എന്നാൽ മലയാളത്തിലെ നിലവിലുള്ള പല പരിഭാഷകളും ഈശോ നൽകിയ മൂലരൂപത്തോടും (Original Text) പദാനുപദമായ അർത്ഥത്തോടും എത്രത്തോളം നീതിപുലർത്തുന്നുവെന്നത് ചിന്തനീയമാണ്. ഒരു പ്രാർത്ഥന, പ്രത്യേകിച്ച് ഈശോ നേരിട്ടുനൽകിയ പ്രാർത്ഥന, ഈശോ നൽകിയതുപോലെ പൂർണ്ണമായ അർത്ഥത്തിൽ ചൊല്ലുമ്പോളാണ് അതിലെ ദൈവശാസ്ത്രം യഥാർത്ഥത്തിൽ അനുഭവവേദ്യമാകുന്നത്. അതല്ലാതെ മാനുഷികമായ യുക്തിയുപയോഗിച്ച് അതിൽ തിരുത്തലുകൾ വരുത്തുന്നത് ശരിയല്ല. ആ പ്രാർത്ഥനയിലൂടെ സ്വർഗ്ഗം നമ്മിലേക്കു പകർന്നുനൽകാനാഗ്രഹിക്കുന്ന കൃപയുടെ പൂർണ്ണത നഷ്ടപ്പെടുത്താനും അത്തരം തിരുത്തലുകൾ കാരണമാകും.
ഈശോ നേരിട്ടു പഠിപ്പിച്ച പ്രാർത്ഥനയായതിനാൽ, അതിലെ ഓരോ വാക്കിനും വലിയ പ്രാധാന്യമുണ്ട്. പോളിഷ് ഭാഷയിലുള്ള മൂലരൂപവും (Original Polish), ഇംഗ്ലീഷ് പരിഭാഷയും, മലയാളത്തിൽ ഇന്നു പ്രചാരത്തിലുള്ള രൂപവും താഴെ നൽകുന്നു.
[ചാർട്ട് പൂർണ്ണമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ, ഇടത്തോട്ടോ വലത്തോട്ടോ സ്ക്രോൾ ചെയ്യുക]
| ഭാഗം | Polish (Original) | English | മലയാളം (തിരുത്തേണ്ടത്) |
|---|---|---|---|
| വലിയ മണി | Ojcze Przedwieczny, ofiaruję Ci Ciało i Krew, Duszę i Bóstwo najmilszego Syna Twojego, a Pana naszego Jezusa Chrystusa, na przebłaganie za grzechy nasze i całego świata. | Eternal Father, I offer you the Body and Blood, Soul and Divinity of Your Dearly Beloved Son, Our Lord, Jesus Christ, in atonement for our sins and those of the whole world. | നിത്യ പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്കു ഞങ്ങള് കാഴ്ചവയ്ക്കുന്നു |
| ചെറിയ മണി | Dla Jego bolesnej męki, miej miłosierdzie dla nas i całego świata. | For the sake of His sorrowful Passion, have mercy on us and on the whole world. | ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെയോര്ത്ത്, പിതാവേ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. |
| സമാപനം | Święty Boże, Święty Mocny, Święty Nieśmiertelny zmiłuj się nad nami i nad całym światem. | Holy God, Holy Mighty One, Holy Immortal One, have mercy on us and on the whole world. | പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്ത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. |
തിരുശരീരവും തിരുരക്തവും
ഭക്ത്യാദരപൂർവ്വമാകാം മലയാളത്തിൽ നാം 'തിരുശരീരവും തിരുരക്തവും' എന്ന് കൂട്ടിച്ചേർത്തിരിക്കുന്നത്. എന്തുതന്നെയായാലും ആ തിരുത്തലിന്റെ അർത്ഥമെന്താണ്? ഈശോയ്ക്കു തെറ്റുപറ്റിയെന്നോ? അതോ ഈശോ നൽകിയ യാഥാർത്ഥപ്രാർത്ഥനയിൽ ഭക്തിയുടെയും ആദരവിന്റെയും ഘടകമില്ലാതെപോയെന്നോ? മൂലരൂപത്തിൽ 'Ciało i Krew' - ശരീരവും രക്തവും (Body and Blood) എന്നുമാത്രമാണുള്ളത്. വിശുദ്ധകുർബാന സ്ഥാപിച്ചപ്പോഴും "ഇതെന്റെ ശരീരമാകുന്നു", "ഇതെന്റെ രക്തമാകുന്നു" എന്നാണ് ഈശോ അരുളിച്ചെയ്തത്. വിശുദ്ധകുർബാനയുടെ സ്ഥാപനവാക്കുകളോട് ഏറ്റവും ചേർന്നുനിൽക്കുന്ന ലാളിത്യമാണ് ഈ പ്രാർത്ഥനയിലും ഈശോ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ കരുണയുടെ ജപമാലയിൽ, പദാനുപദവിവർത്തനമായ 'ശരീരവും രക്തവും' എന്ന് ഉപയോഗിക്കുന്നതാണ് മൂലരൂപത്തോടും ഈശോയോടും കൂടുതൽ വിശ്വസ്തത പുലർത്തുന്നത്. മാത്രമല്ല, ഈശോയോടുള്ള യഥാർത്ഥ ആദരവ് പ്രകടമാകുന്നതും അവിടുന്നു കൽപിച്ചത്, അതുപോലെ ചെയ്യുമ്പോളാണ്.
'Dearly Beloved Son' - പ്രിയവത്സലസുതൻ
മലയാളത്തിൽ നമ്മൾ പറയുന്നത്, വത്സലസുതൻ എന്നുമാത്രമാണ്. വത്സലസുതൻ എന്നാൽ 'Beloved Son' എന്നാണ്. എന്നാൽ ഈശോ വിശുദ്ധമരിയഫൗസ്റ്റീനയ്ക്കു നൽകിയ പ്രാർത്ഥനയിൽ 'najmilszego' (Polish) അല്ലെങ്കിൽ 'Dearly Beloved' (English) എന്നാണ്, തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. പിതാവായ ദൈവത്തിന് തന്റെ പുത്രനോടുള്ള അഗാധമായ സ്നേഹത്തെയാണ് 'Dearly' എന്ന പദം സൂചിപ്പിക്കുന്നത്. മലയാളത്തിൽ ഇതിനെ 'പ്രിയവത്സലസുതൻ' എന്ന് പ്രയോഗിക്കുമ്പോൾമാത്രമാണ് ആ സ്നേഹത്തിന്റെ തീവ്രത പൂർണ്ണമായി വെളിപ്പെടുന്നത്. നമ്മളത് വത്സലസുതൻ എന്നു ചുരുക്കുന്നത് യഥാർത്ഥത്തിൽ ഈശോയോടുള്ള അനാദരവല്ലേ?
'Sorrowful Passion' - ദാരുണമോ അതോ വ്യാകുലപൂർണ്ണമോ?
നിലവിലെ മലയാളം പരിഭാഷയിലെ ഏറ്റവുംവലിയ പോരായ്മ 'Sorrowful Passion' എന്നതിനെ 'ദാരുണമായ പീഡാസഹനം' എന്ന് തർജ്ജമചെയ്തതാണ്. ഇത് ദൈവശാസ്ത്രപരമായി പരിശോധിച്ചാൽ തെറ്റാണെന്നു കാണാം. എന്തുകൊണ്ട് 'ദാരുണം' തെറ്റാകുന്നു? 'ദാരുണം' (Tragedy/Terrible) എന്നത് ഒരു അപകടത്തെയോ ദുരന്തത്തെയോ ആണ് സൂചിപ്പിക്കുന്നത്. ഒരു ദാരുണസംഭവം നടന്നാൽ അവിടെ രക്ഷാപ്രവർത്തനം ആവശ്യമാണ്. എന്നാൽ ക്രിസ്തുവിന്റെ കുരിശുമരണം ഒരു ദുരന്തമല്ല, മറിച്ച് ലോകത്തിന്റെ പാപങ്ങൾക്കുവേണ്ടിയുള്ള രക്ഷാകരമായ (Salvific) ബലിയാണ്. രക്ഷകൻ ദുരന്തത്തിന് അഥവാ ദാരുണമായ മരണത്തിന് ഇരയാവുകയല്ല, മറിച്ച്, മരണത്തെ കീഴടക്കുകയാണു ചെയ്തത്.
'Sorrowful' എന്ന വാക്കിന്റെ ശരിയായ അർത്ഥം 'ദുഃഖപൂർണ്ണമായ' അല്ലെങ്കിൽ 'വ്യാകുലപൂർണ്ണമായ' എന്നാണ്. മാതാവിന്റെ ഏഴു വ്യാകുലങ്ങളെ നാം സ്മരിക്കുന്നതുപോലെ, ഈശോയുടെ പീഡാസഹനങ്ങളെയും വ്യാകുലപൂർണ്ണമായ പീഡാസഹനം എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലത്. അതല്ലെങ്കിൽ ദുഃഖപൂർണ്ണമായ എന്നുമാകാം.
പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും
ഈശോനാഥൻ വിശുദ്ധമരിയഫൗസ്റ്റീനയ്ക്കു നല്കിയ മൂലരൂപത്തിലില്ലാത്ത പിതാവേ എന്ന വാക്ക്, മാനുഷികയുക്തിയെ മാത്രമടിസ്ഥാനമാക്കി, മലയാള വിവർത്തനത്തിൽ കടന്നുകൂടിയതും ഒഴിവാക്കേണ്ടതാണ്. ഈശോ അങ്ങനെ പഠിപ്പിച്ചിട്ടില്ലയെന്നതുമാത്രമാണ്, അതിനു കാരണം. കേവലം മാനുഷികയുക്തിയല്ലാ, ഈശോയുടെ വാക്കുകളാണ് ശരിയായത്.
"ഈശോയുടെ വ്യാകുലപൂർണ്ണമായ പീഡാസഹനങ്ങളെക്കുറിച്ച്, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ."
പ്രാർത്ഥനകൾ കേവലം വാക്കുകളല്ല, മറിച്ച് വിശ്വാസത്തിന്റെ പ്രഖ്യാപനങ്ങളാണ്. ഈശോ നേരിട്ടുപഠിപ്പിച്ച വാക്കുകളെ അതിന്റെ തനിമ ചോരാതെ പരിഭാഷപ്പെടുത്തുന്നത് പ്രാർത്ഥനയുടെ ആഴം വർദ്ധിപ്പിക്കും. 'ദാരുണമായ പീഡാസഹനം' എന്ന പ്രയോഗം മാറ്റി 'വ്യാകുലപൂർണ്ണമായ പീഡാസഹനം' എന്ന് ഉപയോഗിക്കുന്നതുവഴി ക്രിസ്തുവിന്റെ രക്ഷാകരമായ ബലിയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ നമുക്കു സാധിക്കും.
ഈശോ നേരിട്ടു പഠിപ്പിച്ച ഒരു പ്രാർത്ഥനയെ യാഥാർത്ഥരൂപത്തിൽ ഉപയോഗിക്കാതെ തിരുത്തലകൾ വരുത്തി മാനുഷികമായി മനോഹരമാക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല, സ്വീകാര്യവുമല്ല. ഈശോ നൽകിയ യഥാർത്ഥപ്രാർത്ഥനയോടു നീതിപുലർത്തുന്ന കൂടുതൽ ശരിയായ പരിഭാഷ താഴെയുള്ള ചാർട്ടിൽക്കാണാം.
[ചാർട്ട് പൂർണ്ണമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ, ഇടത്തോട്ടോ വലത്തോട്ടോ സ്ക്രോൾ ചെയ്യുക]
| ഭാഗം | Original Polish | English Translation | മലയാളം (തിരുത്തിയത്) |
|---|---|---|---|
| വലിയ മണി | Ojcze Przedwieczny, ofiaruję Ci Ciało i Krew, Duszę i Bóstwo najmilszego Syna Twojego, a Pana naszego Jezusa Chrystusa, na przebłaganie za grzechy nasze i całego świata. | Eternal Father, I offer you the Body and Blood, Soul and Divinity of Your Dearly Beloved Son, Our Lord, Jesus Christ, in atonement for our sins and those of the whole world. | നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി, അങ്ങയുടെ പ്രിയവത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്കു ഞാൻ കാഴ്ചവെക്കുന്നു. |
| ചെറിയ മണി | Dla Jego bolesnej męki, miej miłosierdzie dla nas i całego świata. | For the sake of His sorrowful Passion, have mercy on us and on the whole world. | ഈശോയുടെ വ്യാകുലപൂർണ്ണമായ പീഡാസഹനങ്ങളെക്കുറിച്ച്, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. |
| സമാപനം | Święty Boże, Święty Mocny, Święty Nieśmiertelny zmiłuj się nad nami i nad całym światem. | Holy God, Holy Mighty One, Holy Immortal One, have mercy on us and on the whole world. | പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്ത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ. |
വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 1935 സെപ്റ്റംബർ 13-ന് വൈകുന്നേരം, ഞാൻ എന്റെ മുറിയിലായിരുന്നപ്പോൾ ദൈവകോപത്തിന്റെ നിർവ്വഹകനായ ഒരു ദൂതനെ ഞാൻ കണ്ടു. ഭൂമിയിൽ, പ്രത്യേകിച്ച് ഒരു പ്രത്യേകസ്ഥലത്ത്, ദൈവകോപത്തിൽനിന്നുളവായ പ്രഹരമേല്പിക്കാനായി അവൻ ഒരുങ്ങുകയായിരുന്നു. ഞാനപ്പോൾ ദൈവകോപത്തെ ശമിപ്പിക്കാനായി ദൈവത്തോടപേക്ഷിക്കാൻ തുടങ്ങി. എന്നാൽ ആ ദൂതന്റെ മുമ്പിൽ എന്റെ പ്രാർത്ഥനയ്ക്കു ശക്തിയില്ലെന്ന് എനിക്കു തോന്നി. പെട്ടെന്ന്, എന്റെ ആത്മാവിൽ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിദ്ധ്യം ഞാനനുഭവിച്ചു. അപ്പോൾ ആന്തരികമായിക്കേട്ട വാക്കുകളുപയോഗിച്ച്, ഞാൻ ദൈവത്തോടു യാചിക്കാൻ തുടങ്ങി:
ഞാൻ ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ടിരുന്നപ്പോൾ ദൂതൻ നിസ്സഹായനാകുകയും ഭൂമിയെ ശിക്ഷിക്കുന്നതിൽനിന്ന് പിന്മാറുകയുംചെയ്യുന്നത് ഞാൻ കണ്ടു. അടുത്ത ദിവസം രാവിലെ പള്ളിയിൽ പ്രവേശിച്ചപ്പോൾ, ആന്തരികമായി ഒരു ശബ്ദം എന്നെ ഇപ്രകാരം പഠിപ്പിച്ചു: "ഓരോ തവണ നീ പള്ളിയിൽ പ്രവേശിക്കുമ്പോളും ഇന്നലെ ഞാൻ നിന്നെ പഠിപ്പിച്ച പ്രാർത്ഥന ഉടനടി ചൊല്ലുക." ഞാൻ പ്രാർത്ഥന ചൊല്ലിക്കഴിഞ്ഞപ്പോൾ ആ ശബ്ദം വീണ്ടും പറഞ്ഞു: "ഈ പ്രാർത്ഥന ദൈവകോപത്തെ ശാന്തമാക്കാൻ നൽകപ്പെട്ടതാണ്. സാധാരണ ജപമാലമണികളുപയോഗിച്ച് ഒമ്പതു ദിവസത്തെ നൊവേനയായി നീ ഇത് ചൊല്ലണം."
ജപമാല ചൊല്ലേണ്ട രീതി:
തുടക്കം: ഒരു 'സ്വർഗ്ഗസ്ഥനായ പിതാവേ', ഒരു 'നന്മനിറഞ്ഞ മറിയമേ', ഒരു 'വിശ്വാസപ്രമാണം' എന്നിവ ചൊല്ലുക.
വലിയ മണികളിൽ: "നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി, അങ്ങയുടെ പ്രിയവത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു."
ചെറിയ മണികളിൽ: "ഈശോയുടെ വ്യാകുലപൂർണ്ണമായ പീഡാസഹനങ്ങളെക്കുറിച്ച്, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ."
സമാപനം: "പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവന്റമേലും കരുണയായിരിക്കണമേ." (3 തവണ). "ഓ ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു" എന്ന് ചൊല്ലി അവസാനിപ്പിക്കാം.
ഈ പ്രാർത്ഥനയുടെ ഫലങ്ങൾ (വാഗ്ദാനങ്ങൾ)
- "ഈ ജപമാല ചൊല്ലുന്നവർക്ക് മരണസമയത്ത് ഞാൻ വലിയ കരുണ നൽകും. പാപികൾക്കുള്ള അവസാനയാശ്രയമായി പുരോഹിതർ ഇത് നിർദ്ദേശിക്കണം."
- "ഏറ്റവും കഠിനമനസ്കനായ പാപിയാണെങ്കിലും, ഈ ജപമാല ഒരിക്കലെങ്കിലും ചൊല്ലിയാൽ എന്റെ അനന്തമായ കരുണയിൽനിന്ന് അയാൾക്കു കൃപ ലഭിക്കും."
- "ഈ ജപമാല ചൊല്ലിക്കൊണ്ട് ചോദിക്കുന്ന എന്തും, അത് എന്റെ തിരുഹിതത്തിന് അനുയോജ്യമാണെങ്കിൽ ഞാൻ സാധിച്ചുതരും."
- "മരണാസന്നരായവർക്കുവേണ്ടി ഈ ജപമാല ചൊല്ലുമ്പോൾ, ഞാൻ ആ ആത്മാവിനും പിതാവിനുമിടയിൽ ഒരു നീതിപാലകനായല്ല, മറിച്ച് കാരുണ്യമുള്ള രക്ഷകനായാണു നിൽക്കുക."
Sir pls read my book on Divine Mercy Chaplet,...EeKalaghattathinte prarthana...
ReplyDeleteBr babu paul
85 90 35 1267
നന്ദി, ബാബു ബ്രദർ. ക്രിസ്തുമസിനുശേഷം ഞാൻ അണക്കരയിൽ ധ്യാനത്തിനു പോകുകയാണ്. തിരികെവരുമ്പോൾ നമുക്കു കാണാം.
Delete