Friday, 27 February 2026

നോമ്പുകാലചിന്തകൾ - പത്താം ദിവസം

നോമ്പിൻ്റെ നാല്പതു ദിനങ്ങൾ നാല്പതു ചിന്തകൾ

ദിവസം 10: ആത്മശോധന 
ഇന്നത്തെ ​ചിന്താവിഷയം: ❤️

ഹൃദയത്തിനുള്ളിലേയ്ക്കൊരു യാത്ര❤️

​നോമ്പുകാലത്തിന്റെ പത്തു ദിനങ്ങൾ നാം പിന്നിടുമ്പോൾ, നമ്മുടെ ആത്മീയയാത്ര എവിടെയെത്തിയെന്നു തിരിഞ്ഞുനോക്കേണ്ട സമയമായിരിക്കുന്നു. നമ്മളെടുത്ത തീരുമാനങ്ങൾ എത്രത്തോളം പാലിക്കാൻ നമുക്കു സാധിച്ചു? നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും ചിന്തയിലും ദൈവം സന്തോഷിക്കുന്നുണ്ടോ? പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: "നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്‌തു നിങ്ങളിലുണ്ട്‌ എന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു." (2 കോറിന്തോസ് 13:5).

​കുറ്റബോധത്തിൽ നീറാനല്ല നമ്മൾ ആത്മശോധന നടത്തേണ്ടത്. തെറ്റുകൾ തിരുത്തി, ദൈവത്തിലേക്കു കൂടുതലടുക്കാനുള്ള അവസരമാണ് ആത്മശോധനയിലൂടെ നമുക്കു ലഭിക്കുന്നത്. ഒരു കണ്ണാടിയിലെന്നപോലെ നമ്മുടെ ഹൃദയത്തെ നമുക്കു നോക്കിക്കാണാം. അവിടെയൊളിഞ്ഞിരിക്കുന്ന വിദ്വേഷം, അസൂയ, അലസത തുടങ്ങിയവയെ തിരിച്ചറിയാം. 2026 ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ പറഞ്ഞതുപോലെ വാക്കുകളിലെ മിതത്വംപാലിക്കാൻ നമുക്കു കഴിയുന്നുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കാം. നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് സന്തോഷമാണോ മുറിവാണോ നൽകുന്നത്? സന്ധ്യാപ്രാർത്ഥനയ്ക്കു മുമ്പായി, അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പായി, അല്പനേരം നിശബ്ദമായിരുന്ന്, നമ്മുടെ വീഴ്ചകൾ തിരിച്ചറിഞ്ഞ് ദൈവസന്നിധിയിൽ ഏറ്റുപറയാം.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആത്മശോധനയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ഈ കൂദാശ (അനുരഞ്ജനകൂദാശ)
'സ്വീകരിക്കുന്നതിനൊരുക്കമായി, ദൈവവചനത്തിന്റെ വെളിച്ചത്തിൽ ഒരാത്മശോധന നടത്തേണ്ടതുണ്ട്. ഇതിന് ഏറ്റവും യോജിച്ച വിശുദ്ധഗ്രന്ഥഭാഗങ്ങൾ, പത്തു കല്പനകളിലും സുവിശേഷങ്ങളിലെയും അപ്പസ്തോലന്മാരുടെ ലേഖനങ്ങളിലേയും സന്മാർഗ്ഗപ്രബോനങ്ങളിലും കാണാം. മലയിലെ പ്രസംഗം, അപ്പസ്തോലികപ്രബോധനങ്ങൾ മുതലായവ ഇവയ്ക്കുദാഹരണങ്ങളാണ്." (CCC 1454).
വിശുദ്ധ അഗസ്റ്റിൻ ആത്മാവിനോട് ഇപ്രകാരം പറയുന്നു: "നിന്റെയുള്ളിലേക്കു നോക്കുക; സത്യം വസിക്കുന്നത് മനുഷ്യന്റെ ഉള്ളിലാണ്." (On True Religion - Chapter 39) നമ്മുടെ ആന്തരികതയിലേയ്ക്കു നോക്കാതെ ദൈവത്തെ കണ്ടെത്താൻ നമുക്കു സാധിക്കില്ല.  ദൈവത്തോടുള്ള സ്നേഹത്തിൽ വളരാൻ നമ്മുടെ കുറവുകളെ സത്യസന്ധമായി ദൈവതിരുമുമ്പിൽ തുറന്നുവയ്ക്കാം.

​ഇന്നു നമുക്കു തീരുമാനിക്കാം -
കുടുംബപ്രാർത്ഥനയ്ക്കു മുമ്പായി, അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനു മുമ്പായി അഞ്ചു മിനുട്ട് നിശബ്ദമായിരുന്ന് എന്റെ വാക്കുകളെയും ചിന്തകളെയും ദൈവതിരുമുമ്പിൽ ശോധനചെയ്യും. അറിഞ്ഞോ അറിയാതെയോ ആരോടെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ ദൈവത്തോടും ആ വ്യക്തിയോടും മാപ്പു ചോദിക്കും.

✝️പ്രാർത്ഥന:
എന്റെ ഹൃദയവിചാരങ്ങളെ അറിയുന്ന ദൈവമേ, നിഷ്പക്ഷമായി എന്നെത്തന്നെ കാണാൻ എന്നെ സഹായിക്കണമേ. എന്റെ വീഴ്ചകളിൽ തളരാതെ, അങ്ങയുടെ കാരുണ്യത്തിൽ വിശ്വസിച്ച് വിശുദ്ധിയിലേയ്ക്കു വളരാൻ, കൃപ നൽകണമേ. ആമേൻ. 🙏

🕎Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ മറ്റുള്ളവരുമായി പങ്കുവെയ്ക്കണേ. ✝️🙏

Thursday, 26 February 2026

നോമ്പുകാല ചിന്തകൾ . ഒമ്പതാം ദിവസം

വലിയ നോമ്പിൻ്റെ 40 ദിനങ്ങൾ 40 ചിന്തകൾ

ദിവസം 9: കാരുണ്യപ്രവൃത്തികൾ


​ചിന്താവിഷയം: ക്രിസ്തുവിന്റെ കരങ്ങളാകുക.

​നോമ്പുകാലം നമ്മുടെ ആത്മാവിനെ ദൈവത്തിലേക്കടുപ്പിക്കുന്നത് കേവലം വാക്കുകളിലൂടെയല്ല, കാരുണ്യത്തിന്റെ പ്രവൃത്തികളിലൂടെയാണ്. അന്ത്യവിധിയുടെ നാളിൽ കർത്താവ് നമ്മളോടു ചോദിക്കുന്നത്, നമ്മൾ എത്രമാത്രം ഭക്തിപ്രകടനങ്ങൾ നടത്തിയെന്നല്ലാ, എത്രമാത്രം സ്നേഹത്തോടെ മറ്റുള്ളവരെ സേവിച്ചു എന്നായിരിക്കും. ഈശോ അരുളിച്ചെയ്യുന്നു: "എന്റെ ഈ എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തു തന്നത്" (മത്തായി 25:40).
​വിശക്കുന്നവനു ഭക്ഷണം നൽകുന്നതിലും ദാഹിക്കുന്നവനു പാനീയം നൽകുന്നതിലും രോഗിയെ സന്ദർശിക്കുന്നതിലും ദുഃഖിതരെ സമാശ്വസിപ്പിക്കുന്നതിലും നമ്മൾ കാണുകയും സഹായിക്കുകയുംചെയ്യുന്നത്, ക്രിസ്തുവിനെത്തന്നെയാണ്. യഥാർത്ഥഭക്തി, ദൈവാലയത്തിൽ ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല; വേദനിക്കുന്നവരുടെയും ഒറ്റപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയുമിടയിലേക്ക് ഇറങ്ങിച്ചെല്ലലാണ്. ലിയോ പതിനാലാമൻ പാപ്പ തന്റെ 2026ലെ നോമ്പുകാലസന്ദേശത്തിൽ ആഹ്വാനംചെയ്യുന്നതുപോലെ, പാവപ്പെട്ടവരുടെ രോദനം കേൾക്കാൻ നമ്മുടെ ഹൃദയങ്ങൾ തുറക്കണം. ക്രിസ്തുവിന്റെ സ്നേഹം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാൻ ഈ ദിനം നമുക്കു പ്രചോദനമാകട്ടെ.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം കാരുണ്യപ്രവൃത്തികളെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "കാരുണ്യപ്രവൃത്തികളെന്നത് നമ്മുടെ അയൽക്കാരനെ അവൻ്റെ ആദ്ധ്യാത്മീകവും ശാരീരികവുമായ ആവശ്യങ്ങളിൽ സഹായിക്കാൻചെയ്യുന്ന പരസ്നേഹപ്രവൃത്തികളാണ്. പഠിപ്പിക്കുക, ഉപദേശിക്കുക, ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക എന്നിവ, ആദ്ധ്യാത്മീകമായ കാരുണ്യപ്രവൃത്തികളാണ്. അതുപോലെതന്നെയാണ്, ക്ഷമിക്കുന്നതും ദ്രോഹങ്ങളെ ക്ഷമയോടെ സഹിക്കുന്നതും. ശാരീരികമായ കാരുണ്യപ്രവൃത്തികൾ, സവിശേഷമായി, വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നതും പാർപ്പിടമില്ലാത്തവർക്കു പാർപ്പിടം നൽകുന്നതും വസ്ത്രമില്ലാത്തവർക്കു വസ്ത്രം നല്കുന്നതും  രോഗികളും കാരാഗൃഹവാസികളുമായവരെ സന്ദർശിക്കുന്നതും മൃതരെ അടക്കുന്നതുമുൾപ്പെടുന്നു. (CCC 2447).

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിലൂടെ ഇപ്രകാരം കർത്താവ് അരുളിച്ചെയ്യുന്നു: "എന്നോടുള്ള സ്നേഹത്താൽപ്രേരിതയായി, കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിൻ്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്നു പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്." (ഡയറി 742). നമ്മുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം അർഹരായവർക്കായി മാറ്റിവയ്ക്കാനും മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കാനും നമ്മുടെ സഹായമാവശ്യമുള്ളവരെ ചേർത്തുപിടിക്കാനും നമുക്കു സാധിക്കുമ്പോൾ നാം ക്രിസ്തുവിന്റെ ജീവനുള്ള കൈകളായി മാറുന്നു.

​ഇന്നു നമുക്കൊരു തീരുമാനമെടുക്കാം. എനിക്കുനേരെയുണ്ടാകുന്ന ദ്രോഹങ്ങളെ ക്ഷമയോടെ സഹിക്കാനും മറ്റുള്ളവരോടു ക്ഷമിക്കാനും യേശുവിൻ്റെ നാമത്തെപ്രതി ഞാൻ പരിശ്രമിക്കും. മറ്റുള്ളവരോടു കാരുണ്യം കാണിക്കാനും അർഹരായവരെ സഹായിക്കാനും ക്രിസ്തുനാമത്തിൽ ഞാൻ പരിശ്രമിക്കും.

​പ്രാർത്ഥന:
കാരുണ്യവാനായ ദൈവമേ, വേദനിക്കുന്നവരിലും എളിയവരിലും അങ്ങയുടെ മുഖം ദർശിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സ്നേഹം പ്രവൃത്തികളിലൂടെ വെളിപ്പെടുത്താൻ എന്റെ ഹൃദയത്തെയും കൈകളെയും ഒരുക്കണമേ.
ആമേൻ.

Please Share
​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ മറ്റുള്ളവരുമായി പങ്കുവയ്ക്കണേ. ✝️🙏

Wednesday, 25 February 2026

നോമ്പുകാലചിന്തകൾ - എട്ടാം ദിവസം

വലിയ നോമ്പിൻ്റെ നാല്പതു ദിവസങ്ങൾ; നാല്പതു ചിന്തകൾ.
എട്ടാം ദിവസം  

ചിന്താവിഷയം: സഹനങ്ങളെ ദൈവഹിതത്തിനു വിട്ടുകൊടുക്കുക.

നോമ്പുകാലം നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് കാൽവരിയിലേയ്ക്കാണ്. ക്രിസ്തീയജീവിതത്തിന്റെ രക്ഷാകരമായ ശക്തി, നമ്മൾ പൂർണ്ണമായി ദർശിക്കുന്നതവിടെയാണ്. ഈശോ നമ്മളോടരുളിച്ചെയ്യുന്നു: "ആരെങ്കിലും എന്നെയനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെയനുഗമിക്കട്ടെ." (മത്തായി 16:24). 

ലോകത്തിന്റെ ദൃഷ്ടിയിൽ കുരിശ് പരാജയമായിരിക്കാം, എന്നാൽ വിശ്വസിക്കുന്നവർക്ക് അത് ദൈവീകമായ രക്ഷയുടെ അടയാളമാണ്. പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ: "ഞങ്ങളാകട്ടെ, യഹൂദര്‍ക്കിടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ പ്രസംഗിക്കുന്നു" (1 കോറിന്തോസ്‌ 1:23).

നമ്മുടെ ജീവിതത്തിലെ രോഗങ്ങൾ, സാമ്പത്തികപ്രതിസന്ധികൾ, മാനസികവിഷമങ്ങൾ എന്നിവയെല്ലാം നമ്മ ചുമക്കുന്ന കുരിശുകളാണ്. പലപ്പോഴും ഇവയെ ഭാരമായിക്കണ്ട് നമ്മ പരാതിപ്പെടുകയും തളർന്നുപോകുകയും ചെയ്യുന്നു. അത്തരം ചിന്താഗതികൾ നമുക്കു തിരുത്താം. ഈ നോമ്പുകാലത്ത്, നമ്മുടെ സഹനങ്ങളെ ക്രിസ്തുവിന്റെ കുരിശിനോടു ചേർത്തുവയ്ക്കാൻ നമുക്കു പരിശ്രമിക്കാം. ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്നൊഴുകുന്ന കാരുണ്യത്തിന്, നമ്മുടെ ബലഹീനതകളെ കരുത്തായും, തകർച്ചകളെ കരുത്തായും, പശ്ചാത്താപത്തെ പുതുജീവനായും മാറ്റാൻസാധിക്കും. സഹനങ്ങളുടെ മരുഭൂമിയിലൂടെയുള്ള ജീവിതയാത്രയിൽ, അഹങ്കാരത്തിന്റെയും ഭയത്തിന്റെയും ചങ്ങലകൾ തകർക്കാൻ കുരിശിലെ ബലി നമ്മളെ സഹായിക്കുന്നു.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: "തങ്ങളുടെ കുരിശെടുത്ത്, അവിടുത്തെയനുഗമിക്കാൻ, അവിടുന്ന് തൻ്റെ ശിഷ്യരെ ആഹ്വാനംചെയ്യുന്നു. കാരണം ക്രിസ്തു നമുക്കുവേണ്ടി സഹിച്ചു; അവിടുത്തെ കാലടികളെ പിന്തുടരാൻ നമുക്കൊരു മാതൃക നല്കുകയുംചെയ്തു. തൻ്റെ രക്ഷാകരബലിയോട്, അതിൻ്റെ ഗുണഭോക്താക്കളേയും ബന്ധപ്പെടുത്താൻ യേശു ആഗ്രഹിക്കുന്നു. (CCC - 618) ക്രിസ്തു തൻ്റെ പീഢാസഹനവും കുരിശുമരണവും വഴി സഹനത്തിനു പുതിയൊരർത്ഥം നല്കി. അതുമുതൽ നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്താനും അവിടുത്തെ രക്ഷാകരമായ പീഢാസഹനത്തോട്  ഐക്യപ്പെടുത്താനും അതിന് (സഹനത്തിന്) കഴിയും. (CCC 1505)

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ 'സൽവിഫിച്ചി ദൊലോരിസ്' എന്ന പ്രബോധനത്തിൽ വ്യക്തമാക്കുന്നതുപോലെ, സഹനങ്ങളിൽ ക്രിസ്തുവിനോട് ഒന്നായിരിക്കുമ്പോൾ മനുഷ്യൻ തന്റെ ജീവിതത്തിന്റെ പൂർണ്ണത കണ്ടെത്തുന്നു.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ കർത്താവ് അരുളിച്ചെയ്യുന്നു: "വേദനകളിലും നിന്ദനങ്ങളിലും എന്നോട് അല്പംമാത്രം സാദൃശംവഹിക്കുന്നവർ, എൻ്റെ മഹത്വത്തിലും അല്പംമാത്രമേ എൻ്റെ സാദൃശം വഹിക്കുകയുള്ളൂ." (ഡയറി 446).

കുരിശില്ലാതെ ഉത്ഥാനമില്ലെന്ന സത്യം തിരിച്ചറിഞ്ഞ്, നമ്മുടെ അനുദിനകുരിശുകൾ പ്രത്യാശയോടെ വഹിക്കാൻ ഈ നോമ്പുകാലം നമ്മളെ ശക്തിപ്പെടുത്തട്ടെ.

നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രത്യേകകഷ്ടതയെയോ പ്രയാസത്തെയോ പരാതികൂടാതെ ഏറ്റെടുക്കാനും ലോകരക്ഷയ്ക്കായി അത് ഈശോയുടെ കുരിശിനോടു ചേർത്തു സമർപ്പിക്കാനും ഇപ്പോൾ നമുക്കു തീരുമാനമെടുക്കാം.

പ്രാർത്ഥന:
ഭാരമേറിയ കുരിശു ചുമന്നുകൊണ്ട്, കാൽവരി കയറിയ ഈശോയേ, എന്റെ ജീവിതത്തിലെ സങ്കടങ്ങളെയും വേദനകളെയും അങ്ങയുടെ പീഡാനുഭവത്തോടു ചേർത്തു സമർപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ കുരിശിലെ സ്നേഹം എനിക്കു പ്രത്യാശയും ഉത്ഥാനത്തിലുള്ള വിശ്വാസവുമേകട്ടെ. 
ആമേൻ.
---------------------------------------------------
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ ഇതു പങ്കുവെയ്ക്കണേ. ✝️🙏

Tuesday, 24 February 2026

നോമ്പുകാലചിന്തകൾ - ഏഴാം ദിവസം

വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഏഴാം ദിവസം

​ചിന്താവിഷയം: എളിമ - മഹത്വത്തിലേയ്ക്കുള്ള പടി
​നമ്മുടെ ആത്മാവിനെ കഴുകി വെടിപ്പാക്കുന്ന പുണ്യകാലമാണു നോമ്പുകാലം. ഈ ആത്മീയയാത്രയിൽ നമ്മൾ  പിഴുതെറിയേണ്ട ഏറ്റവും വലിയ തിന്മയാണ് 'അഹങ്കാരം'. വിനയത്തിന്റെ പൂർണ്ണരൂപമായ ക്രിസ്തു, തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ടു ലോകത്തെപ്പഠിപ്പിച്ചത് അധികാരത്തിന്റെ ഭാഷയല്ല, ശുശ്രൂഷയുടെയും വിനയത്തിന്റെയും പാഠമാണ്. വിശുദ്ധഗ്രന്ഥം ആവർത്തിച്ചാവർത്തിച്ച് നമ്മളെയോർമ്മിപ്പിക്കുന്നു: "തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും" (ലൂക്കാ 14:11, മത്തായി 23:12). ഈ വചനം ക്രിസ്തീയജീവിതത്തിന്റെ വിജയരഹസ്യമാണ്.
​നമ്മുടെയുള്ളിലെ 'അഹന്ത'യെ ഉപേക്ഷിക്കുന്നതാണ് ഈ നോമ്പുകാലത്തു നമ്മൾ നേരിടുന്ന വലിയ വെല്ലുവിളി. ഞാൻ മറ്റുള്ളവരേക്കാൾ വലിയവനാണെന്ന ചിന്തയും മറ്റുള്ളവരെ വിധിക്കാനുള്ള പ്രവണതയും നമ്മുടെ ആത്മീയവളർച്ചയെ തടസ്സപ്പെടുത്തുന്നു. നമ്മുടെ കഴിവുകളും നേട്ടങ്ങളും ദൈവത്തിന്റെ ദാനമാണെന്നു തിരിച്ചറിയുമ്പോളാണ് വിനയാന്വിതരാകാൻ നമുക്കു സാധിക്കുന്നത്. എളിമയുള്ള ഹൃദയങ്ങളിലാണു ദൈവം വസിക്കുന്നത്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (CCC) നമ്മളെ
 പഠിപ്പിക്കുന്നതിതാണ്: "എളിമയാണ് പ്രാർത്ഥനയുടെ അടിസ്ഥാനം. ഹൃദയത്തിൽ എളിമയോടെ പിതാവിനോടു ചോദിക്കുന്നവനാണ് ദൈവത്തിന്റെ ദാനം സ്വീകരിക്കാൻ പ്രാപ്തനാകുന്നത്" (Ref.CCC 2559). CCC 1866 ൽപ്പറയുന്ന നിഗളം (അഹങ്കാരം) എന്ന മൂലപാപത്തിനെതിരായ മൗലികപുണ്യമാണ് എളിമ.
വിശുദ്ധ അഗസ്റ്റിൻ പറയുന്നു: "നിങ്ങൾക്കു ദൈവത്തിലേക്കുയരണമെന്നുണ്ടെങ്കിൽ താഴേയ്ക്കിറങ്ങുക; വിനയമുള്ളവരാകുക." അഹങ്കാരം എല്ലാ പാപങ്ങളുടെയും ഉറവിടമാണെന്നും വിനയം എല്ലാ പുണ്യങ്ങളുടെയും അമ്മയാണെന്നും വിശുദ്ധർ നമ്മളെയോർമ്മിപ്പിക്കുന്നു.

​ഈ നോമ്പുകാലത്ത് മൂലപാപങ്ങളെ മൗലികപുണ്യങ്ങൾകൊണ്ടു നമുക്കു നേരിടാം. നിഗളത്തെ എളിമകൊണ്ടും കോപത്തെ ക്ഷമകൊണ്ടും അസൂയയെ പരസ്നേഹംകൊണ്ടും നമുക്കു കീഴ്പ്പെടുത്താം. (ഗലാത്തിയര്‍ 5:19-21). മറ്റുള്ളവരുടെ നേട്ടങ്ങളിൽ സന്തോഷിക്കാനും അവരുടെ വീഴ്ചകളിൽ അവരെ ആശ്വസിപ്പിക്കാനും നമുക്കു കഴിയണം.

ഇന്നെടുക്കേണ്ട തീരുമാനം:
ഇന്ന് ഞാൻ എന്നെത്തന്നെ പുകഴ്ത്താൻ ശ്രമിക്കില്ല. മറ്റൊരാളുടെ നന്മയെ തുറന്നമനസ്സോടെ അഭിനന്ദിക്കും.

​പ്രാർത്ഥന:
എളിമയുടെ മാതൃകയായ ഈശോയേ, എന്റെ ഹൃദയത്തിലെ അഹങ്കാരത്തെ നീക്കി, അങ്ങയുടെ ഹൃദയത്തിനു സമാനമായ എളിമ എനിക്കു നൽകണമേ. എല്ലാവരിലും അങ്ങയെ ദർശിക്കാനും സ്നേഹിക്കാനും എന്നെപ്പഠിപ്പിക്കണമേ. 

ആമേൻ.

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ മറ്റുള്ളവരുമായി ഇതിൻ്റെ ലിങ്ക്
 പങ്കുവെയ്ക്കണേ.

Please Share ✝️🙏

Monday, 23 February 2026

നോമ്പുകാലചിന്തകൾ - ആറാം ദിവസം

നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ആറാംദിവസം 
​ചിന്താവിഷയം: തിരുവചനം - ജീവന്റെ അപ്പം

​ആത്മീയമായൊരു മരുഭൂമിയാത്രയാണു നോമ്പുകാലം. ഈ യാത്രയിൽ നമ്മുടെ ശരീരത്തിനു ഭക്ഷണവും വെള്ളവും ആവശ്യമുള്ളതുപോലെതന്നെ, ആത്മാവിനെ ജീവനോടെ നിലനിറുത്താൻ തിരുവചനങ്ങളും അനിവാര്യമാണ്. 

മരുഭൂമിയിലെ പരീക്ഷകനെ നേരിട്ടുകൊണ്ട് ഈശോ നൽകിയ മാതൃക, നമ്മുടെ നോമ്പാചരണത്തിന്റെ അടിസ്ഥാനശിലയാണ്: "മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്" (മത്തായി 4:4). നമ്മൾ ഭക്ഷണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്ന ഈ ദിവസങ്ങളിൽ, നമ്മുടെയാത്മാവ് ദൈവവചനത്തിനായി എത്രത്തോളം ദാഹിക്കുന്നുണ്ടെന്ന്, നമ്മളോരോരുത്തരും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. അനുദിനം തിരുവചനം വായിക്കാനും ദിവസത്തിൽ ഒരു വചനമെങ്കിലും പഠിക്കാനും മനഃപാഠമാക്കാനും സമയം കണ്ടെത്തണം.

വിശുദ്ധ​ബൈബിൾ കേവലമൊരു ചരിത്രപുസ്തകമോ, തത്വജ്ഞാനശേഖരമോ അല്ല. അത്, ജീവിക്കുന്ന ദൈവത്തിന്റെ വചനമാണ്. 

സങ്കീർത്തകൻ പാടുന്നതുപോലെ, "അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌." (സങ്കീർത്തനം 119:105). ജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളിലും പ്രതിസന്ധികളിലും ഇടറാതെ മുന്നേറാൻ തിരുവചനമേകുന്ന പ്രകാശം നമുക്കു തുണയാകുന്നു.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു: "തിരുസഭ വിശുദ്ധ ഗ്രന്ഥത്തെ കർത്താവിൻ്റെ ശരീരത്തെയെന്നപോലെ എക്കാലവും ആദരിച്ചിരുന്നു. കാരണം ദൈവവചനത്തിൻ്റെയും ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെയും ഏകമേശയിൽനിന്ന് നിരന്തരം സ്വീകരിക്കുന്ന ജീവൻ്റെ അപ്പം വിശ്വാസികൾക്ക് അനവരതം നല്കുന്നതിൽനിന്ന്, സഭയൊരിക്കലും വിരമിക്കുന്നില്ല. ........................................... വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്റെ മക്കളെ സന്ദർശിക്കാനും അവരോടു സംസാരിക്കാനും വരുന്നു" (CCC 103-104).
വിശുദ്ധ അഗസ്റ്റിൻ തിരുവചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതിപ്രകാരമാണ്: "പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ദൈവത്തോടു സംസാരിക്കുന്നു; എന്നാൽ തിരുവചനം വായിക്കുമ്പോൾ ദൈവം നിങ്ങളോടു സംസാരിക്കുന്നു." വചനം വായിക്കുകയെന്നാൽ ദൈവത്തെ ശ്രവിക്കുക എന്നുതന്നെയാണർത്ഥം. ലിയോ പതിനാലാമൻ പാപ്പ 2026ലെ നോമ്പുകാലസന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നതുപോലെ, ഈ ശ്രവണം, നമ്മുടെ ആത്മീയവളർച്ചയുടെ ആദ്യപടിയാണ്.

​ഈ നോമ്പുകാലത്ത് തിരുവചനം നമ്മുടെ ഹൃദയത്തിൽ വേരൂന്നട്ടെ. ഏതു തിരക്കുകൾക്കിടയിലും ദൈവത്തിനായി കാതോർക്കാൻ നമ്മൾ സമയം കണ്ടെത്തണം. വചനം വായിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയുംചെയ്യുമ്പോൾ നമ്മൾ ക്രിസ്തുവിനോടു കൂടുതൽ ചേർന്നിരിക്കുകയാണു ചെയ്യുന്നത്.

ഇന്നുമുതൽ എല്ലാ ദിവസവും ചുരുങ്ങിയത് 15 മിനുട്ടെങ്കിലും  തിരുവചനം ഭക്തിപൂർവ്വം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമെന്ന്, നമുക്ക് ഈ നിമിഷം യേശുനാമത്തിൽ തീരുമാനമെടുക്കാം.

പ്രാർത്ഥന:
ദൈവമേ, അങ്ങയുടെ ജീവനുള്ള വചനത്തിലൂടെ എന്നോടു സംസാരിക്കണമേ. അങ്ങയുടെ വചനം വായിക്കാനും ശ്രവിക്കാനും അത്, എന്റെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കാനും വേണ്ട കൃപ എനിക്കു നൽകണമേ. ആമേൻ.

​ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ മറ്റുള്ളവരിലേയ്ക്കും പങ്കുവെയ്ക്കണേ. 

✝️🙏

✍🏻 ജോസ് ആറുകാട്ടി

Sunday, 22 February 2026

നോമ്പുകാലചിന്തകൾ - അഞ്ചാം ദിവസം

വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ:
അഞ്ചാം ദിവസം ചിന്താവിഷയം: ക്ഷമയുടെ സ്വർഗ്ഗീയവാതിൽ

​നോമ്പുകാലം ഹൃദയത്തിന്റെ ആഴങ്ങളിലെ മുറിവുകളുണക്കാനും ബന്ധങ്ങൾ പുതുക്കാനുമുള്ള പുണ്യകാലമാണ്. ഈ ദിനങ്ങൾ നമ്മളെ നയിക്കുന്നത്, സ്നേഹത്തിലേയ്ക്കും അനുരഞ്ജനത്തിലേയ്ക്കുമാണ്. നമ്മുടെ തെറ്റുകൾക്കായി ദൈവത്തോട് നമ്മൾ പാപമോചനം യാചിക്കുമ്പോൾ, നമ്മളോടു തെറ്റു ചെയ്തവരോടു ക്ഷമിക്കാനുള്ള ആത്മീയമായ കടമകൂടെ നമുക്കുണ്ട്.
ദൈവത്തിന്റെ കരുണയുടെ പ്രതിഫലനമാണ്, അവിടുന്നു നമുക്കു നല്കുന്ന പാപപ്പൊറുതി. "നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ, നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍." (ലൂക്കാ 6: 36) നമ്മളോടു തിന്മ പ്രവർത്തിച്ചവരോടു ക്ഷമിച്ചുകൊണ്ട്, ദൈവപിതാവിൻ്റെ കരുണയുടെ സന്ദേശവാഹകരാകാൻ ഈ വചനം നമ്മളെയോർമ്മപ്പെടുത്തുന്നു.

ഹൃദയത്തിൽ വിദ്വേഷം സൂക്ഷിച്ചുകൊണ്ടു നടത്തുന്ന ഉപവാസവും പ്രാർത്ഥനയും വെറും ബാഹ്യപ്രകടനങ്ങൾമാത്രമാണ്. വിശുദ്ധമത്തായിയുടെ സുവിശേഷം നമ്മളെയോർമ്മിപ്പിക്കുന്നു: "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളോടും ക്ഷമിക്കും.
മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല." (മത്തായി 6 : 14-15). 

ക്ഷമിക്കുന്നത് ബലഹീനതയല്ല, ആത്മീയമായ വലിയൊരു കരുത്താണ്. പകയുടെ കെട്ടുപാടുകളിൽനിന്ന് നമ്മുടെ ആത്മാവിനെ സ്വതന്ത്രമാക്കുന്ന സ്വർഗ്ഗീയൗഷധമാണത്. പകയുടെയും വിദ്വേഷത്തിന്റെയും ചങ്ങലകളിൽനിന്ന് അതു നമ്മളെ മോചിപ്പിക്കുന്നു.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതിതാണ്: “നമുക്കെതിരേ തെറ്റുചെയ്തവരോടു ക്ഷമിച്ചില്ലെങ്കിൽ ദൈവകാരുണ്യത്തിൻ്റെ പ്രവാഹം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് എത്തിച്ചേരുകയില്ല.” (CCC 2840). വിശുദ്ധഫ്രാൻസീസ് ഡി സാലസ് പറഞ്ഞതുപോലെ, "ഒരാളോടു ക്ഷമിക്കുന്നത്, ആ വ്യക്തിക്കു നിങ്ങൾ നൽകുന്ന സമ്മാനമല്ല, മറിച്ച് നിങ്ങളുടെ ഹൃദയത്തിനു നിങ്ങൾ നൽകുന്ന സമാധാനമാണ്."

കുരിശിൽക്കിടന്നുകൊണ്ട്, തന്നെ ക്രൂശിച്ചവർക്കുവേണ്ടി ഈശോ പ്രാർത്ഥിച്ചു: "പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവരറിയുന്നില്ല." (ലൂക്കാ 23:34) ആ ക്രിസ്തുവാണു നമ്മുടെ മാതൃക.  വർഷങ്ങളായി മിണ്ടാതിരിക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കിൽ ഈ നോമ്പുകാലത്ത് സ്നേഹപൂർവ്വം അവരെ വിളിക്കാനും പിണക്കങ്ങൾ മാറ്റാനും നമുക്കു സാധിക്കണം. അനുരഞ്ജനത്തിന്റെ കുദാശയിലൂടെ, നമുക്ക് ദൈവവുമായി ഐക്യപ്പെടാനാകണമെങ്കിൽ നമ്മുടെ സഹോദരങ്ങളേയും ഹൃദയത്തോടു ചേർത്തുപിടിക്കാൻ നമുക്കു കഴിയണം. പിണക്കങ്ങൾ മാറ്റിവെച്ച് സ്നേഹത്തിന്റെ കൈകൾ നീട്ടുമ്പോളാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുശിഷ്യരാകുന്നത്.

CCC 2844 ൽ നമ്മളിങ്ങനെ വായിക്കുന്നു: "ശിഷ്യനെ ഗുരുവിനോട് അനുരൂപപ്പെടുത്തിക്കൊണ്ട്, അവനെ രൂപാന്തരപ്പെടുത്തുന്ന ക്രൈസ്തവപ്രാർത്ഥന, ശത്രുക്കളോടു ക്ഷമിക്കുന്നതിലേയ്ക്കെത്തുന്നു. .... ദൈവത്തിൻ്റെ കാരുണ്യത്തോടു സമരസപ്പെട്ട ഹൃദയങ്ങൾക്കുമാത്രമേ, പ്രാർത്ഥനയുടെ ദാനം സ്വീകരിക്കാനാകുകയുള്ളു." 

വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, "മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്നത്, നിങ്ങൾതന്നെ വിഷം കുടിച്ചിട്ട് മറ്റൊരാൾ മരിക്കാൻ കാത്തിരിക്കുന്നതുപോലെയാണ്." അതിനാൽ, അനുരഞ്ജനത്തിന്റെ കുദാശയിലൂടെ ദൈവവുമായടുക്കാനും സഹോദരങ്ങളുമായി സ്നേഹത്തിലാകാനും ഈ ദിനം നമ്മെ ക്ഷണിക്കുന്നു.

​പ്രാർത്ഥന:
കാരുണ്യവാനായ കർത്താവേ, മറ്റുള്ളവരോടു നിരുപാധികം ക്ഷമിക്കാനുള്ള വലിയ ഹൃദയം എനിക്കു നൽകണമേ. എന്റെയുള്ളിലെ പകയുടേയും വിദ്വേഷത്തിന്റെയും കനലുകളെ അങ്ങയുടെ സ്നേഹത്താൽ അണയ്ക്കണമേ. അങ്ങയുടെ കരുണ അനുഭവിച്ചറിഞ്ഞുകൊണ്ട്, എല്ലാവരുമായും അനുരഞ്ജനത്തിലാകാൻ എന്നെ സഹായിക്കണമേ. ആമേൻ.
----------------------------------------------------
നോമ്പുകാലത്തെ ഒരു തീരുമാനം:
ഇന്നു ഞാൻ ബോധപൂർവ്വം ഒരാളോടു ക്ഷമിക്കാനും പിണക്കത്തിലായിരിക്കുന്ന ഒരു വ്യക്തിയെ ഫോണിൽ വിളിക്കാനോ നേരിൽക്കാണാനോ ശ്രമിക്കും.
----------------------------------------------------
ഇന്നത്തെ ​ഈ ചിന്താവിഷയം നിങ്ങളെ സ്പർശിച്ചെങ്കിൽ ഇതു മറ്റുള്ളവർക്കു പങ്കുവയ്ക്കണേ. ✝️🙏

✍🏻 ജോസ് ആറുകാട്ടി

Friday, 20 February 2026

നോമ്പുകാലചിന്തകൾ - നാലാം ദിവസം

വലിയനോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ.

നാലാം ദിവസം

ചിന്താവിഷയം: കരംപിടിക്കുന്ന കർത്താവിന്റെ സ്നേഹം.
പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും രൂപപ്പെടുന്ന സ്നേഹം, യേശുനാമത്തെപ്രതി, ദാനധർമ്മമായും കാരുണ്യപ്രവൃത്തികളായും പുറത്തേക്കൊഴുകുമ്പോളാണ്, നോമ്പുകാലത്തെ നമ്മുടെ  ആത്മീയയാത്ര പൂർണ്ണമാകുന്നത്. ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ നോമ്പുകാലസന്ദേശത്തിൽ വ്യക്തമാക്കുന്നതുപോലെ, ദൈവത്തിന്റെ സ്വരം ശ്രവിക്കുന്ന ഒരു ഹൃദയത്തിന് തന്റെ സഹോദരന്റെ വിലാപം കേൾക്കാതിരിക്കാൻ കഴിയില്ല. ഉപവാസത്തിലൂടെ നമ്മൾ ലാഭിക്കുന്ന വിഭവങ്ങൾ സഹോദരന്റെ വിശപ്പടക്കാൻ മാറ്റിവയ്ക്കുമ്പോളാണ് നമ്മുടെ നോമ്പ് അർത്ഥപൂർണ്ണമാകുന്നത്.
ദാനധർമ്മത്തെക്കുറിച്ച് യേശു നൽകിയ താക്കീത് എല്ലായ്പോഴും ഓർമ്മയിലുണ്ടാകണം: "നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തു കൈ ചെയ്യുന്നത്‌ ഇടത്തു കൈ അറിയാതിരിക്കട്ടെ.
രഹസ്യങ്ങളറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും." (മത്തായി 6:3-4). ലോകത്തിന്റെ അംഗീകാരത്തിനല്ല, മറിച്ച് രഹസ്യങ്ങൾ കാണുന്ന പിതാവിന്റെ പ്രീതിയ്ക്കായാണ് നമ്മൾ കാരുണ്യപ്രവൃത്തികൾ ചെയ്യേണ്ടത്.  ഹൃദയം തകർന്നവർക്ക് ആശ്വാസംനല്കുന്നതും മറ്റുള്ളവർക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നതും, ഏകാന്തതയിൽ ക്കഴിയുന്നവരെ കേൾക്കാൻ ശ്രമിക്കുന്നതുമെല്ലാം കരുണയുടെ പ്രവൃത്തികളാണ്.
സഭയിലെ വിശുദ്ധരുടെ ജീവിതങ്ങൾ  ദാനധർമ്മത്തിന്റെ ചില ഉത്തമമാതൃകകൾ നമുക്കു നല്കുന്നുണ്ട്. "നിങ്ങൾ പാവപ്പെട്ടവർക്ക് എന്തെങ്കിലും നൽകുമ്പോൾ, അതൊരൗദാര്യമല്ല, യഥാർത്ഥത്തിൽ അവർക്ക് അർഹതപ്പെട്ടതുതന്നെയാണു നിങ്ങൾ നൽകുന്നത്" എന്ന് വിശുദ്ധ അംബ്രോസ് നമ്മളെ പഠിപ്പിച്ചു.  "നാം എത്ര നൽകുന്നുവെന്നതിലല്ല, എത്ര സ്നേഹത്തോടെ നൽകുന്നുവെന്നതിലാണു കാര്യം." എന്ന കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ എന്നും നമുക്ക് പ്രചോദനമാകേണ്ടവയാണ്: ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുന്നവൻ സഹോദരനെ സ്നേഹിക്കാതിരുന്നാൽ അവൻ കളവു പറയുന്നവനാണെന്ന് വിശുദ്ധ യോഹന്നാനും നമ്മളെയോർമ്മിപ്പിക്കുന്നുണ്ട് (1 യോഹന്നാൻ 4:20).
ലിയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിക്കുന്നു, "ഓരോ ദരിദ്രനും ക്രിസ്തുവിന്റെ മുഖമാണ്." നമ്മുടെ ജീവിതസൗകര്യങ്ങൾക്കിടയിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരെ നമ്മൾ കാണാതെ പോകരുത്. നമ്മൾ നൽകുന്നതിനേക്കാൾക്കൂടുതലായി, നമുക്ക് വലിയ ആത്മീയസന്തോഷം തിരിച്ചു നൽകന്നൊരു പുണ്യമാണ് ദാനധർമ്മം. ഈ നോമ്പുകാലത്ത് നമ്മുടെ സമ്പാദ്യത്തിന്റെയും സമയത്തിൻ്റെയും കഴിവുകളുടേയും ഒരു ഭാഗം അർഹരായവർക്കായി മാറ്റിവയ്ക്കാം. ദൈവത്തോടുള്ള സ്നേഹത്തെപ്രതി, ക്രിസ്തുവിന്റെ കൈകളായിമാറാൻ നമുക്കു പരിശ്രമിക്കാം.

​പ്രാർത്ഥന:
സ്നേഹസ്വരൂപനായ ഈശോയേ, അവിടുത്തോടുള്ള സ്നേഹം പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ സഹോദരന്റെ വേദനകളിൽ പങ്കുചേരാനും എന്റെ കൈവശമുള്ള നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും എനിക്കു കൃപ നൽകണമേ. പാവപ്പെട്ടവരിൽ അങ്ങയുടെ മുഖം ദർശിക്കാൻ എന്റെ കണ്ണുകളെ തുറക്കണമേ.

ആമേൻ.


Thursday, 19 February 2026

നോമ്പുകാലചിന്തകൾ: മൂന്നാം ദിവസം

വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ

മൂന്നാം ദിവസം
ചിന്താവിഷയം: ഉപവാസം - ആത്മീയവിമോചനത്തിന്റെ വഴി
​നോമ്പുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ അച്ചടക്കങ്ങളിലൊന്നാണ് ഉപവാസം. എന്നാൽ, ഭക്ഷണമുപേക്ഷിക്കുന്നതിലുപരിയായി, നമ്മുടെ ജീവിതശൈലിയെത്തന്നെ ദൈവഹിതത്തിനനുസരിച്ചു ക്രമീകരിക്കുന്ന ഒരു കലയാണത്. 2026-ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിക്കുന്നതുപോലെ, ശ്രവണവും ഉപവാസവും പരസ്പരപൂരകങ്ങളാണ്. ബാഹ്യമായ ശബ്ദങ്ങളിൽനിന്നും ആഗ്രഹങ്ങളിൽനിന്നും പിന്തിരിഞ്ഞ്, ഉപവസിക്കുമ്പോൾ (ദൈവത്തോടൊപ്പമായിരിക്കുമ്പോൾ)മാത്രമേ ദൈവത്തിന്റെ സ്വരം കേൾക്കാൻ നമ്മുടെ ആത്മാവ് സജ്ജമാകുകയുള്ളൂ.ദൈവസ്വരം ശ്രവിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനുമുള്ള പരിശീലനകാലംകൂടെയാണ്, നോമ്പുകാലം.

യഥാർത്ഥമായ ഉപവാസം, ഹൃദയത്തിന്റെ ശുദ്ധീകരണമാണ്. നാവുകൊണ്ടു മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, കണ്ണുകൊണ്ട് അശുദ്ധമായവ കാണാതിരിക്കുക, ഹൃദയത്തിൽ പകയും വിദ്വേഷവും വച്ചുപുലർത്താതിരിക്കുക - ഇതൊക്കെയാണ്, നോമ്പുകാലത്തു നമ്മൾ പരിശീലിക്കേണ്ട ശരിയായ ഉപവാസം. 

ഉപവാസത്തെക്കുറിച്ചു പരാമർശിക്കവേ മാർപാപ്പ വിശദീകരിച്ചു, “ദൈവവചനം സ്വീകരിക്കുന്നതിനായി നമ്മെത്തന്നെ ഒരുക്കുന്നതിനുള്ള കൃത്യമായൊരു മാർഗ്ഗമാണിത്,” അതിനാൽ “നീതിക്കായുള്ള നമ്മുടെ വിശപ്പും ദാഹവും സജീവമായി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. “അങ്ങനെ, പ്രാർത്ഥിക്കാനും അയൽക്കാരനോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും അത് (ഉപവാസം) നമ്മളെ പഠിപ്പിക്കുന്നു.”

യഥാർത്ഥമായ ഉപവാസം, ഹൃദയത്തിന്റെ ശുദ്ധീകരണമാണ്. നാവുകൊണ്ടു മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, കണ്ണുകൊണ്ട് അശുദ്ധമായവ കാണാതിരിക്കുക, ഹൃദയത്തിൽ പകയും വിദ്വേഷവും വച്ചുപുലർത്താതിരിക്കുക - ഇതൊക്കെയാണ്, നോമ്പുകാലത്തു നമ്മൾ പരിശീലിക്കേണ്ട ശരിയായ ഉപവാസം. ദൈവം നമ്മളിൽനിന്നാവശ്യപ്പെടുന്നത് ഏതുതരത്തിലുള്ള ഉപവാസമാണെന്ന് ഏശയ്യാപ്രവാചകൻ നമ്മളെയോർമ്മിപ്പിക്കുന്നു: "ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകളഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളുമൊടിക്കുകയുംചെയ്യുന്നതല്ലേ, ഞാനാഗ്രഹിക്കുന്ന ഉപവാസം?" (ഏശയ്യാ 58:6). ഏതെങ്കിലും ഭക്ഷണപാനീയങ്ങളൊഴിവാക്കുന്നതിലുപരിയായി നീതിക്കും സ്നേഹത്തിനുമായുള്ള ആത്മാവിന്റെ ദാഹത്തെ നമ്മൾ തിരിച്ചറിയണം.

ലിയോ പതിനാലാമൻ പാപ്പയുടെ സന്ദേശത്തിൽ പറയുന്നതുപോലെ, ഉപവാസം നമ്മളെ എളിമയുള്ളവരാക്കുന്നു. നമ്മൾ എത്രമാത്രം പരിമിതരാണെന്നും ദൈവത്തിന്റെ കൃപയില്ലാതെ നമുക്കു നിലനിൽപ്പില്ലെന്നും നോമ്പും ഉപവാസവും നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. ഉപവാസംവഴി നമ്മൾ ലാഭിക്കുന്ന വിഭവങ്ങൾ അല്ലെങ്കിൽ പണം,  നമ്മുടെ സഹോദരങ്ങളുടെ വിശപ്പടക്കാനോ ദരിദ്രരെ സഹായിക്കാനോ നമുക്കുപയോഗിക്കാം. അപരന്റെ കണ്ണുനീർ കാണാതെയും അവന്റെ വിലാപം കേൾക്കാതെയുംനടത്തുന്ന ഉപവാസം, ഒരിക്കലും ദൈവത്തിനു പ്രീതികരമല്ല.

ശരീരത്തെ സന്തോഷിപ്പിക്കുന്നതിനേക്കാൾ ആത്മാവിനെ പ്രകാശിപ്പിക്കുകയെന്നതാണ്, ഉപവാസത്തിന്റെ ആത്യന്തികലക്ഷ്യം. ലൗകികസുഖങ്ങളോടുള്ള നമ്മുടെ അമിതമായ ആസക്തികളുപേക്ഷിക്കുമ്പോൾ, ആത്മീയമായൊരു സ്വാതന്ത്ര്യം നമ്മളനുഭവിക്കുന്നു. "മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്‌" (മത്തായി 4:4) എന്ന വചനം ക്രിസ്തു നമുക്കു കാണിച്ചുതന്ന വലിയ മാതൃകയാണ്. അതിനാൽ ഇന്നു നമുക്കൊരു തീരുമാനമെടുക്കാം. - അനാവശ്യമായ ആഗ്രഹങ്ങളെയും ദുസ്സ്വഭാവങ്ങളെയുമുപേക്ഷിച്ചുകൊണ്ട്, ഈ നോമ്പുകാലത്തെ നമ്മുടെ ഉപവാസത്തെ നവ്യമായ സ്നേഹത്തിന്റെ ഒരു ബലിയാക്കി മാറ്റാം.

​പ്രാർത്ഥന:
നന്മസ്വരൂപനായ ദൈവമേ, ഉപവാസംവഴി എന്റെ ആത്മാവിനെ ശുദ്ധീകരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും മറ്റുള്ളവരിലെ ക്രിസ്തുവിനെ ദർശിക്കാനും എനിക്കു കൃപ നൽകണമേ. എന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് വിനീതനാകാനും /വിനീതയാകാനും സഹോദരങ്ങളോടു കരുണകാണിക്കാനും എന്നെ പഠിപ്പിക്കണമേ. 
ആമേൻ.

Wednesday, 18 February 2026

നോമ്പുകാലചിന്തകൾ: രണ്ടാം ദിവസം

നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ 
രണ്ടാം ദിവസം:

ചിന്താവിഷയം: ഹൃദയത്തിന്റെ നിശബ്ദതയിൽ ദൈവവുമായി സംസാരിക്കാം.
നോമ്പുകാലമെന്നത് കേവലം ഭക്ഷണനിയന്ത്രണത്തിനുള്ള ദിനങ്ങളല്ല, ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നൊരു തീർത്ഥാടനത്തിൻ്റെ കാലമാണ്. ഈ യാത്രയിൽ നമ്മളെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഊന്നുവടിയാണു പ്രാർത്ഥന. പ്രാർത്ഥനയെന്നത് നമ്മൾ നിരന്തരം ദൈവത്തോട് ആവലാതികളുന്നയിക്കുന്ന പ്രവൃത്തിയല്ല, ദൈവത്തെ ശ്രവിക്കുന്നതായിരിക്കണമെന്നാണ്, 2026-ലെ നോമ്പുകാലസന്ദേശത്തിൽ ലിയോ പതിനാലാമൻ പാപ്പ നമ്മളെയോർമ്മിപ്പിക്കുന്നത്, .

പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടികയോ അല്ലെങ്കിൽ യാന്ത്രികമായുരുവിടുന്ന വാക്കുകളോ ആയി മാറാറുണ്ട്. എന്നാൽ യഥാർത്ഥപ്രാർത്ഥനയെന്നത്, ദൈവവുമായുള്ള ഹൃദയപൂർവ്വമായ സംഭാഷണമാണ്. സുവിശേഷം നമ്മളെ ഇങ്ങനെ പഠിപ്പിക്കുന്നു: "'നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ക്കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യങ്ങളറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും."
(മത്തായി 6: 6). മറ്റുള്ളവർ കാണാൻവേണ്ടിയുള്ള പ്രകടനമല്ല, ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമാണ് പ്രാർത്ഥനയുടെ ലക്ഷ്യമെന്നത് ഇതിൽനിന്നു സുവ്യക്തമാണല്ലോ.

ലിയോ പതിനാലാമൻ പാപ്പയുടെ 2026 ലെ നോമ്പുകാലസന്ദേശത്തിൽ പ്രധാനപ്പെട്ട ആശയമായി അവതരിപ്പിച്ചിട്ടുള്ള ശ്രവണം, അഥവാ ദൈവസ്വരം കേൾക്കൽ, നമ്മുടെ പ്രാർത്ഥനയിൽ അത്യന്താപേക്ഷിതമാണ്. ലോകത്തിന്റെ കോലാഹലങ്ങൾക്കും ഡിജിറ്റൽയുഗത്തിലെ ബഹളങ്ങൾക്കുമിടയിൽ ദൈവത്തിന്റെ മൃദുസ്വരം കേൾക്കാൻ നമ്മൾ മറന്നുപോകുന്നു. പ്രാർത്ഥനയിൽ, നാം നിശബ്ദരായി ദൈവസന്നിധിയിൽ ഇരിക്കുമ്പോൾമാത്രമാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം നമുക്കു വെളിപ്പെടുക. ഈ നോമ്പുകാലത്ത് നമ്മുടെ പ്രാർത്ഥനാമുറികൾ പരാതിപ്പെടാനുള്ള ഇടങ്ങൾക്കുപകരം ദൈവത്തിന്റെ ശബ്ദത്തിനു കാതോർക്കാനുള്ള സങ്കേതങ്ങളാക്കി മാറ്റാൻ നമുക്കു പരിശ്രമിക്കാം.

“ ഈ നോമ്പുകാലയാത്ര, കർത്താവിന്റെ സ്വരം ശ്രദ്ധിക്കാനും ക്രിസ്തുവിനെ അനുഗമിക്കുന്നതിനും ജെറുസലേമിലേക്കുള്ള വഴിയിൽ അവനെ അനുധാവനം ചെയ്യുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാനുമുള്ള സ്വാഗതാർഹമായ അവസരമാണ്.” ഈ നോമ്പുകാലത്ത്, ലിയോ പതിനാലാമൻ മാർപാപ്പ നമ്മളെ ഓർമ്മപ്പെടുത്തുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷകളെയും അതിജീവിക്കാൻ പ്രാർത്ഥനയല്ലാതെ മറ്റൊരു മാർഗ്ഗമില്ല. ഗെത്സെമനിയിലെ ക്രിസ്തുവിനെപ്പോലെ "എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!" (ലൂക്കാ 22:42) എന്നു പറയാൻ പ്രാർത്ഥന നമ്മളെ പ്രാപ്തരാക്കുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ദൈവത്തിനായി മാറ്റിവയ്ക്കുന്ന ഓരോ നിമിഷവും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും മനസ്സിന് അവാച്യമായ സമാധാനം നൽകുകയും ചെയ്യും.

​ഈ നോമ്പുകാലത്ത് നമുക്കൊരു തീരുമാനമെടുക്കാം - ദിവസവും കുറച്ചു സമയമെങ്കിലും പൂർണ്ണമായ നിശബ്ദതയിൽ ദൈവത്തോടൊപ്പം ചെലവഴിക്കാം. ആ നിശബ്ദതയിൽ അവിടുന്നു നമ്മളോടു സംസാരിക്കട്ടെ.

​പ്രാർത്ഥന:
കാരുണ്യവാനായ ദൈവമേ, അവിടുത്തെ മുമ്പിൽ ഹൃദയം തുറന്നിരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ആവശ്യങ്ങൾക്കും പരാതികൾക്കുമപ്പുറം അങ്ങയുടെ ശബ്ദം ശ്രവിക്കാനും അങ്ങയുടെ ഹിതം തിരിച്ചറിയാനും എനിക്കു കൃപ നൽകണമേ. 
ആമേൻ

നോമ്പുകാലചിന്തകൾ - ഒന്നാം ദിവസം: വിഭൂതി ബുധൻ (Ash Wednesday)

നോമ്പിൻ്റെ 40 ദിനങ്ങൾ 40 ചിന്തകൾ:
ദിവസം 1: വിഭൂതി ബുധൻ (Ash Wednesday)
​ചിന്താവിഷയം: 
ജീവിതത്തിന്റെ  നൈമിഷികതയും മാനസാന്തരവും

​"മനുഷ്യാ, നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ മടങ്ങും" (ഉല്പത്തി 3:19). ഈ തിരുവചനം സ്മരിച്ചുകൊണ്ട് നാം വീണ്ടുമൊരു വലിയ നോമ്പുകാലത്തിന്റെ പുണ്യതീരത്തേക്കു പ്രവേശിക്കുകയാണ്. ഇന്നു നമ്മുടെ നെറ്റിയിൽ ചാരത്താൽ കുരിശടയാളം വരയ്ക്കുമ്പോൾ, അതു കേവലം ബാഹ്യമായൊരാചാരമല്ല; നമ്മുടെ ജീവിതത്തിന്റെ നൈമിഷികതയെയും ദൈവത്തിന്റെ അനന്തതയെയുംകുറിച്ചുള്ള വലിയൊരോർമ്മപ്പെടുത്തലാണ്.
​ഈ ലോകത്തിലെ സ്ഥാനമാനങ്ങളും സമ്പത്തും അധികാരവുമെല്ലാം ഒരു നിഴൽപോലെ കടന്നുപോകുന്നവയാണെന്നും ദൈവവുമായുള്ള ബന്ധംമാത്രമാണ് ശാശ്വതമെന്നും ഈ ചാരം നമ്മെ പഠിപ്പിക്കുന്നു. 

ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ നോമ്പുകാലസന്ദേശത്തിൽ ("ശ്രവണവും ഉപവാസവും: പരിവർത്തനത്തിന്റെ കാലം" - "Listening and fasting. Lent as a time of Conversion") ഊന്നിപ്പറയുന്നതുപോലെ, ഈ കാലഘട്ടം നമ്മുടെ അഹന്തയുടെയും സ്വാർത്ഥതയുടെയും ചാരത്തിന്മേൽ ദൈവസ്നേഹത്തിന്റെ മന്ദിരം പണിയാനുള്ള കാലമാണ്.

മാനസാന്തരമെന്നത് വസ്ത്രം കീറുന്നതല്ല, ഹൃദയം കീറുന്നതാണെന്ന് ജോയേൽ പ്രവാചകൻ (2:13) നമ്മളെയോർമ്മിപ്പിക്കുന്നു. പഴയ പാപസാഹചര്യങ്ങളിൽനിന്നും സ്വാർത്ഥതാല്പര്യങ്ങളിൽനിന്നും ദൈവത്തിലേയ്ക്കു തിരിയുന്ന ആത്മീയ വിപ്ലവമാണിത്. പാപ്പയുടെ വാക്കുകളിൽപ്പറഞ്ഞാൽ, "നമ്മുടെ വാക്കുകളിലെ ആയുധങ്ങൾ ഉപേക്ഷിക്കേണ്ട സമയമാണിത്." 

മറ്റുള്ളവരെ വിധിക്കുന്ന നാവുകളെയും, വിദ്വേഷം സൂക്ഷിക്കുന്ന ഹൃദയങ്ങളെയുമുപേക്ഷിച്ച്, കരുണയുടെ പുതിയ മനുഷ്യരായി നമ്മൾ മാറണം.

ലിയോ പതിനാലാമൻ പാപ്പയുടെ ഈ വർഷത്തെ സന്ദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനം ശ്രവിക്കുകയെന്നതാണ്. ലോകത്തിന്റെ ബഹളങ്ങൾക്കും ഡിജിറ്റൽയുഗത്തിലെ അനാവശ്യമായ തിരക്കുകൾക്കുമിടയിൽ നമ്മൾ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ മറന്നുപോകുന്നു. "ദൈവത്തിന്റെ വചനത്തിനും സഹോദരന്റെ വിലാപത്തിനും കാതോർക്കുന്നവനേ യഥാർത്ഥമായി ഉപവസിക്കാൻ കഴിയൂ" എന്ന് പാപ്പ വ്യക്തമാക്കുന്നു. 

ഈ 40 ദിവസങ്ങൾ നമ്മുടെ ആത്മീയജീവിതത്തെ നവീകരിക്കാനുള്ള ഒരു തീർത്ഥാടനമായി നമുക്കു മാറ്റാം.

നമ്മുടെ കുറവുകളെയും വീഴ്ചകളെയും ദൈവസമക്ഷം നമുക്ക സമർപ്പിക്കാം.  പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ആത്മാവിനെ ശുദ്ധീകരിക്കാം. മണ്ണിലേയ്ക്കു മടങ്ങേണ്ടവരാണെന്ന ബോദ്ധ്യം നമ്മളെ കൂടുതൽ വിനീതരാക്കട്ടെ. ഈ നോമ്പുകാലം വെറുമൊരു ചടങ്ങായി കടന്നുപോകാതിരിക്കട്ടെ. 

​പ്രാർത്ഥന: 
കർത്താവേ, ഈ നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോൾ എന്റെ ഹൃദയത്തെ നവീകരിക്കണമേ. ലോകത്തിന്റെ നൈമിഷികസുഖങ്ങളിൽനിന്നു മാറി, അങ്ങയുടെ ശാശ്വതമായ സ്നേഹത്തിൽ ആഴപ്പെടാൻ എന്നെ സഹായിക്കണമേ. ആമേൻ.

✍🏻 ജോസ് ആറുകാട്ടി

Monday, 16 February 2026

നോമ്പും ഉപവാസവും: സാത്താനെതിരെയുള്ള ആയുധങ്ങൾ

Blog Post
നമ്മൾ വീണ്ടും വിശുദ്ധമായൊരു നോമ്പുകാലത്തിലേക്കു കടക്കുകയാണ്. ഓരോ നോമ്പുകാലവും സാത്താനും അവന്റെ ദുഷ്ടശക്തികൾക്കുമെതിരെയുള്ള തീക്ഷ്ണമായ ആത്മീയയുദ്ധത്തിന്റെ കാലമാണ്. പാപത്തിന്റെ വഴികളിലൂടെ മനുഷ്യനെ ചതിക്കുഴികളിൽ വീഴ്ത്തുന്ന പിശാചിനെ പരാജയപ്പെടുത്താൻ ക്രിസ്തു നൽകിയ മാതൃകയും സഭയുടെ കൂട്ടായ്മയും വചനത്തിന്റെ ശക്തിയും നമുക്കു തുണയാകുന്നു. 

ഈ നോമ്പുകാലത്ത് സാത്താനെതിരെയുള്ള പോരാട്ടത്തിൽ വിജയം വരിക്കാൻ സഹായിക്കുന്ന ചില ആത്മീയചിന്തകൾ, അല്ലെങ്കിൽ
ഈ നോമ്പുകാലത്ത് ചിന്താവിഷയമാക്കണമെന്ന് ഞാൻ കരുതുന്ന ആറു കാര്യങ്ങളാണ്, ഈ ലേഖനത്തിൽ ഞാൻ പങ്കുവയ്ക്കുന്നത്.

​1. ക്രിസ്തുവിന്റെ എളിമയും നോമ്പിന്റെ ശക്തിയും
​ദൈവസന്നിധിയിൽ പ്രഭാതനക്ഷത്രംപോലെ തിളങ്ങിനിന്നിരുന്ന മാലാഖ, വൻവീഴ്ചയിലൂടെ സാത്താനായിത്തീർന്നത് അഹങ്കാരംമൂലമാണ്; അതുകൊണ്ടുതന്നെ സാത്താനെ തോൽപ്പിക്കാനുള്ള ഏറ്റവും വലിയ ആയുധം എളിമയാണ്.. ഈ നോമ്പുകാലത്ത് നാം നടത്തുന്ന ഉപവാസവും പരിത്യാഗപ്രവൃത്തികളും നമ്മുടെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാനും ദൈവത്തിനു മുമ്പിൽ നമ്മെത്തന്നെ എളിമപ്പെടുത്താനുമുള്ള പരിശീലനമാണ്.
യോനാ പ്രവാചകൻ നിനവേയിൽച്ചെന്ന്, അവിടുത്തെ നിവാസികളെക്കാത്തിരിക്കുന്ന ശിക്ഷയെക്കുറിച്ചറിയിച്ചപ്പോൾ, രാജാവുമുതൽ യാചകർവരെ മുഴുവൻ നിനവേനിവാസികളും ചാക്കുടുത്ത്, ചാരത്തിലിരുന്ന് ഉപവസിച്ചു. തങ്ങളുടെ പാപങ്ങളെയോർത്ത് അവർ പശ്ചാത്തപിച്ചു. അവരുടെ പശ്ചാത്താപവും എളിമയോടെയുള്ള ഉപവാസവും പരിഹാരപ്രവൃത്തികളും ദൈവം കരുണയോടെ സ്വീകരിക്കുകയും നിനവേയ്ക്കെതിരായ ശിക്ഷകൾ പിൻവലിക്കുകയും ചെയ്തു.

നോമ്പ് എന്നാൽ ആഹാരമുപേക്ഷിക്കുകമാത്രമല്ല, നമ്മുടെ 'അഹം' (Ego) ഉപേക്ഷിച്ച്, എളിമപ്പെടുക എന്നുകൂടെ അതിനർത്ഥമുണ്ട്. ദൈവത്തോടൊപ്പം വസിക്കാനുള്ള നമ്മുടെ ഓരോ എളിയശ്രമങ്ങളും ഉപവാസമാണ്.

വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ എളിമയെ, പൈശാചികമായ അഹങ്കാരത്തിനു വിരുദ്ധമായവതരിപ്പിക്കുന്നു:
​"ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍, നിങ്ങള്‍ ഒരേ കാര്യങ്ങൾ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേയാത്മാവും ഒരേ അഭിപ്രായവുമുള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോമൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായിക്കരുതണം. ഓരോരുത്തരും സ്വന്തം താല്പര്യംമാത്രം നോക്കിയാൽ പോരാ; മറിച്ച് മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം. യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലുമുണ്ടാകട്ടെ." (ഫിലിപ്പി 2 : 1-5) ഈ വാക്യങ്ങൾ സാത്താനെതിരെയുള്ള പോരാട്ടത്തിലെ തന്ത്രങ്ങളാണു വെളിപ്പെടുത്തുന്നത്. സാത്താൻ മാത്സര്യവും വ്യർത്ഥാഭിമാനവും കുത്തിവയ്ക്കുമ്പോൾ, താഴ്മയോടെയിരിക്കാൻ ക്രിസ്തു നമ്മോടാവശ്യപ്പെടുന്നു. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായിക്കരുതുന്ന ഒരുവനെത്തൊടാൻ സാത്താനു കഴിയില്ല, കാരണം അവിടെ അവന്റെ ആയുധമായ അഹങ്കാരത്തിനു സ്ഥാനമില്ല.

യേശു, ദൈവത്തോടുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; മറിച്ച് തന്നെത്തന്നെ ശൂന്യനാക്കി. ​"ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്റെ രൂപം സ്വീകരിച്ച്‌, മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി." (ഫിലിപ്പി 2 : 6-8)

​കുരിശോളം താഴ്ന്ന ക്രിസ്തുവിന്റെ എളിമയാണ്, സാത്താന്റെ സാമ്രാജ്യത്തിന്റെ അസ്ഥിവാരം തകർത്തത്. നാം നോമ്പിലൂടെ അനുസരണവും
എളിമയുമഭ്യസിക്കുമ്പോൾ, ക്രിസ്തുവിന്റെ അതേ ആത്മീയാധികാരം നമ്മിലും നിറയുന്നു.

​"ആകയാല്‍, ദൈവമവനെ അത്യധികമുയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമം നല്‍കുകയും ചെയ്‌തു. ഇത്‌, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌." (ഫിലിപ്പി 2 : 9-11)
ഈ നോമ്പുകാലത്ത് നമ്മുടെ ഉപവാസം വെറും ആഹാരനിയന്ത്രണത്തിലൊതുങ്ങരുത്. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരുടെ താല്പര്യങ്ങൾ പരിഗണിക്കാനും പരസ്നേഹപ്രവൃത്തികളിൽ വ്യാപൃതരാകാനും രാജ്യത്തിൻ്റെയും സഭയുടെയും നിയമങ്ങളെയനുസരിക്കാനും കുരിശുമരണംവരെ അനുസരണയുള്ളവനായിരുന്ന യേശുവിന്റെ മനോഭാവം നമ്മിൽ വളർത്താനും പരിശ്രമിക്കണം. അപ്പോൾ പിതാവായ ദൈവം നമ്മളേയും ക്രിസ്തുവിനോടൊപ്പം ഉയർത്തുകയും പൈശാചികശക്തികളുടെമേൽ നമുക്കു വിജയം നൽകുകയും ചെയ്യും.

2. ലൗകികമോഹങ്ങളും ഹൃദയപരമാർത്ഥതയും

​സൃഷ്ടപ്രപഞ്ചത്തിലെ സകലസമ്പത്തിന്റെയും ഉടയവനായ ദൈവം നമ്മുടെ പിതാവാണ്. തന്റെ മക്കൾക്ക് ഭൗതികനന്മകൾ നൽകാൻ അവിടുന്നാഗ്രഹിക്കുന്നു. എന്നാൽ ഈ നന്മകളോടുള്ള നമ്മുടെ മനോഭാവമാണ് നമ്മുടെ ആത്മീയവിജയത്തെ നിശ്ചയിക്കുന്നത്. പലപ്പോഴും ദൈവം നൽകിയ അനുഗ്രഹങ്ങളെ ദൈവത്തേക്കാളധികമായി നമ്മൾ സ്നേഹിക്കുമ്പോളാണ് സാത്താൻ നമ്മുടെ ജീവിതത്തിൽ ഇടം കണ്ടെത്തുന്നത്.

​സമ്പത്തും ജോബിന്റെ ഹൃദയപരമാർത്ഥതയും:
വിശുദ്ധഗ്രന്ഥത്തിലെ ജോബിന്റെ ജീവിതം ഇതിനുള്ള വലിയൊരു മാതൃകയാണ്. അദ്ദേഹം വലിയ സമ്പന്നനായിരുന്നപ്പോഴും തന്റെ ഹൃദയം സമ്പത്തിലല്ല, ദൈവത്തിലാണുറപ്പിച്ചിരുന്നത്. എല്ലാം നഷ്ടപ്പെട്ടപ്പോഴും ശരീരം രോഗത്താൽ തകർന്നപ്പോഴും "കർത്താവു തന്നു, കർത്താവെടുത്തു; കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ" എന്നു പറയാൻ അദ്ദേഹത്തിനു സാധിച്ചു. ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവം നമ്മുടെ ഹൃദയപരമാർത്ഥതയാണാഗ്രഹിക്കുന്നത്. സമ്പത്തുണ്ടെങ്കിലുമില്ലെങ്കിലും ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനു മാറ്റംവരാത്ത അവസ്ഥയാണിത്.

​ലഭിച്ച നന്മകളെക്കാളധികമായി, അവ നൽകിയവനെ സ്നേഹിക്കുക:

ഇവിടെ നാം ഗൗരവമായി ചിന്തിക്കേണ്ടൊരു കാര്യമുണ്ട്. വിവാഹംകഴിഞ്ഞ് ദീർഘകാലമായിട്ടും സന്താനഭാഗ്യമില്ലാതിരുന്ന  ദമ്പതികളുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു കുഞ്ഞിനുവേണ്ടി അവർ കണ്ണീരോടെ പ്രാർത്ഥിക്കുകയും അനുദിനം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ദൈവമവർക്ക് ഒരു കുഞ്ഞിനെ നൽകിയനുഗ്രഹിച്ചപ്പോൾ, ആ കുഞ്ഞിനെ നോക്കാനെന്നപേരിൽ ഞായറാഴ്ചയിലെ കടപ്പെട്ട കുർബാനയിൽപ്പോലും സംബന്ധിക്കാത്ത അവസ്ഥയിലേക്ക് അവർ മാറുന്നു.

​യഥാർത്ഥത്തിൽ അവർ ആത്മാർത്ഥതയുള്ളവരായിരുന്നെങ്കിൽ, തങ്ങൾക്ക് ഈ നന്മ നൽകിയ ദൈവത്തോടുള്ള നന്ദിസൂചകമായി ആ കുഞ്ഞുമായി അനുദിനബലിയിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ ശൈശവത്തിൽത്തന്നെ ആ കുഞ്ഞിനെ വിശ്വാസത്തിൽ വളർത്താൻ അവർ പരിശ്രമിക്കുമായിരുന്നു. ലഭിച്ച നന്മയെ (അനുഗ്രഹത്തെ) നൽകിയവനേക്കാൾ (ദൈവത്തേക്കാൾ) അധികമായി സ്നേഹിക്കുമ്പോൾ, നമ്മൾ സ്വയമറിയാതെതന്നെ പിശാചിന്റെ തന്ത്രങ്ങളിൽ വീണുപോകുന്നു. നമ്മൾ ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ ദൈവത്തിൽനിന്നു ലഭിച്ച അനുഗ്രഹംപോലും ദൈവത്തിൽനിന്ന് നമ്മെയകറ്റുന്ന ഒന്നായിമാറ്റാൻ സാത്താൻ ഇടയാക്കുമെന്ന കാര്യം മറക്കരുത്.

ധനമോഹമെന്ന കെണി:
സാത്താൻ മനുഷ്യനെ വീഴ്ത്താനുപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് ധനമോഹം. 1 തിമോത്തേയോസ്‌ 6:6-10 ഇതിനെക്കുറിച്ച് ഗൗരവമായ മുന്നറിയിപ്പു നൽകുന്നു:

​"ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌. കാരണം, നാം ഈ ലോകത്തിലേക്ക്‌ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന്‌ ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ടു നമുക്കു തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്നാഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ്‌ എല്ലാത്തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനുമിടയുണ്ട്‌."

സമ്പത്ത് മോശമാണെന്നല്ല, മറിച്ച് "ധനവാനാകണമെന്ന ആഗ്രഹം" ഒരു കെണിയായി മാറാം എന്നാണ് വചനം പഠിപ്പിക്കുന്നത്. പദവിക്കും പണത്തിനുംവേണ്ടി വിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്യുമ്പോൾ നമ്മൾ സാത്താന്റെ കെണിയിൽ വീഴുകയാണുചെയ്യുന്നത്.

​സ്വർഗ്ഗീയപൗരത്വവും ഭൗമികഭവനവും:
നമ്മുടെ ലക്ഷ്യം ഈ ലോകമല്ലെന്നു തിരിച്ചറിയുന്നതാണ് സാത്താനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം.

​"ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു." (ഫിലിപ്പി 3 : 20)
​നമ്മുടെ ഈ ഭൗമികശരീരം ഒരു കൂടാരംപോലെയാണ്. അതു നശിച്ചാലും ദൈവത്തിൽനിന്നുള്ള ശാശ്വതമായ ഭവനം നമുക്കുണ്ടെന്ന ബോദ്ധ്യം ലൗകികകെണികളിൽനിന്ന് നമ്മളെ രക്ഷിക്കും: ​"ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മ്മിതമല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗ്ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങളറിയുന്നു. വാസ്‌തവത്തില്‍ ഞങ്ങള്‍ ഇവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗ്ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍കൊള്ളുകയുമാണ്‌." (2 കോറിന്തോസ്‌ 5 : 1-2)

ഈ നോമ്പുകാലത്ത് നമ്മുടെ ഹൃദയങ്ങളെ ശോധനചെയ്യാം. നമ്മുടെ സന്തോഷം ദൈവത്തിലാണോ അതോ ദൈവം തന്ന ഭൗതികനന്മകളിലാണോ? ജോബിനെപ്പോലെ ഹൃദയപരമാർത്ഥതയോടെ ദൈവത്തെ സ്നേഹിക്കാനും, ലഭിച്ച അനുഗ്രഹങ്ങളെക്കാൾ നൽകിയവനു മുൻഗണന നൽകി ആരാധിക്കാനും നമുക്കു ശീലിക്കാം. ഭൗതികമായ സമ്പത്തിനേക്കാൾ സ്വർഗ്ഗീയമായ പൗരത്വത്തിനു വിലകല്പിക്കുമ്പോൾ, ലൗകികമോഹങ്ങളിലൂടെ നമ്മെ വീഴ്ത്താൻ ശ്രമിക്കുന്ന സാത്താൻ പരാജയപ്പെടും.

​3. പ്രതിസന്ധികളിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം
​നമ്മുടെ ജീവിതം ഒരു കടൽയാത്രപോലെയാണ്. ശാന്തമായ കടലിലൂടെയുള്ള യാത്രയല്ല ക്രൈസ്തവജീവിതം; മറിച്ച്, പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും തിരമാലകളെ അതിജീവിച്ചുകൊണ്ടുള്ള യാത്രയാണിത്. ഈ യാത്രയിൽ, ഭയത്തിന്റെ ആത്മാവിനെയയച്ച്, സാത്താൻ നമ്മളെ തളർത്താൻ നോക്കുമ്പോൾ, ആ പ്രതിസന്ധികൾക്കു മീതെ നടന്നുവരുന്ന ക്രിസ്തുവിനെ തിരിച്ചറിയുന്നതാണ് നമ്മുടെ വിജയം.

​പ്രശ്നങ്ങൾക്കു മീതേ നടന്നുവരുന്ന ഈശോ:
ശിഷ്യന്മാർ വള്ളത്തിൽ കടൽ കടക്കുമ്പോൾ നേരിട്ട ഭയാനകമായ സാഹചര്യം വിശുദ്ധ യോഹന്നാൻ വിവരിക്കുന്നു:
​"വൈകുന്നേരമായപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കടല്‍ക്കരയിലേയ്ക്കു പോയി. അവര്‍ ഒരു വള്ളത്തില്‍ക്കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരമിരുട്ടിത്തുടങ്ങി; യേശു അവരുടെയടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട്‌ കടല്‍ ക്ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്‌താദിയോണ്‍ ദൂരം തണ്ടു വലിച്ചുകഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന്‌ വളളത്തെ സമീപിക്കുന്നതു കണ്ട്‌ അവര്‍ ഭയപ്പെട്ടു. അവനവരോടു പറഞ്ഞു: ഞാനാണ്‌; ഭയപ്പെടേണ്ടാ." (യോഹന്നാന്‍ 6 : 16-20)

​നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈശോ കടന്നുവരുന്നത് പലപ്പോഴും നാം ഭയപ്പെടുന്ന രൂപത്തിലായിരിക്കാം. എന്നാൽ "ഞാനാണ്; ഭയപ്പെടേണ്ട" എന്ന അവന്റെ വചനം നമ്മുടെ ഹൃദയത്തിൽ മുഴങ്ങണം. അവനെ വള്ളത്തിൽക്കയറ്റാൻ നമ്മൾ ആഗ്രഹിക്കുമ്പോൾ, അതായത് നമ്മുടെ പ്രശ്നങ്ങളിലേയ്ക്ക് അവനെ ക്ഷണിക്കുമ്പോൾ, പെട്ടെന്നുതന്നെ നാം ലക്ഷ്യംവച്ചിരുന്ന കരയിലേയ്ക്കു വള്ളമടുക്കും. പ്രതിസന്ധികൾക്കു മുകളിലൂടെ നടന്നുവന്ന്, നമ്മളെ രക്ഷിക്കുന്ന ക്രിസ്തുവിലുള്ള ശരണപ്പെടലാണിത്.

​വിശ്വാസത്തിലെ വളർച്ച: ഭയത്തിൽനിന്നു സമർപ്പണത്തിലേയ്ക്ക്:
വിശ്വാസയാത്രയുടെ അടുത്തഘട്ടം നാം കാണുന്നത് ഉത്ഥിതനായ യേശു, തിബേരിയാസ് കടൽത്തീരത്തു പ്രത്യക്ഷപ്പെടുമ്പോളാണ്. യോഹന്നാൻ ആറാമദ്ധ്യായത്തിൽ കാണുന്നതുപോലെ, പ്രതിസന്ധികൾ കണ്ടു ഭയപ്പെട്ട ശിഷ്യന്മാരെയല്ല ഇരുപത്തിയൊന്നാമദ്ധ്യായത്തിൽ നമ്മൾ കാണുന്നത്. ഇവിടെ പത്രോസ് കൈവരിച്ച ആത്മീയപക്വത ശ്രദ്ധേയമാണ്.

​രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന ശിഷ്യന്മാരോട് യേശു പറഞ്ഞു: "വള്ളത്തിന്റെ വലത്തുവശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും" (യോഹന്നാന്‍ 21:6). അവർ വലയിട്ടു; വലിയ മത്സ്യങ്ങൾകൊണ്ടു വല നിറഞ്ഞു.

​"ഉടനെ ശിമയോന്‍ പത്രോസ്‌ വള്ളത്തില്‍ക്കയറി, വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്‌ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികമുണ്ടായിരുന്നിട്ടും വല കീറിയില്ല." (യോഹന്നാന്‍ 21 : 11)
​ഇത്രയധികം മത്സ്യസമ്പത്ത് വള്ളത്തിലുണ്ടായിട്ടും പത്രോസിന്റെ ശ്രദ്ധ ആ സമ്പാദ്യത്തിലായിരുന്നില്ല. അതു കർത്താവാണെന്നു തിരിച്ചറിഞ്ഞ നിമിഷംതന്ന, തനിക്കുള്ളതെല്ലാം വഞ്ചിയിലുപേക്ഷിച്ച് അവൻ പ്രതിസന്ധികളുടെ കടലിലേക്കു ചാടി, ഉത്ഥിതനായ ക്രിസ്തുവിനടുത്തേക്കു നീന്തി. (യോഹന്നാന്‍ 21: 7).

വിശ്വാസത്തിൽ വളരുമ്പോൾ നമ്മളിലുണ്ടാകേണ്ട വലിയ മാറ്റമാണിത്: ആദ്യകാലങ്ങളിൽ പ്രതിസന്ധികളിൽ ഭയപ്പെട്ട് യേശുവിനെ വള്ളത്തിലേക്ക് (നമ്മുടെ സൗകര്യങ്ങളിലേക്ക്) വിളിക്കുന്നവരായിരുന്നു നമ്മളെങ്കിൽ, വിശ്വാസം പക്വമാകുമ്പോൾ നമുക്കുള്ള സകല ലൗകികനേട്ടങ്ങളെയുമുപേക്ഷിച്ച്, പ്രതിസന്ധികളുടെ കടലിലൂടെ നീന്തി, ക്രിസ്തുവിനടുത്തേക്കു ചെല്ലാൻ നാം തയ്യാറാകുന്നു. അനുഗ്രഹങ്ങളേക്കാൾ വലുത് അതു നൽകിയ കർത്താവാണെന്ന തിരിച്ചറിവാണിത്.

നമ്മുടെ പ്രതിസന്ധികൾക്കു മുകളിലൂടെ നടന്നുവന്നു രക്ഷിക്കുന്ന യേശുവിനെയാണ് യോഹന്നാൻ്റെ സുവശേഷത്തിൻ്റെ ആറാമദ്ധ്യായത്തിൽ കാണുന്നതെങ്കിൽ, വഞ്ചിയിലുള്ള നേട്ടങ്ങളുപേക്ഷിച്ച്, ഉത്ഥിതനായ ക്രിസ്തുവിനടുത്തേക്കു നീന്തുന്ന പത്രോസിനെയാണ് ഇരുപത്തിയൊന്നാമദ്ധ്യായത്തിൽ കാണുന്നത്. നമ്മുടെ ശക്തി, ലോകം നൽകുന്ന ആശ്വാസമല്ല, മറിച്ച് യേശു പറഞ്ഞ "നിങ്ങളറിയാത്ത ഭക്ഷണം" ആയ ദൈവവചനമാണ് (യോഹന്നാന്‍ 4 : 32).

​യഥാർത്ഥ ആത്മീയഭക്ഷണം:
ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോൾമാത്രം സംതൃപ്തരാകുന്നവരല്ല നമ്മൾ. സാത്താൻ നമ്മുടെ ഭൗതികദാരിദ്ര്യത്തെ ചൂഷണംചെയ്യാൻനോക്കുമ്പോൾ, യേശു നമുക്കു നൽകുന്ന ഉത്തരമിതാണ്:

​"അവന്‍ പറഞ്ഞു: നിങ്ങളറിയാത്ത ഭക്ഷണമെനിക്കുണ്ട്‌." (യോഹന്നാന്‍ 4 : 32)
​ദൈവവചനമാകുന്ന ഈ ഭക്ഷണമാണ് പ്രതിസന്ധികളിൽ നമുക്കു ശക്തി നൽകുന്നത്. ലോകം നൽകുന്ന ആശ്വാസങ്ങളേക്കാൾ ദൈവഹിതം നിറവേറ്റുന്നതിലാണ് നമ്മൾ സംതൃപ്തി കണ്ടെത്തേണ്ടത്.

4. ആത്മീയയുദ്ധവും സഭയുടെ കൂട്ടായ്മയും
​സാത്താൻ വ്യക്തികളെ തളർത്താൻശ്രമിക്കുമ്പോൾ സഭയുടെ കൂട്ടായ്മയും പ്രാർത്ഥനയുമാണ് നമുക്കു പ്രതിരോധകവചമാകുന്നത്. പിശാചിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താൻ ക്രിസ്തു നൽകിയ അധികാരവും സഭയുടെ ഐക്യവും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അപ്പസ്തോലപ്രവർത്തനങ്ങൾ 12-ാമദ്ധ്യായം വ്യക്തമാക്കുന്നു.

​സഭയുടെ പ്രാർത്ഥനയെന്ന ആയുധം:
പത്രോസ് കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോൾ സഭ, ഭയന്നിരിക്കുകയല്ലചെയ്തത്.
​"അങ്ങനെ പത്രോസ്‌ കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 5)

​വ്യക്തിപരമായ പ്രാർത്ഥനയേക്കാളുപരിയായി, വിശ്വാസികളുടെ കൂട്ടായ്മകൾനടത്തുന്ന തീക്ഷ്ണമായ പ്രാർത്ഥനയ്ക്ക് സ്വർഗ്ഗത്തെ ചലിപ്പിക്കാനും കാരാഗൃഹവാതിലുകൾ തുറക്കാനും ശക്തിയുണ്ട്. സഭയിൽ നിരവധിയായ ഭിന്നതകൾ ഉടലെടുക്കുന്നതു കാണുമ്പോൾ ഓർക്കുക - സഭയെ ഭിന്നിപ്പിക്കാൻ നോക്കുന്നത്, പ്രാർത്ഥനയുടെ  ശക്തി തകർക്കാനാണ്.

​ആത്മീയവിമോചനത്തിന്റെ ചിത്രം:
പത്രോസിന്റെ മോചനം പിശാചിന്റെ ബന്ധനത്തിൽനിന്നുള്ള മനുഷ്യന്റെ രക്ഷപ്പെടലിന്റെ കൃത്യമായൊരു ചിത്രമാണ്. പത്രോസിനെ വധിക്കാൻ ഹേറോദേസ് തീരുമാനിച്ചതിന്റെ തലേരാത്രിയിലെ സാഹചര്യങ്ങൾ നോക്കുക:

​"പത്രോസ്‌ ഇരുചങ്ങലകളാല്‍ ബന്ധിതനായി, രണ്ടു പടയാളികളുടെ മദ്ധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്‍ക്കൽ കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 6)
​ഇവിടെ പ്രത്യക്ഷപ്പെട്ട ദൂതൻ ക്രിസ്തുതന്നെയാണ്. ഈ വിമോചനത്തിൽ നാം ശ്രദ്ധിക്കേണ്ട ചില പ്രധാനഘട്ടങ്ങളുണ്ട്:

​അനുസരണവും വിവേകവും 

ചങ്ങലകൾ അഴിഞ്ഞുവീണപ്പോൾ പത്രോസ് പരിഭ്രമിച്ച് ഓടുകയോ ആവേശംകാണിക്കുകയോ ചെയ്തില്ല. അവൻ ദൂതനെ ശ്രദ്ധിച്ചു. "നീ അരമുറുക്കി പാദരക്ഷകളണിയുക. മേലങ്കി ധരിച്ചുകൊണ്ട്‌ എന്റെ പിന്നാലെ വരുക" എന്ന ദൂതന്റെ കല്പന അവൻ അക്ഷരംപ്രതിയനുസരിച്ചു. ആത്മീയപോരാട്ടത്തിൽ നമ്മുടെ യുക്തിയേക്കാൾ ദൈവത്തിന്റെ നിർദ്ദേശങ്ങളെയനുസരിക്കുകയാണു പ്രധാനം.

​പതറാത്ത വിശ്വാസം 

ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ട് അവർ മുന്നോട്ടു പോയി. തടസ്സങ്ങൾ ഓരോന്നായി നീങ്ങുന്നതു പത്രോസ് കണ്ടു. അവസാനം നഗരത്തിലേക്കുള്ള ഇരുമ്പു കവാടത്തിലെത്തിയപ്പോൾ "അതവര്‍ക്കായി സ്വയം തുറന്നു." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 10). പിശാചിന്റെ കോട്ടകൾ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ തനിയെ തുറക്കപ്പെടുമെന്ന വലിയ സത്യമാണിത്. ബന്ധനങ്ങൾ പൂർണ്ണമായി അഴിഞ്ഞുവഴുന്നതുവരെ, തിടുക്കംകാട്ടാതെയും സ്വന്തം യുക്തികളിലാശ്രയിക്കാതെയും ക്രിസ്തുവിനെ പിന്തുടരാൻ ശ്രദ്ധിക്കണം.

ദൂതൻ അപ്രത്യക്ഷനായപ്പോളാണ് പത്രോസിനു പൂർണ്ണബോധം വന്നത്. സാത്താന്റെ വ്യാമോഹങ്ങളിൽനിന്നും കെണികളിൽനിന്നും കർത്താവ്, തന്നെ മോചിപ്പിച്ചിരിക്കുന്നെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ നേരെ പോയത്, മറിയത്തിന്റെ വീട്ടിലേയ്ക്കാണ്; അവിടെ സഭ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.

​വിജയംവരിക്കുന്ന അധികാരം:
സാത്താനെതിരെ പോരാടാൻ യേശു തന്റെ ശിഷ്യന്മാർക്ക് അധികാരം നൽകിയിട്ടുണ്ട്:
​"അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച്‌ സകലപിശാചുക്കളുടെയുംമേല്‍ അവര്‍ക്ക്‌, അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും." (ലൂക്കാ 9 : 1-2)
​ശക്തനായ പിശാചിനെ പരാജയപ്പെടുത്തണമെങ്കിൽ അവനേക്കാൾ ശക്തനായ ക്രിസ്തുവിനാൽ അവൻ ബന്ധിക്കപ്പെടണം (മര്‍ക്കോസ്‌ 3:27). നോമ്പുകാലത്തെ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും സഭയോടു ചേർന്നുനിന്നു പൊരുതുമ്പോൾ, നമ്മുടെ കൈകളിലെ ചങ്ങലകൾ അഴിഞ്ഞുവീഴുകയും ഇരുമ്പുവാതിലുകൾ നമുക്കായി തുറക്കപ്പെടുകയുംചെയ്യും. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്‌ (1 യോഹന്നാന്‍ 3:8). ആ വിജയത്തിൽ സഭയോടൊപ്പം പങ്കുചേരാൻ ഈ നോമ്പുകാലം നമ്മളെയൊരുക്കുന്നു. സാത്താൻ വ്യക്തികളെ തളർത്താൻ ശ്രമിക്കുമ്പോൾ സഭയുടെ പ്രാർത്ഥനകൾ നമുക്കു പ്രതിരോധകവചമാകുന്നു.

5. ബന്ധനങ്ങൾ തകർക്കുന്ന ദൈവം:
​മനുഷ്യൻ സ്വയം തീർത്തതോ സാത്താൻ അടിച്ചേൽപ്പിച്ചതോ ആയ സകല ബന്ധനങ്ങളെയും അറുത്തുമാറ്റാൻ ദൈവത്തിനു കഴിയും. പഴയനിയമത്തിൽ നമ്മൾ കാണുന്ന അത്ഭുതകരമായ വിമോചനങ്ങൾ പുതിയ നിയമത്തിൽ ക്രിസ്തുവിന്റെ രക്തത്തിലൂടെ പൂർത്തിയാക്കപ്പെടുന്നു.

തിരുരക്തത്തിന്റെ വിമോചനമുദ്ര:

മത്സ്യത്തിന്റെ ചങ്കും കരളും പുകച്ച് പിശാചിനെ തുരത്തിയ തോബിയാസിന്റെ അനുഭവം, തിരുരക്തത്താലുള്ള വിമോചനത്തിന്റെ വലിയ അടയാളമാണ്.

തോബിത്തിന്റെ പുസ്തകത്തിൽ തോബിയാസ് സാറായെ വിവാഹം കഴിക്കുമ്പോൾ, അവളെ ബാധിച്ചിരുന്ന അസ്‌മോദിയൂസ്‌ എന്ന പിശാചിനെത്തുരത്താൻ ദൂതനായ റഫായേൽ ഒരു മാർഗ്ഗം ഉപദേശിക്കുന്നുണ്ട്: ​"അവന്‍ റഫായേലിന്റെ വാക്കുകളനുസ്‌മരിച്ച്‌ ധൂപകലശത്തിലെ തീക്കനലില്‍ മത്സ്യത്തിന്റെ ചങ്കും കരളുമിട്ടു പുകച്ചു. മണമേറ്റപ്പോള്‍ പിശാച്‌ ഈജിപ്‌തിന്റെ അങ്ങേയറ്റത്തേക്കു പലായനംചെയ്‌തു. ദൂതന്‍ അവനെ ബന്ധിച്ചു." (തോബിത്‌ 8 : 2-3)

​സഭയുടെ പാരമ്പര്യത്തിൽ മത്സ്യം (ICHTHYS) എന്നത് ക്രിസ്തുവിന്റെ അടയാളമാണ്. മത്സ്യത്തിന്റെ ചങ്കും കരളും പുകയ്ക്കുന്നത്, കുരിശിൽ ഹൃദയം പിളർന്ന് തിരുരക്തവും തിരുജലവുമൊഴുക്കിയ ക്രിസ്തുവിന്റെ ബലിയുടെ മുൻരൂപമാണ്. യേശുവിന്റെ നാമത്താലും ക്രിസ്തുവിന്റെ രക്തത്താലുംമാത്രമേ പിശാചിന്റെമേൽ പൂർണ്ണവിജയം വരിക്കാൻ കഴിയുകയുള്ളുവെന്ന സത്യമാണ്, ഇതു വെളിപ്പെടുത്തുന്നത്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ബലിയുടെയും സുഗന്ധ ധപമുയരുന്നിടത്ത് സാത്താനു നിൽക്കാൻ കഴിയില്ല.

​ഭൂതോച്ഛാടനത്തിലെ ഒരു യഥാർത്ഥാനുഭവം:
പ്രശസ്തനും വത്തിക്കാൻ്റെ ഔദ്യോഗികഭൂതോച്ഛാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്ത്, തന്റെ 'An Exorcist Tells His Story' എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരനുഭവം ഇവിടെ പ്രസക്തമാണ്. കഠിനമായ പൈശാചികബാധയേറ്റ ഒരു വ്യക്തിയെ ശുശ്രൂഷിക്കുമ്പോൾ, പിശാച് അയാളിലൂടെ അത്യുഗ്രമായി അലറുകയും വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും ചെയ്തു. എന്നാൽ ഫാദർ അമോർത്ത് ക്രിസ്തുവിന്റെ തിരുരക്തത്താൽ ആ വ്യക്തിയെ മുദ്രണം ചെയ്യുകയും യേശുവിന്റെ നാമത്തിൽ ആജ്ഞാപിക്കുകയും ചെയ്തപ്പോൾ പിശാച് പരാജയം സമ്മതിച്ചു. "അവന്റെ രക്തം എന്നെ പൊള്ളിക്കുന്നു" എന്ന് പിശാച് നിലവിളിച്ചതായി, ആ പുസ്തകത്തിൽ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

​ഇതൊരു കേട്ടുകേൾവിയല്ല, മറിച്ച് ക്രിസ്തുവിന്റെ നാമത്തിനു മുമ്പിൽ പാതാളശക്തികൾ മുട്ടുമടക്കും എന്ന വചനത്തിന്റെ ജീവിക്കുന്ന തെളിവാണ്.

​അസാദ്ധ്യമായതിനെ സാദ്ധ്യമാക്കുന്ന ദൈവം:
നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ എത്ര കഠിനമായാലും ദൈവം അവയെ തകർക്കും. വചനം വ്യക്തമായിപ്പറയുന്നു: ​"എന്തെന്നാല്‍, അവിടുന്ന് പിച്ചളവാതിലുകള്‍ തകര്‍ക്കുന്നു; ഇരുമ്പോടാമ്പലുകളെ ഒടിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 107 : 16)

"ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും." (ഏശയ്യാ 45 : 2)

അപ്പസ്തോലന്മാരെ കാരാഗൃഹത്തിലടച്ചപ്പോൾ കർത്താവിന്റെ ദൂതൻ അർദ്ധരാത്രിയിൽ വാതിലുകൾ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു.
​"രാത്രി കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന്‌ അവരെ പുറത്തുകൊണ്ടുവന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ ദൈവാലയത്തില്‍ ചെന്ന്‌ എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍." (അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 19-20)

നമ്മുടെ പാപമോ പാരമ്പര്യമോ നൽകിയ ഏതൊരു ചങ്ങലയെയും തകർക്കാൻ യേശുവിന്റെ രക്തത്തിന് അധികാരമുണ്ട്. ഈ നോമ്പുകാലത്ത് കുമ്പസാരത്തിലൂടെയും വിശുദ്ധകുർബാനയിലൂടെയും ക്രിസ്തുവിന്റെ രക്തത്താൽ കഴുകപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിലെ പിച്ചളവാതിലുകൾ തകരുകയും നാം യഥാർത്ഥസ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കുകയും ചെയ്യും. വിമോചകനായ ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുമ്പോൾ, തോബിയാസിന്റെ ജീവിതത്തിലുണ്ടായതുപോലെ പിശാച് നമ്മെ വിട്ട്, പലായനംചെയ്യും.

​6. ജാഗ്രതയോടെയുള്ള പോരാട്ടം:
​നാം ജീവിക്കുന്നത് കടുത്ത ആശയക്കുഴപ്പങ്ങളുടെ ഒരു കാലത്താണ്. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം പിശാച് ലോകത്തെ അന്ധകാരത്തിലാഴ്ത്തിയിരിക്കുന്നു. നന്മയെ തിന്മയായും തിന്മയെ നന്മയായും പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, വലിയ ജാഗ്രതയോടെയുള്ള ആത്മീയപോരാട്ടം അനിവാര്യമാണ്.

​വേഷംമാറി വരുന്ന തിന്മ:
സാത്താൻ എപ്പോഴും ഒരു രാക്ഷസരൂപത്തിലല്ല നമ്മുടെ മുമ്പിൽ വരുന്നത്. വളരെ ആകർഷകമായ, യുക്തിസഹമെന്നു തോന്നിക്കുന്ന രൂപത്തിലാണ് അവൻ പ്രത്യക്ഷപ്പെടുന്നത്. വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഇതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്:
​"അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്‌ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും." (2 കോറിന്തോസ്‌ 11 : 14-15)

ഇന്ന് സഭാധികാരികളാൽപ്പോലും വിശ്വാസികൾ വഴിതെറ്റിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ട്. വചനവിരുദ്ധമായ ആശയങ്ങൾ ആധുനികതയുടെ പേരിൽ സഭയ്ക്കുള്ളിൽ കടന്നുകൂടുന്നു. ഭൗതികമായ പുരോഗതിക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എന്ന വ്യാജേന ദൈവകല്പനകളെ ബലികഴിക്കാൻ പ്രേരിപ്പിക്കുന്ന 'പ്രകാശദൂതന്മാർ' നമുക്കു ചുറ്റുമുണ്ട്.

​യുക്തിയല്ല, ദൈവവചനമാണ് പ്രധാനം:
ആദിപാപം സംഭവിച്ചത് എങ്ങനെയെന്നു നാം ചിന്തിക്കണം. ദൈവവചനത്തേക്കാൾ പിശാചു പറഞ്ഞ കാര്യങ്ങൾ യുക്തിസഹമാണ് എന്ന ചിന്തയിൽനിന്നാണ് മനുഷ്യൻ വീണുപോയത്. ഇന്നും സാത്താൻ ഇതേ തന്ത്രംതന്നെയാണ് ഉപയോഗിക്കുന്നത്. ദൈവകല്പനകളേക്കാൾ ലോകത്തിന്റെ യുക്തിക്കും ശാസ്ത്രത്തിനും ഒന്നാം സ്ഥാനം നൽകുമ്പോൾ നാം പരാജയപ്പെടുന്നു. ഈ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെക്കുറിച്ച് ഏശയ്യാപ്രവാചകൻ പറയുന്നതു നോക്കുക:
​"കര്‍ത്താവ്‌ അവളില്‍ ആശയക്കുഴപ്പത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുകയാണ്‌. അങ്ങനെ മദ്യപന്‍ ഛര്‍ദ്ദിച്ചതില്‍ തെന്നിനടക്കുന്നതുപോലെ ഈജിപ്ത്‌ എല്ലാക്കാര്യങ്ങളിലും കാലിടറി നടക്കുന്നു." (ഏശയ്യാ 19 : 14)

​സത്യവിശ്വാസത്തിൽനിന്ന് കാലിടറി വീഴാതിരിക്കാൻ ദൈവത്തിന്റെ വചനമാകുന്ന പാറയിൽ നമ്മൾ ഉറച്ചുനിൽക്കണം.

​കല്പനകൾ പാലിക്കുന്നവർക്കൊപ്പം ദൈവദൂതന്മാർ:
പരീക്ഷണങ്ങൾ കഠിനമാകുമ്പോൾ പിശാച് നമുക്ക് വലിയ വാഗ്ദാനങ്ങൾ നൽകും. യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ സാത്താൻ പറഞ്ഞതിതാണ്:
​"നീ സാഷ്‌ടാംഗം പ്രണമിച്ച്‌ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും." (മത്തായി 4 : 9)
​എന്നാൽ യേശു അതിനെ നേരിട്ടത് വചനം കൊണ്ടാണ്: ​"യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെമാത്രമേ പൂജിക്കാവൂ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അപ്പോള്‍ പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു." (മത്തായി 4 : 10-11)

​ദൈവത്തിന്റെ കല്പനകൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കുന്നവർക്കൊപ്പംമാത്രമേ സ്വർഗ്ഗീയദൂതന്മാരുണ്ടാകുകയുള്ളു. നമ്മൾ സാത്താനോടു സന്ധിചെയ്താൽ, നമുക്കു ദൈവികസംരക്ഷണം നഷ്ടമാകും.

​ഉറച്ചുനിൽക്കാനുള്ള ആഹ്വാനം:
നമ്മുടെ പോരാട്ടം മാംസത്തിനും രക്തത്തിനുമതിരയല്ല, അന്ധകാരശക്തികൾക്ക് എതിരെയാണ്. മോശ ജനത്തോടു പറഞ്ഞത് ഇന്നും പ്രസക്തമാണ്:
​"മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നുകണ്ട ഈജിപ്‌തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്‌തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍മതി." (പുറപ്പാട്‌ 14 : 13-14)

ഈ നോമ്പുകാലത്ത് നമുുക്ക് കൂടുതൽ ജാഗ്രതയുള്ളവരായിരിക്കാം. ലോകത്തിന്റെ മോഹനവാഗ്ദാനങ്ങളിൽ വീഴാതെ, വേഷംമാറി വരുന്ന തിന്മയെ തിരിച്ചറിയാനുള്ള വിവേചനവരം ലഭിക്കാൻ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം ദൈവദൂതന്മാരുണ്ടാകും എന്ന ഉറപ്പോടെ നമുക്കു മുമ്പോട്ടു പോകാം. ദൈവകല്പനകൾ മുറുകെ പിടിക്കുകയും വചനത്തിൽ വേരൂന്നുകയുംചെയ്താൽ, എല്ലാ ആശയക്കുഴപ്പങ്ങളേയുമതിജീവിച്ച് ക്രിസ്തുവിനോടൊപ്പം വിജയം വരിക്കാൻ നമുക്കു സാധിക്കും.

✍🏻 ജോസ് ആറുകാട്ടി