Thursday, 4 October 2012

ത്രീത്വ സ്തുതി

താതനും പുത്രനും പാവനാത്മാവിനും
നിത്യം സ്തുതികളേകാം.

ആദിയിലെ പോലിപ്പോഴുമെപ്പോഴു-
മെന്നേയ്ക്കുമായിടട്ടെ!

നന്മ നിറഞ്ഞ മറിയമേ സ്വസ്തി

നന്മ നിറഞ്ഞ മറിയമേ സ്വസ്തി,
നീയെന്നും സ്ത്രീകളില്‍ ധന്യയമ്മേ,
നിന്നുദരത്തിന്‍ ഫലമായ ഈശോ,
നിത്യന്‍, അനുഗ്രഹ പൂർണ്ണനല്ലോ.

പരിശുദ്ധ മറിയമേ, ഈശോ തന്നമ്മേ
പാപികളാം ഞങ്ങൾക്കായി നീ,
ഇപ്പോഴും ഞങ്ങള്‍ തന്നന്ത്യ നേരത്തിലും
സർവ്വേശനോട് പ്രാർത്ഥിക്കേണമേ.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ...

സ്വർഗ്ഗസ്ഥനാം പിതാവേ,
നിന്‍ നാമം പൂജിതമായിടേണം,
നിന്‍ രാജ്യം വന്നിടേണം,
നിന്റെ ഹിതമെന്നും സ്വർഗ്ഗത്തിലേപ്പോലീ
ഭൂവിലുമായിടേണം ...

അന്നന്നു വേണ്ടുന്നൊരാഹാരമിന്നും
ഞങ്ങൾക്ക് നൽകിടേണം;
ഞങ്ങളോടു തിന്മ ചെയ്യുന്നവരോട്‌
ഞങ്ങള്‍ ക്ഷമിച്ചിടും പോല്‍

ഞങ്ങള്‍ തന്‍ തിന്മകളൊക്കെപ്പൊറുത്തു നീ
ഞങ്ങളെ നല്ല താതാ,
സാത്താന്റെയെല്ലാ പ്രലോഭങ്ങളില്‍ നിന്നും
നിത്യവും കാത്തിടേണേ;

എന്തൊല്‍ രാജ്യം, ശക്തി, മഹത്വവും
കർത്താവേ നിന്റേതല്ലോ!

വിശ്വാസ പ്രമാണം

സർവ്വശക്തനായ താതനില്‍,
സർവ്വ സൃഷ്ടി ചെയ്ത പിതാവില്‍,
ഏക ജാതനേശുവാം മിശിഹയില്‍,
വിശ്വസിച്ചിടുന്നു ഞങ്ങള്‍ സർവ്വഥാ.

പാവനാത്മാവിനാല്‍ ഗർഭസ്ഥനായ്,
കന്യാമേരിയില്‍ നിന്നു ജാതനായ്‌,
പോന്തിയോസ്‌ പിലാത്തോസിന്‍ ഭരണ നാള്‍
പീഢകള്‍ സഹിച്ചൂ ക്രൂശിലേറിയോന്‍,

മൃത്യുവാർന്നു പാതാളത്തിലെത്തിയോന്‍,
മൂന്നാം നാളില്‍ മൃതരില്‍ നിന്നുയിർത്തവൻ,
വീണ്ടുമേശു നാഥന്‍ വരും നിശ്ചയം;
വിധിയാളനായിടും സർവ്വത്തിനും!

ത്രീത്വൈക ദൈവം പകര്‍ന്നിടും
സ്നേഹമാം  പാവനാത്മാവിലും
സാർവ്വത്രീകമാമേക സഭയിലും
പുണ്യവാന്മാര്‍ തന്നൈക്ക്യത്തിലും

പാപങ്ങള്‍ തന്‍ മോചനത്തിലും
മൃത്യുവാര്ന്നോര്‍   തന്നുയിർപ്പിലും
നിത്യമായ സ്വർഗ്ഗജീവിതത്തിലും
വിശ്വസിച്ചിടുന്നു ഞങ്ങള്‍ ഗാഢമായ്‌.

ജപമാല - പ്രാരംഭ പ്രാർത്ഥന

അളവില്ലാത്ത സകല നന്മ‍ പൂരിതാ
അനന്ത കാരുണ്യം നിറഞ്ഞ ദൈവമേ,
യോഗ്യരല്ല നിന്റെ മുമ്പിലണയുവാന്‍
എങ്കിലും നിന്‍ ദയയിലാശ്രയിച്ചിതാ

നീചരായവര്‍, നന്ദി ഹീനര്‍, പാപികള്‍;
ഞങ്ങള്‍ വന്നിടുന്നു നിന്റെ സന്നിധേ!
യേശു നാഥനമ്മയായ കന്യകാ-
മേരി തന്റെ സ്തുതികളാലപിച്ചിടാന്‍,
ജപമാല ചൊല്ലി നിന്നെ വാഴ്ത്തുവാന്‍
ആഗ്രഹിച്ചിടുന്നു ഞങ്ങള്‍ ദൈവമേ;

പല വിചാരം കൂടിടാതീ പ്രാർത്ഥന
പൂർത്തിയാക്കാൻ ദൈവമേ തുണയ്ക്കണേ!
പല വിചാരം കൂടിടാതീ പ്രാർത്ഥന
പൂർത്തിയാക്കാൻ ദൈവമേ തുണയ്ക്കണേ!

പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന

പാവനാത്മാവേ, വന്നീടണേ, അങ്ങേ പ്രകാശ-
രശ്മികള്‍ സ്വർഗ്ഗത്തിൽ നിന്നുമയക്കേണമേ;
അഗതികള്‍ തന്‍ താതാ, ദാനശീലാ,
ഹൃദയ പ്രകാശമേ വന്നീടണേ;

ആശ്വാസമെന്നാളുമേകുവോനേ,
ആത്മാവില്‍ മാധുര്യമായവനേ,
ചൂടിൽത്തണുപ്പേ, ക്ലേശത്തിലാനന്ദമേ,
ആനന്ദ പൂർണ്ണ പ്രകാശമേ വന്നീടണേ;

വിശ്വാസമങ്ങയിലർപ്പിക്കും ഞങ്ങള്‍ തന്‍
ഹൃദയങ്ങളില്‍ വന്നു നിറയേണമേ.
നിന്‍ കൃപയില്ലെങ്കില്‍ പാപമല്ലാതൊന്നും
ഞങ്ങളിലില്ലല്ലോ പാവനാത്മാ;

ഹൃദയ മാലിന്യങ്ങള്‍ കഴുകണേ, വാടിയ-
തെല്ലാം നനയ്ക്കേണമേ.
രോഗങ്ങള്‍ സൌഖ്യമാക്കീടണേ, കഠിനത-
യൊക്കെയും മൃദുവാക്കണേ;

ആറിയ വിശ്വാസം വീണ്ടും ജ്വലിക്കുവാന്‍
ഞങ്ങളില്‍ വന്നു നീ നിറയേണമേ.
അങ്ങയിലാശ്രയം വയ്ക്കുന്നു ഞങ്ങള്‍,
ദാനങ്ങളേഴും നീ നൽകീടണേ,

പുണ്യ യോഗ്യതകളും നിത്യ സൌഭാഗ്യവും
പാപികളാമിവർക്കേകീടണേ!

കുരിശടയാളം

വിശുദ്ധ കുരിശിനടയാളത്താലേ
ഞങ്ങടെ ശത്രുക്കളില്‍ നിന്നും
ഞങ്ങളെ കാത്തീടൂ തമ്പുരാനേ,
താതന്റെ, പുത്രന്റെ, പാവനാത്മാവിന്റെ
നാമത്തിലെന്നുമാമേന്‍!