Thursday, 29 January 2026

ഹിരോഷിമയിലെ അദ്ഭുതം


ഹിരോഷിമയിൽനടന്ന ആണവബോംബ് സ്ഫോടനത്തിൽനിന്ന് ജപമാലയുടെ സംരക്ഷണത്താൽ രക്ഷപ്പെട്ടവരെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങൾ.

ഈ വീഡിയോയുടെ മലയാളപരിഭാഷ താഴെ നൽകുന്നു: 
ശാസ്ത്രത്തിനുപോലും വിശദീകരിക്കാൻകഴിയാത്ത മാതാവിന്റെ ഏറ്റവും വലിയ അത്ഭുതം. 
ഓരോ കത്തോലിക്കനും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്, എന്നാൽ മിക്കവർക്കും ഇതിനെക്കുറിച്ചറിയില്ല. ഈ അത്ഭുതം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും സാക്ഷികളുള്ളതുമായതുകൊണ്ടുമാത്രമാണ് നമുക്കിതു വിശ്വസിക്കാൻകഴിയുന്നത്.

1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയിൽ ലോകത്തിലെ ആദ്യത്തെ ആറ്റംബോംബ് പതിച്ചു. 1,40,000 പേർ തൽക്ഷണം കൊല്ലപ്പെട്ടു, ഒരു മൈൽ (1.61 കിലോമീറ്റർ) ചുറ്റളവിലുള്ള എല്ലാം വെണ്ണീറായി. എന്നാൽ ഗ്രൗണ്ട് സീറോയിൽനിന്ന് (ബോംബ് പതിച്ച കേന്ദ്രത്തിൽനിന്ന്) വെറും എട്ടു ബ്ലോക്കുകൾമാത്രം (ഒരു കിലോമീറ്റർമാത്രം) അകലെയുള്ള ഒരു വീടുമാത്രം (ജെസ്യൂട്ട് റെക്ടറി) തകരാതെയവശേഷിച്ചു. ആ വീടിനുള്ളിൽ എട്ടു ജെസ്യൂട്ട് വൈദികരുണ്ടായിരുന്നു.

ഇവിടെയാണ് കാര്യങ്ങൾ ചിന്തനീയമാകുന്നത്. കാരണം ശാസ്ത്രം കള്ളം പറയില്ലല്ലോ. യുഎസ് പ്രതിരോധവകുപ്പിലെ ന്യൂക്ലിയർ ഫിസിസ്റ്റ് ആയ ഡോ. സ്റ്റീഫൻ റെയ്ൻഹാർട്ട് ഈ സംഭവത്തെക്കുറിച്ചന്വേഷിച്ചു. അദ്ദേഹം കണ്ടെത്തിയതിതാണ്: ആ സ്ഥലത്ത് താപനില 2,000 ഡിഗ്രി ഫാരൻഹീറ്റിലത്തിയിരുന്നു. നിങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളടക്കം നിമിഷനേരംകൊണ്ടു ചാരമാകാൻ ആ ചൂടു മതിയാകും. വായുമർദ്ദം (Air blast pressure) 100 PSI വരെയെത്തുമായിരുന്നു. താരതമ്യംചെയ്താൽ, വെറും 20 PSI-ൽ മനുഷ്യന്റെ കൈകാലുകൾ അറ്റുപോകാറുണ്ട്; 80 PSI-ൽ കോൺക്രീറ്റ് കെട്ടിടങ്ങൾപോലും തകരും. എന്നാൽ ഇവർ 100 PSI മർദ്ദത്തിലാണകപ്പെട്ടത്. എന്നിട്ടും അവർക്കു കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല.

ഈ ശാസ്ത്രീയവിവരങ്ങൾ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതിലും വലിയ അത്ഭുതം വൈദികർ പറഞ്ഞതാണ്. ആ സമൂഹത്തിന്റെ നേതാവായിരുന്ന ഫാദർ ഹ്യൂബെർട്ട് ഷിഫർ പറഞ്ഞതിങ്ങനെയാണ്: "ശരത്കാലത്തെ ഇലപോലെ ഞാൻ കാറ്റിൽപ്പറക്കുന്നതായി എനിക്കു തോന്നി."

കണ്ണുതുറന്നു നോക്കിയപ്പോൾ ചുറ്റുമുള്ളതെല്ലാം തകർന്നുതരിപ്പണമായിക്കഴിഞ്ഞിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ശരീരത്തിൽ കുറച്ചു പോറലുകളല്ലാതെ അദ്ദേഹത്തിനു മറ്റു പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. കൂടാതെ, അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹം ഉടൻതന്നെ റേഡിയേഷൻമൂലം മരിക്കുമെന്നുറപ്പായി വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹം പൂർണ്ണാരോഗ്യവാനായി 37 വർഷംകൂടെ ജീവിച്ചു.

ഇതിനെക്കുറിച്ചന്വേഷിച്ച ഡോ. റെയ്ൻഹാർട്ട് അത്ഭുതത്തോടെ പറഞ്ഞതിതാണ്: "ആ വൈദികർ എങ്ങനെ രക്ഷപ്പെട്ടെന്നു വിശദീകരിക്കാൻ ഭൗതികശാസ്ത്രനിയമങ്ങൾക്കു കഴിയില്ല. ഇന്നും ഇനിയുള്ള കാലത്തും ശാസ്ത്രത്തിനിതു വിശദീകരിക്കാൻ കഴിയില്ല. മനുഷ്യബുദ്ധിക്കതീതമായ മറ്റേതോ ഒരു ബാഹ്യശക്തി അവിടെയുണ്ടായിരുന്നെന്നുതന്നെ ഇതിൽനിന്നു നിഗമനത്തിലെത്തേണ്ടി വരും."

ഇനി ഇതിന്റെയെല്ലാം യഥാർത്ഥരഹസ്യമെന്തെന്നു പറയാം. എങ്ങനെയാണു രക്ഷപ്പെട്ടതെന്ന്, ആ വൈദികരോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ ഫാത്തിമ മാതാവിന്റെ സന്ദേശമനുസരിച്ചു ജീവിച്ചതുകൊണ്ടാണു രക്ഷപ്പെട്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ ആ വീട്ടിൽ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു."

മനുഷ്യൻ നിർമ്മിച്ച ഏറ്റവുംമാരകമായ ആയുധംപോലും പരിശുദ്ധമറിയത്തിന്റെ മുന്നിൽ നിഷ്പ്രഭമായി. ലളിതമായിപ്പറഞ്ഞാൽ, ഏതൊരാണവായുധത്തേക്കാളും ശക്തമാണു ജപമാല. ദിവസവും ജപമാലചൊല്ലി പ്രാർത്ഥിക്കുന്നവർക്ക് മാതാവ് തന്റെ പ്രത്യേകസംരക്ഷണം വാഗ്ദാനംചെയ്യുന്നു. ഈ എട്ടു വൈദികർ അതിന്റെ ജീവിക്കുന്ന തെളിവാണ്.

അതുകൊണ്ട്, ഈ സംഭവത്തിൽനിന്നു പാഠമുൾക്കൊണ്ട് ദിവസവും ജപമാല ചൊല്ലിതുടങ്ങാൻ ഞാൻ നിങ്ങളോടഭ്യർത്ഥിക്കുന്നു. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെയ്ക്കുമല്ലോ.

ദൈവമനുഗ്രഹിക്കട്ടെ!

അടിക്കുറിപ്പ്: ശാസ്ത്രവും വിശ്വാസവും

ഈ എട്ടുപേരിൽ പ്രധാനമായും നാലുപേരുടെ പേരുകളാണ് ചരിത്രരേഖകളിൽ കൃത്യമായി പരാമർശിച്ചിരിക്കുന്നത്:

  • ഫാദർ ഹ്യൂബെർട്ട് ഷിഫർ (Fr. Hubert Schiffer): ഇദ്ദേഹമാണ് ഈ അത്ഭുതത്തെക്കുറിച്ച് ലോകത്തോട് കൂടുതൽ സംസാരിച്ചത്.
  • ഫാദർ ഹ്യൂഗോ ലാസാലെ (Fr. Hugo Lassalle): അന്ന് ജെസ്യൂട്ട് സുപ്പീരിയർ ആയിരുന്നു ഇദ്ദേഹം.
  • ഫാദർ വിൽഹെം ക്ലൈൻസോർഗ് (Fr. Wilhelm Kleinsorge): പ്രശസ്തമായ 'Hiroshima' എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്.
  • ഫാദർ ഹ്യൂബെർട്ട് സീസ്‌ലിക് (Fr. Hubert Cieslik).

അമേരിക്കൻസൈനികഡോക്ടർമാരും ശാസ്ത്രജ്ഞരും ഈ വൈദികരെ പലതവണ പരിശോധിച്ചിട്ടുണ്ട്. റിപ്പോർട്ടുകളിൽ പറയുന്ന ചില അദ്‌ഭുതകരമായ വസ്തുതകൾ ഇവയാണ്:

പരിശോധനകൾ: ഫാദർ ഷിഫറിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 200-ലധികം തവണ വിവിധ ശാസ്ത്രജ്ഞർ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

റേഡിയേഷൻ (Radiation): സ്ഫോടനകേന്ദ്രത്തിന് ഇത്രയുമടുത്തായിരുന്നിട്ടും അവരുടെ ശരീരത്തിൽ റേഡിയേഷന്റെ ദൂഷ്യഫലങ്ങളോ ലക്ഷണങ്ങളോ കണ്ടെത്താൻകഴിഞ്ഞില്ലെന്നത് ഡോക്ടർമാരെ അമ്പരപ്പിച്ചു. സാധാരണയായി ആ ദൂരപരിധിയിലുള്ള ആർക്കും അതിജീവനം അസാദ്ധ്യമായിരുന്നു.

ദീർഘായുസ്സ്: ആറ്റമിക് ബോംബ് അതിജീവിച്ചവർ പിന്നീട് പലതരം രോഗങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഈ എട്ടുപേരും ദീർഘകാലം പൂർണ്ണാരോഗ്യത്തോടെ ജീവിച്ചു. ഫാദർ ഷിഫർ സ്ഫോടനത്തിനുശേഷം 37 വർഷംകൂടെ ജീവിച്ചു.

കെട്ടിടത്തെക്കുറിച്ചുള്ള റിപ്പോർട്ട്

ചരിത്രകാരനായ ജോൺ ഹെർസി (John Hersey) തന്റെ 'Hiroshima' എന്ന പുസ്തകത്തിൽ ഈ വീടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സാധാരണ ജാപ്പനീസ് വീടുകൾ മരംകൊണ്ടുള്ളവയായിരുന്നു. എന്നാൽ ജെസ്യൂട്ട് വൈദികരുടെ വീട് (ജെസ്യൂട്ട് റെക്ടറി) നിർമ്മിച്ചിരുന്നത്, ഭൂകമ്പങ്ങളെ പ്രതിരോധിക്കാൻശേഷിയുള്ള രീതിയിലായിരുന്നു. ഫാദർ ഗ്രോപ്പർ (Fr. Gropper) എന്ന ഒരു വൈദികൻ ആ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നു. ഇതാകാം കെട്ടിടം തകരാതിരിക്കാൻ ഒരു കാരണമെന്നു കരുതപ്പെടുന്നു.

ശാസ്ത്രത്തിനു വിശദീകരിക്കാൻകഴിയാത്ത കാര്യങ്ങളെയാണ് നമ്മൾ "അദ്ഭുതം" എന്നു വിളിക്കുന്നത്. ശാസ്ത്രം ഒരു 'സാദ്ധ്യത' പറയുന്നു: 

"ഭാഗ്യംകൊണ്ടോ  കെട്ടിടത്തിന്റെ പ്രത്യേകതകൊണ്ടോ അവർ രക്ഷപ്പെട്ടു."

എന്നാൽ ശാസ്ത്രത്തിനു വിശദീകരിക്കാൻകഴിയുന്നതിനുമപ്പുറം എന്തോ ഒന്ന് അവിടെ സംഭവിച്ചു" എന്നു പറയുന്നതാകും കൂടുതൽ ശരി.

ഹിരോഷിമയിലെ ആ വീട് (ജെസ്യൂട്ട് റെക്ടറി) തകർന്നില്ല എന്നതുകൊണ്ട്, അതിനുള്ളിലുള്ളവർക്ക് പോറലേറ്റില്ല എന്നല്ല അർത്ഥം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനലുകൾ തകരുകയും ഉള്ളിലുണ്ടായിരുന്നവർക്ക് ചില്ലുകൾകൊണ്ട് മുറിവേൽക്കുകയും ചെയ്തിരുന്നു. അതായത്, ഒരു വലിയ ബോംബ് സ്ഫോടനത്തെ അതിജീവിക്കാൻ ആ കെട്ടിടത്തിനു  കഴിഞ്ഞു എന്നത് സത്യമാണ്, പക്ഷേ അത് നൂറു ശതമാനം സുരക്ഷിതമായ ഒരു കവചമായിരുന്നില്ല. ആറ്റമിക് ബോംബ് ഉണ്ടാക്കുന്ന വലിയൊരു നാശനഷ്ടം സ്ഫോടനത്തിനു ശേഷമുണ്ടാകുന്ന തീപിടുത്തവും (Firestorm) വലിയ ആണവവികിരണവുമാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾ തകരില്ലായിരിക്കാം, പക്ഷേ ഉള്ളിലുള്ള താപനില ക്രമാതീതമായി ഉയരുന്നത് മനുഷ്യർക്ക് താങ്ങാനാവില്ല. ഹിരോഷിമയിലെ വൈദികരുടെ കാര്യത്തിൽ, ആ താപനിലയിൽനിന്ന് അവർ രക്ഷപ്പെട്ടതെങ്ങനെയെന്നത് ഇന്നും ശാസ്ത്രത്തിനദ്‌ഭുതമാണ്.

ആണവസ്ഫോടനത്താലുണ്ടാകുന്ന  റേഡിയേഷൻ തടയാൻ, അതായത് ഗാമകിരണങ്ങളെയും (Gamma Rays) ന്യൂട്രോൺ വികിരണങ്ങളെയും തടയാൻ കട്ടിയുള്ള ഈയം (Lead) കൊണ്ടുള്ള ഭിത്തികളോ മീറ്ററുകളോളം കനമുള്ള പ്രത്യേകമായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തികളോതന്നെ വേണം

സാധാരണമായ ലോജിക്കുവച്ചുനോക്കിയാൽ, എട്ടുപേരും ഒന്നുപോലെ ചില്ലുകൾകൊണ്ടുള്ള ചെറിയ മുറിവുകളൊഴികെ, കാര്യമായ പോറൽപോലുമേൽക്കാതെ രക്ഷപ്പെടുകയെന്നത് വെറുമൊരു "യാദൃശ്ചികത" (Coincidence) എന്നു വിശ്വസിക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് പ്രമുഖശാസ്ത്രജ്ഞർപോലും ആ വൈദികരുടെ കാര്യത്തിൽ "ഭൗതികനിയമങ്ങൾക്കതീതമായ ശക്തി" അവിടെ പ്രവർത്തിച്ചിരിക്കാമെന്നു സമ്മതിക്കുന്നത്.

ശാസ്ത്രത്തിന്റെ വിശദീകരണങ്ങളിലെ യുക്തി:

  • റീഇൻഫോഴ്സ്ഡ് കോൺക്രീറ്റ് കെട്ടിടത്തിന്, സ്ഫോടനത്തെ തടയാനുള്ള കരുത്തുണ്ടായിരുന്നിരിക്കാം, പക്ഷേ റേഡിയേഷനെത്തടയാൻ ആ കോൺക്രീറ്റിനു കഴിയില്ല. കെട്ടിടം നിന്നിരുന്ന ദൂരപരിധിയിൽ മാരകമായ ഗാമകിരണങ്ങൾ ഭിത്തി തുളച്ച് ഉറപ്പായുമുള്ളിലെത്തും. അവിടെയുണ്ടായിരുന്ന എട്ടുപേർക്കും റേഡിയേഷനേൽക്കാതിരുന്നതെങ്ങനെ എന്നതിന് ശാസ്ത്രത്തിന് കൃത്യമായ മറുപടിയില്ല.
  • പുറത്തെ താപനില 2000 ഡിഗ്രി ഫാരൻഹീറ്റ് കടന്നിരുന്നു. ആ സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിലെ ഓക്സിജൻ്റെ അളവു കുറയുകയും താപം അവരെ കരിച്ചുകളയുകയുംചെയ്യേണ്ടതാണ്.
  • അതേ ദൂരപരിധിയിലുള്ള മറ്റു കോൺക്രീറ്റ് കെട്ടിടങ്ങളിലുണ്ടായിരുന്നവർ കൊല്ലപ്പെടുകയോ മാരകമായി പരിക്കേൽക്കുകയോ ചെയ്തു. ഈ എട്ടുപേർമാത്രം സുരക്ഷിതരായി.

ദൈവകൃപയാലല്ലെങ്കിൽ ഈ എട്ടുപേർമാത്രം എങ്ങനെ സുരക്ഷിതരായി?

ഈ സംഭവം ഒരു ശാസ്ത്രീയമായ അസാദ്ധ്യതയാണ്. (Scientific Impossibility) ശാസ്ത്രത്തിനു വിശദീകരിക്കാൻഴിയുന്നതിനേക്കാൾ വലിയൊരു ഘടകം അവിടെ പ്രവർത്തിച്ചുവെന്നത് ഒരു യുക്തിവാദികളെ സംബന്ധിച്ചിടത്തോളം വലിയൊരു നിഗൂഢതയാണ്, എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതുറപ്പായും ദൈവീകമായ സംരക്ഷണമാണ്.

കർത്താവിൻ്റെ കൃപ നമ്മളോടൊപ്പമുണ്ടായിരിക്കട്ടെ.

✍🏻 ജോസ് ആറുകാട്ടി

Monday, 12 January 2026

വിശ്വാസവും ജീവിതവും: വിശുദ്ധപൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനത്തിന് ഒരാമുഖം

വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതിയ ലേഖനങ്ങളിൽ ദൈവശാസ്ത്രപരമായി ഏറ്റവുമാഴമുള്ളതും പ്രധാനപ്പെട്ടതുമായ ഒന്നാണ് റോമാലേഖനം. ഇതിനെ പ്രധാനമായും രണ്ടു ഭാഗങ്ങളായിത്തിരിക്കാം: ആദ്യത്തെ 11 അദ്ധ്യായങ്ങൾ വിശ്വാസത്തെയും ദൈവനീതിയെയുംകുറിച്ചും 12 മുതൽ 16 വരെയുള്ള അദ്ധ്യായങ്ങൾ ക്രൈസ്തവജീവിതചര്യയെക്കുറിച്ചും പ്രതിപാദിക്കുന്നു.

റോമാലേഖനത്തെ പൊതുവേ രണ്ടു പ്രധാനഭാഗങ്ങളായാണ് (ദൈവശാസ്ത്രപരമായ പഠനങ്ങളും പ്രായോഗികജീവിതനിർദ്ദേശങ്ങളും) തിരിക്കാറുള്ളതെങ്കിലും, ഉള്ളടക്കത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ രണ്ട് ഉപവിഭാഗങ്ങളടക്കം നമുക്ക് നാലായി തരംതിരിക്കാം. അതനുസരിച്ച്, റോമാലേഖനത്തിൻ്റെ ഒരു സംഗ്രഹം താഴെ നൽകുന്നു:

ഭാഗം 1: ദൈവനീതിയും രക്ഷാകരപദ്ധതിയും (അദ്ധ്യായങ്ങൾ 1 - 8)

  • അദ്ധ്യായം 1: സുവിശേഷത്തിൻ്റെ ശക്തിയെക്കുറിച്ച് പൗലോസ് പറയുന്നു. വിജാതീയർ ദൈവത്തെ തള്ളിക്കളഞ്ഞതുവഴി പാപത്തിനടിമകളായെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
  • അദ്ധ്യായം 2: മറ്റുള്ളവരെ വിധിക്കുന്ന യഹൂദരും പാപികളാണെന്നും ദൈവം പക്ഷപാതമില്ലാതെ എല്ലാവരെയും അവരുടെ പ്രവൃത്തികൾക്കനുസരിച്ചു വിധിക്കുമെന്നും വ്യക്തമാക്കുന്നു.
  • അദ്ധ്യായം 3: എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായിത്തീർന്നു. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി സൗജന്യമായി നീതീകരിക്കപ്പെടുന്നു.
  • അദ്ധ്യായം 4: അബ്രാഹത്തെ ഉദാഹരണമാക്കി, നിയമം പാലിക്കുന്നതുവഴിയല്ല, മറിച്ച് വിശ്വാസംവഴിയാണ് നീതീകരണം ലഭിക്കുന്നതെന്ന് പൗലോസ് ശ്ലീഹ സ്ഥാപിക്കുന്നു.
  • അദ്ധ്യായം 5: ക്രിസ്തുവിലൂടെ നമുക്ക് ദൈവവുമായി രമ്യത ലഭിച്ചു. ആദത്തിലൂടെ പാപം ലോകത്തിൽ വന്നതുപോലെ, രണ്ടാം ആദമായ ക്രിസ്തുവിലൂടെ നീതിയും ജീവനും ലഭ്യമായി.
  • അദ്ധ്യായം 6: മാമ്മോദീസയിലൂടെ നാം പാപത്തിനു മരിക്കുകയും ക്രിസ്തുവിൽ പുതിയ ജീവിതം നയിക്കുകയുംചെയ്യുന്നു. നാം പാപത്തിൻ്റെ ദാസന്മാരല്ല, നീതിയുടെ ദാസന്മാരാണ്.
  • അദ്ധ്യായം 7: ന്യായപ്രമാണവും പാപവുംതമ്മിലുള്ള ബന്ധം. നന്മ ചെയ്യാനാഗ്രഹിക്കുമ്പോഴും തിന്മചെയ്യാൻ പ്രേരിപ്പിക്കുന്ന ശരീരത്തിൻ്റെ ബലഹീനതയെക്കുറിച്ച് പൗലോസ് വിവരിക്കുന്നു.
  • അദ്ധ്യായം 8: പരിശുദ്ധാത്മാവിലുള്ള ജീവിതം. ക്രിസ്തുവിലുള്ളവർക്ക് ശിക്ഷാവിധിയില്ല. ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ ഒന്നിനും സാധിക്കില്ലെന്ന മനോഹരമായ പ്രത്യാശയോടെ ഈ ഭാഗം അവസാനിക്കുന്നു.

ഭാഗം 2: ഇസ്രായേലും ദൈവത്തിൻ്റെ തിരഞ്ഞെടുപ്പും (അദ്ധ്യായങ്ങൾ 9 - 11)

അദ്ധ്യായം 9 - 11: ഇസ്രായേൽജനം ക്രിസ്തുവിനെ തള്ളിക്കളഞ്ഞതിനെക്കുറിച്ച് പൗലോസ് വിലപിക്കുന്നു. എന്നാൽ ദൈവം തൻ്റെ ജനത്തെ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും വിജാതീയർക്കു രക്ഷ ലഭിക്കാൻ ഇത് കാരണമായെന്നും ഒടുവിൽ ഇസ്രായേൽമുഴുവനും രക്ഷിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ഭാഗം 3: ക്രൈസ്തവജീവിതത്തിൻ്റെ പ്രായോഗികവശങ്ങൾ (അദ്ധ്യായങ്ങൾ 12 - 16)

  • അദ്ധ്യായം 12: ജീവിതത്തെ സജീവബലിയായർപ്പിക്കുക. സ്നേഹത്തിലും വിനയത്തിലുമധിഷ്ഠിതമായ ക്രൈസ്തവജീവിതശൈലി.
  • അദ്ധ്യായം 13: അധികാരികളോടും നിയമത്തോടുമുള്ള കടമകൾ. സ്നേഹമാണ് നിയമത്തിൻ്റെ പൂർത്തീകരണമെന്ന് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു.
  • അദ്ധ്യായം 14 & 15: വിശ്വാസത്തിൽ ബലഹീനരായവരെ വിധിക്കരുത്. പരസ്പരം താങ്ങുകയും ക്രിസ്തു കാണിച്ചുതന്നതുപോലെ അപരനെ സ്വീകരിക്കുകയും വേണം.
  • അദ്ധ്യായം 16: വ്യക്തിപരമായ അഭിവാദനങ്ങളും സമാപനവും. റോമായിലെ നിരവധി വിശ്വാസികളെ പേരെടുത്ത പറഞ്ഞ് അദ്ദേഹം അഭിവാദനംചെയ്യുന്നു. പിണക്കങ്ങൾ ഉണ്ടാക്കുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയും ദൈവത്തിനുള്ള സ്തുതിപ്പോടെയും ലേഖനമവസാനിക്കുന്നു.

റോമാലേഖനത്തിൻ്റെ ഘടന താഴെപ്പറയുന്ന പട്ടികയിൽ ലളിതമായിക്കാണാം:

വിഭാഗം അദ്ധ്യായങ്ങൾ പ്രധാനവിഷയം
നീതീകരണം 1 - 5 വിശ്വാസം വഴി ലഭിക്കുന്ന രക്ഷ
വിശുദ്ധീകരണം 6 - 8 പരിശുദ്ധാത്മാവിലുള്ള പുതിയ ജീവിതം
ദൈവപദ്ധതി 9 - 11 ഇസ്രായേലിൻ്റെയും വിജാതീയരുടെയും രക്ഷ
പ്രായോഗികജീവിതം 12 - 16 സഭയിലും സമൂഹത്തിലുമുള്ള പെരുമാറ്റം

Sunday, 11 January 2026

കരുണ: വിശുദ്ധിയുടെ യഥാർത്ഥമായ അളവുകോൽ

അഹങ്കാരത്തേക്കാളുന്നതമാണു കരുണ. നിയമങ്ങളേക്കാളും വിധികളേക്കാളും വലുതാണ്, ദൈവപിതാവിന്റെ ഹൃദയം.

"ബലിയല്ല, കരുണയാണ്‌ ഞാനാഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍പോയി പഠിക്കുക. ഞാന്‍ വന്നതു നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌." - മത്തായി 9 : 13

വിശുദ്ധിയും കരുണയും
വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയും അതു ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുകയുംചെയ്യുന്നവർക്കു നേരിടുന്ന ഏറ്റവുംവലിയ അപകടം, മറ്റുള്ളവരോടുള്ള കരുണ തങ്ങളിൽനിന്നു നഷ്ടപ്പെടുകയെന്നതാണ്. യഥാർത്ഥത്തിൽ, വിശുദ്ധിയിൽ വളരാനാഗ്രഹിക്കുന്നവർക്ക് ഏറ്റവുംകൂടുതലാവശ്യമായിട്ടുള്ളതു കരുണയാണ്.

നിങ്ങൾ സ്വയം എത്രമാത്രം വിശുദ്ധനായി/ വിശുദ്ധയായി കരുതുന്നുവോ, അത്രത്തോളം കരുണ, നിങ്ങളെക്കാൾ 'വിശുദ്ധി കുറഞ്ഞവർ' എന്നു നിങ്ങൾ കരുതുന്നവരോടു കാണിക്കുക. അപ്പോൾ ദൈവകരുണയാൽ നിങ്ങൾ കൂടുതൽ വിശുദ്ധീകരിക്കപ്പെടും.

"കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും." - മത്തായി 5 : 7

നിങ്ങൾ ആരാകാനാണാഗ്രഹിക്കുന്നത്? 
ധൂർത്തപുത്രന്റെ ഉപമയിലെ രണ്ടു വ്യക്തിത്വങ്ങൾ നമുക്കു മുമ്പിലുണ്ട്. കുറ്റപ്പെടുത്തുന്ന മൂത്തസഹോദരനാകാനാണോ, അതോ ചേർത്തുപിടിക്കുന്ന പിതാവാകാനാണോ നിങ്ങളാഗ്രഹിക്കുന്നത്? പലപ്പോഴും പാപികളെന്നു നമ്മൾ കരുതുന്നവരെ മുകളിൽനിന്നു നോക്കി വിധിക്കുന്നവരായി നമ്മൾ മാറാറുണ്ട്. ​ഈ സാഹചര്യത്തിൽ നമ്മൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:

സഭയിലുള്ളവർക്കോ നിങ്ങളുടെ ചുറ്റുമുള്ളവർക്കോ നിങ്ങളെ സമീപിക്കാൻ മടിയുണ്ടോ?
തങ്ങളുടെ കുറവുകളും സങ്കടങ്ങളും നിങ്ങളോടു തുറന്നുപറയാൻ അവർക്കു താല്പര്യമുണ്ടോ?
നിങ്ങളുടെ സാന്നിദ്ധ്യം അവരിൽ ഭയമാണോ അതോ ആശ്വാസമാണോ ഉണ്ടാക്കുന്നത്?

"നിങ്ങള്‍ വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണംനടത്തരുത്‌; നിങ്ങളുടെമേലും കുറ്റമാരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും." - ലൂക്കാ 6 : 37

യേശു നൽകുന്ന മാതൃക

ഫരിസേയന്മാരെ സമീപിക്കുന്നതിനേക്കാളധികമായി യേശുവിനെ സമീപിക്കാൻ പാപികൾക്കും സാധാരണക്കാർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. യേശുവിന്റെയടുക്കൽ അവർക്കു ഭയമുണ്ടായിരുന്നില്ല. 

നിയമങ്ങൾ പറഞ്ഞ് അകറ്റിനിർത്തുന്നവരല്ല, സ്നേഹം നൽകി ചേർത്തുപിടിക്കുന്നവരാണ് ദൈവരാജ്യത്തിനർഹർ. ആ ഒരു സ്വാതന്ത്ര്യം നിങ്ങളോട് കാണിക്കാൻ മറ്റുള്ളവർക്കു കഴിയുന്നുണ്ടോ?

"അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍;" - മത്തായി 11 : 28

പിതാവിന്റെ മുഖം
നിങ്ങളുടെ വിശുദ്ധിയുടെ മാനദണ്ഡങ്ങൾ എത്ര ഉയർന്നതായാലും, ദൈവത്തിലേക്കു മടങ്ങിവരാനാഗ്രഹിക്കുന്ന ഒരു വ്യക്തി നിങ്ങളിൽക്കാണേണ്ടത്, ദൈവപിതാവിൻ്റെ മുഖമാണ്.

 *അവർ നമ്മളിൽക്കാണേണ്ടത് ശിക്ഷാവിധിയല്ലാ, കരുണയാണ്.
 *അവരനുഭവിക്കേണ്ടത് നമ്മുടെ അഹങ്കാരമല്ലാ, ദൈവികമായ സ്നേഹമാണ്.

ഓർക്കുക, അഹങ്കാരത്തേക്കാൾ 
ഉന്നതമാണു കരുണ. വിധിയേക്കാൾ വലുതാണ്, പിതാവിന്റെ ഹൃദയം. യാക്കോബ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നതുപോലെ, 
"കാരുണ്യം കാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെമേല്‍ വിജയംവരിക്കുന്നു." - യാക്കോബ്‌ 2 : 13

✍🏻 Abba Anto

Thursday, 8 January 2026

പുതുഞായർ: തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും ദൈവകരുണയുടെ വെളിപ്പെടുത്തലും

പുതുഞായറും ദൈവകരുണയുടെ തിരുനാളും

വിശ്വാസവും കരുണയും സംഗമിക്കുന്ന ധന്യനിമിഷം

പുതുഞായറാഴ്ച തോമാശ്ലീഹായുടെ തിരുനാളായി സഭ ആഘോഷിക്കുമ്പോൾ, അതേ ദിവസംതന്നെ ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കുന്നതിന് ആഴമേറിയ അർത്ഥതലങ്ങളുണ്ട്. ഇതിന്റെ സാംഗത്യം പ്രധാനമായും മൂന്നു കാര്യങ്ങളിലധിഷ്ഠിതമാണ്:

1. അവിശ്വാസത്തെ മായ്ച്ചുകളയുന്ന കാരുണ്യം

"അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെക്കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരലിടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈവയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല." - യോഹന്നാന്‍ 20 : 25

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ വിശ്വസിക്കാൻ പ്രയാസപ്പെട്ട തോമാശ്ലീഹായെ തള്ളിക്കളയുകയല്ല ഈശോ ചെയ്തത്. മറിച്ച്, ഒരാഴ്ചയ്ക്കുശേഷം തോമായ്ക്കുവേണ്ടിമാത്രം വീണ്ടും പ്രത്യക്ഷനായി. ഒരൊറ്റ ആത്മാവുപോലും അവിശ്വാസത്തിൽ നശിച്ചുപോകരുതെന്ന കർത്താവിന്റെ ഈ വലിയ മനസ്സലിവാണ് ദൈവകരുണയുടെ ഏറ്റവും വലിയ ഉദാഹരണം. തോമാശ്ലീഹയുടെ സംശയത്തെ തന്റെ സാമീപ്യംകൊണ്ട്, കരുണയോടെ ഈശോ പരിഹരിക്കുന്നു.

2. തിരുമുറിവുകൾ - കരുണയുടെ ഉറവിടം

"അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെക്കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈനീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. (യോഹന്നാന്‍ 20: 27)" എന്നു പറഞ്ഞ്, ഈശോ തോമാശ്ലീഹയ്ക്ക് തന്റെ തിരുമുറിവുകൾ കാണിച്ചുകൊടുത്തു.

വിശുദ്ധഫൗസ്റ്റീനയുടെ വെളിപാടുകൾപ്രകാരം, കുന്തത്താൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽനിന്നാണ് കരുണയുടെ ഉറവകൾ (രക്തവും ജലവും) ലോകത്തിലേക്കൊഴുകിയത്. തോമാശ്ലീഹാ സ്പർശിച്ച ആ തിരുമുറിവുകളാണ്, ദൈവകരുണയുടെ കവാടങ്ങൾ.

3. "എന്റെ കർത്താവേ, എന്റെ ദൈവമേ"

തന്റെ മുറിവുകളിൽ സ്പർശിക്കാൻ തോമായെ അനുവദിച്ചതിലൂടെ ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തി. "തോമസ്‌ പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!" - യോഹന്നാന്‍ 20:28

തോമാശ്ലീഹാനടത്തിയ "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന ഏറ്റുപറച്ചിൽ ലോകത്തിലെ ഏറ്റവുംവലിയ വിശ്വാസപ്രഖ്യാപനമാണ്. ദൈവകരുണയുടെ ചിത്രം വണങ്ങുമ്പോൾ നാം ചൊല്ലുന്ന "ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു" എന്ന പ്രാർത്ഥന തോമാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനത്തിന്റെ തുടർച്ചയാണ്.

ചുരുക്കത്തിൽ, തോമാശ്ലീഹായ്ക്ക് തന്റെ തിരുമുറിവുകൾ കാണിച്ചുകൊടുത്ത്, അവനെ വിശ്വാസത്തിലേക്കാനയിച്ച അതേ കരുണതന്നെയാണ്, തന്റെ തിരുമുറിവുകളിലൂടെ ലോകം മുഴുവനും സമാധാനം നൽകാൻ ഈ തിരുനാൾദിനത്തിൽ ഈശോ വാഗ്ദാനംചെയ്യുന്നത്. അതുകൊണ്ട് പുതുഞായറാഴ്ച ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കുന്നതും ഒപ്പം തോമാശ്ലീഹായെ ഓർക്കുന്നതും പരസ്പരപൂരകമായ ആത്മീയാനുഭവങ്ങളാണ്.
ജോസ് ആറുകാട്ടി

Wednesday, 7 January 2026

മനസ്സാക്ഷിയുടെ പ്രകാശനം: കരുണയുടെ അവസാനവിളി

"സ്നേഹത്തിന്റെ പുതിയ പെന്തെക്കോസ്ത" എന്നത് അപ്പസ്തോലന്മാർ അനുഭവിച്ച ആദ്യപെന്തെക്കോസ്തയുടെ കേവലമൊരാവർത്തനമല്ല, മറിച്ച് അതിന്റെ ആന്തരികമായ വ്യാപനമാണ് (Internal Diffusion). അന്ന് പരിശുദ്ധാത്മാവ് അഗ്നിനാവുകളായി ശിരസ്സിൽ ഇറങ്ങിയെങ്കിൽ, വരാനിരിക്കുന്ന പെന്തെക്കോസ്തയിൽ ആത്മാവ് പ്രകാശമായി മനുഷ്യന്റെ ബോധമണ്ഡലത്തിലേക്ക് (Conscience) ഇറങ്ങിവരും. ഇതാണ് 'മനസ്സാക്ഷിയുടെ പ്രകാശനം' (Illumination of Conscience).
'ഈ നിമിഷത്തിൽ, വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ ഓരോ മനുഷ്യനും ദൈവത്തിന്റെ കണ്ണുകളിലൂടെ സ്വന്തം ആത്മാവിന്റെ യഥാർത്ഥാവസ്ഥ ദർശിക്കും.

ഇതൊരു കുറ്റപ്പെടുത്തലല്ല, മറിച്ച് സത്യത്തിന്റെ വെളിപ്പെടുത്തലാണ്.
ഇതൊരു ശിക്ഷയല്ല, മറിച്ച് കരുണയിലേക്കുള്ള ദൈവത്തിന്റെ സ്നേഹപൂർണ്ണമായ ക്ഷണമാണ്.
നമ്മുടെ പാപം എത്രമാത്രം ആഴമുള്ളതാണെന്നും, അതിനേക്കാൾ എത്രയോമടങ്ങാണ് ദൈവത്തിന്റെ അളവില്ലാത്ത സ്നേഹമെന്നും അന്ന് ലോകം തിരിച്ചറിയും.

എന്താണു സംഭവിക്കാൻപോകുന്നത്?
മറഞ്ഞുകിടക്കുന്ന പാപങ്ങൾ വെളിച്ചത്തുവരും. ഉറങ്ങിക്കിടക്കുന്ന മനസ്സാക്ഷികൾ ഉണരും. കാപട്യത്തിന്റെ മുഖംമൂടികൾ അഴിഞ്ഞുവീഴുകയും ആത്മീയാന്ധത നീങ്ങുകയും ചെയ്യും. അന്ന് പലരും തങ്ങളുടെ ആത്മാവിനെ ആദ്യമായി കണ്ണാടിയിലെന്നപോലെ കാണും.
അന്ന് മനുഷ്യൻ വിങ്ങലോടെ പറയും: "ദൈവമേ, ഞാൻ നിന്നെ വിട്ടുപോയിരുന്നു… പക്ഷേ നീ എന്നെ ഒരിക്കലും കൈവിട്ടില്ലല്ലോ."

എന്തിനാണ് ദൈവം ഇങ്ങനെയൊരവസരം നൽകുന്നത്?
ലോകത്തെ ഭയപ്പെടുത്താനല്ല, മറിച്ച് നഷ്ടപ്പെട്ടുപോകുന്ന മക്കളെ തിരികെവിളിക്കാൻ. കാരണം, ദൈവമാഗ്രഹിക്കുന്നത് ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ്.
ഇതൊരുപക്ഷേ, കരുണയുടെ അവസാനമഴയായിരിക്കും. ഇതിനുശേഷം വരുന്നത് നീതിയുടെ കാലമാണ്.

നാം എങ്ങനെയൊരുങ്ങണം?
ഇനിക്കാത്തിരിക്കാൻ സമയമില്ലല്ലോ!
  • 📍 വിനയത്തോടെ പ്രാർത്ഥിക്കുക.
  • 📍 നിരന്തരമായി ആത്മപരിശോധന നടത്തുക.
  • 📍 സത്യസന്ധമായ മാനസാന്തരത്തിന് തയ്യാറാവുക.

പരിശുദ്ധാത്മാവിനോട് നമുക്കു പ്രാർത്ഥിക്കാം: "എന്റെ ഹൃദയത്തെ അവിടുത്തെ പ്രകാശത്താൽ നിറയ്ക്കണമേ."

കാലത്തിന്റെ അടയാളങ്ങൾ

നാം ജീവിക്കുന്നത് മധുരമായ ഒരു കാലഘട്ടത്തിലല്ല. നാം ചിരിക്കുമ്പോൾ ലോകം അടിത്തറയിളകി കുലുങ്ങുകയാണ്. നാം ഉറങ്ങുമ്പോൾ മുന്നറിയിപ്പിന്റെ മണികൾ മുഴങ്ങിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നാം പറയുന്നു: "ഇതെല്ലാം പതിവല്ലേ... നാളെ നോക്കാം."
പക്ഷേ, നാളെ നീയുണ്ടാകുമെന്ന് എന്താണുറപ്പ്?

ചുറ്റുമൊന്നു കണ്ണോടിക്കൂ. വായു മലിനമാകുന്നു, ജലം വിഷമയമാകുന്നു. മനുഷ്യൻ മനുഷ്യനെ ഭയപ്പെടുന്നു. അമ്മമാർ മക്കളെയും മക്കൾ മാതാപിതാക്കളെയും തിരിച്ചറിയാത്തവിധം ബന്ധങ്ങൾ തകർന്നിരിക്കുന്നു. മയക്കമരുന്നിന്റെ ലഹരിയിൽ തലമുറകൾ നശിക്കുന്നു. അതിർത്തികൾ ലംഘിച്ച്, രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നു. ഭരണാധികാരികൾപോലും നിസ്സഹായരാകുന്നു.

ഇതു സാധാരണകാലമല്ല; അന്ത്യകാലത്തിന്റെ മുന്നറിയിപ്പുകളാണ്. മനസ്സാക്ഷിയുടെ പ്രകാശനം വരുന്നതിനുമുമ്പ് വലിയ പരീക്ഷണങ്ങൾ ലോകത്തെ കാത്തിരിക്കുന്നു.

അന്ന് മരുന്നോ ഭക്ഷണമോ ഉണ്ടാകില്ല. കുടിവെള്ളത്തിന് സ്വർണ്ണത്തേക്കാൾ വിലയേറും. അന്ന്, "നിനക്ക് എത്ര പണമുണ്ട്? എത്ര വിദ്യാഭ്യാസമുണ്ട്?" എന്ന ചോദ്യങ്ങൾക്കു പ്രസക്തിയുണ്ടാകില്ല. എവിടെയാണഭയം?
അമ്മയായ പരിശുദ്ധമറിയം പറയുന്നു: "നിങ്ങൾ എന്റേതായാൽ, നിങ്ങൾക്ക് ഒരഭയമുണ്ടാകും."

ശ്രദ്ധിക്കുക: എല്ലാവർക്കുമല്ല, ആഗ്രഹിക്കുന്നവർക്കുമല്ല, മറിച്ച് 'അമ്മയുടേതാകുന്നവർക്ക്' മാത്രം. ആ അഭയം പണമോ, സ്വാധീനമോ, ലൗകികബന്ധങ്ങളോ അല്ല. അത് ഈശോയുടെ തിരുഹൃദയമാണ്.
ചോദ്യമിതാണ്: നിങ്ങൾ ആ ഹൃദയത്തിനുള്ളിലാണോ അതോ പാപത്തിന്റെ ബന്ധനത്തിലാണോ?

കൂദാശകളിലേക്കുള്ള മടക്കം

ഇന്ന് എത്രപേർ കുമ്പസാരമെന്ന കൂദാശയെ അവഗണിക്കുന്നു? "അച്ചനോടു പറയാൻ ലജ്ജയാണ്", "ദൈവം എല്ലാം അറിഞ്ഞോളും" എന്നൊക്കെയുള്ള ഒഴികഴിവുകൾ നമ്മൾ കണ്ടെത്തുന്നു.
എന്നാൽ ഓർക്കുക: അനുതാപപൂർണ്ണമായ കുമ്പസാരത്തിലൂടെമാത്രമേ യേശുവിന്റെ തിരുരക്തം നമ്മുടെ ആത്മാവിലേക്ക് ഒഴുകുകയുള്ളൂ. ആ തിരുരക്തത്താൽ കഴുകപ്പെടാതെ പാപം മായ്ക്കപ്പെടില്ല. പാപം കഴുകപ്പെടാത്ത ഒരവസ്ഥയിൽ മനസ്സാക്ഷിയുടെ പ്രകാശനം സംഭവിച്ചാൽ, നിങ്ങൾക്ക് ഒളിച്ചോടാനിടമുണ്ടാകില്ല.
അന്ന് ന്യായീകരണങ്ങളില്ല. നിങ്ങളും ദൈവവുംമാത്രം.
അന്ന് ഹൃദയംതകർന്നു നിങ്ങൾ പറഞ്ഞേക്കാം: "എനിക്കു സമയമുണ്ടായിരുന്നു... എന്നിട്ടും ഞാൻ അതു പാഴാക്കി."

പരിശുദ്ധകുർബാനയെ നിങ്ങൾ എങ്ങനെയാണു സമീപിക്കുന്നത്? പതിവായിട്ടാണോ? വല്ലപ്പോഴുംമാത്രമാണോ? ഭയഭക്തിയോടെയാണോ അതോ അശ്രദ്ധയോടെയാണോ? പ്രസാദവരാവസ്ഥയിലാണോ അതോ പാപാവസ്ഥയിലാണോ?
നിങ്ങൾ സ്വീകരിക്കുന്നത് വെറുമൊരപ്പമല്ല, യേശുവിന്റെ ജീവനുള്ള ഹൃദയമാണ്. ആ ഹൃദയത്തിന് നിങ്ങളെ രക്ഷിക്കാൻ കഴിയും; എന്നാൽ അയോഗ്യതയോടെ സ്വീകരിച്ചാൽ അതു ശിക്ഷാവിധിക്കും കാരണമാകും.

വാതിലടയുന്നതിനുമുമ്പ്

ഇതൊരു ഭീഷണിയല്ല, പരമമായ സത്യമാണ്. ദൈവം ഇനി ഉച്ചത്തിൽ വിളിക്കില്ല. അടുത്തത് നിശബ്ദമായ, എന്നാൽ ശക്തമായ പ്രകാശനമായിരിക്കും. അന്ന് "ആരുമെന്നോടു പറഞ്ഞില്ല" എന്നു നിങ്ങൾക്കു പറയാനാവില്ല.
ഇന്നാണ് ആ ദിവസം. ഇപ്പോളാണ് ആ സമയം. വാതിലടഞ്ഞാൽ, പിന്നെ എത്രമുട്ടിയാലും അതു തുറക്കപ്പെടണമെന്നില്ല.
നിങ്ങളുടെ ഹൃദയത്തോടു ചോദിക്കുക: "ഞാൻ യേശുവിന്റെ ഹൃദയത്തിനുള്ളിലാണോ?"
ഇല്ലെങ്കിൽ, ഇന്നുതന്നെ കുമ്പസാരത്തിലേക്കു മടങ്ങുക. പരിശുദ്ധകുർബാനയെ ഭയഭക്തിയോടെ ആരാധിക്കുക. പ്രാർത്ഥനയിലേക്കു തിരികെ വരിക. ഇതൊരു 'ഓപ്ഷൻ' അല്ല, നിലനിൽപ്പിന്റെ ആവശ്യമാണ്.

അമ്മയുടെ മേലങ്കി

ദൈവത്തിൽനിന്നുള്ള അകൽച്ചയാണ് ഇന്നത്തെ എല്ലാത്തിന്മകളുടെയും കാരണം. അതുകൊണ്ടാണ് പരിശുദ്ധയമ്മ ഇത്ര ശക്തമായി വിളിക്കുന്നത്:
"എന്റെ മേലങ്കിക്കുള്ളിൽ വരിക."

ഇതൊരു കാവ്യാത്മകപ്രയോഗമല്ല. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആവൃതമായ ദൈവീകസംരക്ഷണമാണത്. പരിശുദ്ധാത്മാവ് ആ വസ്ത്രത്തിൽ വസിക്കുന്നു. അതിനാൽ പിശാചിന് അവിടെ പ്രവേശനമില്ല.
ആ മേലങ്കിക്കു പുറത്തുനിൽക്കുന്നവർ ഭയത്തിൽ ജീവിക്കും; അകത്തുള്ളവർ സമാധാനത്തിലും. അമ്മയുടെയടുത്തേക്കുള്ള വഴി ലളിതമാണ്:

  • അമ്മയുടെ സന്ദേശങ്ങൾ കേൾക്കുക, അനുസരിക്കുക.
  • പ്രാർത്ഥന, മാനസാന്തരം, വിശുദ്ധജീവിതം എന്നിവ പാലിക്കുക.

മറിയം നമ്മെ നയിക്കുന്നത് ഈശോയിലേക്കാണ്; തന്റെ നിർമ്മലഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിലേക്ക്.
വാർത്തകൾ കേട്ടു തളരരുത്. അമ്മയുടെ ഹൃദയത്തിൽ അഭയംതേടുക. നിർമ്മലഹൃദയത്തിൽ വസിക്കുന്നവൻ ഇരുട്ടിൽ നിൽക്കുകയില്ല.
ഇതു സമയത്തിന്റെ വിളിയാണ്. നാളെയല്ല, ഇന്ന്.

സമർപ്പണ പ്രാർത്ഥന

"പരിശുദ്ധയമ്മേ,
പാപത്താൽ അന്ധകാരത്തിലായ ഈ ലോകത്തെയും ഞങ്ങളെയും
അങ്ങയുടെ നീല മേലങ്കിക്കുള്ളിൽ ഇപ്പോൾത്തന്നെ സുരക്ഷിതമായി ഒളിപ്പിക്കണമേ.
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എല്ലാ തിന്മകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
അങ്ങയുടെ നിർമ്മലഹൃദയത്തിലൂടെ,
ഞങ്ങളെ ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്തിലേക്ക്
നയിക്കുകയും ചെയ്യണമേ. ആമേൻ."

അബ്ബ ആൻ്റോ