശിൽ പങ്കാളികളാകാനും നമുക്കു പരിശ്രമിക്കാം.
വിശുദ്ധമരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ നൽകിയ സന്ദേശം ഇപ്രകാരമാണ്: "ഒരു വർഷം മുഴുവനുമുള്ള രക്തം ഒലിപ്പിക്കുന്ന ചാട്ടവാറടിയേക്കാൾ വൈശിഷ്‌ട്യം എൻ്റെ പീഡാസഹനത്തെക്കുറിച്ച് ഒരു മണിക്കൂർ ധ്യാനിക്കുന്നതിനുണ്ട്; എൻ്റെ വേദനാജനകമായ മുറിവുകളെപ്പറ്റിയുള്ള ധ്യാനം നിനക്കു വളരെ ഗുണംചെയ്യും; എനിക്ക് അതു വളരെ സന്തോഷം പ്രദാനംചെയ്യും. നീ ഇപ്പോഴും നിൻ്റെ തന്നിഷ്ടങ്ങളെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നുള്ളത് എന്നെ അദ്ഭുതപ്പെടുത്തുന്നു. എന്നാൽ, എൻ്റെ തിരുമുറിവുകളെക്കുറിച്ചുള്ള ധ്യാനത്തിൽ ഈ രൂപാന്തരീകരണം നടക്കുമെന്നത് എന്നെ വളരെയധികമായി ആനന്ദിപ്പിക്കുന്നു." (Diary 369).
കരുണയുടെ അപ്പസ്തോല എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയിലൂടെ ഈശോ നമുക്കു വാഗ്ദാനം നല്കിയ സമ്പൂർണ്ണമായ പാപപ്പൊറുതിയുടെ തിരുനാൾ - ദൈവകരുണയുടെ തിരുനാൾ - ഈസ്റ്ററിനുശേഷം വരുന്ന ഞായറാഴ്ചയാണ്. ഇന്നത്തെ കുരിശിന്റെ വഴിക്കു ശേഷം, ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായുള്ള നൊവേന ആരംഭിക്കുന്നു.
ദുഃഖവെള്ളിയുടെ ഉപവാസവും പരിത്യാഗവും പൂർണ്ണമായ അർത്ഥത്തിൽ, ഹൃദയപരമാർത്ഥതയോടെ നമുക്ക് അനുഷ്ഠിക്കാം. കുരിശിന്റെ വഴിയിലും പീഡാനുഭവതിരുകർമ്മങ്ങളിലും ഭക്തിപൂർവ്വം പങ്കെടുക്കാം. ഒപ്പം ദൈവകരുണയുടെ തിരുനാളിനായി ഭക്തിയോടെ ഒരുങ്ങിത്തുടങ്ങാം.
പ്രാർത്ഥന:
എനിക്കുവേണ്ടി കുരിശിൽ ബലിയായ കർത്താവേ, അങ്ങയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കാനും എന്റെ പാപങ്ങളെക്കുറിച്ച് ആത്മാർത്ഥമായി മനസ്തപിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ അനന്തമായ കരുണ, എൻ്റെയും ലോകം മുഴുവന്റെയുംമേൽ ചൊരിയണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏