Sunday, 1 March 2026

നോമ്പുകാലചിന്തകൾ പതിനൊന്നാം ദിവസം

💏 കുടുംബം: സ്നേഹത്തിന്റെ പാഠശാല 👩‍❤️‍💋‍👨

വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ - നാല്പതു ചിന്തകൾ

പതിനൊന്നാം ദിവസം

ഇന്നത്തെ ​ചിന്താവിഷയം: ഗാർഹികസഭയിലെ വിശുദ്ധി​

സ്നേഹത്തിന്റെ സംസ്കാരമാരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽനിന്നാണ്. സഭയുടെ പാരമ്പര്യത്തിൽ കുടുംബമെന്നത്, സഭയുടെ ഏറ്റവും ചെറിയ രൂപമായ 'ഗാർഹികസഭ'യാണ്. ക്ഷമിക്കാനും സ്നേഹിക്കാനും പങ്കുവയ്ക്കാനും നമ്മൾ ആദ്യമായി പഠിക്കുന്നത് അവിടെനിന്നാണ്. 

വിശുദ്ധഗ്രന്ഥം നമ്മളെ ഓർമ്മിപ്പിക്കുന്നു: "പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടുംകൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍." എഫേസോസ് 4:2. ഈ നോമ്പുകാലത്തെങ്കിലും നമ്മുടെ കുടുംബാംഗങ്ങളോടൊത്ത്, ഹൃദയപൂർവ്വമായി അല്പസമയം ചെലവഴിക്കാൻ നമുക്കു സാധിക്കുന്നുണ്ടോ? ഇക്കാലത്തു പലപ്പോഴും  മൊബൈൽഫോണുകളും സോഷ്യൽ മീഡിയയും നമ്മുടെ പ്രിയപ്പെട്ടവരിൽനിന്ന് നമ്മളെ മാനസികമായി അകറ്റുന്നുണ്ടെന്നത് തിരിച്ചറിയപ്പെടാതെപോകുന്ന ഒരു യഥാർത്ഥ്യമാണ്.

​കുറഞ്ഞപക്ഷം കുടുംബപ്രാർത്ഥനയ്ക്കുശേഷമോ അത്താഴവേളയിലോ കുറച്ചുനേരമെങ്കിലും കണ്ണുകളിൽനോക്കി പരസ്പരം സംസാരിക്കാൻ നമുക്കു കഴിയണം. മാതാപിതാക്കളെ ബഹുമാനിക്കാനും മക്കളെ സ്നേഹത്തോടെ വളർത്താനും പങ്കാളികൾ പരസ്പരം വിട്ടുവീഴ്ചകൾചെയ്യാനും അത്തരത്തിലുള്ള ഇടപഴകലുകൾ സഹായിക്കും. പ്രാർത്ഥിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന കുടുംബം, പ്രതിസന്ധികളിൽ പതറില്ലെന്ന ബോദ്ധ്യത്തോടെ, നമ്മുടെ ഭവനങ്ങളെ ദൈവസാന്നിദ്ധ്യമുള്ള ഇടങ്ങളാക്കി, നമുക്കു മാറ്റാം.

ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും വിട്ടുവീഴ്ചകൾ ചെയ്യാനും തയ്യാറാകുമ്പോളാണ് കുടുംബബന്ധങ്ങൾ ഊഷ്മളമാകുന്നത്.

കുരിശിൽ, തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട്, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ, ഭർത്താക്കന്മാർ നിസ്വാർത്ഥമായി ഭാര്യമാരെ സ്നേഹിക്കണമെന്ന് വിശുദ്ധപൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു; ഭാര്യമാരാകട്ടെ, കർത്താവിനെന്നതുപോലെ ഭർത്താവിനു വിധേയപ്പെട്ടിരിക്കുവാനും ശ്ലീഹ ഉദ്ബോധിപ്പിക്കുന്നു. (എഫേസോസ്‌ 5:22 - 33).

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കുടുംബത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "കുടുംബം, 'ഗാർഹികസഭ' എന്നനിലയിൽ കൂദാശകളുടെ സ്വീകരണം, പ്രാർത്ഥന, കൃതജ്ഞതാപ്രകാശനം, വിശുദ്ധജീവിതസാക്ഷ്യം, ആത്മത്യാഗം പരസ്നേഹപ്രവർത്തനം  എന്നിവവഴി, മാതാപിതാക്കളും മക്കളും കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും മാമോദീസപൗരോഹിത്യം പ്രസ്പഷ്ടമായി അനുഷ്ഠിക്കുന്നു. അങ്ങനെ, കുടുംബം ക്രൈസ്തവജീവിതത്തിൻ്റെ പ്രഥമവിദ്യാലയവും ഉന്നതമാനവികതയുടെ പാഠശാലയുമായിത്തീരുന്നു. ഇവിടെ, വ്യക്തികൾ സഹനശക്തിയും ജോലിയിലുള്ള ആഹ്ലാദവും സഹോദരസ്നേഹവും ഉദാരവും ആവർത്തിച്ചുപോലുമുള്ള മാപ്പുനൽകലും സർവ്വോപരി, പ്രാർത്ഥനയിലൂടെയും ജീവിതസമർപ്പണത്തിലൂടെയുമുള്ള ദൈവാരാധനയും പരിശീലിക്കുന്നു." (CCC 1656, 1657).

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ഫമിലിയാരിസ് കൺസോർസിയോ എന്ന പ്രബോധനത്തിൽ വ്യക്തമാക്കിയതുപോലെ, കുടുംബമെങ്ങനെയാണോ, സമൂഹവും അപ്രകാരമായിരിക്കും. കുടുംബത്തിന്റെ വിശുദ്ധി, ലോകത്തിന്റെതന്നെ വിശുദ്ധിയാണെന്ന് വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചു.  

2026-ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ ഉദ്ബോധിപ്പിക്കുന്നതനുസരിച്ചുള്ള കേൾക്കാനുള്ള മനസ്സ്, ആദ്യമുണ്ടാകേണ്ടത്, നമ്മുടെ ഭവനങ്ങളിൽത്തന്നെയാണ്. പരസ്പരമുള്ള ബഹുമാനത്തിലൂടെയും വിട്ടുവീഴ്ചകളിലൂടെയുംമാത്രമേ ക്രിസ്തീയകുടുംബങ്ങൾക്ക്, സ്വയം വിശുദ്ധീകരിക്കപ്പെടാനും അങ്ങനെ ലോകത്തിനു സാക്ഷ്യംവഹിക്കാനും സാധിക്കുയുള്ളൂ.

ഇന്നു നമുക്കൊരു തീരുമാനമെടുക്കാം; സന്ധ്യാസമയത്തോ കുടുംബപ്രാർത്ഥനയ്ക്കുശേഷമോ ഒരു മണിക്കൂർ നേരമെങ്കിലും മൊബൈൽ ഫോൺ പൂർണ്ണമായി മാറ്റിവച്ച്, കുടുംബാംഗങ്ങളോടൊപ്പമിരിക്കുകയും പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാൻ പരിശ്രമിക്കാം.

✝️ പ്രാർത്ഥന:

നസ്രത്തിലെ തിരുക്കുടുംബത്തെ പരിരക്ഷിച്ച ദൈവപിതാവേ, എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ. ഞങ്ങളുടെയിടയിൽ സ്നേഹവും ക്ഷമയും ഐക്യവുമുണ്ടാകാനും അങ്ങയുടെ സാന്നിദ്ധ്യമുള്ള ഗാർഹികസഭയായി എൻ്റെ കുടുംബം മാറാനുമുള്ള കൃപ ഞങ്ങൾക്കു നൽകണമേ. ആമേൻ.

---------------------------------------------------------

​Please Share

ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ മറ്റുള്ളവരുമായി ഇതു പങ്കുവയ്ക്കണേ. ✝️🙏



No comments:

Post a Comment