പാവനാത്മാവേ, വന്നീടണേ, അങ്ങേ പ്രകാശ-
രശ്മികള്‍ സ്വർഗ്ഗത്തിൽ നിന്നുമയക്കേണമേ;
അഗതികള്‍ തന്‍ താതാ, ദാനശീലാ,
ഹൃദയ പ്രകാശമേ വന്നീടണേ;
ആശ്വാസമെന്നാളുമേകുവോനേ,
ആത്മാവില്‍ മാധുര്യമായവനേ,
ചൂടിൽത്തണുപ്പേ, ക്ലേശത്തിലാനന്ദമേ,
ആനന്ദ പൂർണ്ണ പ്രകാശമേ വന്നീടണേ;
വിശ്വാസമങ്ങയിലർപ്പിക്കും ഞങ്ങള്‍ തന്‍
ഹൃദയങ്ങളില്‍ വന്നു നിറയേണമേ.
നിന്‍ കൃപയില്ലെങ്കില്‍ പാപമല്ലാതൊന്നും
ഞങ്ങളിലില്ലല്ലോ പാവനാത്മാ;
ഹൃദയ മാലിന്യങ്ങള്‍ കഴുകണേ, വാടിയ-
തെല്ലാം നനയ്ക്കേണമേ.
രോഗങ്ങള്‍ സൌഖ്യമാക്കീടണേ, കഠിനത-
യൊക്കെയും മൃദുവാക്കണേ;
ആറിയ വിശ്വാസം വീണ്ടും ജ്വലിക്കുവാന്‍
ഞങ്ങളില്‍ വന്നു നീ നിറയേണമേ.
അങ്ങയിലാശ്രയം വയ്ക്കുന്നു ഞങ്ങള്‍,
ദാനങ്ങളേഴും നീ നൽകീടണേ,
പുണ്യ യോഗ്യതകളും നിത്യ സൌഭാഗ്യവും
പാപികളാമിവർക്കേകീടണേ!
No comments:
Post a Comment