Sunday, 23 February 2020

വലിയനോമ്പ്

വലിയ നോമ്പ്: കേരള കത്തോലിക്കാസഭയില്‍

വീണ്ടുമൊരു വലിയനോമ്പുകാലത്തേയ്ക്കു നമ്മൾ പ്രവേശിക്കുകയാണ്. ഈ വർഷം, ( 2025)റോമൻ (ലത്തീൻ) കത്തോലിക്കാസഭയിൽ മാർച്ച് 5 നും പൗരസ്ത്യസുറിയാനി (സീറോമലബാർ, സീറോ മലങ്കര etc.) കത്തോലിക്കാസഭകകളിൽ മാർച്ചു മൂന്നിനുമാണു വലിയനോമ്പാരംഭം.

റോമൻകത്തോലിക്കാസഭയിൽ,  വലിയനോമ്പ് 40 ദിവസത്തേക്കാണുള്ളത്. ഈശോ മരുഭൂമിയില്‍ 40 ദിവസം ഉപവസിച്ചുപ്രാര്‍ത്ഥിച്ചതിന്‍റെ സൂചനയാണ് 40 ദിവസത്തെ വലിയനോമ്പ്. ഈ വർഷം മാർച്ച് അഞ്ചാം തീയതി നോമ്പുതുടങ്ങുന്നു.

പൗരസ്ത്യകത്തോലിക്കാസഭകളായ സീറോമലബാര്‍ സഭയിലും മലങ്കരസുറിയാനി കത്തോലിക്കാ സഭയിലും 50 ദിവസത്തെ വലിയനോമ്പാണുള്ളത്. യഹൂദാചാരപ്രകാരമുള്ള ഒരുക്കത്തിന്‍റെ 50 ദിവസങ്ങളെയാണ് ഇതു സൂചിപ്പിക്കുക. മാർച്ച് 3നു നോമ്പുതുടങ്ങുന്നു.

വലിയനോമ്പിന്‍റെ നിയമങ്ങള്‍

60 വയസ്സിനുമുകളില്‍ പ്രായമായവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ശാരീരികാദ്ധ്വാനമുള്ള ജോലികള്‍ചെയ്യുന്നവര്‍ക്കും ഉപവാസമാവശ്യമില്ലെന്നു സഭ നിര്‍ദ്ദേശിക്കുകയും ആരോഗ്യമുള്ളവരോടുമാത്രം ഉപവസിക്കുവാനാവശ്യപ്പെടുകയുംചെയ്യുന്നു. ഉപവാസദിനങ്ങളില്‍ ധാരാളം വെള്ളംകുടിച്ച്, ശരീരത്തിലെ ജലാംശത്തിന്‍റെ അളവു നിലനിറുത്തുക.

ലത്തീന്‍ (റോമന്‍) സഭ

1. വലിയനോമ്പു തുടങ്ങുന്ന  ക്ഷാരബുധനാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഒരുനേരംമാത്രം പൂര്‍ണ്ണഭക്ഷണംകഴിച്ച്, ഉപവസിക്കുക.

2. ദുഃഖവെള്ളിയാഴ്ചയിലെ ഉപവാസം, ദുഃഖശനിയാഴ്ച രാത്രിയില്‍നടത്തപ്പെടുന്ന ഈസ്റ്റര്‍വിജില്‍ ദിവ്യബലിവരെ പൂര്‍ണ്ണഭക്ഷണം -full meal- കഴിക്കാതെ ചെറിയരീതിയില്‍ രണ്ടു തവണമാത്രം ഭക്ഷണം - 2 small meals- കഴിച്ച്, തുടരണം.

3. ഹോസാനഞായര്‍മുതല്‍ ഈസ്റ്റര്‍വരെയുള്ള വലിയ ആഴ്ചയില്‍, ഞായറൊഴികെയുള്ള ദിനങ്ങളിൽ മാംസം, മത്സ്യം, മുട്ട എന്നിവ പൂര്‍ണ്ണമായുമുപേക്ഷിക്കണം.

4. പരമ്പരാഗത ലത്തീന്‍ക്രമപ്രകാരം ഞായറൊഴികെ വലിയനോമ്പിന്‍റെ എല്ലാ ദിനങ്ങളിലും മാംസം വര്‍ജ്ജിക്കണം.
വെള്ളിയാഴ്ചകളില്‍ മാംസവര്‍ജ്ജനം നിര്‍ബന്ധമാണ്. ഞായറാഴ്ച ക്രിസ്തുവിന്‍റെ ഉയിര്‍പ്പാഘോഷിക്കുന്ന ദിവസമായതുകൊണ്ടാണ്, ഞായറാഴ്ചകളില്‍ മാംസവര്‍ജ്ജനമില്ലാത്തത്. എല്ലാ ഞായറാഴ്ചകളേയും പരമ്പരാഗത ലത്തീന്‍ക്രമം, ഈസ്റ്റര്‍പോലെ ബഹുമാനിക്കുന്നു.

സീറോമലബാര്‍ കത്തോലിക്കാസഭ             
             
1.വലിയനോമ്പു തുടങ്ങുന്ന ,വിഭൂതിത്തിങ്കളാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഒരുനേരംമാത്രം പൂര്‍ണ്ണഭക്ഷണംകഴിച്ച് ഉപവസിക്കുക.

2. വലിയനോമ്പിന്‍റെ 50 ദിവസങ്ങളിലും മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിവാക്കി നോമ്പുനോക്കുക.
3. വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഒരുനേരത്തെ ഭക്ഷണമൊഴിവാക്കി ഉപവസിക്കുക.

മലങ്കരസുറിയാനി കത്തോലിക്കാസഭ

1. വലിയനോമ്പിന്‍റെ 50 ദിവസങ്ങളിലും മാംസഭക്ഷണം പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.

2.വലിയനോമ്പു തുടങ്ങുന്ന ശുബ്-ക്കോനോ തിങ്കളാഴ്ചയും വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും നാല്പതാം വെള്ളിയാഴ്ചമുതല്‍ ഈസ്റ്റര്‍വരെയുള്ള ഹാശാ (കഷ്ടാനുഭവ) ദിനങ്ങളിലും മാംസംമാത്രമല്ല, മത്സ്യവും മുട്ടയുംകൂടെ വര്‍ജ്ജിക്കണം.

3. ഇതുകൂടാതെ ദുഃഖവെള്ളിയാഴ്ച പ്രത്യേകമായി പാലും പാലുല്പന്നങ്ങളും വര്‍ജ്ജിക്കണം.

4. വലിയനോമ്പു തുടങ്ങുന്ന  ശുബ്-ക്കോനോ തിങ്കളാഴ്ചയും വലിയനോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചവരെ ഉപവസിക്കുകയുംവേണം.

No comments:

Post a Comment