നോമ്പിൻ്റെ 40 ദിനങ്ങൾ 40 ചിന്തകൾ:
ദിവസം 1: വിഭൂതി ബുധൻ (Ash Wednesday)
ചിന്താവിഷയം:
ജീവിതത്തിന്റെ നൈമിഷികതയും മാനസാന്തരവും
"മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ മടങ്ങും" (ഉല്പത്തി 3:19). ഈ തിരുവചനം സ്മരിച്ചുകൊണ്ട് നാം വീണ്ടുമൊരു വലിയ നോമ്പുകാലത്തിന്റെ പുണ്യതീരത്തേക്കു പ്രവേശിക്കുകയാണ്. ഇന്നു നമ്മുടെ നെറ്റിയിൽ ചാരത്താൽ കുരിശടയാളം വരയ്ക്കുമ്പോൾ, അതു കേവലം ബാഹ്യമായൊരാചാരമല്ല; നമ്മുടെ ജീവിതത്തിന്റെ നൈമിഷികതയെയും ദൈവത്തിന്റെ അനന്തതയെയുംകുറിച്ചുള്ള വലിയൊരോർമ്മപ്പെടുത്തലാണ്.
ഈ ലോകത്തിലെ സ്ഥാനമാനങ്ങളും സമ്പത്തും അധികാരവുമെല്ലാം ഒരു നിഴൽപോലെ കടന്നുപോകുന്നവയാണെന്നും ദൈവവുമായുള്ള ബന്ധംമാത്രമാണ് ശാശ്വതമെന്നും ഈ ചാരം നമ്മെ പഠിപ്പിക്കുന്നു.
ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ നോമ്പുകാലസന്ദേശത്തിൽ ("ശ്രവണവും ഉപവാസവും: പരിവർത്തനത്തിന്റെ കാലം" - "Listening and fasting. Lent as a time of Conversion") ഊന്നിപ്പറയുന്നതുപോലെ, ഈ കാലഘട്ടം നമ്മുടെ അഹന്തയുടെയും സ്വാർത്ഥതയുടെയും ചാരത്തിന്മേൽ ദൈവസ്നേഹത്തിന്റെ മന്ദിരം പണിയാനുള്ള കാലമാണ്.
മാനസാന്തരമെന്നത് വസ്ത്രം കീറുന്നതല്ല, ഹൃദയം കീറുന്നതാണെന്ന് ജോയേൽ പ്രവാചകൻ (2:13) നമ്മളെയോർമ്മിപ്പിക്കുന്നു. പഴയ പാപസാഹചര്യങ്ങളിൽനിന്നും സ്വാർത്ഥതാല്പര്യങ്ങളിൽനിന്നും ദൈവത്തിലേയ്ക്കു തിരിയുന്ന ആത്മീയ വിപ്ലവമാണിത്. പാപ്പയുടെ വാക്കുകളിൽപ്പറഞ്ഞാൽ, "നമ്മുടെ വാക്കുകളിലെ ആയുധങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്."
മറ്റുള്ളവരെ വിധിക്കുന്ന നാവുകളെയും, വിദ്വേഷം സൂക്ഷിക്കുന്ന ഹൃദയങ്ങളെയുമുപേക്ഷിച്ച്, കരുണയുടെ പുതിയ മനുഷ്യരായി നമ്മൾ മാറണം.
ലിയോ പതിനാലാമൻ പാപ്പയുടെ ഈ വർഷത്തെ സന്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനം ശ്രവിക്കുകയെന്നതാണ്. ലോകത്തിന്റെ ബഹളങ്ങൾക്കും ഡിജിറ്റൽയുഗത്തിലെ അനാവശ്യമായ തിരക്കുകൾക്കുമിടയിൽ നമ്മൾ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ മറന്നുപോകുന്നു. "ദൈവത്തിന്റെ വചനത്തിനും സഹോദരന്റെ വിലാപത്തിനും കാതോർക്കുന്നവനേ യഥാർത്ഥമായി ഉപവസിക്കാൻ കഴിയൂ" എന്ന് പാപ്പ വ്യക്തമാക്കുന്നു.
ഈ 40 ദിവസങ്ങൾ നമ്മുടെ ആത്മീയജീവിതത്തെ നവീകരിക്കാനുള്ള ഒരു തീർത്ഥാടനമായി നമുക്കു മാറ്റാം.
നമ്മുടെ കുറവുകളെയും വീഴ്ചകളെയും ദൈവസമക്ഷം നമുക്ക സമർപ്പിക്കാം. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ആത്മാവിനെ ശുദ്ധീകരിക്കാം. മണ്ണിലേയ്ക്കു മടങ്ങേണ്ടവരാണെന്ന ബോദ്ധ്യം നമ്മളെ കൂടുതൽ വിനീതരാക്കട്ടെ. ഈ നോമ്പുകാലം വെറുമൊരു ചടങ്ങായി കടന്നുപോകാതിരിക്കട്ടെ.
പ്രാർത്ഥന:
കർത്താവേ, ഈ നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോൾ എന്റെ ഹൃദയത്തെ നവീകരിക്കണമേ. ലോകത്തിന്റെ നൈമിഷികസുഖങ്ങളിൽനിന്നു മാറി, അങ്ങയുടെ ശാശ്വതമായ സ്നേഹത്തിൽ ആഴപ്പെടാൻ എന്നെ സഹായിക്കണമേ. ആമേൻ.
✍🏻 ജോസ് ആറുകാട്ടി
ഈ നോമ്പുകാലം ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലവിധത്തിൽ ചിന്തകളെ ഉദ്ധീപിപ്പിക്കുകയും ചെയുന്നുണ്ട്. പലരിലൂടെ,
ReplyDeleteനിത്യവും അനേകരെദൈവവചന വായനയിലൂടെ ദൈവത്തോട് ചേർത്തിരുത്താൻ ഉത്സാഹപൂർവം പ്രയത്നിക്കുന്ന,ജോസ് ആറുകാട്ടിയുടെ വിചിന്തനങ്ങൾ,നോമ്പുകാലത്തു ഏറെ സഹായകരമാണ്.
പ്രാർത്ഥനാശംസകൾ
നന്ദി; കർത്താവനുഗ്രഹിക്കട്ടെ.
Delete