Sunday, 29 March 2026
നോമ്പുകാലചിന്തകൾ 35-ാം ദിവസം
Friday, 27 March 2026
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
Thursday, 26 March 2026
നോമ്പുകാലചിന്തകൾ, 33-ാം ദിവസം
Wednesday, 25 March 2026
നോമ്പുകാലചിന്തകൾ, 32-ാം ദിവസം
Tuesday, 24 March 2026
നോമ്പുകാലചിന്തകൾ, 31-ാം ദിവസം
Monday, 23 March 2026
നോമ്പുകാലചിന്തകൾ, മുപ്പതാം ദിവസം
Sunday, 22 March 2026
നോമ്പുകാലചിന്തകൾ ഇരുപത്തൊമ്പതാം ദിവസം
Friday, 20 March 2026
നോമ്പുകാലചിന്തകൾ 28-ാം ദിവസം
🙋🏻 ആത്മധൈര്യം 🙋🏻
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ, നാല്പതു ചിന്തകൾ - 28-ാം ദിവസം
ചിന്താവിഷയം:
🔥 പരീക്ഷകളിൽ പതറാതെ 🔥
ക്രിസ്തീയജീവിതം എല്ലായ്പോഴും ഒരാത്മീയപോരാട്ടത്തിന്റെ ജീവിതമാണ്. പ്രലോഭനങ്ങളും പരീക്ഷകളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തിൽ കടന്നുവരുമ്പോൾ ഭയപ്പെടുകയല്ല, ദൈവത്തിൽ പൂർണ്ണഹൃദയത്തോടെ അഭയം തേടുകയാണ് നമ്മൾ ചെയ്യേണ്ടത്. ക്രിസ്തുവിനോടു ചേർന്നുനിൽക്കുന്ന ഒരു വ്യക്തിയെ തളർത്താൻ ലോകത്തിലെ ഒന്നിനും കഴിയില്ല. ജീവിതത്തിലെ ഇരുളടഞ്ഞ വഴികളിലൂടെ നടക്കുമ്പോളും പതറാതെ മുന്നേറാനാവശ്യമായ ആത്മധൈര്യം നമുക്കു ലഭിക്കുന്നത് പരിശുദ്ധാത്മാവ് നൽകുന്ന കൃപാദാനത്താലാണ്.
വിശുദ്ധഗ്രന്ഥം നമ്മളോടു പറയുന്നു: "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണു നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിറുത്തും."
(ഏശയ്യാ 41 : 10). ദൈവം നമ്മോടുകൂടെയുണ്ടെന്ന ഈ വലിയ ഉറപ്പാണ് ആത്മീയപോരാട്ടങ്ങളിൽ നമുക്കു കരുത്തുപകരുന്നത്. ജോഷ്വയോടു കർത്താവ് അരുളിച്ചെയ്തതുപോലെ, "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും."
(ജോഷ്വ 1 : 9). ഈ ദൈവസാന്നിധ്യമാണ്. നമ്മുടെ ഭയങ്ങളെ നീക്കി ആത്മധൈര്യം പകരുന്നത്. " കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?"
(സങ്കീര്‍ത്തനങ്ങള്‍ 27 : 1).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ആത്മധൈര്യത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: മനഃസ്ഥൈര്യമെന്നത്. പ്രയാസങ്ങളിൽ ഉറപ്പും നന്മ പിന്തുടരുന്നതിൽ! സ്ഥിരതയുമുറപ്പാക്കുന്ന ധാർമ്മികസുകൃതമാണ്. ധാർമ്മികജീവിതത്തിലെ പ്രലോഭനങ്ങളെ ചെറുക്കുവാനും തടസ്സങ്ങളെ കീഴടക്കുവാനുമുള്ള തീരുമാനത്തെ അതു ശക്തിപ്പെടുത്തുന്നു. ഭയത്തെ, - മരണഭയത്തെപ്പോലും, കീഴടക്കാനും പരീക്ഷണങ്ങളും പീഡനങ്ങളും നേരിടാനും മനഃസ്ഥൈര്യമെന്ന സുകൃതം ഒരുവനെ കഴിവുള്ളവനാ ക്കുന്നു. നീതിപൂർവ്വകമായ ഒരു കാര്യത്തിനുവേണ്ടി തന്റെ ജീവനെ ഉപേക്ഷിക്കാൻമാത്രമല്ല ബലിയർപ്പിക്കാപോലും ഒരുവനെ ഇതു സന്നദ്ധനാക്കുന്നു. “കര്‍ത്താവാണ് എന്റെ ബലവും എന്റെ ഗാനവും "
(സങ്കീര്‍ത്തനങ്ങള്‍ 118 : 14) - CCC 1808.
"എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്."
(2 തിമോത്തേയോസ് 1 : 7 ).
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ തന്റെ ശുശ്രൂഷയിലുടനീളം, ക്രിസ്തുവിനായി ഹൃദയവാതിലുകൾ തുറന്നുകൊടുക്കുന്നവന് ലോകത്തെ ജയിക്കാനുള്ള ആത്മധൈര്യം ലഭിക്കുമെന്ന് നമ്മളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. “ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമുള്ളവരായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയി രിക്കുന്നു." (യോഹന്നാൻ 16:33) എന്ന, ക്രിസ്തുവിന്റെ വചനം വിശുദ്ധമരിയ ഫൗസ്റ്റീനയ്ക്കും വലിയ കരുത്തായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും ദൈവത്തിന്റെ കരുണയിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ ധീരതയെന്ന് വിശുദ്ധഫൗസ്റ്റീന നമ്മളെ പഠിപ്പിക്കുന്നു. വിശുദ്ധഅഗസ്റ്റിനെപ്പോലെ, "നമ്മുടെ ബലഹീനതയിൽ ദൈവമാണ് നമ്മുടെ ബലം." എന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരണം.
ഇന്ന് നമ്മൾ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളിലും പരീക്ഷകളിലും പരാതിപ്പെടാതെ പ്രാർത്ഥനയിൽ ശക്തരാകാൻ നമുക്കു പരിശ്രമിക്കാം. പ്രലോഭനങ്ങളുണ്ടാകുമ്പോൾ തിരുവചനങ്ങളിലൂടെ അവയെ നേരിടാൻ തക്കവിധം, വചനം വായിക്കാനും പഠിക്കാനും ഹൃദിസ്ഥമാക്കാനും നമുക്കു പരിശ്രമിക്കാം.
പ്രാർത്ഥന:
കർത്താവേ, ജീവിതത്തിലെ പ്രതിസന്ധികളിൽ പതറാതെ നിൽക്കാൻ എനിക്ക് ആത്മധൈര്യം നൽകണമേ. പരീക്ഷകളിൽ വീണുപോകാതെ അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ആമേൻ.
✝️🙏 Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ ✝️🙏
Thursday, 19 March 2026
നോമ്പുകാലചിന്തകൾ, 27-ാം ദിവസം
Wednesday, 18 March 2026
നോമ്പുകാലചിന്തകൾ, 26-ാം ദിവസം
Tuesday, 17 March 2026
നോമ്പുകാലചിന്തകൾ - 25-ാം ദിവസം
Monday, 16 March 2026
നോമ്പുകാലചിന്തകൾ: 24-ാം ദിവസം
Sunday, 15 March 2026
നോമ്പുകാലചിന്തകൾ ; 23-ാം ദിവസം
Friday, 13 March 2026
നോമ്പുകാലചിന്തകൾ: 22-ാം ദിവസം
Thursday, 12 March 2026
നോമ്പുകാലചിന്തകൾ ഇരുപത്തൊന്നാം ദിവസം
🌜വയോധികരോടുള്ള കരുതൽ🌛
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
ഇരുപത്തൊന്നാം ദിവസം
ചിന്താവിഷയം: വേരുകളെ ആദരിക്കുക
കുടുംബത്തിലെയും സമൂഹത്തിലെയും വയോധികർ ആദരിക്കപ്പെടേണ്ടവരാണ്, ഉപേക്ഷിക്കപ്പെടേണ്ടവരല്ല. വൃക്ഷത്തിന് അതിന്റെ വേരുകൾ എത്രത്തോളം പ്രധാനമാണോ, അത്രത്തോളം പ്രധാനമാണ് ഓരോ കുടുംബത്തിനും തങ്ങളുടെ മുതിർന്ന തലമുറ. അവരുടെ അനുഭവസമ്പത്തും പ്രാർത്ഥനയും സഭയുടെയും സമൂഹത്തിന്റെയും വലിയ സമ്പത്താണ്. വിശുദ്ധഗ്രന്ഥം നമ്മളെയോർമ്മിപ്പിക്കുന്നു: "പ്രായംചെന്നു നരച്ചവരുടെ മുമ്പില്‍ ആദരപൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയുംവേണം. നിന്റെ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്." (ലേവ്യർ 19:32).
പലപ്പോഴും വാർദ്ധക്യസഹജമായ അവശതകളേക്കാൾ വയോധികരെ വേദനിപ്പിക്കുന്നത് അവഗണനയും ഏകാന്തതയുമാണ്. ഒന്നു ചെന്നുകാണാനോ, വിശേഷങ്ങൾ ചോദിക്കാനോ, അവരുടെ വാക്കുകൾക്കു ചെവികൊടുക്കാനോ സമയം കണ്ടെത്തുന്നത് വലിയ കാരുണ്യപ്രവൃത്തിതന്നെയാണ്. നമ്മുടെ തിരക്കുകൾക്കിടയിൽ അവരെ അവഗണിക്കുന്നതും മാറ്റിനിറുത്തുന്നതും ക്രൈസ്തവവിരുദ്ധമാണ്. നമ്മുടെ സ്നേഹപൂർണ്ണമായ സാന്നിദ്ധ്യംകൊണ്ട് വാർദ്ധക്യത്തിൽ കഴിയുന്നവരുടെ ഏകാന്തത കുറച്ചെങ്കിലുമകറ്റാൻ സാധിക്കണം. വയോധികരെ കരുതലോടെ ചേർത്തുപിടിക്കുന്നത് നമ്മുടെതന്നെ ഭാവിയിലേക്കുള്ള കരുതലാണെന്നു മറക്കരുത്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നാലാം പ്രമാണത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ മുതിർന്നവരോടുള്ള കടമയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "മക്കൾ വളർന്നുവരുമ്പോൾ, മാതാപിതാക്കളോടുള്ള ബഹുമാനം തുടർന്നുകൊണ്ടിരിക്കണം അവരുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞു സാധിച്ചുകൊടുക്കുകയും അവരുടെ ഉപദേശം സ്വാതന്ത്ര്യത്തോടെ അന്വേഷിക്കുകയും നീതിയുക്തമായ അവരുടെ മൂന്നറിയിപ്പുകൾ സ്വീകരിക്കുകയും വേണം. മക്കൾ സ്വതന്ത്രരാകുമ്പോൾ മാതാപിതാക്കളോടുള്ള അവരുടെ അനുസരണമവസാനിക്കുന്നു; എന്നാൽ ബഹുമാനമവസാനിക്കുന്നില്ല. അത് അവർക്ക് എപ്പോഴും അവകാശപ്പെട്ടതാണ്. ഈ ബഹുമാനം പരിശുദ്ധാത്മാവിൻെറ ദാനങ്ങളിലൊന്നായ ദൈവഭയത്തിലാണു വേരൂന്നിയിരിക്കുന്നത്.
നാലാം കല്പന, പ്രായപൂർത്തിയായ മക്കൾക്ക് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വങ്ങളെയോർമ്മിപ്പിക്കുന്നു. വാർദ്ധക്യത്തിലും നീണ്ട രോഗാവസ്ഥയിലും ഏകാന്തതയിലും അസ്വസ്ഥഥതകളിലും അവർക്കു തങ്ങളാൽ സാദ്ധ്യമാംവിധം ഭൗതികവും ധാർമ്മികവുമായ സഹായം നൽകണം. കൃതജ്ഞതയുടെ ഈ കടമയെപ്പറ്റി യേശു ഓർമ്മിപ്പിക്കുന്നുണ്ട്." (CCC 2217, 2218).
പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.
അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്‌ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും.
അവന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേള്‍ക്കും.
പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു." (പ്രഭാഷകന്‍ 3 : 3-6)
മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍സഹായിക്കുക;
മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.
അവന് അറിവു കുറവാണെങ്കിലുംസഹിഷ്ണുതകാണിക്കുക;
നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്.
പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്‌മരിക്കപ്പെടുകയില്ല;
പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും.
കഷ്‌ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും.
പിതാവിനെ പരിത്യജിക്കുന്നത്‌ദൈവദൂഷണത്തിനു തുല്യമാണ്;
മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്റെ ശാപമേല്‍ക്കും." (പ്രഭാഷകന്‍ 3 : 12-16)
വിശുദ്ധജോൺ പോൾ രണ്ടാമൻ പാപ്പ 'വയോധികർക്കായുള്ള കത്തിൽ' (Letter to the Elderly - ഇതിൻ്റെ ലിങ്ക് ആദ്യത്തെ കമൻ്റായി പിൻചെയ്യുന്നു.) ഇപ്രകാരം പറഞ്ഞു: "വയോധികർ ചരിത്രത്തിന്റെ കാവൽക്കാരാണ്." വാർദ്ധക്യത്തെ വലിയ അനുഗ്രഹമായി കാണണമെന്നും അവരുടെ ജ്ഞാനം പുതുതലമുറയ്ക്കു പകർന്നുനൽകണമെന്നും അദ്ദേഹമോർമ്മിപ്പിച്ചു. സഹനങ്ങളിലും അവശതകളിലും വയോധികരെ ശുശ്രൂഷിക്കുമ്പോൾ നമ്മൾ ക്രിസ്തുവിനെത്തന്നെയാണു ശുശ്രൂഷിക്കുന്നതെന്നറിയണം.
ഇന്ന് നമ്മുടെ കുടുംബത്തിലോ അയൽപക്കത്തോ ഉള്ള വയോധികരെ സന്ദർശിക്കാനും അവരോടൊപ്പം കുറച്ചുസമയം ചിലവഴിക്കാനും സമയം കണ്ടെത്താൻ നമുക്കു ശ്രമിക്കാം. അവരെ കേൾക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കാം. ഇനിയുള്ള നാളുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഇതു തുടരാനും നമുക്കു ശ്രമിക്കാം.
പ്രാർത്ഥന:
കർത്താവേ, മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. അവരുടെ ഏകാന്തതയിൽ പ്രത്യാശയാകാനും അവരുടെ അനുഭവങ്ങളിൽനിന്ന് ജ്ഞാനം ഉൾക്കൊള്ളാനും ഞങ്ങളെയനുഗ്രഹിക്കണമേ. ആമേൻ.
✝️🙏
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️🙏
Wednesday, 11 March 2026
നോമ്പുകാലചിന്തകൾ: ഇരുപതാം ദിവസം
Tuesday, 10 March 2026
നോമ്പുകാലചിന്തകൾ: പത്തൊമ്പതാം ദിവസം
Monday, 9 March 2026
നോമ്പുകാലചിന്തകൾ: പതിനെട്ടാം ദിവസം
Sunday, 8 March 2026
നോമ്പുകാലചിന്തകൾ: പതിനേഴാം ദിവസം
🕎 നീതിക്കായുള്ള ദാഹം 🕎
വലിയ നോമ്പിൻ്റെ നാല്പതു ദിനങ്ങൾ; നാല്പതു ചിന്തകൾ
പതിനേഴാം ദിവസം
ചിന്താവിഷയം: ക്രിസ്ത്യാനിയും സാമൂഹികപ്രതിബദ്ധതയും
ഉപവാസംവഴി നമ്മൾ വിശപ്പറിയുമ്പോൾ, നീതി നിഷേധിക്കപ്പെട്ട കോടിക്കണക്കിനു മനുഷ്യരുടെ വിശപ്പിനെക്കുറിച്ച്, ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്.
വിശുദ്ധഗ്രന്ഥം നമ്മളെ ഓർമ്മപ്പെടുത്തുന്നതിതാണ്: "മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍നിന്ന് ആവശ്യപ്പെടുന്നത്" (മിക്കാ 6:8).
ലിയോ പതിനാലാമൻ പാപ്പ 2026-ലെ നോമ്പുകാലസന്ദേശത്തിൽ വ്യക്തമാക്കിയതുപോലെ, "നീതിക്കായുള്ള വിശപ്പില്ലാത്ത ഉപവാസം അർത്ഥശൂന്യമാണ്."
ക്രിസ്തുവിന്റെ സുവിശേഷം നീതിയുടെ സുവിശേഷമാണ്. അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു മൊപ്പമായിരുന്നു അവിടുന്നു നിലകൊണ്ടത്. ഭക്തി വെറും ആചാരാനുഷ്ഠാനങ്ങൾമാത്രമല്ല, അത് സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്താനുള്ള ആത്മീയപ്രേരണയാകണം. പാവപ്പെട്ടവന്റെ അവകാശങ്ങൾ കവർന്നെടുക്കാതിരിക്കാനും അർഹമായ വേതനവും പരിഗണനയും നൽകാനുമെല്ലാം നമ്മൾ ജാഗ്രതയോടെ വർത്തിക്കണം. നമ്മുടെ ചുറ്റുമുള്ള അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്താനും അശരണർക്കുവേണ്ടി നിലകൊള്ളാനും നമുക്കു സാധിക്കണം. "നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും." (മത്തായി 5 : 6) ഈ വചനം വിശ്വാസികൾക്കു മാർഗ്ഗദീപമാകണം.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സാമൂഹികനീതിയെക്കുറിച്ച് പഠിപ്പിക്കുന്നതിനെ നമുക്കിപ്രകാരം സംഗ്രഹിക്കാം: "മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും മാനിക്കപ്പെടുമ്പോൾമാത്രമേ സാമൂഹികനീതി ഉറപ്പാക്കപ്പെടുകയുള്ളൂ. സമൂഹത്തിന്റെ പൊതുനന്മയ്ക്കും നീതിക്കുംവേണ്ടി പ്രവർത്തിക്കുകയെന്നത് ഓരോ ക്രൈസ്തവന്റെയും കടമയാണ്" (CCC 1928-1930).
നമ്മൾ തിരിച്ചറിയേണ്ടതിതാണ്. സാമൂഹികനീതിക്കുവേണ്ടി നിലകൊള്ളേണ്ടത്, നമ്മുടെ കടമയാണ്, അതു നമ്മുടെ ഔദാര്യമല്ല. - അതു ഹൃദയപരമാർത്ഥതയോടെ ചെയ്യുന്നില്ലെങ്കിൽ ദൈവം നമ്മളെയേല്പിച്ച ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണ്.
വിശുദ്ധ അഗസ്റ്റിൻ്റെ കാഴ്ചപ്പാടിൽ, "നീതിയില്ലാത്ത രാജ്യം വലിയൊരു കൊള്ളസംഘംമാത്രമാണ്." നീതി പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാനും നിങ്ങളും ഒരു കൊള്ളസംഘത്തിലെ അംഗങ്ങളായി സ്വയം താഴ്ത്തപ്പെടുകയാണു ചെയ്യുന്നത്. പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാൻ നമ്മളെ പഠിപ്പിച്ച വിശുദ്ധ ഫ്രാൻസീസ് അസീസി, ദാരിദ്ര്യത്തെ പുൽകിയത്, തപസ്സിനു ചേർന്ന ഒരനുഷ്ഠാനമായിമാത്രമല്ല; അത് ലോകത്തിലെ അസമത്വങ്ങളോടുള്ള പ്രതിഷേധംകൂടെയായിരുന്നു.
നമ്മൾ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ സാമൂഹികനീതി ഉറപ്പിക്കാൻ സാധിക്കില്ലായിരിക്കാം. എങ്കിലും നീതിപൂർണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്കാകുന്ന രീതിയിലുള്ള എളിയ ശ്രമങ്ങൾ നടത്തിത്തുടങ്ങാൻ ഈ നോമ്പുകാലം നമ്മളെയൊരുക്കട്ടെ.
നമ്മുടെ കുടുംബം, തൊഴിൽ മേഖല, നമ്മളായിരിക്കുന്ന ചുറ്റു പാടുകൾതുടങ്ങി നമ്മുടെ പ്രവർത്തനമണ്ഡലങ്ങളിൽ നീതിവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്ന് നമുക്കിന്ന് ആത്മശോധനചെയ്യാം. അങ്ങനെയെന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കിൽ നമുക്കതു തിരുത്താം. ഈശോയോടു മാപ്പു ചോദിക്കാം. ഇനിമുതൽ നീതിപൂർവ്വമായിമാത്രം പ്രവർത്തിക്കുമെന്നു ദൃഢനിശ്ചയമെടുക്കാം.
പ്രാർത്ഥന:
നീതിമാനായ ദൈവമേ, ലോകത്തിലെ അനീതികൾക്കെതിരെ എന്നാലാവുന്നവിധം നിലകൊള്ളാൻ എന്നെയും പ്രാപ്തനാക്കണമേ / പ്രാപ്തയാക്കണമേ. അശരണരുടെ നിലവിളി കേൾക്കാനും അവരെ സഹായിക്കാനും കരുണയുള്ള ഹൃദയം എനിക്കു നൽകണമേ. ആമേൻ.
✝️ Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ പങ്കുവെയ്ക്കണേ. ✝️ 🙏🏻
Friday, 6 March 2026
നോമ്പുകാലചിന്തകൾ: പതിനാറാം ദിവസം
വലിയ നോമ്പിന്റെ നാല്പതു ദിനങ്ങൾ, നാല്പതു ചിന്തകൾ
💥തളർന്നുപോകാത്ത വിശ്വാസം💥
നോമ്പിന്റെ പകുതി ദൂരം നാം പിന്നിടാറായിരിക്കുന്നു. ഈ ആത്മീയയാത്രയുടെ മദ്ധ്യേയെത്താറുകുന്ന ഈ വേളയിൽ ഒരുപക്ഷേ, നമ്മുടെ ആദ്യത്തെ ആവേശം കുറഞ്ഞുപോയിട്ടുണ്ടാകാം. എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനാകാതെ നമ്മൾ പതറിപ്പോയിട്ടുണ്ടാകാം; പ്രാർത്ഥനയിലും ഉപവാസത്തിലും അലസത കടന്നുകൂടിയിട്ടുണ്ടാകാം. എന്നാൽ ദൈവത്തിന്റെ കാരുണ്യം നമ്മളെ വീണ്ടും വിളിയ്ക്കുകയാണ്.
വിശുദ്ധഗ്രന്ഥം നമ്മളെ ആശ്വസിപ്പിക്കുന്നു: "ദൈവത്തിലാശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല."
(ഏശയ്യാ 40 : 31).
ലിയോ പതിനാലാമൻ പാപ്പ തന്റെ 2026-ലെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നതുപോലെ, നമ്മുടെ ദൈവം പ്രത്യാശയുടെ ദൈവമാണ്. വീണുപോകുന്നതല്ല, വീണിടത്തുനിന്ന് എഴുന്നേൽക്കാതിരിക്കുന്നതാണു പരാജയം.
ജീവിതത്തിലെ കഷ്ടതകൾക്കും തകർച്ചകൾക്കും കുറവുകൾക്കുമിടയിലും ദൈവത്തിന്റെ പരിപാലനയിൽ അടിയുറച്ചു വിശ്വസിക്കുന്നതാണ് യഥാർത്ഥമായ പ്രത്യാശ. നോമ്പുകാലം നമ്മളെയൊരുക്കുന്നത് കുരിശുമരണത്തിനപ്പുറമുള്ള മഹത്തായ ഉത്ഥാനത്തിലേയ്ക്കാണ്. അതിനാൽ നമ്മുടെ ജീവിതത്തിലെ കറുത്ത നിഴലുകളെ നോക്കി ഭയപ്പെടേണ്ടതില്ല.
ഇരുളിനുമപ്പുറം ഉത്ഥാനത്തിന്റെ പ്രകാശമുണ്ടെന്ന ഉറച്ച ബോദ്ധ്യം നമുക്കുണ്ടാകണം. പ്രത്യാശയെന്നത്, കേവലം നമ്മുടെ ആഗ്രഹമോ പ്രതീക്ഷയോ അല്ല, ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നമ്മുടെ ബലഹീനതകളിൽ ദൈവകൃപ നമ്മെ താങ്ങുമെന്ന് നമുക്കുറപ്പായി വിശ്വസിക്കാം. "അവിടുന്നെന്നോട് അരുളിച്ചെയ്‌തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്, എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്."
2 കോറിന്തോസ് 12 : 9
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രത്യാശയെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിച്ചും നമ്മുടെ ശക്തിയിലാശ്രയിക്കാതെ പരിശുദ്ധാത്മാവിന്റെ കൃപാവരത്തിൻ്റെ സഹായത്തിലാശ്രയിച്ചും നമ്മുടെ സൗഭാഗ്യമെന്ന നിലയിൽ സ്വർഗ്ഗരാജ്യത്തെയും നിത്യജീവിതത്തെയും നാമാഗ്രഹിക്കുന്നത് ഏതു സുകൃതത്താലാണോ, അതാണ്
പ്രത്യാശയെന്ന
ദൈവികസുകൃതം." (CCC 1817).
നമ്മുടെ വീഴ്ചകളിൽ നിരാശപ്പെടാതെ ദൈവകാരുണയിലാശ്രയിക്കാൻ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ നമ്മളെയോർമ്മിപ്പിക്കുന്നു. "എൻ്റെ മകളേ, എന്റെ കരുണയെക്കുറിച്ച് ആവശ്യത്തിനെഴുതിയെന്ന് നീ ചിന്തിക്കുന്നുണ്ടോ? മഹാസമുദ്രത്തിലെ ഒരു തുള്ളി ജലത്തിനു തുല്യമായതേ നീ ഇതുവരെ എഴുതിയിട്ടുള്ളു. ഞാൻ സ്നേഹവും കരുണയുംമാത്രമാണ്. ഒരു കഷ്‌ടതയും എൻ്റെ കരുണയോളമെത്തുകയില്ല; ഒരു കഷ്ടതയും അതിനെ തളർത്തുകയുമില്ല. കാരണം, അതു നൽകുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എൻ്റെ കരുണയിൽ പൂർണ്ണമായി ശരണംവയ്ക്കുന്ന ആത്മാക്കൾ ഏറ്റവും ഭാഗ്യവാന്മാരാണ്. ഞാൻതന്നെ അവരെ പരിപാലിക്കും." (Diary 1273).
ഇന്നു നമുക്കൊരു തീരുമാനമെടുക്കാം: എന്റെ ജീവിതത്തിലെ ഏതെങ്കിലുമൊക്കെ പരാജയത്തെയോ കുറവിനെയോ ഓർത്തു നിരാശപ്പെടാതെ, അതു കർത്താവിനു സമർപ്പിക്കുകയും ദൈവകരുണയിലാശ്രയിച്ച്, പ്രത്യാശയോടെ ഒരു പുതിയ തുടക്കംകുറിക്കുകയും ചെയ്യാം.
പ്രാർത്ഥന:
പ്രത്യാശയുടെ ഉറവിടമായ കർത്താവേ, എന്റെ വിശ്വാസത്തെയും പ്രത്യാശയെയും വർദ്ധിപ്പിക്കണമേ. ഇരുളടഞ്ഞ നിമിഷങ്ങളിൽ അങ്ങയുടെ ഉത്ഥാനത്തിന്റെ പ്രകാശം ദർശിക്കാൻ എനിക്കു കൃപ നൽകണമേ. ആമേൻ.
✝️🙏 Please Share:
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണേ. ✝️🙏
Thursday, 5 March 2026
നോമ്പുകാലചിന്തകൾ; പതിനഞ്ചാം ദിവസം
Wednesday, 4 March 2026
നോമ്പുകാലചിന്തകൾ: പതിനാലാം ദിവസം
പ്രകൃതിയോടുള്ള കരുണ (Care for Creation)
വലിയ നോമ്പിൻ്റെ നാല്പതുദിനങ്ങൾ; നാല്പതു ചിന്തകൾ
പതിനാലാം ദിവസം
ചിന്താവിഷയം: ഭൂമി നമ്മുടെ പൊതുഭവനം
ദൈവം മനുഷ്യനു വസിക്കാനായി നൽകിയ അതിമനോഹരമായ തോട്ടമാണ് ഈ ഭൂമി. എന്നാൽ, മനുഷ്യന്റെ അത്യാഗ്രഹവും ധാർമ്മികമായ അധഃപതനവും ഈ പൊതുഭവനത്തെ ഇന്നൊരു മുറിവേറ്റ തോട്ടമായി മാറ്റിയിരിക്കുന്നു. വിശുദ്ധഗ്രന്ഥം നമ്മളെ ഓർമ്മപ്പെടുത്തുന്നതുപോലെ, "എത്രനാള്‍ ദേശം വിലപിക്കുകയും വയലിലെ പുല്ലു വാടുകയും ചെയ്യണം? ദേശവാസികളുടെ ദുഷ്‌ടതനിമിത്തം മൃഗങ്ങളും പക്‌ഷികളും ചത്തുപോകുന്നു. ഞങ്ങളുടെ പ്രവൃത്തികള്‍ ദൈവം കാണുന്നില്ലെന്ന് അവര്‍ പറയുന്നു."
(ജറെമിയാ 12 : 4). പ്രകൃതിയെ ചൂഷണംചെയ്യുന്നതും നശിപ്പിക്കുന്നതും ദൈവത്തിന്റെ സൃഷ്ടികളോടും ദൈവത്തോടുമുള്ള അവജ്ഞയാണ്.
ഫ്രാൻസീസ് പാപ്പാ തന്റെ 'ലൗദാത്തോ സി' (Laudato Si') എന്ന പ്രബോധനത്തിലൂടെ ഗൗരവമായി, നമ്മളെ ഓർമ്മിപ്പിച്ചിരുന്നല്ലോ: "നമ്മൾ ഭൂമിയെ വിട്ടുപോകുന്നത് അവശിഷ്ടങ്ങളും മലിനീകരണവും മാലിന്യങ്ങളും നിറഞ്ഞ ഒന്നായിട്ടാണോ?". കേവലം ഉപയോഗിച്ചുതീർക്കാനുള്ള ഒന്നായി ഈ ഭൂമിയെ കാണുന്നതിനെ ഫ്രാൻസീസ് പാപ്പ 'അത്യാഗ്രഹത്തിന്റെ പാപം' എന്നാണു വിളിച്ചത്. നമ്മുടെ ഓരോരോ ആഡംബരവും ഭൂമിയുടെ ശരീരത്തിലേൽക്കുന്ന ഓരോ മുറിവാണ്. പ്രകൃതിയോടു കാരുണ്യം കാണിക്കുന്നത്, വരുംതലമുറയോടു കാണിക്കുന്ന നീതിയാണ്.
ഈ നോമ്പുകാലം പരിസ്ഥിതി സൗഹൃദപരമായ മാറ്റങ്ങൾക്കുള്ള കാലമാകട്ടെ. നമ്മുടെ ജീവിതശൈലിയിൽ ലളിതമായ മാറ്റങ്ങൾവരുത്താൻ ഈ നോമ്പുകാലത്തു നമുക്കു സാധിക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാനും വെള്ളം പാഴാക്കാതിരിക്കാനും ചുറ്റുമുള്ള മരങ്ങളെയും ചെടികളെയും പ്രകൃതിയേയും സ്നേഹിക്കാനും നമുക്കു കടമയുണ്ട്. സൃഷ്ടിജാലങ്ങളിലൂടെ വെളിപ്പെടുന്ന ദൈവമഹത്വം ദർശിക്കാൻ നമ്മൾ പരിശീലിക്കണം.
ഡിജിറ്റൽ ഉപവാസം: അമിതമായ ഇന്റർനെറ്റ് ഉപേയാഗവും ഡാറ്റ സംഭരണവും വലിയ അളവിൽ ഊർജ്ജം ചെലവാക്കുന്ന പ്രവൃത്തികളാണ്. നമ്മളിലാകുന്നവിധത്തിൽ വ്യക്തിപരമായ നിയന്ത്രണങ്ങൾ ഇതിൽ ഏർപ്പെടുത്താൻ ശ്രമിക്കാം. അനാവശമായ ഇ-മെയി ലുകൾ, ഫോട്ടോകൾ എന്നിവ ഡിലീറ്റുചെയ്യുന്നതുപോലും 'കാർബൺ പാദമുദ' (Carbon Footprint) കുറയ്ക്കാൻ സഹായിക്കും.
മൃഗങ്ങളോടും പ്രകൃതിയോടുമുള്ള നമ്മുടെ ഇടപെടലിൽ ധാർമ്മികമായ അതിർവരമ്പുകൾ വേണമെന്ന് തിരുസഭ പഠിപ്പിക്കുന്നു. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അവ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. (CCC 2415)
വിശുദ്ധ എഫ്രേം നമ്മളെ പഠിപ്പിച്ചതിങ്ങനെയാണ്: "സൃഷ്ടിജാലങ്ങൾ ദൈവത്തിന്റെ മറ്റൊരു വേദപുസ്തകമാണ്". ആ പുസ്തകത്തിലെ താളുകൾ കീറിക്കളയുന്നത് ദൈവത്തിന്റെ വെളിപാടുകളെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. പ്രകൃതിയിലെ സകലതിനെയും 'സഹോദരൻ' എന്നും 'സഹോദരി' എന്നും വിളിച്ച് സ്നേഹിച്ച വിശുദ്ധ ഫ്രാൻസീസ് അസീസിയും നമുക്കു വലിയ മാതൃകയാണ്. മനുഷ്യൻ എന്നും പ്രകൃതിയുടെ കാവലാളായി നിലകൊള്ളേണ്ടവനാണ്.
ഈ നോമ്പുകാലത്ത്, നമുക്കു ചില തീരുമാനങ്ങളെടുക്കാം:-
*അമിതമായ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കും.
*കേടായ സാധനങ്ങൾ എറിഞ്ഞുകളയുന്നതിനുപകരം കഴിയുന്നത്ര അവ നന്നാക്കി ഉപയോഗിക്കാൻ ശ്രമിക്കും.
*അനാവശ്യമായ ഇലക്ട്രോണിക് മാലിന്യങ്ങളും ഊർജ്ജ ഉപയോഗവും ഒഴിവാക്കാൻ 'ഡിജിറ്റൽ ഉപവാസം' ശീലിക്കും.
പ്രാർത്ഥന:
സ്രഷ്ടാവായ ദൈവമേ, അങ്ങയുടെ സൃഷ്ടിജാലങ്ങളെ സ്നേഹിക്കാനും സംരക്ഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ഭൂമിയുടെ മുറിവുകളുണക്കുന്ന സ്നേഹത്തിന്റെ തൈലമായി മാറാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.
Please Share
ഈ ചിന്ത നിങ്ങളെ സ്പർശിച്ചെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കണേ. ✝️🙏