Tuesday, 24 December 2019

ക്രിസ്തുമസ് ഡിസംബർ 25-നുതന്നെയോ?

ഈശോ ജീവിച്ചിരുന്നകാലത്തു ജീവിച്ചിരുന്ന യഹൂദര്‍ക്കു ജന്മദിനമാഘോഷിക്കുന്ന പതിവില്ലായിരുന്നു. എന്നാൽ യഹൂദരുടെ ഉത്സവങ്ങളും  ആഘോഷങ്ങളും അവരുടെ മതാചാരങ്ങള്‍പ്രകാരവും അവരുടെ ആരാധനാക്കലണ്ടര്‍ പ്രകാരവുമുള്ള തീയതികളിലാണു ക്രമീകരിച്ചിരിക്കുന്നത്. 

ബൈബിൾപ്രകാരം, യേശുവിന്‍റെ ജനനത്തോടടുത്തു ജനിച്ച ഒരു വ്യക്തിയാണ്,  സ്നാപകയോഹന്നാന്‍. 

വൃദ്ധരായിരുന്ന എലിസബത്ത് -- സഖറിയാ ദമ്പതികള്‍ക്ക് ഒരു കുട്ടി എങ്ങനെയുണ്ടായി എന്ന സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ടല്ലോ. 

സഖറിയാ അബിയാവിന്റെ ഗണത്തില്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു, അബിയാവിന്‍റെ ഗണത്തില്‍പ്പെടുന്നവര്‍ എട്ടാമത്തെ ഗണത്തിലായിരുന്നു സഖറിയ. അതായത്, യഹൂദ കലണ്ടര്‍പ്രകാരം എട്ടാം മാസമായിരുന്നു, (ഗൃഗോറിയൻ കലണ്ടര്‍പ്രകാരം ഒക്ടോബര്‍മാസത്തിലെ ആദ്യവാരം) ജെറുസലേം ദേവാലയത്തില്‍ ധൂപമര്‍പ്പിക്കാന്‍ പോയിരുന്നത്.

ഹീബ്രു കലണ്ടറനുസരിച്ച്, യഹൂദരുടെ ആദ്യത്തെ മാസം നീസ്സാന്‍ മാസമായിരുന്നു (ഗൃഗോറിയൻ കലണ്ടര്‍പ്രകാരം മാര്‍ച്ച്‌ ആദ്യവാരം മുതൽ ഏപ്രില്‍ ആദ്യവാരംവരെ)

ജറുസലേം ദൈവാലയത്തിൽ തന്‍റെ ആരാധനാദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സഖറിയാ വീട്ടിലേക്കു മടങ്ങുകയും താമസിയാതെ എലിസബത്ത് ഗര്‍ഭംധരിക്കുകയും ചെയ്തു. അഞ്ചുമാസത്തേക്ക് എലിസബത്ത് മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടിയെന്ന്‍ ബൈബിള്‍ വ്യക്തമാക്കുന്നു. സഖറിയാ --- എലിസബത്ത് ദമ്പതികളുടെ ജീവിതത്തിലെ ഈ അസാധാരണമായ സംഭവവികാസങ്ങള്‍കഴിഞ്ഞ് ആറാം മാസമാണ്, ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുകയും പരിശുദ്ധമറിയത്തെ മംഗലവാർത്ത അറിയിക്കുകയും ചെയ്തത്. ഈയവസരത്തില്‍ത്തന്നെ ഗബ്രിയേല്‍മാലാഖ യേശുവിന്‍റെ അമ്മയായ മറിയത്തോട് “നിന്‍റെ ചാര്‍ച്ചക്കാരി, വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്' എന്നു പറയുന്നുണ്ട്.

മുകളിലെ കണക്കുകള്‍പ്രകാരം മാര്‍ച്ച്‌ 7 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ഏതെങ്കിലും ദിവസമായിരിക്കാം മറിയത്തിന്‍റെ ഗര്‍ഭധാരണംനടന്നത്. ലോകം മുഴുവനുമുളള ക്രിസ്ത്യാനികള്‍ മറിയത്തിന്‍റെ ഗര്‍ഭധാരണ  (മംഗളവാര്‍ത്ത‍) പെരുന്നാള്‍ ആഘോഷിക്കുന്നത് മാര്‍ച്ച് 25 നാണല്ലോ? അങ്ങനെയെങ്കില്‍ മാര്‍ച്ച് 25 മുതല്‍ സാധാരണ ഗര്‍ഭകാലമായ ഒമ്പതുമാസം കൂട്ടിയാല്‍ ഡിസംബര്‍ 25 എന്നു കിട്ടും. കുറച്ചുദിവസം അങ്ങോട്ടുമിങ്ങോട്ടും മാറിയാലും ഡിസംബര്‍ 25നോടടുത്തുകിടക്കുന്ന ദിവസംതന്നെ ക്രിസ്തുമസ് തിയതി വരുവാനാണു സാദ്ധ്യതതയുള്ളതെന്നു വ്യക്തമല്ലേ? ഗൃഗേറിയൻ കലണ്ടറിന്റെ മൂന്നാംമാസം ആദ്യമാണു ഹീബ്രു കലണ്ടറിന്റെ ഒന്നാം മാസമെന്നതിനാൽ,  പന്ത്രണ്ടാം മാസം (ഡിസംബർ) 25 ക്രിസ്മസ് ആയി കണക്കാക്കിയതുമാകാം.

ആദിമക്രൈസ്തവരുടെ വേദപാഠമെന്നറിയപ്പെടുന്ന Didache, AD 100നു മുമ്പായി അപ്പസ്തോലന്മാരാൽ വിരചിതമായ ഗ്രന്ഥമാണെന്നു കരുതപ്പെടുന്നുണ്ട്. എന്നാൽ രണ്ടാംതലമുറയിൽപ്പെട്ട ക്രൈസ്തവനേതൃത്വമാണ് ഇതിന്റെ രചയിതാക്കളെന്നും അഭിപ്രായമുണ്ടു്. 

ഇതിലും ക്രിസ്തുമസ് ആഘോഷങ്ങളെക്കുറിച്ചു പരാമർശമുണ്ട്.
ക്രിസ്ത്യാനികൾ ഡിസംബർ 25നു ക്രിസ്മസ് ആഘോഷിച്ചുതുടങ്ങിയതിനു ശേഷമാണ് റോമാസാമ്രാജ്യത്തിൽ ഡിസംബർ 25 സൂര്യോത്സവമായി ആഘോഷിച്ചുതുടങ്ങിയത്.

​ഇന്റഗ്രൽ ഏജ് (Integral Age): ദൈവപുരുഷന്മാരും ദൈവത്താൽ നിയോഗിക്കപ്പെട്ട പ്രവാചകന്മാരും ഗർഭം ധരിക്കപ്പെട്ട അതേ തീയതിയിൽത്തന്നെയായിരിക്കും മരിക്കുന്നതെന്ന ഒരു വിശ്വാസം യഹൂദരിലും ആദിമക്രൈസ്തവരിലുമുണ്ടായിരുന്നു. ക്രിസ്തുവിന്റെ മരണം മാർച്ച് 25-നായിരുന്നു എന്ന പാരമ്പര്യത്തിൽനിന്ന്, അവിടുത്തെ ഗർഭധാരണവും മാർച്ച് 25-നാണെന്ന് അവർ വിശ്വസിച്ചു. അവിടെനിന്ന് ഒമ്പതു മാസം കണക്കാക്കിയാണ് അവർ ഡിസംബർ 25-ൽ എത്തിയത്.

വില്യം ടൈഗിന്റെ ചരിത്രപരമായ വിശകലനം (Calculating Christmas)

ക്രിസ്മസ് സൂര്യോത്സവം എന്ന ഒരു പേഗൻ ആഘോഷത്തിന്റെ പകർപ്പാണെന്ന ചിലരുടെ വാദത്തെ, ചരിത്രകാരനായ വില്യം ടൈഗ് (William J. Tighe), തന്റെ പഠനങ്ങളിലൂടെ ശക്തമായി ഖണ്ഡിക്കുന്നു:

​സൂര്യോത്സവവും (Sol Invictus) ക്രിസ്മസും: 

എ.ഡി. 274-നുമുമ്പ് സൂര്യദേവന്റെ ഉത്സവം ഡിസംബർ 25-ന് ഉണ്ടായിരുന്നതായി രേഖകളില്ല. സഭാപിതാവായ വിശുദ്ധ ഹിപ്പോളിറ്റസ് എ.ഡി. 204-ൽത്തന്നെ, ഡിസംബർ 25 ക്രിസ്തുവിന്റെ ജനനദിനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവർ ഡിസംബർ 25 ആഘോഷിച്ചുതുടങ്ങിയതിനു ശേഷമാണ്, ക്രിസ്തുവിശ്വാസത്തെയും ക്രൈസ്തവരുടെ ആഘോഷത്തേയും തകർക്കാൻ റോമൻ ചക്രവർത്തിയായിരുന്ന ഔറേലിയൻ ഇതേ തീയതിയിലേക്ക്, സൂര്യോത്സവം മാറ്റിയത്.

​റോമൻ ഉത്സവങ്ങളുടെ പശ്ചാത്തലം - സാറ്റേൺ ഏലിയ (Saturnalia): 

റോമൻ കാർഷികദേവനായ സാറ്റേണിന്റെ സ്മരണയ്ക്കായി ആഘോഷിച്ചിരുന്ന ഈ ഉത്സവം ഡിസംബർ 17 മുതൽ 23 വരെയായിരുന്നു. ഡിസംബർ 25-ന് ഈ ഉത്സവവുമായോ ഈ ഉത്സവത്തിന് സൂര്യോത്സവുമായോ നേരിട്ടു ബന്ധമില്ല.

കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർത്തിരിക്കുന്ന യൂട്യബ് വീഡിയോ കാണുക.




രചന: ജോസ് ആറുകാട്ടി

1 comment: