Friday, 20 January 2017

വിശുദ്ധ മിഖായേലിനോടുളള പ്രാർത്ഥന


ഓ, മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ദുരാത്മാക്കളോടുമുളള യുദ്ധത്തിലും ഞങ്ങൾ പ്രയോഗിക്കുന്ന ഭയാനകമായ യുദ്ധമുറകളിലും ഞങ്ങളെ സംരക്ഷിക്കണമേ. ദൈവം അക്ഷയരായി സൃഷ്ടിക്കുകയും സ്വന്തം ഛായയിലും സാദൃശ്യത്തിലും മെനഞ്ഞെടുക്കുകയും വലിയ വിലകൊടുത്തു സാത്താന്റെ ക്രൂരഭരണത്തിൽനിന്നു വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരുടെ സഹായത്തിനു വരേണമേ.

അഹങ്കാരികളായ മാലാഖമാരുടെ നേതാവായ ലൂസിഫറിനോടും മതത്യാഗികളായ അവന്റെ ദൂതഗണങ്ങളോടും ആദിയിൽ അങ്ങു യുദ്ധംചെയ്തതുപോലെ ഈ നാളുകളിലും വിശുദ്ധ മാലാഖമാരോടൊപ്പം വന്നു കർത്താവിന്റെ യുദ്ധം ചെയ്യേണമേ. അന്ന് അവർക്ക് അങ്ങയെ എതിർത്തുനിൽക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല, സ്വർഗ്ഗത്തിൽ പിന്നീട് അവർക്കു സ്ഥലവുമുണ്ടായിരുന്നില്ല. പിശാചെന്നും സാത്താനെന്നും വിളിക്കപ്പെടുന്ന, ലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന ആ ക്രൂരനായ പുരാതനസർപ്പം അവന്റെ ദൂതന്മാരോടൊപ്പം പാതാളത്തിലേക്കെറിയപ്പെട്ടു. ഇതാ പുരാതനശത്രുവും മനുഷ്യരുടെ ഘാതകനുമായ അവൻ ധൈര്യം സംഭരിച്ചിരിക്കുന്നു!
പ്രഭാപൂർണ്ണനായ മാലാഖയുടെ വേഷം ധരിച്ച് സഹസ്രങ്ങളായ ദുഷ്ടാരൂപികളോടൊപ്പം ഭൂമിയെ കീഴടക്കി ദൈവത്തിന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും നാമം കളങ്കപ്പെടുത്തുവാനും നിത്യമഹത്വത്തിന്റെ കിരീടം നേടുവാൻ വിധിക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ തടവിലാക്കുവാനും വധിക്കുവാനും നിത്യനാശത്തിലേക്കു തളളിയിടുവാനുമായി അവൻ അലഞ്ഞുതിരിയുകയാണ്. ഈ ദുഷ്ടനായ ഭീകരസർപ്പം അശുദ്ധിനിറഞ്ഞ ഒരു വെളളപ്പൊക്കംപോലെ തന്റെ തിന്മയുടെ വിഷം, നുണയുടെയും ഭക്തിരാഹിത്യത്തിന്റെയും ദൈവദൂഷണത്തിന്റെയും അശുദ്ധി പടർന്നുപിടിക്കുന്നതിനിടയാക്കുന്ന വിശ്വാസത്തിന്റെയും സകല തിന്മയുടെയും മലിനതയുടെയും അരൂപിയെ, ദുഷ്ടതനിറഞ്ഞ മനസ്സും അനീതിനിറഞ്ഞ ഹൃദയവുമുളള മനുഷ്യരുടെമേൽ വർഷിക്കുന്നു.

സൂത്രശാലികളായ ഈ ശത്രുക്കൾ കറയില്ലാത്ത കുഞ്ഞാടിന്റെ മണവാട്ടിയായ സഭയെ വ്രണങ്ങളും കയ്പുംകൊണ്ടു നിറയ്ക്കുകയും മത്തുപിടിപ്പിക്കുകയും അവളുടെ അതിവിശുദ്ധ സമ്പാദ്യങ്ങളിൽ ഭക്തിരഹിതകരങ്ങൾ വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇടയനെ അടിച്ചാൽ ആടുകൾ ചിതറിക്കപ്പെടാമെന്ന ദുഷിച്ച പദ്ധതിയോടുകൂടി ലോകത്തിന്റെ പ്രകാശമായി വിശുദ്ധ പത്രോസിന്റെ ഇരിപ്പിടവും സത്യത്തിന്റെ സിംഹാസനവും ക്രമീകരിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധസ്ഥലത്തുതന്നെ അവർ തങ്ങളുടെ വെറുപ്പുളവാക്കുന്ന ഭക്തിരാഹിത്യത്തിന്റെ ആധിപത്യം ഉയർത്തിയിരിക്കുന്നു.

ഓ അജയ്യനായ രാജകുമാരാ, ഉണരുക. നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ ആക്രമണത്തിൽ ദൈവജനത്തിനു സഹായമെത്തിക്കുകയും അവർക്കു വിജയം നൽകുകയും ചെയ്യുക. അവർ അങ്ങയെ തങ്ങളുടെ സംരക്ഷകനും പരിപാലകനുമായി വണങ്ങുന്നു; നരകത്തിന്റെ ദുഷിച്ച ശക്തിക്കെതിരെയുളള പരിചയായി പരിശുദ്ധസഭ അങ്ങയെ എടുത്തുകാട്ടുന്നു; മനുഷ്യാത്മാക്കളെ സ്വർഗീയാനന്ദത്തിലെത്തിക്കുവാൻ ദൈവം നിയമിച്ചിരിക്കുന്നത് അങ്ങയെയാണല്ലോ. ഓ, ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ അവിടുന്നു സാത്താനെ അടിമപ്പെടുത്തുവാൻ സമാധാനത്തിന്റെ ദൈവത്തോടു പ്രാർത്ഥിക്കേണമേ. ഇത്തരത്തിൽ കീഴടക്കപ്പെട്ട അവൻ, ഇനിയൊരിക്കലും മനുഷ്യരെ തടവിലാക്കുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. അവർ കർത്താവിന്റെ മുമ്പിൽ വേഗം കരുണ കണ്ടെത്തുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുമ്പിൽ സമർപ്പിക്കുന്നു. ദുഷ്ടജന്തുവിനെ പരാജയപ്പെടുത്തി പിശാചും സാത്താനുമായ പുരാതനസർപ്പത്തെ അങ്ങു വീണ്ടും പാതാളത്തിൽ തടവിലാക്കേണമേ. അവൻ ഇനിയൊരിക്കലും ജനതകളെ വഴിതെറ്റിക്കാതിരിക്കട്ടെ.

ആമ്മേൻ.

സംരക്ഷണത്തിനുവേണ്ടിയുളള ശക്തമായ പ്രാർത്ഥന
(ക്രൂശിതരൂപം ഉയർത്തിപ്പിടിച്ചുകൊണ്ടു ചൊല്ലുവാനുളളത്)

യേശുവിന്റെ തിരുക്കുരിശേ, ശക്തമായ ആയുധമേ, അങ്ങേയ്ക്ക് ആരാധന! ആരാധന!! ആരാധന!!!

യേശുവിന്റെ വിലയേറിയ തിരുരക്തമേ ആരാധന! ആരാധന!! ആരാധന!!!

പീഡയനുഭവിക്കുന്ന കരുണാസമ്പന്നനായ ഈശോമിശിഹായേ, ആത്മാക്കളുടെമേൽ അങ്ങയുടെ വിലയേറിയ തിരുരക്തം ഒഴുക്കേണമേ.

ഞങ്ങളുടെ ദാഹം ശമിപ്പിക്കുകയും ശത്രുവിനെ പരാജയപ്പെടുത്തുകയും ചെയ്യണമേ. ആമ്മേൻ.

രക്ഷിക്കുന്ന ശക്തിയേറിയ തിരുരക്തമേ, ശത്രുവിനെതിരേ പൊരുതേണമേ. (3 പ്രാവശ്യം)

ആമേൻ


No comments:

Post a Comment