🌜വയോധികരോടുള്ള കരുതൽ🌛
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപത്തൊന്നാം ദിവസം
ചിന്താവിഷയം: വേരുകളെ ആദരിക്കുക
കുടുംബത്തിലെയും സമൂഹത്തിലെയും വയോധികർ ആദരിക്കപ്പെടേണ്ടവരാണ്, ഉപേക്ഷിക്കപ്പെടേണ്ടവരല്ല. വൃക്ഷത്തിന് അതിന്റെ വേരുകൾ എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് ഓരോ കുടുംബത്തിനും തങ്ങളുടെ മുതിർന്ന തലമുറ. അവരുടെ അനുഭവസമ്പത്തും പ്രാർത്ഥനയും സഭയുടെയും സമൂഹത്തിന്റെയും വലിയ സമ്പത്താണ്. വിശുദ്ധഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "പ്രായംചെന്നു നരച്ചവരുടെ മുമ്പില്‍ ആദരപൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയുംവേണം. നിന്റെ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്." (ലേവ്യർ 19:32).
പലപ്പോഴും വാർദ്ധക്യസഹജമായ അവശതകളേക്കാൾ വയോധികരെ വേദനിപ്പിക്കുന്നത് അവഗണനയും ഏകാന്തതയുമാണ്. ഒന്നു ചെന്നുകാണാനോ, വിശേഷങ്ങൾ ചോദിക്കാനോ, അവരുടെ വാക്കുകൾക്കു ചെവികൊടുക്കാനോ സമയം കണ്ടെത്തുന്നത് വലിയ കാരുണ്യപ്രവൃത്തിതന്നെയാണ്. നമ്മുടെ തിരക്കുകൾക്കിടയിൽ അവരെ അവഗണിക്കുന്നതും മാറ്റിനിറുത്തുന്നതും ക്രൈസ്തവവിരുദ്ധമാണ്. നമ്മുടെ സ്നേഹപൂർണ്ണമായ സാന്നിദ്ധ്യംകൊണ്ട് വാർദ്ധക്യത്തിൽ കഴിയുന്നവരുടെ ഏകാന്തത കുറച്ചെങ്കിലുമകറ്റാൻ സാധിക്കണം. വയോധികരെ കരുതലോടെ ചേർത്തുപിടിക്കുന്നത് നമ്മുടെതന്നെ ഭാവിയിലേക്കുള്ള കരുതലാണെന്നു മറക്കരുത്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നാലാം പ്രമാണത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ മുതിർന്നവരോടുള്ള കടമയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "മക്കൾ വളർന്നുവരുമ്പോൾ, മാതാപിതാക്കളോടുള്ള ബഹുമാനം തുടർന്നുകൊണ്ടിരിക്കണം അവരുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞു സാധിച്ചുകൊടുക്കുകയും അവരുടെ ഉപദേശം സ്വാതന്ത്ര്യത്തോടെ അന്വേഷിക്കുകയും നീതിയുക്തമായ അവരുടെ മൂന്നറിയിപ്പുകൾ സ്വീകരിക്കുകയും വേണം. മക്കൾ സ്വതന്ത്രരാകുമ്പോൾ മാതാപിതാക്കളോടുള്ള അവരുടെ അനുസരണമവസാനിക്കുന്നു; എന്നാൽ ബഹുമാനമവസാനിക്കുന്നില്ല. അത് അവർക്ക് എപ്പോഴും അവകാശപ്പെട്ടതാണ്. ഈ ബഹുമാനം പരിശുദ്ധാത്മാവിൻെറ ദാനങ്ങളിലൊന്നായ ദൈവഭയത്തിലാണു വേരൂന്നിയിരിക്കുന്നത്.
നാലാം കല്പന, പ്രായപൂർത്തിയായ മക്കൾക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളെയോർമ്മിപ്പിക്കുന്നു. വാർദ്ധക്യത്തിലും നീണ്ട രോഗാവസ്ഥയിലും ഏകാന്തതയിലും അസ്വസ്ഥഥതകളിലും അവർക്കു തങ്ങളാൽ സാദ്ധ്യമാംവിധം ഭൗതികവും ധാർമ്മികവുമായ സഹായം നൽകണം. കൃതജ്ഞതയുടെ ഈ കടമയെപ്പറ്റി യേശു ഓർമ്മിപ്പിക്കുന്നുണ്ട്." (CCC 2217, 2218).
പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.
അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്‌ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും.
അവന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേള്‍ക്കും.
പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു." (പ്രഭാഷകന്‍ 3 : 3-6)
മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍സഹായിക്കുക;
മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.
അവന് അറിവു കുറവാണെങ്കിലുംസഹിഷ്ണുതകാണിക്കുക;
നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്.
പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്‌മരിക്കപ്പെടുകയില്ല;
പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും.
കഷ്‌ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.
പിതാവിനെ പരിത്യജിക്കുന്നത്‌ദൈവദൂഷണത്തിനു തുല്യമാണ്;
മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്റെ ശാപമേല്‍ക്കും." (പ്രഭാഷകന്‍ 3 : 12-16)
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ 'വയോധികർക്കായുള്ള കത്തിൽ' (Letter to the Elderly - ഇതിൻ്റെ ലിങ്ക് ആദ്യത്തെ കമൻ്റായി പിൻചെയ്യുന്നു.) ഇപ്രകാരം പറഞ്ഞു: "വയോധികർ ചരിത്രത്തിന്റെ കാവൽക്കാരാണ്." വാർദ്ധക്യത്തെ വലിയ അനുഗ്രഹമായി കാണണമെന്നും അവരുടെ ജ്ഞാനം പുതുതലമുറയ്ക്കു പകർന്നുനൽകണമെന്നും അദ്ദേഹമോർമ്മിപ്പിച്ചു. സഹനങ്ങളിലും അവശതകളിലും വയോധികരെ ശുശ്രൂഷിക്കുമ്പോൾ നമ്മൾ ക്രിസ്തുവിനെത്തന്നെയാണു ശുശ്രൂഷിക്കുന്നതെന്നറിയണം.
ഇന്ന് നമ്മുടെ കുടുംബത്തിലോ അയൽപക്കത്തോ ഉള്ള വയോധികരെ സന്ദർശിക്കാനും അവരോടൊപ്പം കുറച്ചുസമയം ചിലവഴിക്കാനും സമയം കണ്ടെത്താൻ നമുക്കു ശ്രമിക്കാം. അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കാം. ഇനിയുള്ള നാളുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഇതു തുടരാനും നമുക്കു ശ്രമിക്കാം.
പ്രാർത്ഥന:
കർത്താവേ, മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. അവരുടെ ഏകാന്തതയിൽ പ്രത്യാശയാകാനും അവരുടെ അനുഭവങ്ങളിൽനിന്ന് ജ്ഞാനം ഉൾക്കൊള്ളാനും ഞങ്ങളെയനുഗ്രഹിക്കണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment