Sunday, 8 March 2026

നോമ്പുകാലചിന്തകൾ: പതിനേഴാം ദിവസം

🕎 നീതിക്കായുള്ള ദാഹം 🕎
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ

പതിനേഴാം ദിവസം


​ചിന്താവിഷയം: ക്രിസ്ത്യാനിയും സാമൂഹികപ്രതിബദ്ധതയും

​ഉപവാസംവഴി നമ്മൾ വിശപ്പറിയുമ്പോൾ, നീതി നിഷേധിക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യരുടെ വിശപ്പിനെക്കുറിച്ച്, ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. 

വിശുദ്ധഗ്രന്ഥം നമ്മളെ ഓർമ്മപ്പെടുത്തുന്നതിതാണ്: "മനുഷ്യാ, നല്ലതെന്തെന്ന്‌ അവിടുന്ന്‌ നിനക്കു കാണിച്ചുതന്നിട്ടുണ്ട്‌. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌" (മിക്കാ 6:8). 

ലിയോ പതിനാലാമൻ പാപ്പ 2026-ലെ നോമ്പുകാലസന്ദേശത്തിൽ വ്യക്തമാക്കിയതുപോലെ, "നീതിക്കായുള്ള വിശപ്പില്ലാത്ത ഉപവാസം അർത്ഥശൂന്യമാണ്."

​ക്രിസ്തുവിന്റെ സുവിശേഷം നീതിയുടെ സുവിശേഷമാണ്. അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു മൊപ്പമായിരുന്നു അവിടുന്നു നിലകൊണ്ടത്. ഭക്തി വെറും ആചാരാനുഷ്ഠാനങ്ങൾമാത്രമല്ല, അത് സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്താനുള്ള ആത്മീയപ്രേരണയാകണം. പാവപ്പെട്ടവന്റെ അവകാശങ്ങൾ കവർന്നെടുക്കാതിരിക്കാനും അർഹമായ വേതനവും പരിഗണനയും നൽകാനുമെല്ലാം നമ്മൾ ജാഗ്രതയോടെ വർത്തിക്കണം. നമ്മുടെ ചുറ്റുമുള്ള അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്താനും അശരണർക്കുവേണ്ടി നിലകൊള്ളാനും നമുക്കു സാധിക്കണം. "നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും." (മത്തായി 5 : 6) ഈ വചനം വിശ്വാസികൾക്കു മാർഗ്ഗദീപമാകണം.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സാമൂഹികനീതിയെക്കുറിച്ച് പഠിപ്പിക്കുന്നതിനെ നമുക്കിപ്രകാരം സംഗ്രഹിക്കാം: "മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിക്കപ്പെടുമ്പോൾമാത്രമേ സാമൂഹികനീതി ഉറപ്പാക്കപ്പെടുകയുള്ളൂ. സമൂഹത്തിന്റെ പൊതുനന്മയ്ക്കും നീതിക്കുംവേണ്ടി പ്രവർത്തിക്കുകയെന്നത് ഓരോ ക്രൈസ്തവന്റെയും കടമയാണ്" (CCC 1928-1930). 

നമ്മൾ തിരിച്ചറിയേണ്ടതിതാണ്. സാമൂഹികനീതിക്കുവേണ്ടി നിലകൊള്ളേണ്ടത്, നമ്മുടെ കടമയാണ്, അതു നമ്മുടെ ഔദാര്യമല്ല. - അതു ഹൃദയപരമാർത്ഥതയോടെ ചെയ്യുന്നില്ലെങ്കിൽ ദൈവം നമ്മളെയേല്പിച്ച ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്.

വിശുദ്ധ അഗസ്റ്റിൻ്റെ കാഴ്ചപ്പാടിൽ, "നീതിയില്ലാത്ത രാജ്യം വലിയൊരു കൊള്ളസംഘംമാത്രമാണ്." നീതി പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാനും നിങ്ങളും ഒരു കൊള്ളസംഘത്തിലെ അംഗങ്ങളായി സ്വയം താഴ്ത്തപ്പെടുകയാണു ചെയ്യുന്നത്. പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാൻ നമ്മളെ പഠിപ്പിച്ച വിശുദ്ധ ഫ്രാൻസീസ് അസീസി, ദാരിദ്ര്യത്തെ പുൽകിയത്, തപസ്സിനു ചേർന്ന ഒരനുഷ്ഠാനമായിമാത്രമല്ല; അത് ലോകത്തിലെ അസമത്വങ്ങളോടുള്ള പ്രതിഷേധംകൂടെയായിരുന്നു.

നമ്മൾ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ സാമൂഹികനീതി ഉറപ്പിക്കാൻ സാധിക്കില്ലായിരിക്കാം. എങ്കിലും നീതിപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കാകുന്ന രീതിയിലുള്ള എളിയ ശ്രമങ്ങൾ നടത്തിത്തുടങ്ങാൻ ഈ നോമ്പുകാലം നമ്മളെയൊരുക്കട്ടെ.

നമ്മുടെ കുടുംബം, തൊഴിൽ മേഖല, നമ്മളായിരിക്കുന്ന ചുറ്റു പാടുകൾതുടങ്ങി നമ്മുടെ പ്രവർത്തനമണ്ഡലങ്ങളിൽ നീതിവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്ന് നമുക്കിന്ന് ആത്മശോധനചെയ്യാം. അങ്ങനെയെന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ നമുക്കതു തിരുത്താം. ഈശോയോടു മാപ്പു ചോദിക്കാം. ഇനിമുതൽ നീതിപൂർവ്വമായിമാത്രം പ്രവർത്തിക്കുമെന്നു ദൃഢനിശ്ചയമെടുക്കാം.

പ്രാർത്ഥന:
നീതിമാനായ ദൈവമേ, ലോകത്തിലെ അനീതികൾക്കെതിരെ എന്നാലാവുന്നവിധം നിലകൊള്ളാൻ എന്നെയും പ്രാപ്തനാക്കണമേ / പ്രാപ്തയാക്കണമേ. അശരണരുടെ നിലവിളി കേൾക്കാനും അവരെ സഹായിക്കാനും കരുണയുള്ള ഹൃദയം എനിക്കു നൽകണമേ. ആമേൻ.

✝️​ Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️ 🙏🏻

No comments:

Post a Comment