വലിയ നോമ്പിൻ്റെ 40 ദിനങ്ങൾ 40 ചിന്തകൾ
ദിവസം 9: കാരുണ്യപ്രവൃത്തികൾ
ചിന്താവിഷയം: ക്രിസ്തുവിന്റെ കരങ്ങളാകുക.
നോമ്പുകാലം നമ്മുടെ ആത്മാവിനെ ദൈവത്തിലേക്കടുപ്പിക്കുന്നത് കേവലം വാക്കുകളിലൂടെയല്ല, കാരുണ്യത്തിന്റെ പ്രവൃത്തികളിലൂടെയാണ്. അന്ത്യവിധിയുടെ നാളിൽ കർത്താവ് നമ്മളോടു ചോദിക്കുന്നത്, നമ്മൾ എത്രമാത്രം ഭക്തിപ്രകടനങ്ങൾ നടത്തിയെന്നല്ലാ, എത്രമാത്രം സ്നേഹത്തോടെ മറ്റുള്ളവരെ സേവിച്ചു എന്നായിരിക്കും. ഈശോ അരുളിച്ചെയ്യുന്നു: "എന്റെ ഈ എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തു തന്നത്" (മത്തായി 25:40).
വിശക്കുന്നവനു ഭക്ഷണം നൽകുന്നതിലും ദാഹിക്കുന്നവനു പാനീയം നൽകുന്നതിലും രോഗിയെ സന്ദർശിക്കുന്നതിലും ദുഃഖിതരെ സമാശ്വസിപ്പിക്കുന്നതിലും നമ്മൾ കാണുകയും സഹായിക്കുകയുംചെയ്യുന്നത്, ക്രിസ്തുവിനെത്തന്നെയാണ്. യഥാർത്ഥഭക്തി, ദൈവാലയത്തിൽ ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; വേദനിക്കുന്നവരുടെയും ഒറ്റപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയുമിടയിലേക്ക് ഇറങ്ങിച്ചെല്ലലാണ്. ലിയോ പതിനാലാമൻ പാപ്പ തന്റെ 2026ലെ നോമ്പുകാലസന്ദേശത്തിൽ ആഹ്വാനംചെയ്യുന്നതുപോലെ, പാവപ്പെട്ടവരുടെ രോദനം കേൾക്കാൻ നമ്മുടെ ഹൃദയങ്ങൾ തുറക്കണം. ക്രിസ്തുവിന്റെ സ്നേഹം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാൻ ഈ ദിനം നമുക്കു പ്രചോദനമാകട്ടെ.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കാരുണ്യപ്രവൃത്തികളെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "കാരുണ്യപ്രവൃത്തികളെന്നത് നമ്മുടെ അയൽക്കാരനെ അവൻ്റെ ആദ്ധ്യാത്മീകവും ശാരീരികവുമായ ആവശ്യങ്ങളിൽ സഹായിക്കാൻചെയ്യുന്ന പരസ്നേഹപ്രവൃത്തികളാണ്. പഠിപ്പിക്കുക, ഉപദേശിക്കുക, ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക എന്നിവ, ആദ്ധ്യാത്മീകമായ കാരുണ്യപ്രവൃത്തികളാണ്. അതുപോലെതന്നെയാണ്, ക്ഷമിക്കുന്നതും ദ്രോഹങ്ങളെ ക്ഷമയോടെ സഹിക്കുന്നതും. ശാരീരികമായ കാരുണ്യപ്രവൃത്തികൾ, സവിശേഷമായി, വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നതും പാർപ്പിടമില്ലാത്തവർക്കു പാർപ്പിടം നൽകുന്നതും വസ്ത്രമില്ലാത്തവർക്കു വസ്ത്രം നല്കുന്നതും രോഗികളും കാരാഗൃഹവാസികളുമായവരെ സന്ദർശിക്കുന്നതും മൃതരെ അടക്കുന്നതുമുൾപ്പെടുന്നു. (CCC 2447).
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിലൂടെ ഇപ്രകാരം കർത്താവ് അരുളിച്ചെയ്യുന്നു: "എന്നോടുള്ള സ്നേഹത്താൽപ്രേരിതയായി, കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിൻ്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്നു പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്." (ഡയറി 742). നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അർഹരായവർക്കായി മാറ്റിവയ്ക്കാനും മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കാനും നമ്മുടെ സഹായമാവശ്യമുള്ളവരെ ചേർത്തുപിടിക്കാനും നമുക്കു സാധിക്കുമ്പോൾ നാം ക്രിസ്തുവിന്റെ ജീവനുള്ള കൈകളായി മാറുന്നു.
ഇന്നു നമുക്കൊരു തീരുമാനമെടുക്കാം. എനിക്കുനേരെയുണ്ടാകുന്ന ദ്രോഹങ്ങളെ ക്ഷമയോടെ സഹിക്കാനും മറ്റുള്ളവരോടു ക്ഷമിക്കാനും യേശുവിൻ്റെ നാമത്തെപ്രതി ഞാൻ പരിശ്രമിക്കും. മറ്റുള്ളവരോടു കാരുണ്യം കാണിക്കാനും അർഹരായവരെ സഹായിക്കാനും ക്രിസ്തുനാമത്തിൽ ഞാൻ പരിശ്രമിക്കും.
പ്രാർത്ഥന:
കാരുണ്യവാനായ ദൈവമേ, വേദനിക്കുന്നവരിലും എളിയവരിലും അങ്ങയുടെ മുഖം ദർശിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സ്നേഹം പ്രവൃത്തികളിലൂടെ വെളിപ്പെടുത്താൻ എന്റെ ഹൃദയത്തെയും കൈകളെയും ഒരുക്കണമേ.
ആമേൻ.
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ മറ്റുള്ളവരുമായി പങ്കുവയ്ക്കണേ. ✝️🙏
No comments:
Post a Comment