രോഗികളെ സന്ദർശിക്കൽ
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
പതിനെട്ടാം ദിവസം:
ചിന്താവിഷയം: വേദനിക്കുന്നവരിൽ ക്രിസ്തുവിനെക്കാണുക.
ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ നമ്മുടെ കുടുംബങ്ങളിലും അയൽപക്കങ്ങളിലും ഇന്നു ധാരാളമുണ്ട്. അവരെ സന്ദർശിക്കുന്നതും അവർക്കായി പ്രാർത്ഥിക്കുന്നതും വലിയൊരു നോമ്പുകാലപുണ്യമാണ്. ഒരു പുഞ്ചിരിയോ, ആശ്വാസത്തിന്റെ ചെറിയൊരു തലോടലോ അവർക്കു നൽകുന്ന കരുത്ത് വിവരണാതീതമാണ്. അന്ത്യവിധിയെക്കുറിച്ച് ഓർമ്മിപ്പിക്കവേ കർത്താവ് അരുളിച്ചെയ്തു: "അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു." (മത്തായി 25:36). നാം ഒരു രോഗിയേയോ അനാഥനേയോ ശുശ്രൂഷിക്കുമ്പോളും സാന്ത്വനപ്പെടുത്തുമ്പോളും ക്രിസ്തുവിനെത്തന്നെയാണു ശുശ്രൂഷിക്കുന്നത്.
ഈ നോമ്പുകാലത്ത് രോഗികളെ സന്ദർശിക്കാനുള്ള സമയം കണ്ടെത്താൻ നമുക്കു ശ്രദ്ധിക്കാം. ആശുപത്രികളിലോ അയൽപക്കത്തോ ഉള്ള അവശതയനുഭവിക്കുന്നവരെ കാണാൻ പോകുന്നത്, നമ്മുടെ ആത്മീയതയെ ആഴപ്പെടുത്തും. രോഗം കേവലം ശാരീരികമായ ക്ഷീണാവസ്ഥമാത്രമല്ല, അതു പലപ്പോഴും ഏകാന്തതയുടെയും ഭയത്തിന്റെയും നിമിഷങ്ങൾകൂടെയാണ്. അവിടെ പ്രത്യാശയുടെ പ്രകാശമായി മാറാൻ നമ്മൾക്കു കഴിയണം. സഹനമനുഭവിക്കുന്നവരോടു നമ്മൾ ചേർന്നുനിൽക്കുമ്പോൾ, കുരിശിന്റെ വഴിയിൽ ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കുകയാണു നമ്മൾ ചെയ്യുന്നത്. കാരുണ്യത്തിന്റെ ഈ പ്രവൃത്തികൾ നമ്മുടെ നോമ്പിനെ അർത്ഥപൂർണ്ണമാക്കട്ടെ.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (CCC 2447), കരുണയുടെ ശാരീരികപ്രവൃത്തികളെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "കാരുണ്യപ്രവൃത്തികളെന്നത്, നമ്മൾ നമ്മുടെ അയൽക്കാരനെ അവൻ്റെ അദ്ധ്യാത്മികവും ശാരീരികവുമായ ആവശ്യങ്ങളിൽ സഹായിക്കാൻ ചെയ്യുന്ന പരസ്നേഹപ്രവൃത്തികളാണ്. പഠിപ്പിക്കുക, ഉപദേശിക്കുക, ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക എന്നിവ ആദ്ധ്യാത്മികമായ കാരുണ്യപ്രവൃത്തികളാണ്. അതുപോലെതന്നെയാണു ക്ഷമിക്കുന്നതും ദ്രോഹങ്ങളെ ക്ഷമയോടെ സഹിക്കുന്നതും. ശാരീരികമായ കാരുണ്യപ്രവൃത്തികൾ സവിശേഷമായി, വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നതും പാർപ്പിടമില്ലാത്തവർക്കു പാർപ്പിടം നൽകുന്നതും വസ്ത്രമില്ലാത്തവർക്കു വസ്ത്രം നൽകുന്നതും രോഗികളും കാരാഗൃഹവാസികളുമായവരെ സന്ദർശിക്കുന്നതും മൃതരെ അടക്കുന്നതും ഉൾക്കൊള്ളുന്നു. ഈ പ്രവൃത്തികളിൽ ദരിദ്രർക്കു ഭിക്ഷ നൽകുന്നതു സഹോദരസ്നേഹത്തിൻ്റെ സുപ്രധാനമായൊരു സാക്ഷ്യമാണ്. അതു ദൈവത്തിനു പ്രീതികരമായ നീതിയുടെ പ്രവൃത്തിയുമാണ്."
"രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു നൽകട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ." (ലൂക്ക 3:11) "നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും." ലൂക്ക 11:41
"ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍
നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം?"
യാക്കോബ് 2 : 15-16
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'സാൽവിഫിച്ചി ദൊളോരിസ്' (Salvifici Doloris) എന്ന പ്രബോധനത്തിൽ വ്യക്തമാക്കിയതുപോലെ, "സഹിക്കുന്ന മനുഷ്യനോട് ആദരവോടെയുള്ള സ്നേഹം ക്രിസ്തീയജീവിതത്തിന്റെ സാക്ഷ്യമാണ്."
വിശുദ്ധ ഫൗസ്റ്റീന തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിട്ടുണ്ട്: "ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ്റെ രൂപത്തിൽ ഈശോ ഇന്ന് പ്രധാനകവാടത്തിങ്കൽ വന്നു. ക്ഷീണിച്ച്, മെലിഞ്ഞ്, നഗ്നപാദനായി, കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചാണ് ആ ചെറുപ്പക്കാരൻ വന്നത്. മഴ പെയ്‌ത് വളരെ തണുപ്പനുഭവപ്പെട്ടിരുന്ന ദിവസമായതിനാൽ അവൻ തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. അവൻ എന്നോടു ചൂടുള്ള എന്തെങ്കിലും കഴിക്കുവാനായി ചോദിച്ചു ഞാൻ കുശിനിയിൽ പോയി നോക്കിയപ്പോൾ പാവങ്ങൾക്കു കൊടുക്കുവാനായി യാതൊന്നും അവിടെ കണ്ടില്ല. കുറച്ചുസമയം തിരഞ്ഞപ്പോൾ അല്‌പം സൂപ്പ് ലഭിച്ചു. ഞാനതു വീണ്ടും ചൂടാക്കി, കുറച്ചു റൊട്ടിക്കഷണങ്ങൾ അതിലിട്ട്. ആ പാവം ചെറുപ്പക്കാരനു കൊടുത്തു. അവനതു ഭക്ഷിച്ചു. അവനിൽനിന്നു പാത്രം തിരിച്ചുവാങ്ങിയ സമയത്ത് അവൻ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവാണെന്ന് എനിക്കു വെളിപ്പെടുത്തിത്തന്നു. അവിടുന്ന് ആയിരിക്കുന്നതുപോലെ ഞാൻ ദർശിച്ച നിമിഷത്തിൽത്തന്നെ അവിടുന്ന് അപ്രത്യക്ഷനായി. ഞാൻ തിരികെവന്ന് ഗെയ്റ്റിങ്കൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരു ന്നപ്പോൾ, ഈ വാക്കുകൾ എൻ്റെ ആത്മാവിൽ ശ്രവിച്ചു. എൻ്റെ മകളേ, പാവപ്പെട്ട മനുഷ്യർ ഗെയ്റ്റിനരികെനിന്നു പോകുമ്പോൾ അവർക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് എന്നെ വാഴ്ത്തുന്നത് എൻ്റെ കാതുകളിലെത്തി. അനുസരണത്തിന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള, നിൻ്റെ അനുകമ്പ എന്നെ വളരെയധികം പ്രീതിപ്പെടുത്തി - അതിനാലാണ്, നിൻ്റെ കാരുണ്യത്തിൻ്റെ ഫലം അനുഭവിക്കാൻ എന്റെ സിംഹാസനത്തിൽനിന്നു ഞാൻ ഇറങ്ങിവന്നത്. വേദനിക്കുന്നവരിൽ ക്രിസ്തുവിന്റെ മുഖം ദർശിക്കാൻ ഈ വിശുദ്ധർ നമ്മെ ആഹ്വാനംചെയ്യുന്നു.
ഇന്ന് ഞാൻ രോഗിയായി കഴിയുന്ന ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ സന്ദർശിക്കുകയോ, നേരിട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ ഫോണിലൂടെ വിളിച്ച് അവർക്കായി സമയം മാറ്റിവയ്ക്കുകയോ ചെയ്യും.
പ്രാർത്ഥന:
രോഗികളുടെ ആരോഗ്യമായ കർത്താവേ, സഹനമനുഭവിക്കുന്നവരുടെ വേദനകളിൽ ആശ്വാസമാകാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഓരോ രോഗിയിലും അങ്ങയുടെ മുഖം ദർശിക്കാനും സ്നേഹത്തോടെ അവരെ ശുശ്രൂഷിക്കാനും ഞങ്ങൾക്ക് കൃപ നൽകണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment