🙋🏻 വിശുദ്ധരുടെ മാതൃക 🙋🏻
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപത്തിരണ്ടാം ദിവസം
ചിന്താവിഷയം:
👣 വിശുദ്ധിയിലേക്കുള്ള വിളി 👣
വിശുദ്ധിയെന്നത് നമുക്ക് അപ്രാപ്യമായ ഒന്നല്ല. നമ്മുടെ ദൈനംദിനജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങൾ ദൈവസ്നേഹത്തെപ്രതി വലിയ സ്നേഹത്തോടെ ചെയ്യുന്നതാണ്. "വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും." (ജ്ഞാനം 6 : 10)
ഈ നോമ്പുകാലത്ത് വിശുദ്ധരുടെ ജീവിതങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ, അവരാരും ജന്മനാ വിശുദ്ധരായിരുന്നില്ലെന്നും ദൈവകൃപയോടു നിരന്തരം സഹകരിച്ചവരാണെന്നും നമുക്കു കാണാൻ കഴിയും. വചനം നമ്മെയോർമ്മിപ്പിക്കുന്നു: "നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. " (1 പത്രോസ് 1:15–16). ജോഷ്വാ ജനത്തോടു പറഞ്ഞു: "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെയിടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും.' (ജോഷ്വാ 3:5).
നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ അദ്ഭുതങ്ങൾ സംഭവിക്കണമെങ്കിൽ നാം വിശുദ്ധിയിലേക്കു ചുവടുവയ്ക്കേണ്ടതുണ്ട്. കാരണം, നമ്മൾ വിശുദ്ധരായിരിക്കുകയെന്നതാണ്, ദൈവത്തിന്റെയിഷ്ടം.
"നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവമഭിലഷിക്കുന്നത്. അസാന്മാര്‍ഗ്ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം. (1 തെസ്സലോനിക്ക 4:3).
വിശുദ്ധരുടെ ജീവചരിത്രങ്ങൾ വായിക്കുകയും അവരുടെ പാത പിന്തുടരുകയുംചെയ്യുന്നത് നമ്മുടെ ആത്മീയയാത്രയ്ക്കു വലിയ കരുത്തേകും.
"എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല." (ഹെബ്രായർ 12:14). മാനുഷികമായ എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ജീവിതവിശുദ്ധിയും സമാധാനപൂർണ്ണമായ സാമൂഹികജീവിതവുമുണ്ടാകാനുള്ള ബോധപൂർവ്വമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം.
കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം 2013-ാം ഖണ്ഡികയിൽ താഴെപ്പറയുംവിധം പഠിപ്പിക്കുന്നു. “ഏതവസ്‌ഥയിലും ജീവിതവൃത്തിയിലുമുള്ള എല്ലാ ക്രൈസ്‌തവരും ക്രൈസ്‌തവജീവിതത്തിന്റെ പൂർണ്ണതയിലേക്കും സ്നേഹത്തിൻ്റെ പരിപൂർണ്ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു." (LG 41§ 2, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ)
എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു “നിങ്ങളുടെ സ്വർഗ്ഗീയപിതാവു പൂർണനായിരിക്കുന്നതുപോലെ നിങ്ങളും പൂർണ്ണരായിരിക്കുവിൻ." (മത്തായി 5:48)
ഈ പൂർണ്ണത പ്രാപിക്കാൻ ക്രിസ്‌തുവിൻ്റെ ദാനങ്ങളാൽ പ്രദാനം ചെയ്യപ്പെട്ട ശക്തി വിശ്വാസികളുപയോഗിക്കണം. അങ്ങനെ എല്ലാക്കാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ട് പിതാവിൻ്റെ ഇഷ്‌ടം ദൈവമഹത്ത്വത്തിനും അയൽക്കാരുടെ സേവനത്തി നുമായി അവർ തങ്ങളെ ഹൃദയപൂർവ്വം പൂർണ്ണഹൃദയത്തോടെ പ്രതിഷ്ഠിക്കണം. അങ്ങനെ, സഭാചരിത്രത്തിലെ അനേകം വിശുദ്ധരുടെ ജീവിതത്തിൽ സുവ്യക്തമായി കാണിച്ചിട്ടുള്ളതുപോലെ ദൈവജനത്തിന്റെ വിശുദ്ധി സമൃദ്ധമായ ഫലങ്ങൾചൂടി വളരും. (LG 40 § 2, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ)
വിശുദ്ധ മരിയ ഫൗസ്റ്റീനയുടെ ഡയറിയിൽ ഇപ്രകാരം നാം വായിക്കുന്നു: "ഓ ആത്മാവേ, നീ നിന്നെത്തന്നെ വിശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിന്റെ ഹൃദയവാതിലിൽ കാത്തുനിൽക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിന് നിന്നെത്തന്നെ വിട്ടുകൊടുക്കുക" (Diary 1488 - സംഗ്രഹം).
വിശുദ്ധമരിയ ഫൗസ്റ്റീന തന്റെ ഡയറിയിലൂടെ നമ്മെ പഠിപ്പിക്കുന്നത്, ദൈവഹിതത്തോട് പൂർണ്ണമായി സഹകരിക്കുകയും അവിടുത്തെ കാരുണ്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്നതാണ് വിശുദ്ധിയുടെ സത്ത എന്നാണ് (Diary 1601, 1602). ഓരോ ആത്മാവും വിശുദ്ധിയിലേക്ക് പരിശ്രമിക്കണമെന്നും ദൈവത്തിന്റെ കാരുണ്യം അതിനു തുണയാകുമെന്നും വിശുദ്ധ പഠിപ്പിക്കുന്നു. ലിസ്യുവിലെ വിശുദ്ധ തെരേസയും തന്റെ 'ചെറുപാത'യിലൂടെ (The Little Way) ഇതേ സത്യമാണ് നമ്മളെ ഓർമ്മിപ്പിക്കുന്നത്. വിശുദ്ധർ നമുക്കു തരുന്ന മാതൃക പ്രാർത്ഥനയുടെയും ദൈവഹിതത്തോടുള്ള വിശ്വസ്തതയുടേതുമാണ്.
ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെ യോ ജീവചരിത്രം വായിക്കാനോ ധ്യാനിക്കാനോ ഈ ദിവസങ്ങളിൽ നമുക്കു സമയം കണ്ടെത്താം. നമ്മൾ സാധാരണചെയ്യുന്ന ജോലികളെല്ലാം അല്പംപോലും പരാതിപ്പെടാതെ ദൈവസ്നേഹത്തെപ്രതി സ്നേഹത്തോടെ ചെയ്യാൻ നമുക്കു പരിശ്രമിക്കാം.
പ്രാർത്ഥന:
പരിശുദ്ധനായ ദൈവമേ, വിശുദ്ധിയിലേക്കുള്ള വിളി തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വിശുദ്ധരുടെ മാതൃക പിന്തുടർന്ന് സ്നേഹത്തിലും വിശ്വസ്തതയിലും വളരാൻ എനിക്കു കൃപ നൽകണമേ. ആമേൻ.
✝️🙏 Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
No comments:
Post a Comment