⚪ പരിശുദ്ധകുർബാന - നോമ്പിന്റെ ഊർജ്ജം ⚪
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ.
പത്തൊമ്പതാം ദിവസം
ചിന്താവിഷയം:
❤️ ബലിപീഠത്തിലെ സ്നേഹം ❤️
പരിശുദ്ധകുർബാന ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്. നോമ്പുകാലത്തെ ഈ ആത്മീയയാത്രയിൽ നമുക്കു മുമ്പോട്ടു നീങ്ങാനുള്ള ഊർജ്ജം ലഭിക്കുന്നത് ബലിപീഠത്തിൽനിന്നാണ്. തന്റെ മരണത്തിൻ്റെ തലേദിവസം ശിഷ്യന്മാർക്കൊപ്പം അന്ത്യയത്താഴം കഴിക്കുമ്പോൾ, അപ്പമെടുത്ത് ഉയർത്തി, കൃതജ്ഞതാസ്തോത്രംചെയ്ത്, വാഴ്ത്തി വിഭജിച്ച്, ശിഷ്യർക്കു നല്കിക്കൊണ്ട്, കർത്താവരുളിച്ചെയ്തു: "ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്‌ക്കായി ഇതു ചെയ്യുവിന്‍." (ലൂക്കാ 22:19). ഈ കല്പനയനുസരിച്ച് ഓരോ പരിശുദ്ധകുർബ്ബാനയിലും നമ്മൾ ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുകയും തിരുശരീരം ഭക്ഷിച്ചുകൊണ്ട് അവിടുത്തോട് അഭേദ്യമായി ഒന്നായിത്തീരുകയും ചെയ്യുന്നു.
നോമ്പുകാലത്തെ ഓരോ ദിനവും പരിശുദ്ധബലിയിൽ പങ്കുചേരാൻ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്. ഉപവാസവും പ്രാർത്ഥനയുംവഴി നമ്മുടെ ആത്മാവിനെയൊരുക്കുമ്പോൾ, പരിശുദ്ധകുർബാന നമ്മുടെ ആത്മാവിനു നൽകുന്ന ശക്തി വിവരണാതീതമാണ്. ശരിയായ അനുതാപത്തോടെയും കുമ്പസാരിച്ചൊരുങ്ങിയ ഹൃദയത്തോടെയും അവിടുത്തെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുമ്പോൾ നമ്മൾ പുതിയൊരു ജീവൻ പ്രാപിക്കുന്നു.
"ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും." (യോഹന്നാന്‍ 6:57) എന്ന് കർത്താവുറപ്പുനൽകുന്നു. ബലിപീഠത്തിൽനിന്ന് നമ്മൾ സ്വീകരിക്കുന്ന ആ സ്നേഹം ലോകത്തിനു പങ്കുവയ്ക്കാൻ നമുക്കു കടമയുണ്ട്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പരിശുദ്ധകുർബാനയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "വിശുദ്ധകുർബാന "ക്രൈസ്‌തവജീവിതത്തിൻ്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്." മറ്റു കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേഷിതദൗത്യപ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേയ്ക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തെന്നാൽ, സഭയുടെ ആദ്ധ്യാത്മികസമ്പത്തു മുഴുവനും അതായത്, നമ്മുടെ പെസഹായായ ക്രിസ്‌തു, കുർബാനയിൽ അടങ്ങിയിരിക്കുന്നു." (CCC 1324).
ലിസ്യുവിലെ വിശുദ്ധ തെരേസ (St. Therese of Lisieux) തന്റെ ആത്മകഥയിൽ ഇപ്രകാരം കുറിച്ചു: "ഈശോ സ്വർഗ്ഗത്തിൽനിന്നു വരുന്നത്, സ്വർണ്ണസിംഹാസനത്തിലിരിക്കാനല്ല, അവിടുത്തേയ്ക്കു പ്രിയപ്പെട്ട മറ്റൊരു സ്വർഗ്ഗം കണ്ടെത്താനാണ്; അതു നമ്മുടെ ആത്മാവാണ്."
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിച്ചതുപോലെ, പരിശുദ്ധകുർബാനയില്ലാത്ത ക്രൈസ്തവജീവിതം ആത്മാവില്ലാത്ത ശരീരംപോലെ നിർജ്ജീവമാണ്. ഈ നോമ്പുകാലംമുതൽ പരിശുദ്ധബലിയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാക്കാം.
സാദ്ധ്യമാണെങ്കിൽ ഈ നോമ്പുകാലത്തെ ഇനിയവശേഷിക്കുന്ന ദിവസങ്ങളിൽ എല്ലാ ദിവസവും അല്ലെങ്കിൽ ഞായറാഴ്ചകൾക്കു പുറമെ ഏതെങ്കിലും പ്രവൃത്തിദിവസങ്ങളിൽക്കൂടെ പരിശുദ്ധകുർബ്ബാനയിൽ പങ്കുചേരാൻ നമുക്കു പരിശ്രമിക്കാം.
പ്രാർത്ഥന:
ബലിപീഠത്തിലെ സ്നേഹമായ കർത്താവേ, അങ്ങയെ സ്വീകരിക്കാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ. പരിശുദ്ധ കുർബ്ബാനയിലൂടെ എനിക്കു ലഭിക്കുന്ന ഊർജ്ജം മറ്റുള്ളവർക്കു സ്നേഹമായി നൽകാൻ എന്നെ സഹായിക്കണമേ. ആമേൻ.
✝️🙏 Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment