"വിശുദ്ധകുർബ്ബാനയാണ്, സഭയുടെ പ്രവർത്തനം ലക്ഷ്യംവച്ചിരിക്കുന്ന അത്യുച്ചസ്ഥാനവും അതോടൊപ്പം, സഭയുടെ ശക്തിമുഴുവൻ നിർഗ്ഗളിക്കുന്ന ഉറവിടവും" എന്ന്, രണ്ടാം വത്തിക്കാൻകൗൺസിൽ പ്രബോധനരേഖയിലെ സാക്രോസാന്റം കോൻചലിയം നമ്മളെ പഠിപ്പിക്കുന്നു. ക്രൈസ്‌തവവിശ്വാസത്തിന്റെ സമസ്തവും രത്നച്ചുരുക്കവും വിശുദ്ധകുർബ്ബാനയാണ്. ബൗദ്ധികമായി വിശകലനംചെയ്തു മനസ്സിലാക്കേണ്ട ഒരു വസ്തുതയല്ലാ പരിശുദ്ധദിവ്യകാരുണ്യം. മറിച്ച്, വിശ്വാസത്താൽ തിരിച്ചറിയേണ്ടതും ജീവിതസാക്ഷ്യങ്ങളുടെ പിൻബലത്താൽ അനുഭവിച്ചറിയേണ്ട ഒരു യാഥാർഥ്യമാണത്.
സഭയുടെ ആരാധനക്രമത്തിൽ എല്ലാവർഷവും വിശുദ്ധകുർബ്ബാനയുടെ രണ്ടു തിരുനാളുകൾ ഉൾപ്പെടുത്തിയിട്ടുള്ളതും (പെസഹാവ്യാഴം - പരിശുദ്ധ കുർബാനയുടെ സ്ഥാപനം; ആണ്ടുവട്ടത്തിലെ ഒമ്പതാം ഞായർ - പരിശുദ്ധ കുർബാനയുടെ തിരുനാൾ) B സൈക്കിളിലെ വായനകളിൽ, ആണ്ടുവട്ടത്തിലെ പതിനേഴുമുതൽ ഇരുപത്തൊന്നുവരെയുള്ള ഞായറാഴ്ചകളിൽ നടത്തുന്ന വിശുദ്ധഗ്രന്ഥവായനകളിലെല്ലാം പഴയനിയമത്തിലും സങ്കീർത്തനങ്ങളിലും സുവിശേഷങ്ങളിലും വിശുദ്ധകുർബ്ബാനയെക്കുറിച്ചു പഠിപ്പിക്കുന്ന വചനഭാഗങ്ങളാണുൾപ്പെടുത്തിയിട്ടുള്ളത് എന്നതും ദിവ്യകാരുണ്യത്തിനു തിരുസഭ നല്കുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നുണ്ട്.
ദൈവാരാധനയുടെ ഉറവയും ഉച്ചിയുമായ ദിവ്യകാരുണ്യത്തിലേയ്ക്കു നമ്മെ നയിക്കുന്ന, വിശുദ്ധഗ്രന്ഥാധിഷ്ഠിതമായ ദിവ്യകാരുണ്യപാരമ്പര്യങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണ്, ഈ കുറിപ്പ്.
ഒന്നാം വായന (2 രാജാ 4:42-44)
ഏലീഷാപ്രവാചകന്റെ നിർദ്ദേശാനുസരണം, ഇരുപതു ബാർലിയപ്പങ്ങൾ നൂറോളംപേർക്കു വിളമ്പിയപ്പോൾ, എല്ലാവരും ഭക്ഷിച്ചുതൃപ്തരായശേഷവും അപ്പം മിച്ചംവരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടാം വായന (എഫേസോസ്)
ക്രിസ്തുവിന്റെ ശരീരത്തിന്റെ അനന്യതയെയാണു വ്യക്തമാക്കുന്നതെന്നു മനസ്സിലാക്കാം. ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്ന ക്രിസ്തുവിശ്വാസികൾ, ഒരേ പ്രത്യാശയിലും ആത്മാവിന്റെ ഐക്യത്തിലും ഒന്നായിത്തീരുന്നു. ക്രിസ്തുവിന്റെ ശരീരത്തിന്റെ, അതായത് തിരുസഭയുടെ, ഐക്യത്തെക്കുറിച്ച് ഈ വചനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന, ക്രിസ്തീയ ആരാധനയുടെ ഉറവയാണ്, വിശുദ്ധകുർബ്ബാന.
ഏലീഷായിലൂടെ കർത്താവു പ്രവർത്തിച്ച അടയാളത്തേയും, "അവിടുന്നു കൈതുറന്നുകൊടുക്കുന്നു, എല്ലാവരും സംതൃപ്തരാക്കുന്നു." (സങ്കീ. 145:16) എന്ന പ്രതിവചനസങ്കീർത്തനത്തേയും അതിന്റെ പൂർണ്ണതയിലേയ്ക്കെത്തിക്കുന്നതാണ് അന്നത്തെ സുവിശേഷവായന. യഥാർത്ഥ ഭക്ഷണവും യഥാർത്ഥ പാനീയവുമായ വിശുദ്ധകുർബ്ബാനയിലേയ്ക്കുള്ള സഞ്ചാരത്തിന്റെ ആരംഭമാണ് ഈ സുവിശേഷഭാഗം (യോഹന്നാൻ 6:1-15) വിശ്വാസികൾക്കുമുമ്പിൽ അവതരിപ്പിക്കുന്നത്.
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായറാഴ്ച, തിരുസഭ പങ്കുവയ്ക്കുന്ന വിശുദ്ധഗ്രന്ഥഭാഗങ്ങൾ ദൈവജനത്തിനായി കർത്താവു നല്കുന്ന ആത്മീയപോഷണത്തെയും ദൈവികകരുതലിനേയും കുറിച്ചുള്ളവയാണ്.
ഒന്നാം വായന (പുറപ്പാട് 16)
ഈ വചനങ്ങൾ മരുഭൂമിയിലെ മന്നായുടെ കഥയാണ് നമ്മളോടു പങ്കുവയ്ക്കുന്നത്. മരുഭൂമിയിലൂടെയുള്ള യാത്രയിൽ, ഇസ്രായേല്യർ വിശന്നുതളർന്നപ്പോൾ, അവരെപ്പോറ്റാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകപ്പെട്ടു. ഇത് വിശുദ്ധകുർബാനയിലൂടെ തന്നെത്തന്നെ "ജീവന്റെ അപ്പമായി" പ്രദാനംചെയ്യുന്ന ദൈവപരിപാലനയുടെ മുന്നാസ്വാദനമാണ്.
പ്രതിവചനസങ്കീർത്തനം (78:24b)
കർത്താവ് സ്വർഗ്ഗീയധാന്യം അവർക്കു നല്കിയെന്ന വചനത്തിലൂടെ, ദൈവം നല്കുന്ന സ്വർഗ്ഗീയപോഷണത്തെക്കുറിച്ചു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
രണ്ടാം വായന (എഫേസോസ് 4)
ദൈവജനത്തിനാവശ്യമായ ജീവിതപരിവർത്തനത്തെക്കുറിച്ചു സംസാരിക്കുന്നവയാണ് ഈ വചനങ്ങൾ. ഭൗതികമായ വിശപ്പുമാത്രം മാറ്റുന്ന മന്നയ്ക്കുപകരം, ആത്മീയപോഷണംനല്കുന്ന യഥാർത്ഥ ഭക്ഷണവും പാനീയവുമായ തിരുശരീരവും തിരുരക്തവും സ്വീകരിക്കുന്നവർ ക്രിസ്തുവുമായി ഐകരൂപപ്പെടാൻ ഇത് സഹായിക്കുന്നു.
സുവിശേഷം (യോഹന്നാൻ 6:24-35)
മനുഷ്യനു നിത്യജീവൻ പകർന്നുനല്കുന്ന ജീവന്റെയപ്പം താൻതന്നെയാണെന്ന് ഈശോ ഇവിടെ വ്യക്തമാകുന്നു. ശരീരത്തിലും രക്തത്തിലും പങ്കുചേരുന്നതിലൂടെ ആത്മീയപോഷണം നേടാനും നിത്യജീവന് അവകാശികളാകാനും നമ്മെ അർഹരാക്കുന്നു.
ഒന്നാം വായന
നിരാശനും ക്ഷീണിതനുമായിരുന്ന ഏലിയാപ്രവാചകന്, കർത്താവ് ഭക്ഷണവും വെള്ളവും നല്കിയ സംഭവമാണ്. നാല്പതു രാവും പകലും തുടർച്ചയായി സഞ്ചരിച്ച് ഹോറബ് പർവ്വതത്തിലെത്താൻ ഈ ഭക്ഷണം പ്രവാചകനെ പ്രാപ്തനാക്കി.
സങ്കീർത്തനം & രണ്ടാം വായന
"കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ" എന്ന സങ്കീർത്തനം ദൈവത്തിന്റെ നന്മ നേരിട്ടനുഭവിക്കാൻ നമ്മെ ക്ഷണിക്കുന്നു. തന്നെത്തന്നെ മുറിച്ചുനല്കിക്കൊണ്ടാണ് ഈശോ നമ്മളെ സ്നേഹിച്ചത് എന്ന് രണ്ടാം വായന ഓർമ്മിപ്പിക്കുന്നു.
സുവിശേഷം
സ്വർഗ്ഗത്തിൽനിന്നിറങ്ങിവന്ന "ജീവന്റെ അപ്പം" താൻതന്നെയാണെന്ന് ഈശോ സ്പഷ്ടമായും വ്യക്തമായും നമ്മളെ പഠിപ്പിക്കുന്നു. വിശുദ്ധകുർബാന വെറുമൊരു പ്രതീകമല്ല, മറിച്ച് ജീവൻനൽകുന്ന ക്രിസ്തുസാന്നിദ്ധ്യമാണ്.
ഒന്നാം വായന
ഒരു വിരുന്നു തയ്യാറാക്കി അതു ഭക്ഷിക്കാൻ മനുഷ്യരെ ക്ഷണിക്കുന്ന ആതിഥേയയായി ഈ വചനങ്ങൾ ജ്ഞാനത്തെ അവതരിപ്പിക്കുന്നു. ഈ വിരുന്ന് യഥാർത്ഥത്തിൽ വിശുദ്ധ കുർബാനയുടെ നിഴൽച്ചിത്രമാണ്.
സങ്കീർത്തനം & രണ്ടാം വായന
കർത്താവിന്റെ നന്മയെ വ്യക്തിപരമായനുഭവിക്കാൻ യഥാർത്ഥഭക്ഷണവും യഥാർത്ഥപാനീയവുമായ തിരുശരീരവും തിരുരക്തവും നമ്മളെ ശക്തരാക്കുന്നു. കർത്താവിന്റെ അഭീഷ്ടം നിറവേറ്റി ജ്ഞാനപൂർവ്വം ജീവിക്കാൻ വിശുദ്ധ പൗലോസ് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.
സുവിശേഷം
തന്റെ മാംസം യഥാർത്ഥ ഭക്ഷണമാണെന്നും തന്റെ രക്തം യഥാർത്ഥ പാനീയമാണെന്നും ഈശോ സുവ്യക്തമായി പറയുന്നു. വിശുദ്ധകുർബ്ബാനയിലുള്ള നമ്മുടെ പങ്കാളിത്തം അവിടുത്തെ രക്തത്തിലുള്ള നമ്മുടെ പങ്കാളിത്തമാണ്. "ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്" (ലേവ്യർ 17:11).
ഓരോ ദിവ്യബലിയും ക്രിസ്തുവിലുള്ള നമ്മുടെ പങ്കാളിത്തവും അവിടുത്തെ സ്നേഹത്തിന്റെ മൂർത്തമായ ഓർമ്മപ്പെടുത്തലുമാണ്. തന്നെത്തന്നെ മുറിച്ചുനല്കിയ ആ സ്നേഹമായി ലോകത്തിനു തന്നെത്തന്നെ പങ്കുവയ്ക്കാൻ ഓരോ വിശ്വാസിയേയും ശക്തനാക്കുന്ന സ്നേഹവിരുന്നാണു വിശുദ്ധകുർബാന.
Praise the lord and thanks
ReplyDeleteThank you
DeleteBeautiful
ReplyDeleteThank you
Delete